അട്ടിമറികൾ അവസാനിക്കാത്ത പ്രീമിയർ ലീഗ്; ലിവർപൂളിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും നാണംകെട്ട തോൽവി

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇതിനേക്കാൾ വലുതായി എന്തെങ്കിലും വരാനുണ്ടോ എന്ന് സംശയമാണ്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫോർഡിൽ ഇറങ്ങിയ ഒരു താരത്തിനും തല ഉയർത്തി കൊണ്ട് കളം വിടാൻ പറ്റില്ല. അത്രയ്ക്ക് ദാരുണമായ പ്രകടനമാണ് സോൾഷ്യാറും സംഘവും ഇന്ന് ഗ്രൗണ്ടിൽ കാണിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡിന്റെ മുൻ പരിശീലകനായ ജോസെ മൗറീനീയുടെ ടീമായ സ്പർസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അക്ഷരാർത്ഥത്തിൽ നാണംകെടുത്തി എന്ന് തന്നെ പറയാം.
മാഞ്ചസ്റ്റർ യുണൈറ്റഡിന് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവു മോശം പരാജയങ്ങളിൽ ഒന്നാണ് സ്പർസ് സമ്മാനിച്ചത്. ഒന്നിനെതിരെ ആറു ഗോളുകൾക്ക് എന്ന വൻ വിജയമായിരുന്നു.
സംഭവബഹുലമായിരുന്നു ഇന്നത്തെ മത്സരം. മത്സരം തുടങ്ങി ആദ്യ മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തിരുന്നു. മാർഷ്യലിനെ വീഴ്ത്തിയതിനു ലഭിച്ച പെനാൾട്ടി ബ്രൂണൊ ഫെർണാണ്ടസ് സുഖമായി ലക്ഷ്യത്തിൽ എത്തിച്ചു. എന്നാൽ പിന്നീട് യുണൈറ്റഡ് കളി മറന്നു.
കളി എട്ട് മിനുട്ട് ആകുമ്പോഴേക്ക് സ്പർസ് 2-1ന് മുന്നിൽ.യുണൈറ്റഡ് ഡിഫൻസിന്റെ അബദ്ധങ്ങളിൽ നിന്ന് ആദ്യം എൻഡോൻബലെയും പിന്നാലെ സോണും ഗോളുകൾ നേടി. കളിയിലേക്ക് തിരിച്ചുവരാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് പിന്നെയും ഒരുപാട് സമയം ഉണ്ടായിരുന്നു. പക്ഷെ 28ആം മിനുട്ടിലെ മാർഷ്യലിന്റെ ചുവപ്പ് കാർഡ് കളി വീണ്ടും യുണൈറ്റഡിൽ നിന്ന് അകറ്റി. ലമേലയുടെ കഴുത്തിന് ഇടിച്ചതിന് കിട്ടിയ ചുവപ്പ് കാർഡ് വിവാദ വിധി ആയിരുന്നു.
എന്നാൽ ആ ചുവപ്പോടെ യുണൈറ്റഡിന്റെ കളി അവസാനിച്ചു. ആദ്യ രണ്ടു ഗോളുകളിലും പിഴവ് മഗ്വയറിന്റെ ആയിരുന്നെങ്കിൽ മൂന്നാമത്തെ ഗോൾ എറിക് ബയി ആണ് സ്പർസിന് നൽകിയത്. അബദ്ധം മുതലെടുത്ത് കെയ്നിലൂടെ സ്പർസ് മൂന്നാം ഗോൾ നേടി. 37ആം മിനുട്ടിൽ സോണിലൂടെ സ്പർസ് നാലാം തവണയും വല കുലുക്കി. പ്രീമിയർ ലീഗ് ചരിത്രത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യമായി ആദ്യ പകുതിയിൽ നാലു ഗോളുകൾ വഴങ്ങുന്നത്.
എന്നാൽ പിന്നീട് നടന്ന മത്സരത്തിൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നിൽ ലിവർപൂളിന് വമ്പൻ തോൽവി. ആസ്റ്റാൺ വില്ലയോട് 7-2 ന്റെ വൻ തോൽവിയാണ് അവർ ഇന്ന് നേരിട്ടത്. മത്സരത്തിൽ ചിന്നഭിന്നമായ ലിവർപൂൾ പ്രതിരോധം തന്നെയാണ് വില്ലക് വൻ ജയം സമ്മാനിച്ചതിൽ നിർണായക പങ്ക് വഹിച്ചത്.
തങ്ങളുടെ ചരിത്രത്തിലെ തന്നെ കൂറ്റൻ ജയങ്ങളിൽ ഒന്ന് നേടിയാണ് വില്ല, ചാംപ്യന്മാർക്ക് സീസണിലെ ആദ്യ തോൽവി സമ്മാനിച്ചത്. ഒലി വാറ്റ്കിൻസ് നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ ആദ്യ പകുതിയിൽ തന്നെ വില്ല 4-1 ന് മുന്നിലായിരുന്നു. മുഹമ്മദ് സലായാണ് ആശ്വാസ ലിവർപൂൾ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ റോസ് ബാർക്ലി നേടിയ ഒരു ഗോളും ജാക് ഗ്രീലീഷ് നേടിയ 2 ഗോളുകളുമാണ് വില്ലയുടെ 7 ഗോൾ വേട്ട പൂർത്തിയാക്കിയത്.