
1886 ചിക്കാഗോയിൽ തുടക്കം കുറിച്ച ഈ പോരാട്ടത്തെയും അതിന് വേണ്ടി മരണമടഞ്ഞ തൊഴിലാളികളെയും തൂക്കിലേറിയ നേതാക്കളെയും ഓർക്കാനും, പോരാടി നേടിയ അവകാശങ്ങൾ നിലനിർത്താനും ഈ മേയ് ദിനത്തിന് കഴിയട്ടെ .
ജോലിയുടെ കൂടെ ഓരോ തൊഴിലാളിക്കും ഒഴിവ് സമയവും വിനോദങ്ങളും ആവശ്യമാണ് എന്ന് തിരിച്ചറിഞ്ഞു തൊഴിൽ സമയം 8 മണിക്കൂറിൽ നിജപ്പെടുത്തണം എന്ന ആവിശ്യം തൊഴിലാളികൾ നേടിയെടുത്തെങ്കിലും അത് നടപ്പിലാക്കാത്ത തൊഴിൽ മേഖലകൾ ധാരാളം ഇപ്പോഴും ഉണ്ട് എന്നത് പോരാട്ടങ്ങൾ നിർത്താൻ ആയിട്ടില്ല എന്നതിന്റെ സൂചനകൾ ആണ്.
1923 മേയ് 1ന് ആണ് ഇന്ത്യയിൽ ആദ്യമായി സംഘടിത രൂപത്തിൽ മേയ് ദിനം ആചരിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ മുന്നിലെ ബീച്ചിൽ നിന്ന് ലേബർ കിസാൻ പാർട്ടിയുടെ നേതാവ് സിംഗരവെലു ചെട്ടിയാരുടെ നേതൃത്വത്തിൽ ആയിരുന്നു ആദ്യത്തെ സംഭവം. മേയ് ദിനത്തിൽ അവധി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അന്ന് അവതരിപ്പിച്ചു. അതിന് ശേഷമാണ് മെയ് ഒന്ന് ഇന്ത്യയിൽ അവധി ദിനമായി പ്രഖ്യാപിച്ചത്.
സ്ഥിരം തൊഴിലും ആനുകൂല്യങ്ങളും നിർത്തലാക്കിയും ദിവസക്കൂലിക്കും കരാറിനുമായി തൊഴിൽ നൽകിയും ആധുനിക മുതലാളിമാർ തൊഴിലാളി ദ്രോഹ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ സംഘടിത സമര പോരാട്ടങ്ങളുടെ ഭൂമിക ഇപ്പോഴും തുറന്നു തന്നെയാണ്. ഖനി തൊഴിലാളികളും ചുമട്ട് തൊഴിലാളികളും മാത്രമല്ല കായികാധ്വാനമില്ലാത്ത, മാനസിക അധ്വാനം നടത്തുന്ന ഐ.ടി മേഖലകളിലും ക്ലീനിക് മേഖലകളിലും, സർക്കാർ ജോലിക്കാരുമൊക്കെ തൊഴിലാളികൾ തന്നെയാണ്. സ്വന്തം ഉപജീവനത്തിനായി ശാരീരികമായും മാനസികമായും പണിയെടുക്കുന്നവരെല്ലാം തൊഴിലാളികളാണ്.
തൊഴിലിൻ്റെ പ്രാധാന്യവും മഹത്വവും വിസ്മരിക്കാവതല്ല.മറ്റു വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കോവിഡ് മൂലം ഒരു മാസത്തിലധികമായി അടഞ്ഞു കിടക്കുന്ന തൊഴിൽ സ്ഥാപനങ്ങളിലെ സാധാരണ തൊഴിലാളികളുടെ ജീവിതങ്ങളെ കുറിച്ചും ആലോചിക്കാൻ ഈ ദിവസം പ്രേരിപ്പിക്കട്ടെ.
ലോക്ക്ഡൗണാനന്തരം തൊഴിൽ സ്ഥാപനങ്ങളിൽ ചിലവ് ചുരുക്കലിന്റെയും മറ്റും പേരിൽ ജോലി നഷ്ടപ്പെടാനും അർഹമായ ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞു വെക്കാനും മറ്റും ഉള്ള സാധ്യതകളെ മുൻകൂട്ടി കണ്ട് ട്രേഡ് യൂണിയനുകളും തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും ഈ മെയ് ദിനം ഓർമിപ്പിക്കുന്നു.


അതിലേറെ, നിസാരമെന്ന് കരുതിയ ഒരു വൈറസ് ലോകത്തെ ആകമാനം പിടിമുറുക്കിയപ്പോൾ അതിന് എതിരെ സ്വന്തം ജീവൻ വരെ ത്യഗിച്ച് പോരാടുന്ന ആരോഗ്യ മേഖലയിലെ തൊഴിലാളികളെ ഓർക്കാതെ ഈ മെയ് ദിനം കടന്ന് പോവാൻ കഴിയില്ല.
സർവ്വ രാജ്യ തൊഴിലാളികൾക്ക് സ്വതന്ത്രമായി ജോലി ചെയ്യാനും ഉപജീവനം നടത്താനും കഴിയട്ടെ എന്നാശംസിക്കുന്നു.
മെയ് ദിനാശംസകൾ.