KeralaNews

കേരളത്തിൽ ലോക്ക് ഡൗൺ ഇളവുകള്‍ നാല് മേഖലകളായി തിരിച്ച്

കേരളത്തിൽ ലോക്ക് ഡൗണിന് തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ നൽകുന്നതിനെ കുറിച്ച് ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ജില്ലകളെ നാല് മേഖലകളായി തിരിച്ചാണ് ഇളവുകൾ ഏർപ്പെടുത്തുന്നത്. ഇക്കാര്യം സംസ്ഥാന മന്ത്രിസഭായോഗത്തിൽ ചര്‍ച്ച ചെയ്തുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച പൊതുവിൽ ഉള്ള നിയന്ത്രണങ്ങൾ പൂർണ്ണമായി അംഗീകരിച്ച് സംസ്ഥാനം അത് നടപ്പാക്കും. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 20 മുതൽ കേന്ദ്രം ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനയാത്ര, ട്രെയിൻ ഗതാഗതം, മെട്രോ, പൊതുഗതാഗതം എന്നിവ പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടുള്ള യാത്രയും ജില്ല വിട്ടുള്ള യാത്രയ്ക്കും നിയന്ത്രണമുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും അടഞ്ഞു തന്നെ കിടക്കും. ആരാധനാലയങ്ങൾ, സിനിമാശാലകൾ, പൊതുസ്ഥലങ്ങൾ എന്നിവയും നിയന്ത്രണവിധേയമാണ്. സംസ്ഥാന അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തേക്കോ അകത്തേക്കോ ആർക്കും സഞ്ചരിക്കാനാവില്ല. അന്തർ ജില്ലാ യാത്രകളും നിരോധിച്ചിട്ടുണ്ട് ഇത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം പുറത്തിറക്കിയ പട്ടികയനുസരിച്ച് കാസർഗോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്സ്പോട്ട്. കോവിഡ്-19 സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയാൽ കാസർഗോട് 61, കണ്ണൂർ 45, മലപ്പുറം ഒൻപത് എന്നിങ്ങനെയാണ്. ഈ മൂന്ന് ജില്ലകൾ കഴിഞ്ഞാൽ സംസ്ഥാനത്ത് പോസിറ്റീവ് കേസ് ഒൻപതെണ്ണമുള്ള കോഴിക്കോട് നാലാമതാണ്. ഈ നാലു ജില്ലകളെയും ചേർത്ത് ഒരു മേഖലയായി പരിഗണിക്കാം എന്ന അഭിപ്രായം സംസ്ഥാനത്തിനുണ്ട്. ഈ നാല് ജില്ലകളിലും ലോക്ക് ഡൗൺ ഇളവില്ലാതെ തുടരേണ്ട സാഹചര്യമാണ്. ഇത് കേന്ദ്രത്തെ അറിയിക്കും. ഇവിടെ മെയ് മൂന്ന് വരെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കർശനമായി തുടരും. ഇതിൽ കോഴിക്കോട് ജില്ലയേയും ഉൾപ്പെടുത്തും എന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാല് ജില്ലകളെ പ്രത്യേക വിഭാഗമാക്കാനുള്ള അനുമതിയാണ് കേന്ദ്രത്തിൽ നിന്നും വാങ്ങേണ്ടത്. ഈ മേഖലയിൽ തീവ്ര രോഗബാധയുള്ള സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തും. ആ വില്ലേജുകളുടെ അതിർത്തിയടക്കും. എൻട്രി, എക്സിറ്റ് വഴികളൊഴികെ ബാക്കിയെല്ലാം അടക്കും. അവശ്യ സേവനങ്ങൾ ഈ വഴികളിലൂടെ എത്തിക്കും.

സ്ഥിരീകരിച്ച ആറ് കേസുള്ള പത്തനംതിട്ട, സ്ഥിരീകരിച്ച മൂന്ന് കേസുള്ള എറണാകുളം, അഞ്ച് കേസുള്ള കൊല്ലം എന്നീ ജില്ലകളാണ് അടുത്ത മേഖല. എറണാകുളവും പത്തനംതിട്ടയും ഹോട്ട്സ്പോട്ടുകളാണ്. മൂന്നാമത്തെ മേഖലയായി നിർദ്ദേശിക്കുന്നത് ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളാണ്. തിരുവനന്തപുരം ജില്ല ഹോട്ട്സ്പോട്ടാണ്. കോട്ടയത്തും ഇടുക്കിയിലും പോസിറ്റീവ് കേസില്ല. ഇവ മറ്റൊരു മേഖലയായി പരിഗണിക്കും. ഇടുക്കിയിലെ അതിർത്തികൾ പൂർണ്ണമായും അടക്കും. ജില്ലവിട്ടുള്ള യാത്രകൾ അനുവദിക്കില്ല. ആവശ്യമായ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. എന്നാൽ ഒത്തുചേരൽ അടക്കമുള്ള നിയന്ത്രണങ്ങൾ ഇവിടെയും ബാധകമായിരിക്കും.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x