സിറിയയിലേക്കുള്ള പെണ്ണ് കടത്തലിനെതിരെ ഒരു വോട്ട്; വർഗീയ പ്രചരണവുമായി ബി.ജെ.പി
പ്രതികരണം/ആബിദ് അടിവാരം
തനിക്ക് ചുറ്റും കൂടി നിൽക്കുന്ന മനുഷ്യരോട് ഒരു ബിജെപി സ്ഥാനാർത്ഥി പ്രസംഗിക്കുകയാണ്.
“60 പേരുടെ ഭാര്യമാരായി ഇരിക്കാൻ വേണ്ടിയാണ് ഹിന്ദു പെൺകുട്ടികളെ ലവ് ജിഹാദ് നടത്തി സിറിയയിലേക്ക് കൊണ്ട് പോകുന്നത്, ഇനിയും നമ്മുടെ കുട്ടികളെ വിട്ടുകൊടുക്കണോ…?
ഈ ഒറ്റ കാര്യത്തിന്റെ പേരിലാണ് ഞാൻ നിങ്ങളോട് വോട്ടു ചോദിക്കുന്നത്….”
ആ കൂടി നിൽക്കുന്ന മനുഷ്യരാരും മറിച്ചൊന്നും പറയുന്നില്ല. അവരുടെ സ്ഥാനത്ത് നമ്മളാണെങ്കിലും പറയില്ല, കാരണം ലവ് ജിഹാദ് നടത്തി പെൺകുട്ടികളെ സിറിയയിലേക്ക് കൊണ്ട് പോകുന്നത് സാധാരണമാണല്ലോ..?
ആർഎസ്എസ് നടത്തുന്ന ഗീബൽസിയൻ നുണ പ്രചാരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. സിറിയ, ലവ് ജിഹാദ് തുടങ്ങിയ വാക്കുകൾ ഇന്ത്യക്കാരുടെ ഉപബോധമനസ്സിൽ കയറിക്കൂടിയിട്ട് വർഷങ്ങളായി.
പക്ഷെ നിങ്ങൾക്കാർക്കെങ്കിലും ഇന്ത്യയിൽ നിന്ന് സിറിയയിലേക്ക് കടത്തപ്പെട്ട ഒരു പെൺകുട്ടിയുടെ പേര് പറയാമോ…? ഒറ്റ ഒരെണ്ണം…? ഇല്ല.
അങ്ങനെ ഒരൊറ്റ സംഭവം പോലും ഉണ്ടായിട്ടില്ല. പക്ഷെ കൂടി നിൽക്കുന്ന മനുഷ്യരോട് ആ പേരിൽ വോട്ടു ചോദിക്കാൻ ഒരു സ്ഥാനാർത്ഥിക്ക് സാധിക്കും വിധം ആ നുണ പ്രചാരണം കേരളത്തിൽ പോലും വേരുപിടിച്ചിട്ടുണ്ട്, ഉത്തരേന്ത്യയിലെ സ്ഥിതി പിന്നെ പറയാനുണ്ടോ…?
സിറിയയും അഫ്‌ഗാനും ആടുമേയ്ക്കലും പാടി നടക്കുന്നവർക്ക് പ്രചോദനമായ ഒരു സംഭവമുണ്ട്, അതിൻ്റെ പിന്നിലെ കളികൾ ഇതിലേറെ ദുരൂഹമാണ്. ഒരു തെളിവും ഇത് വരെ കിട്ടിയിട്ടില്ല, പോലീസ് പറയുന്ന കഥയാണ്. പോയത് നാല് ക്രിസ്ത്യാനികൾ ഒരു ഹിന്ദു ഒരു മുസ്ലിം. ബെസ്റ്റിൻ വിൻസ്റ്റന്റ്, എന്ന യുവാവ് കാമുകി നിമിഷ. അയാളുടെ സഹോദരൻ ബെക്സിൻ വിൻസന്റ് കാമുകി മെറിൻ. റാഷിദ് അബ്ദുല്ല, കാമുകി സോണിയ സെബാസ്റ്റ്യൻ എന്നിവരാണ് അഫ്‌ഗാനിലേക്ക് പോയി എന്ന് ആരോപിക്കപ്പെടുന്നവർ.
രണ്ടു യുവാക്കളും മൂന്ന് യുവതികളും മതം മാറി എന്ന് പോലീസ് പറയുന്നു. പോലീസ് പറയുന്ന കഥയിലെ കള്ളത്തരം അറിയാൻ, അടുത്ത കാലത്ത് മലയാള പത്രങ്ങളിൽ വന്ന ഒരു വാർത്ത ഓർത്താൽ മതി, അഫ്‌ഗാനിൽ നിന്നെന്ന പേരിൽ പെൺകുട്ടിയുടെ വീട്ടിലേക്ക് ഫോൺ ചെയ്യാൻ മേലുദ്യോഗസ്ഥൻ നിർബന്ധിക്കുന്നതായി ഒരു പോലീസുകാരൻ പരാതിപ്പെട്ടതായിരുന്നു വാർത്ത.
20 കോടി മുസ്‌ലിംകളുണ്ട് ഇന്ത്യയിൽ. അവർക്കൊന്നും തോന്നാത്ത സിറിയയിൽ പോയി ആടുമേച്ചാൽ സ്വർഗ്ഗത്തിൽ പോകാം, ഐസിസിസ് പോരാളികളുടെ ഭാര്യയായാൽ പുണ്യം കിട്ടും എന്നൊക്കെ ക്രിസ്തുമതത്തിൽ നിന്ന് മതം മാറി വന്ന ചിലർക്ക് തോന്നി എന്ന കഥ അത്ര നിഷ്കളങ്കമല്ല.
സംഘികളോടൊപ്പം ചില ക്രിസ്ത്യൻ പുരോഹിതരും സിറിയയും ആടുമേയ്ക്കലും പാടി നടക്കുന്നത് കാണുമ്പോൾ നാല് കുഞ്ഞാടുകളെ ഉപയോഗപ്പെടുത്തി നടത്തിയ നാടകത്തിന് പിന്നിൽ ആരെന്ന് വ്യക്തമാണ്.
രാഷ്ട്രീയക്കാരും ചാനലുകാരും പാടി നടന്ന് മലയാളിയുടെ ഉപബോധമനസ്സിൽ കയറിക്കൂടിയ ലവ് ജിഹാദും സിറിയയും ആട് മേക്കലും പറഞ്ഞു ഇനി ആർക്കും വോട്ടു ചോദിക്കാം, പെട്രോളിനും ഡീസലിനും വിലകൂടിയാലും ജോലി പോയാലും കച്ചവടം പൂട്ടിയാലും സിറിയയുടെ പേരിൽ വോട്ടു ചെയ്യുന്ന ഒരു ജനതയെ വളർത്തിയെടുത്തതിൽ ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ട്.
അതിൽ ഏറ്റവും വലിയ പങ്ക് കഴിഞ്ഞ 5 വർഷം ആഭ്യന്തര വകുപ്പ് സംഘികൾക്ക് അഴിഞ്ഞാടാൻ വിട്ടു കൊടുത്ത പിണറായി വിജയന്റേതാണ്. നട്ടെല്ലുള്ള ഒരു ആഭ്യന്തര മന്ത്രിയുണ്ടെങ്കിൽ ഇത് പോലെ വർഗീയതയും പരമത വിധ്വേഷവും പറഞ്ഞു വോട്ട് ചോദിക്കാൻ ഒരുത്തനും ധൈര്യപ്പെടില്ല.
ഇത് പോലൊരു വർഗീയത പറഞ്ഞ ശംസുദ്ധീൻ പാലത്ത് എന്നൊരുത്തനെ പിടിച്ചകത്തിട്ട് രാജ്യദ്രോഹം ചുമത്തിയവനാണ് പിണറായി, അയാൾക്ക് ആ പണി അറിയാത്തതു കൊണ്ടല്ല. ആർ എസ് എസുമായുള്ള ഡീലാണ് പ്രശ്നം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS