OpinionSports

പ്രഗ്നാനന്ദ X കാൾസൺ രണ്ട് പ്രതിഭകൾ; മാധ്യമ-സോഷ്യൽ മീഡിയയിലെ ഇല്ലാകഥകൾ

പ്രഗ്നാനന്ദയുടെ ഗെയിമിൽ അവൻ്റെ കൗമാര നിഷ്കളങ്കത മുഴുവനുണ്ടായിരുന്നു. റാപ്പിഡ് ടൈബ്രേക്കറിൽ ചാൻസ് ഒപ്പമാവുമ്പോൾ പോലും കാൾസണെപ്പോലൊരാളോട് സമനില നിഷേധിക്കുന്നതിലടക്കം. അവൻ ഈസിയായി കളിച്ചു, ഈസിയായി ജയിച്ചു.

പ്രഗ്ഗുവിൻ്റെ ഇരിപ്പിൽ തന്നെ തൻ്റെ സ്കൂളിലെ ഏതോ സഹപാഠിയോടൊപ്പം കളിക്കാനിരിക്കുന്ന പ്രസരിപ്പും അനായാസതയുമുണ്ടായിരുന്നു. കാൾസൻ്റെ നൈറ്റ് സാക്രിഫൈസ് ചെയ്ത തന്ത്രം പോലും ആ പ്രസരിപ്പിനു മുന്നിലാണ് തോറ്റുപോയത്.

ചെസ് എൻജോയ് ചെയ്തു കളിക്കുന്ന കുട്ടികളുടെ കളി കാണുന്നത് നല്ല രസമാണ്. പ്രത്യേകിച്ചും റാപ്പിഡ്. അത് മുഴുവൻ ഇപ്പോൾ പ്രഗ്നാനന്ദയിലുണ്ട്. അവന് നമുക്ക് ആശംസകൾ നേരാം.

ഇനി, കാൾസണിലേക്ക് വന്നാൽ, ചെസിന് തീരെ ചേരാത്ത സ്റ്റുപ്പിഡ് മെലോഡ്രാമയാണ് ഇപ്പോൾ ഇവിടെയുള്ള മാദ്ധ്യമങ്ങൾ ചെയ്യുന്നത്. കാൾസൺ എന്നും ഒരു ക്ലാസിക് പ്ലെയർ ആണ്.

ഇടക്കാലത്ത് കമ്പ്യൂട്ടർ ചെസ് പ്രോഗ്രാമുകളും ന്യൂജെൻ മൂവുകളും കൊണ്ടുവന്ന ചെടിപ്പിൽ നിന്ന് ക്ലാസിക് ചെസിൻ്റെ സൗന്ദര്യം തിരിച്ചുപിടിച്ച ഒന്നാന്തരം കളിക്കാരൻ. തികഞ്ഞ ക്ലാസിക്ക് ഓപ്പൺ മൂവുകൾ, മിഡിലിൽ അനറ്റൊലി കാൽപോവിനെ ഓർമ്മിപ്പിക്കുന്ന പാറ്റേണുകൾ, ഫിനിഷിങ്ങിൽ ഫിഷറും കാപബ്ലാൻങ്കയും ഓർമ്മിപ്പിക്കപ്പെടുന്ന ക്ലീൻ ടച്ച്.

കുറേക്കാലം ഗാരി കാസ്പറോവ് കാൾസൻ്റെ പ്രൈവറ്റ് പരിശീലകനായിരുന്നു. കാസ്പറോവ്, ചെസ് കണ്ട എക്കാലത്തെയും മികച്ച തലച്ചോറുകളിലൊന്ന്, കാൾസനെ വിലയിരുത്തുന്ന ഒരു ഇൻ്റർവ്യൂ ഉണ്ട്. അതിൽ പറയുന്ന ഒന്ന് എപ്പോഴും കാൾസൻ്റെ കളി കാണുമ്പോൾ ഓർമ്മ വരും:

“ചെസിനെ അതിൻ്റെ സ്വന്തം വീട്ടിലേക്ക് തിരിച്ചു കൈപിടിച്ചു നടത്തിയത് മാഗ്നസ് കാൾസണാണ്.”

ക്രാംനിക് പരാജയപ്പെട്ട കാൾസൻ്റെ ഗെയിം കണ്ടാൽ അത് വ്യക്തമാവും. കാലാളുകളിൽ പഴയ കാപ്പാബ്ലാങ്കയുടെ ഉറപ്പാണ് ആ മനുഷ്യന്. ഈ ടൂർണമെൻ്റിലും അവസാനം ജയിച്ചത് കാൾസൺ തന്നെയാണ്.

തനിക്ക് ജയിച്ചു മടുക്കുന്നു എന്നാണ് ആകെ ഒരു ഘട്ടത്തിൽ കാൾസൺ പറഞ്ഞ, അഹങ്കാരമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന വാചകം. അത് കാൾസൺ പറഞ്ഞതു പോലും കാണാതെയും സാഹചര്യമറിയാതെയുമാണ് ഇന്ന് പല പത്രക്കാരും അതെടുത്തിട്ട് അലക്കുന്നത്. നിരന്തരം ജയിച്ചു കൊണ്ടിരിക്കുന്ന ഒരു റിയൽ ഗൈയിമറുടെ പരിതാപമായിരുന്നു അത്.

എന്നാൽ കാൾസൺ തോറ്റിട്ടില്ലേ? പലവട്ടം, പലരാൽ. നമ്മുടെ വിശ്വനാഥൻ ആനന്ദ് തന്നെ പലവട്ടം കാൾസണെ പരാജയപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ തൃശൂർക്കാരൻ പയ്യൻ നിഹാൽ സരിൻ രണ്ട് തവണ തോൽപ്പിച്ചിട്ടുണ്ട്. നമ്മുടെ ഹരികൃഷ്ണ തോൽപ്പിച്ചിട്ടുണ്ട്. ക്രാംനിക്കും കർജാകിനും കരുവാനയും ഡിങ്ങുമെല്ലാം പലതവണ തോൽപ്പിച്ചിട്ടുണ്ട്. ചെസിൽ ഇതൊക്കെ സ്വാഭാവികമാണ്.

“ഇതെൻ്റെ ഭയാനകമായ രാത്രിയാണ്” എന്നൊക്കെ കാൾസൺ പറഞ്ഞു എന്നൊക്കെ പലരും എഴുതിപ്പിടിപ്പിക്കുന്നത് കണ്ടു. ഞാൻ നോക്കിയിട്ട് എവിടെയും കാൾസൺ അങ്ങനെയൊന്നും പറഞ്ഞു കണ്ടില്ല. അങ്ങനെ പറയാൻ മാത്രം ഭീകരപരാജയവുമല്ല കാൾസണ് ഇത്.

അങ്ങനെയൊന്ന് കാൾസണിൻ്റെ കരിയറിൽ പറയാമെങ്കിൽ 2017 ലെ ടാറ്റാ സ്റ്റീൽ ചെസ് ടൂർണമെൻ്റിൽ ഏഴാം റൗണ്ടിലെ ഗിരിക്കെതിരായ തോൽവിയാവണം. അന്നും അവസാനം വിജയിയായ വെസ്ലി സോക്ക് ഒരു പോയൻറ് പിന്നിൽ രണ്ടാം സ്ഥാനത്താണ് കാൾസൺ ഫിനിഷ് ചെയ്തത്.

ഇതൊക്കെ നമ്മുടെ പ്രഗ്ഗുവിൻ്റെ വിജയത്തെ നിസ്സാരമാക്കുന്നുണ്ടോ? ഒരിക്കലുമില്ല. ഇന്ത്യയെന്ന മൂന്നാം ലോക രാഷ്ട്രത്തിൻ്റെ പരിമിത സാഹചര്യങ്ങളിൽ നിന്ന്, ലോകചെസിൻ്റെ എക്കാലത്തെയും വലിയൊരു ഗ്ലാമർ താരത്തെ തോൽപ്പിച്ചത് ചെറിയ പരിപാടിയല്ല. അതും ആ ടൈബ്രേക്കർ ഗെയിമൊക്കെ ഒന്നാന്തരമായിരുന്നു.

പ്രഗ്നാനന്ദ വളരട്ടെ, ജയിച്ചും തോറ്റും സമനില പിടിച്ചും ലോകചെസിൻ്റെ സ്വഭാവിക രീതിയിൽ. അതിനു പറ്റുന്ന കോച്ചിങ്ങും ശൈലിയും ആറ്റിറ്റ്യൂഡും പ്രഗ്ഗുവിനുണ്ട്. നമുക്ക് അഭിമാനിക്കാനുള്ള നേട്ടങ്ങൾ ആനന്ദിനും ഹംപിക്കും ശേഷം പ്രഗ്ഗു കൊണ്ടു വരട്ടെ.

ഇനിയൊരു കൂട്ടരുണ്ട്. പ്രഗ്നാനന്ദയുടെ കുറി, വിഭൂതി ചൈതന്യം, ശൈവനടനം, പ്രജ്ഞാനം ബ്രഹ്മ എന്നിങ്ങനെ ചെസ് ബോഡിൽ ഇപ്പോൾ ചാണകം തേക്കാനിറങ്ങിയവർ.

ആദ്യം അക്ഷരത്തെറ്റില്ലാതെ നാലു വാചകം എഴുതാൻ പഠിച്ചിട്ട് ചെസും പ്രജ്ഞാനവും ചാണകം തേക്കാനിറങ്ങൂ ഗെയ്സ് എന്നേ അവരോട് പറയാനുള്ളൂ.

ചെസിൽ ജീവിതം സമർപ്പിച്ചവരെ ഇവർക്കറിയുക പോലുമില്ല. കറുപ്പും വെളുപ്പുമായ അറുപത്തിനാല് കള്ളികളും അതിലെ കരുക്കളും ഒരു രാജ്യാതിർത്തിയുമില്ലാത്ത ഉഗ്രമസ്തിഷ്കങ്ങളുടെ സൗഹൃദവുമല്ലാതെ പ്രഗ്ഗുവിനോ കാൾസനോ ഇവരേയുമറിയില്ല. ഇവരെ അറിയാൻ അവർക്കൊട്ട് താൽപര്യവുമില്ല, സമയവുമില്ല. സാമാന്യം ഈ കളി കളിച്ചും കണ്ടും നടന്ന എനിക്കതറിയാം.

അസംബ്ലി ഡിസ്പേസ്. ജയ്ഹിന്ദ്.

ശ്രീചിത്രൻ എം ജെ

3.5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x