തികച്ചും ഹൃദയസ്പർശിയായ ഒരു മലയാള സിനിമയാണ് തമാശ. അതിലെ കഥയും കഥാപശ്ചാത്തലവും സാമൂഹികമായ് ചർച്ചചെയ്യപ്പെടേണ്ടയൊന്നു തന്നെയാണ്. കുറച്ച് വൈകിയാണെങ്കിൽ പോലും ഈ സിനിമ കണ്ടതിനുശേഷം എനിക്കും എന്റെ ജീവിതത്തിലെ ചില അനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കാൻ സാധിക്കുകയുണ്ടായി.
എന്റെ ചെറുപ്പകാലത്തിൽ ടിവിയിൽ കാണിക്കുന്ന ഡാൻസ് അതുപോലെ നോക്കി കളിക്കലൊക്കെ ഇഷ്ടമുള്ള പരിപാടിയായിരുന്നു എനിക്ക്. എന്നാൽ ആ ഡാൻസ് കളിയൊരിക്കെ ഒരു വീഴ്ചയിലങ്ങവസാനിച്ചു. പല്ലുകൾ കൊഴിഞ്ഞു പോകുന്നതിനുമുൻപേ, വായയിൽ ഒന്നോ രണ്ടോ പല്ലുകൾ മാത്രം ബാക്കിയാക്കി നല്ലൊരു വീഴ്ചയായിരുന്നു അത്. അതുകൊണ്ടു തന്നെ പല്ലൊന്നുമില്ലാതെ കുറേ കാലം നടക്കാനിടയായിട്ടുണ്ട്.
ആ പ്രായത്തിൽ സൗന്ദര്യസങ്കൽപ്പങ്ങളെ പറ്റി ധാരണയൊന്നുമുണ്ടാവില്ലല്ലൊ. എനിക്കുമുണ്ടായിരുന്നില്ല, അതുകൊണ്ട് ഫോട്ടോകളിൽ മുഖം കാണിക്കാൻ ഞാൻ മടിയൊന്നും കാണിച്ചിരുന്നില്ല. പിന്നെ കുറേ കഴിഞ്ഞ് പല്ലൊക്കെ വന്നുതുടങ്ങിയപ്പോഴാണെങ്കിൽ കുഞ്ഞിക്കൂനൻ സിനിമയിലെ ദിലീപിന്റെ കഥാപാത്രത്തെ പോലെയുണ്ടെന്നും പറഞ്ഞ് കളിയാക്കലുകളായി.
സ്കൂളിൽ ക്ലാസ്സുകൾ മാറും തോറും എനിക്കിത് കൂടുതൽ അസ്വസ്ഥതയുണ്ടാക്കിരുന്നു. മെലിഞ്ഞുണങ്ങിയ ശരീരത്തിൽ ആ പല്ലുകൾ ഫോട്ടോകളിൽ അഭംഗിയായി എനിക്ക് തോന്നി. ഫോട്ടോകളിൽ മുഖം കാണിക്കാൻ പിന്നെയെനിക്ക് മടിയായി. പല്ല് ക്ലിപ്പിട്ട് കഴിഞ്ഞാൽ എല്ലാം റെഡിയാകുമെന്നു പറഞ്ഞ് വീട്ടിൽ നിന്ന് ആശ്വാസ വാക്കുകളുണ്ടായിരുന്നു. എന്നുമുള്ള പരാതി പറച്ചിലുകൾ കേട്ടിട്ടാണത്.
എന്നാലും ഏഴാം ക്ലാസ് വരെ ക്ലാസ് ഫോട്ടോകളിൽ ഞാനെന്റെ പല്ലുകൾ ഒളിപ്പിക്കാൻ നോക്കിയിട്ടുണ്ട്. എട്ടാം ക്ലാസിലെത്തിയപ്പോൾ പല്ല് ക്ലിപ്പിട്ടത് കൊണ്ട് കുറച്ച് ആശ്വാസം കിട്ടി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സൗന്ദര്യബോധകുറവുകൊണ്ട് പല ഒറ്റപ്പെടുത്തലുകൾ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. കാണാൻ ഭംഗി കുറവായതുകൊണ്ടാണോന്നറിയില്ല, കൂടെയുള്ളവർക്ക് കിട്ടാറുള്ള പ്രണയാഭ്യർത്ഥനകൾ എനിക്ക് കിട്ടിയിരുന്നില്ല. അതുകൊണ്ട്, സൗന്ദര്യത്തെ കുറിച്ച് ആലോചിക്കുമ്പോൾ എപ്പോഴും ഉള്ളിലൊരു പുകച്ചിലായിരുന്നു. പല്ലിന്റെ ക്ലിപ്പൊക്കെ എടുത്തപ്പോൾ നല്ല മാറ്റമായിരുന്നു മുഖത്തിന്. ക്ലാസുകൾ മാറി മാറി, ക്രമേണ എനിക്ക് സൗന്ദര്യ‘ബോധം‘ വെച്ചു തുടങ്ങി.
ഞാനുൾപ്പെടുന്ന സമൂഹം മനസിന്റെ സൗന്ദര്യമാണ് നോക്കേണ്ടത്, ബാഹ്യസൗന്ദര്യത്തിൽ അല്ല എന്ന് എത്ര പറഞ്ഞാലും നമ്മൾ ഒരാളെ കാണുമ്പോൾ അവരുടെ രൂപത്തിലേക്കാണ് നമ്മാളാദ്യം നോക്കുന്നത്. നമ്മുടെയൊക്കെ ആത്മവിശ്വാസത്തിനെ വരെ ബാധിക്കുന്നുണ്ട്, ഈ സൗന്ദര്യബോധം!
എന്തുകൊണ്ടാണ് മുഖം വെളുപ്പിക്കാനുള്ള ക്രീമുകൾ മാർക്കറ്റിൽ ലഭ്യമാകുന്നത് ? അതിന്റെ പരസ്യങ്ങൾ നിറഞ്ഞു നിൽക്കുന്നത് ? തൊലി വെളുപ്പാണ് എന്നും മറ്റെല്ലാം വെളുപ്പിക്കണമെന്നും ആഗ്രഹിക്കുന്ന വലിയ സമൂഹം ഇവിടെയുണ്ട് എന്ന് അവർക്ക് അറിയാം… അത്തരത്തിലുള്ള ഒരു സമൂഹ സങ്കൽപ്പത്തെയാണ് അവർ മാർക്കറ്റ് ചെയ്യുന്നത് !!
സോഷ്യൽ മീഡിയകളിൽ എഡിറ്റ് ചെയ്യാത്ത ചിത്രങ്ങൾ നമ്മൾ പങ്കുവെയ്ക്കാത്തതെന്താണ്? യൂ ക്യാം പെർഫക്ട് പോലുള്ള ആപ്പുകൾ ഫോണിൽ ഇന്സ്റ്റാൾ ചെയ്തതൊക്കെ ഈ ബോധം കൊണ്ടല്ലേ?! തൊലി നിറവും ശരീരഭംഗിയും നോക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ, നമ്മളിൽ? ഉണ്ടെങ്കിൽ തന്നെ, കൈയിലെണ്ണാവുന്നവരേ ഉണ്ടാകൂ! ആദ്യകാഴ്ചയിലെന്തായാലും അതാണ് നമ്മളാദ്യം നോക്കുന്നത്. ഒരാളിന്റെ വ്യക്തിത്വമറിയാൻ സമയമെന്തായാലും എടുക്കുമല്ലോ! ഇനി ഈ വ്യക്തിത്വമറിയുമ്പോൾ ഭംഗികുറവൊന്നും പ്രശ്നമാകാറില്ല, പലർക്കും.!
വിവാഹാലോചനകളുടെ കാര്യമെടുക്കാണെങ്കിൽ, മാട്രിമോണിയിൽ ഫോട്ടോ നോക്കി താൽപര്യമറിയിക്കുമ്പോൾ ഈ ഭംഗി തന്നെയല്ലേ നോക്കുന്നത്! പ്രണയിച്ചു വിവാഹം കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാത്ത സമൂഹം തന്നെയല്ലേ നമുക്കുള്ളത്?! ജാതി, മതം, കുടുംബം, വരുമാനം ഇതൊക്കെ നോക്കുന്നതിന് മുന്നിലായ് വിവാഹാലോചനകളിൽ സൗന്ദര്യവും ഒരു അളവുകോലല്ലേ!
ഇന്നത്തെ യുവത്വം മാറി ചിന്തിക്കുന്നുണ്ടെന്നൊന്നും പറയാനാവില്ല. കാരണം, മാട്രിമോണി പ്രൊഫൈലുകൾ നോക്കിയാൽ അതൊക്കെ മനസ്സിലാക്കാവുന്നതാണ്! മനപ്പൊരുത്തമുണ്ടെങ്കിൽ ജാതകപ്പൊരുത്തമൊന്നും നോക്കേണ്ട എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. ഇതൊക്കെ ഒറ്റകാഴ്ചയിൽ നോക്കി കണ്ടുപ്പിടിക്കാവുന്ന ഒന്നല്ലല്ലോ!
പറഞ്ഞുവന്നത് സൗന്ദര്യമിപ്പോഴും ഒരു ചോദ്യചിഹ്നമാണ് സമൂഹത്തിൽ എന്നുതന്നെയാണ്. ശരീരഭംഗിയും തൊലി നിറവും മുടിയുമൊക്കെ നോക്കി, ആളുകളെ നോക്കി കാണുന്നവർക്കിടയിലോട്ട് മനസിന്റെ ഭംഗിയെ പറ്റി ചിന്തിപ്പിക്കുന്നുണ്ട് തമാശ എന്ന ഈ മലയാളസിനിമ. അങ്ങനെയൊരു പ്രണയബന്ധത്തെ പറ്റിയും സിനിമയിൽ പറയുന്നുണ്ട്.
സോഷ്യൽ മീഡിയ എത്രത്തോളം മാനസികമായ് ബാധിക്കുന്നുണ്ടെന്നും ഈ ചിത്രം വ്യക്തമാക്കുന്നുണ്ട്. നമ്മളെല്ലാവരും നമുക്കിഷ്ടപ്പെട്ട ചിത്രങ്ങളാണല്ലോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. അത് കാണുന്നവർക്ക് ഇഷ്ടപ്പെട്ടാൽ പ്രതികരിക്കാനുള്ള സൗകര്യവും അതിൽ ഒരുക്കിയിട്ടുമുണ്ട്. മാനസികമായി മറ്റുള്ളവരെ വേദനിപ്പിക്കാതെ, ഇഷ്ടപ്പെട്ടില്ലെങ്കിൽ ലൈക്കില്ലാതെയും പ്രതികരണമില്ലാതെയും സ്ക്രോൾ ചെയ്തുപോകാൻ നമുക്കാകും, എന്നാൽ നടക്കുന്നതോ! മോഡലിംഗ് ചിത്രങ്ങൾ പ്രതീക്ഷിക്കുന്നവരാണ് നമ്മളെങ്കിൽ, അത് നമ്മളിലെ സൗന്ദര്യബോധത്തിന്റെയല്ലേ കുഴപ്പം?! കറുത്തു തടിച്ച ശരീരമുള്ളവർ മോഡലാകാത്തത് ഈ ഒതുങ്ങിയ സൗന്ദര്യബോധം കൊണ്ടുതന്നെയല്ലേ!
നന്നായി തടിച്ചാലും മെലിഞ്ഞാലും കാണുന്നവർക്ക് മുന്നിലതൊരു കുറവായിരിക്കും, നിങ്ങൾക്കതൊരു കുറവായ് തോന്നാത്തിടത്തോളം കാലം നിങ്ങളെയതൊരിക്കലും ബാധിക്കയില്ല. നല്ല സൗഹൃദങ്ങൾക്ക്, ബന്ധങ്ങൾക്ക് സൗന്ദര്യമൊരു അളവുകോലല്ല എന്ന് ഈ ചിത്രം ഓർമപ്പെടുത്തുന്നുണ്ട്. തുറന്നുകാണിക്കുന്നുണ്ട്.. നാളെയെന്തായിരിക്കുമെന്നുറപ്പ് പറയാനാവാത്ത ഈ ലോകത്ത് മറ്റുള്ളവരുണ്ടാക്കിതരുന്ന ആവലാതികളിൽ കണ്ണുടയ്ക്കാതെ മുന്നോട്ട് പോകാൻ നമുക്കാകട്ടെ…
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS