ആരാണ് നിങ്ങൾക്ക് കറുപ്പും വെളുപ്പും വേർതിരിക്കുവാൻ അധികാരം നൽകിയത്? ആരാണ് കുറിയ വരെയും ഉയരം കൂടിയ വരെയും വിഭിന്നമായി പരിഗണിക്കാൻ നിങ്ങളെ തോന്നിപ്പിച്ചത്?
ആരാണ് ഗ്രാമീണനെയും നഗരവാസികളെയും സംസ്കാര സമ്പന്നതയുടെ നിർവചനത്തിൽ വിഘടിപ്പിക്കാൻ അധികാരം നൽകിയത്?
മനുഷ്യ സംസ്കാരത്തിന്റെ ഉല്പത്തിയോളം പഴക്കമുള്ള ചോദ്യങ്ങൾ ആണ് ഇത്. ഒരിറ്റു ശ്വാസത്തിന് വേണ്ടി നിലവിളിച്ച് ദാരുണമായി കൊലചെയ്യപ്പെട്ട അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരൻ ജോർജ് ഫ്ലോയ്ഡ് മുതൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ വിശപ്പകറ്റാൻ ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ചു അടിച്ചുകൊന്ന അട്ടപ്പാടിയിലെ ദളിത് യുവാവ് മധു വരെയുള്ള ആയിരക്കണക്കിന് മനുഷ്യരുടെ, അവരുടെ വേദനയുടെ, നിസ്സഹായതയുടെ, തേങ്ങലുകൾ ഏതു ചരിത്രത്തിലാണ് നാം ചേർത്തു വയ്ക്കുക എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി സമൂഹത്തിനു മുന്നിൽ ഉയർന്നു നിൽക്കുന്നു.
പുരാതന ശിലായുഗത്തിലെ ആദിമ മനുഷ്യൻ മുതൽ നിർമിത ബുദ്ധി യുഗത്തിലെ ആധുനിക മനുഷ്യൻ വരെ എത്തിനിൽക്കുന്ന മനുഷ്യചരിത്രത്തിൽ എന്തുകൊണ്ട് വർണ്ണവെറിയും വർഗ വെറിയും അതേ അളവിൽ അതേ തലത്തിൽ നിലനിൽക്കുന്നു എന്ന് ഇനിയെങ്കിലും നാം എല്ലാം മറന്ന് ചിന്തിച്ചേ മതിയാവൂ.
വർണ, വർഗ്ഗ വിവേചനം കത്തിപ്പടർന്ന് മനുഷ്യനെ അടിമകളും പീഡിതരും ആക്കി മാറ്റിയ ഒരു രാജാധിപത്യത്തിന്റെയും സവര്ണാധിപത്യത്തിന്റെയും മുതലാളിത്തത്തിന്റെയും കാലഘട്ടത്തിലായിരുന്നു മതങ്ങൾ മാനവികതയും ദൈവീകതയും എന്ന ആശയം ലോകത്തിനു മുന്നിൽ ഉദ്‌ഘോഷിച്ചത്.
അതുകൊണ്ടു തന്നെ വളരെപ്പെട്ടന്നു തന്നെ മതങ്ങൾ യൂറോപ്പിലും പിന്നീട് ലോകമാസകാലവും വ്യാപിപ്പിക്കാൻ കഴിഞ്ഞിരുന്നു. പിന്നീടത് രാജാധിപത്യവും മതാധിപത്യവുമായി സമരസപ്പെട്ടു. അത്തരത്തിലുള്ള പുതിയ ഒരു ജനാധിപത്യ ക്രമമാണ് പിന്നീട് ലോകത്തിലെങ്ങും കാണാൻ കഴിഞ്ഞത്.
ഈ പുതിയ കൂട്ടുകെട്ട് വളരെ പെട്ടെന്ന് തന്നെ പടർന്നു പന്തലിച്ചു ലോകം മുഴുവൻ വ്യാപിച്ച് വിഭാഗീയതയും വംശ വർണ്ണവെറിയും കൂടുതൽ കരുത്തുറ്റതാക്കി പല രീതികളിൽ പല രൂപങ്ങളിൽ അവതരിപ്പിക്കപ്പെട്ടു.
ചിലയിടങ്ങളിൽ അത് ആട്ടിയിറക്കൽ ആയും ചിലയിടങ്ങളിൽ വംശീയ ഉന്മൂലനങ്ങളായും ദളിതരോടും ന്യുന പക്ഷങ്ങളോടുമുള്ള അതിക്രമങ്ങളായും വർണ്ണവെറിയായും ജാതിവെറിയായും മാറി എന്നതിൽ കവിഞ്ഞു എന്തു കൊണ്ടോ അതിനെ അകറ്റി നിർത്താൻ ഒരു രാജ്യത്തിനും കഴിഞ്ഞില്ല. അതോടൊപ്പം തന്നെ ഇത്തരം അസമത്വങ്ങൾ പടർന്നുപന്തലിച്ചു എല്ലാ രാജ്യങ്ങളിലും കൊണ്ടിരിക്കുന്നു
മറ്റേത് ജീവികളെക്കാളും മനുഷ്യനുള്ള പ്രാധാന്യം അയാൾക്ക് മാത്രമേ താൻ എന്ന ബോധം ഉള്ളൂ എന്നതാണ്. ഞാൻ എന്ന ബോധം അയാളിൽ ഉണ്ടാക്കുന്ന അഭിമാനത്തിന്റെ, പ്രതീക്ഷയുടെ, സ്വപ്നങ്ങളുടെ ചിറകുകൾ അയാൾക്ക് ജീവിതത്തിലെ ഏതു മേഖലകളിലും വിഹരിക്കുവാനുള്ള ഊർജ്ജം നൽകുന്നു.
അതിനു വിഘാതമായി നിൽക്കുന്ന ഏതു ഘടകങ്ങളും അയാളുടെ ആന്തരികചോദനകളെ നശിപ്പിച്ചു, അസ്വസ്ഥമാക്കി, നിരാശരാക്കി മാറ്റുന്നു അതു കൊണ്ട് തന്നെ മനുഷ്യന്റെ സ്വാതന്ത്ര്യം അവന്റെ വ്യക്തിത്വവികസവുമായി വളരെ ബന്ധപ്പെട്ട് കിടക്കുന്നു. അതിനെതിരെയുള്ള ഏതു പ്രവർത്തനവും തികഞ്ഞ മനുഷ്യാവകാശ പ്രശ്നങ്ങൾ തന്നെയാണ്.
ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല യഥാർത്ഥത്തിൽ നമ്മുടെ നാടും. മനുഷ്യാവകാശ ധ്വംസനങ്ങൾ, അവകാശ ലംഘനങ്ങൾ അടിച്ചമർത്തലുകൾ ദിനേനയുള്ള കാഴ്ചകളായി നാം കണ്ടുകൊണ്ടിരിക്കുന്നു. ഇതിന്റെ ഇരകളൊക്കെ ദളിതരും ദരിദ്രരും എന്നതാണ് വാസ്തവം. മനുഷ്യനിബന്ധിയോ പ്രകൃതിപരമോ ആയ എല്ലാ അതിക്രമങ്ങളും എപ്പോഴും പരീക്ഷിക്കപ്പെടുന്നത് സാധാരണക്കാരനിലോ അധകൃതനിലോ ആയിരിക്കുമെന്നത് തെളിയിക്കപ്പെട്ട സത്യമാണ്.
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിശപ്പിന്റേതു തന്നെയാണ്. ഭക്ഷണവും ഉറക്കവും മാത്രമേ അടിസ്ഥാന ആവശ്യങ്ങൾ ഉള്ളു എന്ന് എബ്രഹാം ഉൾപ്പെടെയുള്ള ഒട്ടേറെ ശാസ്ത്രജ്ഞർ കൃത്യമായ പഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. ദാരിദ്ര്യത്തിൻറെ വിഷമവൃത്തങ്ങളെ കുറിച്ചുള്ള സങ്കല്പങ്ങൾ ഒട്ടേറെയുണ്ട്. എന്നാൽ അതൊക്കെ പരിഹരിക്കാനുള്ള മാർഗങ്ങൾ നടപ്പിലാക്കുവാൻ എന്തെ നമുക്ക് കഴിയാതെവരുന്നു.
ജനാധിപത്യത്തിൻറെ പൂർണത കൈവരിക്കുക അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോഴാണ്. ലോകത്തിലെ ഏത് പ്രത്യയശാസ്ത്രങ്ങൾ എടുത്തു ചർച്ച ചെയ്താലും സമൂഹത്തിൻറെ, രാഷ്ട്രത്തിൻറെ, വികസനം സാധ്യമാവുക, ആത്മാഭിമാനമുള്ള ഒരു സമൂഹം നിലനിൽക്കുമ്പോഴാണ്.
നിങ്ങൾ ഒരു ഉദ്യോഗസ്ഥൻ ആയാലും ഭരണാധികാരി ആയാലും സാധാരണ തൊഴിലാളി ആയാലും അവനവനു ലഭിക്കേണ്ട, കിട്ടേണ്ട അധികാരങ്ങളും അംഗീകാരങ്ങളും അവകാശങ്ങളും സംരക്ഷിച്ചു കിട്ടുമ്പോഴാണ് ജനാധിപത്യം പുലരുന്നത്. Rights are the major indicator for the progressiveness and human development എന്നാണ് U N അവകാശ സംരക്ഷണത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളത്.
അതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യത്തിന് തലേദിവസം ചെങ്കോട്ടയിലേക്ക് പതാക ഉയർത്താൻ വിസമ്മതിച്ചുകൊണ്ടു ഗാന്ധിജി പറഞ്ഞത്, യഥാർത്ഥ സ്വാതന്ത്ര്യം നിലനിൽക്കുന്നത് ഒരു രാഷ്ട്രത്തിൻറെ ജനത പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട ജനത എന്നാണോ സ്വതന്ത്രമാകുന്നത് അഥവാ എന്നാണോ എല്ലാ അടിച്ചമർത്തലിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും മോചിതരാവുന്നത് അന്ന് മാത്രമേ ഒരു രാഷ്ട്രത്തിന് സ്വതന്ത്രമാകാൻ കഴിയുകയുള്ളൂ എന്ന്.
ഒരു ജനതയ്ക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല എന്ന തോന്നൽ ഉണ്ടാവുമ്പോൾ തികഞ്ഞ നിരാശയും അപകർഷതാബോധവും സൃഷ്ടിക്കും എന്ന് ഉറപ്പ്. ഇത്തരം അവഗണനകൾ അവരെ ഒറ്റപ്പെടലിലേക്ക്, രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് നയിക്കും.
അതുകൊണ്ടുതന്നെ ഒരു ജനാധിപത്യ രാഷ്ട്രത്തിന് മനുഷ്യാവകാശ സംരക്ഷണം നിലനിർത്തിയെ മുന്നോട്ടു പോകാൻ കഴിയൂ. മറിച്ചു അവർക്കു ലഭിക്കേണ്ട നീതിയും അവകാശങ്ങളും നിഷേധിക്കപ്പെടുമ്പോൾ അത് അവരിലുണ്ടാക്കുന്ന മാനസിക സംഘർഷാവസ്ഥ വളരെ വലുതായിരിക്കും.
ഒരു ജനത അവരുടെ അവകാശ സംരക്ഷണത്തിന് ഏറ്റവും ആശ്രയിക്കുന്നത് സർക്കാർ ഓഫീസുകളുടെയും സംവിധാനത്തെയും ആണെങ്കിൽ ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസം ഇല്ലാതെ പാവപ്പെട്ടവനും പണക്കാരനും എല്ലാ വിഭാഗം ആളുകൾക്കും അഭിമാനത്തോടുകൂടി എന്തു കൊണ്ട് ലഭിച്ചില്ല എന്തുചെയ്യണം ചെയ്യേണ്ട എന്ന് ഉത്തരം ലഭിക്കേണ്ടതുണ്ട്. നിഗൂഢതകൾ ഒഴിവാക്കണം.
സുതാര്യവും ലളിതവുമായ ഒരു സംവിധാനം രാഷ്ട്രം മുഴുവൻ ഉണ്ടാകണം. തുല്യത ലഭിക്കുന്നു എന്ന തോന്നൽ അഭിമാനത്തോടെ അയാളെ ജനാധിപത്യത്തോട് ഒപ്പം നിൽക്കാൻ അല്ലെങ്കിൽ ഒരു രാഷ്ട്രത്തോട് ഒപ്പം നിൽക്കാൻ പ്രേരിപ്പിക്കും.
സുതാര്യതയും പങ്കാളിത്തവും ലളിതമായ നടപടിക്രമങ്ങളും സംരക്ഷണങ്ങളും എന്തുചെയ്യണം എങ്ങിനെ ജീവിക്കണം എന്ന തിരിച്ചറിവ് ഒരാളിൽ ഉണ്ടാക്കി കൊടുക്കുന്നു. കോടതികളും സർക്കാർ സംവിധാനങ്ങളും ഇത്തരത്തിലുള്ള ജനാധിപത്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കണം.
ഒരു ജനതയുടെ ആത്മവിശ്വാസം ഉയർത്തിപ്പിടിക്കാൻ പക്ഷപാതരഹിതമായ പ്രവർത്തനങ്ങൾ അധികാരികളിൽ നിന്നുകൂടിയെ തീരൂ.
നീതിനിഷേധവും അവഗണനയും ഒരു ജനതയെ ഒരൊറ്റ രാഷ്ട്രം എന്ന സങ്കല്പത്തിൽ നിന്ന് അകറ്റിനിർത്തും. അതുകൊണ്ടുതന്നെ അവകാശ സംരക്ഷണം വളരെ അത്യന്താപേക്ഷിതമായ ഒരുകാര്യമാണ്.
സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ ആയിട്ടും ഒരു സർക്കാർ ഫയലിൽ തീർപ്പ് കൽപിക്കേണ്ടതിന് വ്യക്തമായ സമയക്രമമോ രീതികളോ ഇല്ലെങ്കിൽ എന്ത് സദ് ഭരണമാണ് ഒരു ജനതയ്ക്ക് ലഭിക്കുക. അറിയുവാനുള്ള, മനസ്സിലാക്കുവാനുള്ള ഒരാളുടെ അവകാശം, സ്വതന്ത്രമായി സംസാരിക്കാനും മൗലികാവകാശം സംരക്ഷിക്കപ്പെടാനുമുള്ള അവകാശം അയാൾക്ക് ലഭിച്ചേ മതിയാവൂ.
അധികാരങ്ങളും ചുമതലകളും കേന്ദ്രീകൃതമായ ഒരു ഒരു ഭരണ രീതിയിൽ നടപ്പിലാക്കുന്നതിന് പകരം തികച്ചും പ്രാദേശികമായ രൂപപ്പെട്ടുവരുന്ന സേവനങ്ങളുടെ കൈമാറ്റം അവകാശ സംരക്ഷണം വേഗത്തിലാക്കും. ഇത്തരം നീതിപൂർ വകമായ പ്രവർത്തനങ്ങൾ, ജനാധിപത്യപ്രക്രിയ, നടപ്പിൽ വരുത്തേണ്ടത് അധികാര വർഗ്ഗങ്ങളുടെ കടമയായി മാറണം.
അവകാശങ്ങളെ സംരക്ഷിച്ചു കിട്ടുന്നില്ല എന്ന തോന്നൽ ഭയം, അപകർഷത, ഒളിച്ചോടൽ, കുറ്റം പറയൽ തുടങ്ങി ഇത്തരത്തിലുള്ള പലതരം വൈകല്യങ്ങളും ഉണ്ടാക്കുന്നു. ഇത്തരം വൈകല്യങ്ങൾ ഒരു ജനതയുടെ ആത്മവിശ്വാസം ഒരുഭാഗത്ത് നശിപ്പിക്കുമ്പോൾ അവരുടെ ജീവിക്കുവാനുള്ള ആഗ്രഹം പോലും കുറഞ്ഞു കൊണ്ടിരിക്കും.
ഒരു ജനത അവർ വിശ്വസിക്കുന്ന അവരെ കാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു നീതി വ്യവസ്ഥ അവർക്ക് അന്യമായി എന്ന തോന്നൽ ഉണ്ടാക്കുമ്പോൾ അവരിലെ ജനാധിപത്യം ഒരുതരം സാമൂഹിക അരാജകത്വത്തിലേക്ക് (mobocracy) നയിക്കും. അത് ഒരു മഹത്തായ ജനാധിപത്യ രാഷ്ട്രത്തെ വീണ്ടും പ്രാദേശികത, വിഭാഗീയത, കോളനിവൽക്കരണം, എന്നിവയിലേക്ക് നയിച്ചേക്കും.
പ്രതീക്ഷകളും സ്വപ്നവും അഭിമാനബോധവും പുലരുന്ന ഒരു ജനതയാണ് രാഷ്ട്രപുരോഗതിക്കാവശ്യം. ചുരുക്കത്തിൽ സ്വതന്ത്രമായ ഒരു രാഷ്ട്രം, അഭിമാന ബോധമുള്ള ഒരു രാഷ്ട്രം, ഉണ്ടാവുന്നത് അധികാരം കയ്യാളുന്നവർ മാത്രമുണ്ടാവുമ്പോഴല്ല, മറിച്ചു അവർ കാണിക്കുന്ന അധികാര ദുർവിനിയോഗം ചോദ്യം ചെയ്യപ്പെടാനുള്ള ഒരു ശക്തി ഒരു ജനതയ്ക്ക് ഉണ്ടാകുമ്പോൾ കൂടിയാണ്.
അത് ചോദ്യം ചെയ്യുവാനുള്ള അധികാരം ഭരണഘടന നൽകുമ്പോഴാണ്. കോടതികൾ അത് നിലനിർത്തുമ്പോഴാണ്.
അംഗീകരിക്കപ്പെടുന്നു എന്ന ഒരാളുടെ, ഒരു സമൂഹത്തിന്റെ എന്ന തോന്നൽ നമ്മുടെ ജനാധിപത്യത്തിന് ശക്തിപകരും.
മനുഷ്യനെ ഒന്നായിക്കാണാനും അവരുടെ അവകാശങ്ങളെ മുന്തിയ പരിഗണന കൊടുത്തു നിലനിർത്തുമ്പോഴും നൈതികത ഒരു സാമൂഹ്യ ക്രമമായി എല്ലായിടത്തും ഉൾച്ചേർക്കുമ്പോഴും മാത്രമേ ഇത്തരം ജീർണതകൾ തുടച്ചു നീക്കാൻ കഴിയൂ.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
കാലോചിതമായ വാക്കുകൾ .
ഇത്തരം ലേഖനങ്ങൾ ഭരണാധികാരികളും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാരും വായിച്ചിരുന്നെങ്കിൽ…..
ധ്വംസനങ്ങൾ, അവകാശ ലംഘനങ്ങൾ അടിച്ചമർത്തലുകൾ ദിനേനയുള്ള കാഴ്ചകളായി നാം കണ്ടുകൊണ്ടിരിക്കുന്നു.
ശരിയാണ് മാഷെ അനുഭവിക്കുന്നത് എവിടെയും പാവങ്ങൾ തന്നെ.
കാലം ആവശ്യപ്പെടുന്ന വാക്കുകൾ , അതി ശക്തമായ ഭാഷയിൽ…
എഴുത്ത് നിലാവ് പോലെ പരക്കട്ടെ. കൊള്ളേണ്ടിടത്ത് കൊള്ളട്ടെ…
Well expressed but I felt that all human beings are actually racist. Everyone wants to be whitish always. Even when anyone go out and get a tan or is in search of a bride or a groom they rent to say the same . KUTTY VELUTHITTAANO…
Write up is the need of the hour.
HUMANNESS is lost every on the basis of caste, color, religion etc.
Keep writing relevant issues like this.
Congratulations
Write up is the need of the hour.
HUMANNESS is lost everywhere on the basis of caste, color, religion etc.
Keep writing relevant issues like this.
Congratulations
Need of the hour.. In one or another over the globe discrimination is increasing.. Killing can never be justified.. Whether it is due to difference in politics.. Race. Cast or creed.. Humanity first… Ashik sir.. Well done.. Keep it up..
Very good article and thought.
വളരെ ഏറെ ചിന്തിക്കേണ്ട വിഷയം.
ആഷിക് കെ പി ക്ക് സർവ ആശംസകളും
പാർശ്വവൽക്കരിക്കപ്പെടുക എന്നുള്ളത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമാണ്. സ്വാതന്ത്ര്യമില്ലായ്മ എന്നതിനെ മരണത്തോട് ആണ് പലരും ഉപമിച്ചത്. മർദ്ദിത സമൂഹത്തിന്റെ രോദനങ്ങൾ ക്കുവേണ്ടി അവരുടെ അവകാശങ്ങൾക്കുവേണ്ടി എക്കാലത്തും നവോത്ഥാന നായകന്മാർ ഉണ്ടായിട്ടുണ്ട്. എന്നിട്ടും രചയിതാവ് പറയുന്നതുപോലെ സമൂഹത്തിൽ നിന്ന് അത്
തുടച്ചുനീക്കാൻ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസവും സംസ്കാരവും ഉള്ള സമൂഹത്തിലും വർണ്ണ വർഗ്ഗ ധ്വംസനങ്ങൾ നിലനിൽക്കുന്നു എന്നുള്ളത് വളരെ ലജ്ജാകരമാണ്
വംശീയത ലോകത്തിൽ പലയിടത്തും ഇപ്പോഴും അതിശക്തമായി നില നിൽക്കുന്നു ‘ എന്നത് യാഥാർത്ഥ്യമാണ്…… ഇന്ത്യയിൽ അത് ജാതി-വെറി ആണെങ്കിൽ അമേരിക്കയിൽ അത് വർണ്ണവെറിയാണ്….
മനുഷ്യൻ എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും, ഇതൊക്കെ 2.5 ലക്ഷം വർഷത്തോളം പരിണാമചരിത്രമുള്ള “ബുദ്ധിയുള്ള മനുഷ്യനെ” 2.5 മില്യൺ വർഷo മുമ്പത്തെ ആക്രമണകാരിയായി അലഞ്ഞു നടന്നിരുന്ന ആദിമ മനുഷ്യനിലേക്ക് ചേർത്ത് നിർത്തുന്നതാണ്….
എഴുതാനുള്ള കഴിവ്‌ഒരു വരദാനമാണ്.ഇത്തരം വിലപ്പെട്ട എഴുത്തുകൾ വായിക്കുന്നവരെ ഒരു നിമിഷം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. അതാണ് ഒരു എഴുത്തുകാരന്റെ ധർമ്മം. വീണ്ടും എഴുതുക എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.