അമേരിക്കൻ നഗരങ്ങളിലെ പോലീസ് ക്രൂരതയുടെ സമീപകാല രംഗങ്ങളും ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ പതിറ്റാണ്ടുകളായി നടത്തിവരുന്ന അക്രമങ്ങളും തമ്മിൽ ശ്രദ്ധേയമായ ചില സമാനതകളുണ്ട്.
കഴിഞ്ഞ മാസം വൈറലായ ഒരു വീഡിയോയിൽ മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്ഥനായ ഡെറക് ചുവിൻ (Derek Chauvin), ജോർജ്ജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരനായ മനുഷ്യനെ കഴുത്തിൽ ഒൻപത് മിനിറ്റോളം മുട്ടുകുത്തി കിടത്തി കൊലപ്പെടുത്തിയത് ലോകം മുഴുവൻ കണ്ടു. അതിനെ തുടർന്ന് യുഎസിലും ലോകത്തുടനീളവും വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധത്തിന് കാരണമായി.
കറുത്തവർഗക്കാരനായ അമേരിക്കക്കാരെ ശത്രുവായി കണക്കാക്കുന്ന യുഎസ് പോലീസ് സംസ്കാരത്തിന്റെ ഏറ്റവും പുതിയ അസ്വസ്ഥപ്പെടുത്തുന്ന കാഴ്ചകളായിരുന്നു ആ വീഡിയോയിലുള്ളത്. അതിലേറെ ഇത്തരം മനോഭാവമുള്ള പോലീസ് ഉദ്യോഗസ്ഥരെല്ലാം വളരെ അപൂർവമായി മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളൂ എന്ന യാഥാർത്ഥ്യവും.
മറ്റ് മൂന്ന് ഉദ്യോഗസ്ഥർ നോക്കിനിൽക്കുമ്പോഴാണ് ചുവിൻ ഫ്ലോയിഡിനെ ഇത്തരത്തിൽ കൊലചെയ്യുന്നത് എന്നത് അധിനിവേശ ഫലസ്തീനടക്കമുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്നതിന്റെ തനി പകർപ്പ് ആണ്. ഫലസ്തീൻ പുരുഷന്മാരെയും സ്ത്രീകളേയും കുട്ടികളേയും ഇസ്രായേൽ സൈനികരും മറ്റും മർദ്ദിക്കുന്നതിന്റെയും വെടിവെക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിൻ്റേയും വീഡിയോകൾ വളരെക്കാലമായി സോഷ്യൽ മീഡിയയിലെ പ്രധാന ചേരുവകളാണ്.
അധിനിവേശ ഫലസ്തീനിൽ ഇത്തരത്തിലുള്ള കൊലപാതകങ്ങൾ നിത്യസംഭവങ്ങളാണ്. 2018 ന്റെ തുടക്കത്തിൽ, കുട്ടികൾ, നഴ്‌സുമാർ, പത്രപ്രവർത്തകർ, വികലാംഗർ എന്നിവരുൾപ്പെടെയുള്ള ഫലസ്തീനികളെ ഇസ്രായേൽ സ്‌നൈപ്പറുകൾ ഉപയോഗിച്ചു കൊല്ലാൻ തുടങ്ങിയിരുന്നു. പ്രതിഷേധ പ്രകടനങ്ങൾക്ക് നേരെ വെടിയുതിർത്ത് പരിശീലിക്കുക എന്നത് നിത്യസംഭവമായി മാറി.
വ്യാപകമായ ഇളവുകളും നിയമ പരിരക്ഷയും
അമേരിക്കയിലെന്നപോലെ, ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ പോലീസും സൈനികരും നടത്തുന്ന അതിക്രമങ്ങൾ അപൂർവമായേ നിയമ നടപടികളിലേക്ക് എത്താറുള്ളൂ.
ഫ്ളോയിഡ് കൊല്ലപ്പെട്ടതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, ഓട്ടിസം ബാധിച്ച ഫലസ്തീൻകാരനായ ഇയാദ് ഹല്ലക്ക് എന്ന ആറ് വയസ്സുകാരനെ ജറുസലേമിൽ വെച്ച് ഏഴ് തവണയാണ് പോലീസ് വെടിവച്ചത്. ഇത് വരെ ഒരു ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്യുകയോ നടപടിയെടുക്കകയോ ചെയ്തിട്ടില്ല.
ഫ്ളോയിഡിന്റെ കൊലപാതകത്തെത്തുടർന്ന് അന്താരാഷ്ട്ര ശ്രദ്ധയിൽ ഈ കാര്യങ്ങൾ വന്നപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ നടപടിക്കിടയിൽ ധാരുണമായി ഒരു ഫലസ്തീൻ ബാലൻ കൊല്ലപ്പെട്ടുവെന്നും അന്വേഷണം നടത്തുമെന്നും പറയുകയും ചെയ്തു.
പ്രതിഷേധത്തിനിടയിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും “Black Lives Matter” “ബ്ലാക്ക് ലൈവ്സ് മേറ്റർ”, “Palestinian Lives Matter” “ഫലസ്തീൻ ലൈവ്സ് മേറ്റർ” എന്നീ മുദ്രാവാക്യങ്ങൾ സ്വാഭാവികമായും പരസ്പരം ഒരുമിച്ച് ഉയർന്നുവരുന്നതിന്റെ കാരണം രണ്ട് പേരോടും അധികാരികൾ ചെയ്യുന്നത് ഒരേ രീതിയിലുള്ള അതിക്രമങ്ങളാണ്.
എന്നാൽ രണ്ടും തമ്മിൽ ചില വ്യത്യാസങ്ങളുമുണ്ട്. കറുത്തവർഗക്കാരായ അമേരിക്കക്കാർക്ക് പൗരത്വം ഉണ്ട്, അത്പോലെ ഭൂരിഭാഗം പേർക്കും വോട്ടുചെയ്യാനും സാധിക്കും. നിയമങ്ങളിൽ വ്യക്തമായി വംശീയതയില്ല. അവർക്ക് ഒരേ കോടതിയെ സമീപിക്കാനും പരാതി നൽകാനും അവകാശമുണ്ട്. എല്ലായ്പ്പോഴും ഒരേ നീതിയില്ലെങ്കിൽ പോലും.
ഇസ്രായേൽ ഭരണത്തിൻ കീഴിലുള്ള മിക്ക ഫലസ്തീനികളുടെയും സ്ഥിതി അതല്ല. അവർ ഒരു വിദേശ സൈന്യത്തിന്റെ അധീനതയിലാണ് ജീവിക്കുന്നത്. അനിയന്ത്രിതമായ സൈനിക ഉത്തരവുകൾക്കിടയിലാണ് അവരുടെ ജീവിതം. മാത്രമല്ല അവർക്ക് ഏതെങ്കിലും തരത്തിലുള്ള അർത്ഥവത്തായ നിയമപരമായ പരിഹാരം ലഭിക്കുക എന്നത് അസംഭവ്യമാണ്.
അത് പോലെ വ്യക്തമായ മറ്റൊരു വ്യത്യാസമുണ്ട്. ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നിരവധി വെള്ളക്കാരായ അമേരിക്കക്കാർ തെരുവിലിറങ്ങി പങ്കുചേർന്നു. നേരെമറിച്ച്, ഹല്ലാക്കിന്റെ കൊലപാതകത്തെ ബഹുഭൂരിപക്ഷം ഇസ്രായേലികളും അവഗണിച്ചു എന്ന് മാത്രമല്ല അവരുടെ അധിനിവേശം നിലനിർത്തുന്നതിന്റെ ഭാഗമായ സ്വഭാവിക നടപടിയായിട്ട് ആണ് അതിനെ വിലയിരുത്തുന്നത്.
കൊളോണിയൽ ചിന്താധാരകൾ രൂപപ്പെടുത്തിയ ലോകവീക്ഷണം
എന്നിരുന്നാലും, അമേരിക്കയുടെയും ഇസ്രായേലിന്റെയും വംശീയ സംസ്കാരങ്ങൾ തമ്മിലുള്ള സാമ്യതകൾ എടുത്തുപറയേണ്ടതാണ്. നാടുകടത്തൽ, വേർതിരിക്കൽ, ചൂഷണം എന്നിവയിൽ സ്ഥാപിതമായ കൊളോണിയൽ ചിന്താധാരകൾ രൂപപ്പെടുത്തിയ ലോകവീക്ഷണത്തിൽ നിന്നാണ് ഇവ രണ്ടും ഉത്ഭവിക്കുന്നത്.
പുറത്താക്കപ്പെടുകയോ കീഴടങ്ങുകയോ ചെയ്യേണ്ട ശത്രുവായിട്ടാണ് ഇസ്രായേൽ ഇപ്പോഴും ഫലസ്തീനികളെ കാണുന്നത്. അതേസമയം, കറുത്തവർഗക്കാർ അടിമത്തത്തേയും വർണ്ണവിവേചനത്തേയും സ്വാഭാവികമായി കണ്ടിരുന്ന വെളുത്ത വംശീയമായ സംസ്കാരത്തിന്റെ പാരമ്പര്യത്തിലാണ് ജീവിക്കുന്നത്.
ഫലസ്തീനികളുടേയും കറുത്തവർഗക്കാരുടേയും ആത്മാഭിമാനവും അന്തസ്സും എന്നോ കൊള്ളയടിക്കപ്പെടുകയും ചൂഷണത്തിന് വിധേയമാവുകയും ചെയ്തിട്ടുണ്ട്; അവരുടെ ജീവിതങ്ങൾ വിലകുറഞ്ഞതായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ദുഖകരമെന്നു പറയട്ടെ, സുരക്ഷാ സേവനങ്ങൾ ഉൾപ്പെടെയുള്ള തങ്ങളുടെ പ്രധാന സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന വംശീയ പ്രത്യയശാസ്ത്രത്തെക്കുറിച്ച് മിക്ക ഇസ്രായേലീയരും അജ്ഞരായി അഭിനയിക്കുകയാണ്. ചെറിയ ഒരു കൂട്ടം ഫലസ്തീനികളോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവരെ മറ്റ് ഇസ്രായേൽ ജനങ്ങൾ രാജ്യദ്രോഹികളായിട്ടാണ് കാണുന്നത്.
അടിച്ചമർത്തലിലെ ഇസ്രായേൽ വേർഷൻ
വ്യാപകമായ പ്രതിഷേധത്തെ തടയാൻ യുഎസ് പോലീസ് സേന സ്വീകരിച്ച ശൈലി ഫലസ്തീനികൾക്ക് പരിചിതമാണെങ്കിലും ഇത്തരം ആക്രമണാത്മക രീതികൾ പോലീസ് അവലംബിച്ചുവെന്നത് വെള്ളക്കാരടക്കമുള്ളവരെ അമേരിക്കാരെ ഞെട്ടിച്ചു.
പ്രധാന നഗരങ്ങളിലെ കർഫ്യൂകളും അടച്ചുപൂട്ടലും സാധാരണക്കാർക്കെതിരെ സ്നിപ്പർ സ്ക്വാഡുകൾ വിന്യസിക്കുന്നതും, തിരിച്ചറിയാത്ത രീതിയിൽ യൂണിഫോമുകളും മറ്റും ധരിച്ച് ലഹളകളെ അടിച്ചമർത്താൻ തയ്യറാക്കിയ പ്രത്യേക ടീമുകളുടെ വിന്യാസവും മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ശാരീരിക ഉപദ്രവങ്ങൾ നടത്തുകയും പ്രതിഷേധക്കാർക്ക് എതിരെ കണ്ണീർ വാതകവും റബ്ബർ വെടിയുണ്ടകളും ഉപയോഗിക്കുന്നതിലൂടെ ആ ഒരു അടിച്ചമർത്തലിന്റെ രീതി വ്യക്തമാണ്.
എന്നാൽ സാമ്യതകൾ അവിടെ അവസാനിക്കുന്നില്ല.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രകടനക്കാരെ “തീവ്രവാദികൾ” എന്ന് വിശേഷിപ്പിച്ചത് എല്ലാ ഫലസ്തീൻ പ്രതിഷേധത്തേയും തീവ്രവാദമായി മാറ്റുന്ന ഇസ്രായേലിന്റെ സ്വഭാവത്തെ പ്രതിധ്വനിക്കുന്നു, ട്രമ്പ് സൈന്യത്തെ ഇറക്കുമെന്ന് പറഞ്ഞതോട് കൂടി ഫലസ്തീനികൾ നേരിടുന്ന സാഹചര്യത്തിന് കൂടുതൽ തുല്യമായി. ഫലസ്തീനികളെപ്പോലെ, അമേരിക്കയിലെ കറുത്ത സമൂഹവും, പ്രതിഷേധക്കാരും, പോലീസിന്റെ അതിക്രമങ്ങൾ റെക്കോർഡു ചെയ്യുകയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അതിനെ തുടർന്നാണ് മാധ്യങ്ങൾ പോലും റിപ്പോർട്ട് ചെയ്യാത്ത വാർത്തകൾ പോലും പുറം ലോകം അറിയുന്നത്.
ഈ സാമ്യതകളൊന്നും അത്ഭുതപ്പെടുത്തുന്നില്ല, കാരണം ഫലസ്തീൻ ചെറുത്തുനിൽപ്പിനെ ഇല്ലാതാക്കാൻ ഇസ്രായേൽ സ്വീകരിക്കുന്ന സൈനിക നടപടികളെ മനസിലാക്കാനും പരിശീലിക്കാനും യുഎസ് പോലീസ് സേന അവരുടെ അംഗങ്ങളെ ഇസ്രായേലിലേക്ക് അയക്കാറുണ്ട്.
ഫലസ്തീനികളെ നിരീക്ഷിക്കാനും കീഴ്പ്പെടുത്താനും പുതിയ രീതികൾ വികസിപ്പിക്കാനും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ റെഡിമെയ്ഡ് ലബോറട്ടറികൾ ഇസ്രായേൽ തയ്യാറാക്കിയിട്ട് വളരെക്കാലമായി. അത് പോലെ അമേരിക്കയിലെ ഏറ്റവും വലിയ അണ്ടർക്ലാസ് (underclass) എന്ന നിലയിൽ ഒരു ‘സൈനിക’ സമീപനമാണ് കറുത്തവർഗക്കാരോട് പോലീസ് സ്വീകരിക്കുന്നത്.
2014 ൽ മിസോറിയിലെ ഫെർഗൂസണിൽ മൈക്കൽ ബ്രോൺ എന്ന കറുത്ത വർഗക്കാരനെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തിൽ ഉണ്ടായ പ്രതിഷേധ പ്രകടനത്തെ അടിച്ചമർത്താൻ ലോക്കൽ പോലീസ് സ്വീകരിച്ച സൈനിക ശൈലിയും യുദ്ധമേഖലയിൽ പ്രവേശിക്കുന്നത് പോലെയുള്ള തയ്യാറെടുപ്പുകളും പോലീസിന്റെ കറുത്ത വർഗക്കാരോടുള്ള സമീപനം വ്യക്തമാക്കുന്നു,
ഇസ്രായേൽ പരിശീലനം ലഭിച്ച യു.എസ് പോലീസ്
ഫലസ്തീനികളെ കീഴ്പ്പെടുത്തുന്ന ഇസ്രായേൽ രീതികൾ യുഎസ് പോലീസ് സേനയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട് എന്ന് മനുഷ്യാവകാശ സംഘടനകളും മറ്റും ഉയർത്തിക്കാട്ടുന്നു. പല സേനകളും ഇസ്രായേലിൽ നിന്നാണ് പരിശീലനം നേടിയിട്ടുള്ളത് എന്നും ഈ ഒരു വാദത്തെ ശക്തിപ്പെടുത്തുന്നു.
ഇസ്രായേലിന്റെ കുപ്രസിദ്ധമായ അർദ്ധസൈനിക അതിർത്തി പോലീസ് എല്ലാ രാജ്യങ്ങൾക്ക് ഒരു ‘മാതൃകയാണ്’. മിനിയാപൊളിസിൽ ഫ്ലോയിഡ് കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ജറുസലേമിൽ ഹല്ലക്കിനെ വെടിവച്ചുകൊന്നത് ഈ അതിർത്തി പോലീസാണ്.
അധിനിവേശ പ്രദേശങ്ങളിലും ഇസ്രായേലിനകത്തും ഫലസ്തീനികൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു പോലീസ് സേനയുടെയും സൈന്യത്തിന്റെയും കൂട്ടായ ജോലി ഈ അതിർത്തി പോലീസ് നിർവഹിക്കുന്നു. അനിയന്ത്രിതമായ അധികാരങ്ങളും ആധുനിക സംവിധാനങ്ങളും അവരെ കൂടുതൽ ഭീകരമാക്കി.
ഔദ്യോഗികമായി ഇസ്രായേൽ അതിർത്തിക്കുള്ളിൽ താമസിക്കുന്ന ഫലസ്തീനികൾ അടക്കം എല്ലാ ഫലസ്തീനികളേയും ശത്രുവായി കൈകാര്യം ചെയ്യണമെന്നാണ് അതിർത്തി പോലീസിന്റെ സ്ഥാപനപരമായ ലക്ഷ്യം. ഇതേ ശൈലിയാണ് യുഎസ് പോലീസ് സേന കറുത്തവർഗ ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിൽ അനുകരിക്കുന്ന മാതൃക.
2012 ൽ ചിക്കാഗോയിൽ നടന്ന ഒരു സമ്മേളനത്തിൽ നിരവധി മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്ഥർക്ക് സാങ്കേതിക വിദ്യകളിലും പ്രവർത്തങ്ങളിലും ഇസ്രായേൽ വിദഗ്ധർ പരിശീലനം നൽകിയിരുന്നു.
ഡെറക് ചോവിൻ കാൽമുട്ട് ഉപയോഗിച്ച് ഫ്ലോയിഡിന്റെ കഴുത്തിൽ അമർത്തിപ്പിടിക്കുന്നത് ഫലസ്തീനികൾക്ക് പരിചിതമായ ഒരു പ്രക്രിയയാണ്. വർഷങ്ങളായി ഇസ്രായേൽ പട്ടാളം സമരക്കാർക്ക് എതിരെ ഇത്തരം ശൈലി ഉപയോഗിക്കുന്നുണ്ട്. ഫ്ലോയിഡിനെ കൊന്ന സമയത്ത് ചോവിൻ തന്റെ കീഴിൽ രണ്ട് റൂക്കി ഓഫീസർമാരെ പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. തന്റെ ഇത്തരത്തിലുള്ള അറിവുകൾ അടുത്ത തലമുറയിലേക്ക് കൈമാറുകയായിരുന്നു.
അനീതിയുടെ കുത്തക
അമേരിക്കയുടേയും ഇസ്രായേലിൻ്റേയും ശൈലികളിൽ സമാനതകൾ പ്രതീക്ഷിക്കാം. ആഭ്യന്തര വിയോജിപ്പുകളെ അടിച്ചമർത്തുന്നത് പോലുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ രാജ്യങ്ങൾ തമ്മിൽ അനിവാര്യമായും സഹകരിക്കുകയും ഒക്കെ ചെയ്യും. അത് കൊണ്ട് അടിച്ചമർത്തലുകൾക്ക് പേര് കേട്ട ഇസ്രായേൽ ശൈലി അമേരിക്ക സ്വീകരിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല.
ദീർഘകാലാടിസ്ഥാനത്തിൽ, പോലീസ് കൂടുതൽ സൈനികവൽക്കരിക്കപ്പെടുമ്പോൾ, ഭാവിയിൽ ഫലസ്തീനികളെപ്പോലെ ഇസ്രായേൽ ജനവിഭാഗത്തോടും പോലീസ് പെരുമാറുമെന്ന് ജെഫ് ഹാൽപ്പറിനെ പോലെയുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നതായി കാണാം. അതുകൊണ്ട് തന്നെ കറുത്ത സമുദായത്തോടുള്ള യുഎസ് ശൈലിയും ഫലസ്തീനികളോടുള്ള ഇസ്രായേലിന്റെ ശൈലിയും തമ്മിലുള്ള സാമ്യതയെ എടുത്തുകാണിക്കേണ്ടതുണ്ട്.
പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടാൽ അതിനെ അടിച്ചമർത്താൻ വേണ്ടിയുള്ള സഹകരണ തന്ത്രങ്ങൾ മാത്രമല്ല, ഫലപ്രദമായ രീതിയിൽ സ്വയം സംഘടിക്കാനും ഒരുമിച്ച് നിൽക്കാനുമുള്ള കറുത്തവർഗക്കാരുടെയും, ഫലസ്തീൻ ജനങ്ങളുടെയും കഴിവ് തന്നെ ഇല്ലാതാക്കാമെന്ന ഉദ്ദേശത്തോടെ സംയുക്തമായി ദീർഘകാല തന്ത്രങ്ങൾ ആണ് അമേരിക്കയും ഇസ്രായേലും വികസിപ്പിച്ചെടുത്തിട്ടുള്ളത്.
സമരങ്ങൾക്ക് ദിശാബോധം നഷ്ടപ്പെട്ടോ ?
വ്യക്തമായ ആവശ്യങ്ങളും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും ഉള്ള ഒരു ബഹുജന പ്രസ്ഥാനം സംഘടിതമായി നിന്നാൽ ഒരുപരിധിവരെ അടിച്ചമർത്തലിനെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ കഴിയും എന്നതാണ്.
അനുയായികളെ പ്രചോദിപ്പിക്കാനും അണിനിരത്താനും പ്രാപ്തിയുള്ള പൂർണ്ണമായും വികസിതവും നല്ല രീതിയിൽ ആവിഷ്കരിച്ചതുമായ പ്രത്യയശാസ്ത്രമുള്ള നേതാക്കൾ ആയിരുന്നു മുൻകാലങ്ങളിൽ ഈ സമരപോരാട്ടത്തിന് നേതൃത്വം നൽകിയിരുന്നത്.
യാസർ അറഫാത്ത് മുതൽ ജോർജ്ജ് ഹബാഷ്, ഷെയ്ഖ് അഹമ്മദ് യാസിൻ വരെയുള്ളവർ ആയിരുന്നു ഒരുകാലത്ത് ഫലസ്തീനികളെ നയിച്ചത്. അവർ നയിച്ച പോരാട്ടം ലോകമെമ്പാടുമുള്ളവർ പിന്തുണച്ചിരുന്നു.
എന്നാൽ അങ്ങനെയുള്ള നേതാക്കന്മാർ അപ്രത്യക്ഷമായിട്ട് വളരെക്കാലമായി. ഫലസ്തീൻ നേതാക്കളെ ജയിലിലടക്കുകയും പിന്നീട് വധിക്കുകയും ചെയ്യുക എന്ന നയം ഇസ്രായേൽ നിരന്തരമായി പിന്തുടർന്നു. അറഫാത്തിന്റെ കാര്യത്തിൽ, അദ്ദേഹത്തെ സംശയാസ്പദമായ സാഹചര്യത്തിൽ റാമല്ലയിൽ വെച്ച് വിഷം നൽകി കൊല്ലുകയായിരുന്നു ഇസ്രായേൽ പട്ടാളം.
അന്നുമുതൽ, ഫലസ്തീൻ സമൂഹം അസംഘടിതരാണ്. ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവത്തിൽ തീർത്തും അനാഥരും ഭിന്നിച്ചവരുവുമായിട്ടാണ് ഫലസ്തീനികൾ ഇപ്പോൾ.
അറബ് രാജ്യങ്ങൾ ആഭ്യന്തര കലഹങ്ങളും മറ്റുമായി ഇതിനകം തന്നെ സ്വയം മുഴുകിയിരിക്കുന്നതിനാൽ ഫലസ്തീൻ വിഷയങ്ങളിൽ കാര്യമായി ഇടപെടുന്നില്ല.
യുഎസിലെ കറുത്ത സമൂഹം സമാന്തര പ്രക്രിയകൾക്ക് വിധേയമായിട്ടുണ്ട്. മാർട്ടിൻ ലൂതർ കിംഗ്, മാൽക്കം എക്സ്, ബ്ലാക്ക് പാന്തർ പ്രസ്ഥാനം എന്നിവയെ നിരന്തരം യുഎസ് രഹസ്യ സുരക്ഷാ സംവിധാനങ്ങൾ വേട്ടയാടി. പൗരാവകാശ പോരാട്ടത്തിൽ വ്യത്യസ്തമായ സമീപനങ്ങളുണ്ടായിട്ടും അവരെ ജയിലിലടയ്ക്കുകയോ കൊലചെയ്യപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്യപ്പെട്ടു.
ഇന്ന് ആളുകളെ പ്രചോദിപ്പിക്കാനും ആവേശകരമായി പ്രസംഗങ്ങൾ നടത്താനും വിശാലമായ പൊതുജനങ്ങളെ അണിനിരത്താനും കഴിയുന്ന നേതൃത്വം ഇല്ല. ഊർജ്ജസ്വലമായ ദേശീയ നേതൃത്വം ഇല്ലാത്തത് കൊണ്ട് സംഘടിത കറുത്ത സമൂഹം ചില സമയങ്ങളിൽ സഭകളുടെ സുരക്ഷിതത്വത്തിലേക്ക് കൂടുതൽ പിൻവാങ്ങിയതായി കാണപ്പെട്ടു. ഒരു തരത്തിൽ ഏറ്റുമുട്ടലിന്റെ രാഷ്ട്രീയത്തിൽ നിന്ന് ആശ്വാസത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള മാറ്റം.
നിലവിലെ യുഎസ് പ്രതിഷേധം ഉയർത്തുന്ന ചോദ്യം, ഈ നേതൃത്വമില്ലാത്ത നയങ്ങളില്ലാത്ത ജനകീയ രാഷ്ട്രീയം പര്യാപ്തമാണോ എന്നതാണ്. പ്രതിഷേധക്കാർ ഉയർത്തുന്ന ആവശ്യങ്ങൾക്ക് കൃത്യമായ രൂപം നൽകേണ്ടതുണ്ട്. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോവുകയും സമരത്തിന്റെ ഉദ്ദേശങ്ങൾ മറന്നുപോവുകയും ചെയ്യും.
സ്ഥിരമായ സാമ്പത്തിക പ്രതിസന്ധിയും കൊവിഡിന്റെ ഭീഷണി മുതൽ വരാനിരിക്കുന്ന കാലാവസ്ഥാ ദുരന്തം വരെയുള്ള വെല്ലുവിളികൾ ജനങ്ങളെ വലിയ രീതിയിൽ ബാധിക്കുന്ന സഹചര്യത്തിലാണ് ഇന്ന് ലോകമുള്ളത്. സ്വയം പരിവർത്തനത്തിന് തയ്യാറായി ഒരു പുതിയ യുഗത്തിന്റെ പിറവിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഒരോരുത്തരും.
എന്നാൽ ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾ ഇപ്പോഴും ഒരു വാഗ്ദാനം ചെയ്യപ്പെട്ട മികച്ച ലോകത്തിനായി കാത്തിരിക്കുകയാണ്. ഫലസ്തീനിലും മറ്റിടങ്ങളിലും ക്രൂരതയും ദുരിതവും ചൂഷണങ്ങളും അനുഭവിക്കുന്നവർക്ക് ഇപ്പോഴും ഒരു പ്രതീക്ഷയുള്ള നേതൃത്വത്തെ ആവശ്യമാണ്. അവർ മിനിയാപൊളിസിലേക്കും അവിടെ ആരംഭിച്ച പോരാട്ടത്തിലേക്കും പ്രതീക്ഷയോടെ നോക്കിയിരിക്കുകയാണ്.
അവരെ നിരാശപ്പെടുത്തരുത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS