
കരുതി ചെലവാക്കേണ്ട കാലം
കൊവിഡ്-19 ന്റെ തിരിച്ചടികള്‍ വരികെ വളരെ താമസിച്ചായിരിക്കും. അതിനെക്കുറിച്ച് ഇപ്പോഴെ ഏതൊരാളും ചിന്തിക്കണം, വേണ്ട കരുതലുകള്‍ സ്വീകരിക്കണം. അതിന് അത്യാവശ്യം വേണ്ട കാര്യങ്ങളാണ് ധന്ഗുരു ഓർമിപ്പിക്കുന്നത്. വിപണിയിലെ പ്രതിസന്ധി നമ്മുടെ കുടുംബ ബജറ്റിനെ ബാധിക്കും, ഇതില്‍ വലിപ്പ ചെറുപ്പം ഉണ്ടാവില്ല. ഇപ്പോള്‍ കൈയിലുള്ള പണം സമര്‍ത്ഥമായി കൈകാര്യം ചെയ്തില്ലെങ്കില്‍ വരാനിരിക്കുന്നത് സാമ്പത്തിക ബാധ്യതയുടെ നാളുകളായിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ എമര്‍ജന്‍സി ഫണ്ട് വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പുറത്തു പോകുന്ന ചെലവുകള്‍, വിവാഹവും പാര്‍ട്ടികളും ഉല്ലാസയാത്രകളും പോലെ മാറ്റി വെയ്ക്കാവുന്ന അധിക ചെലവുകള്‍ എല്ലാം കുറഞ്ഞ സാഹചര്യത്തില്‍, നിങ്ങളുടെ എമര്‍ജന്‍സി ഫണ്ടിലേക്ക് ഈ പണം ഉടന്‍ നീക്കണം. ഈ ഫണ്ട് നിങ്ങളുടെ മൂന്ന് മാസത്തേക്കുള്ള ചെലവുകളുടെ അത്രയെങ്കിലും ഉണ്ടാവണം. കൊവിഡ് മൂലം സമീപഭാവിയില്‍ എന്തെങ്കിലും വരുമാന നഷ്ടമുണ്ടായാല്‍ നിങ്ങളുടെ എമര്‍ജന്‍സി ഫണ്ട് നിങ്ങളെ സഹായിക്കും.
അവശ്യസാധനങ്ങളുടെ വില ഉയരാനും കുട്ടികള്‍ വീട്ടിലിരിക്കുന്നതിനാല്‍ അധികം പണം വേണ്ടി വരാനും സാധ്യത മുന്നില്‍ കാണണം. എമര്‍ജന്‍സി ഫണ്ട് ഇത്തരം തലവേദനകളില്‍ നിന്ന് രക്ഷിക്കും.ബാങ്കിങ്ങ് രംഗത്തെ ആനുകൂല്യങ്ങള്‍ ഒന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ സാമ്പത്തിക ബാധ്യതയ്ക്ക് ഇതൊന്നും ഇളവ് നേടിത്തരില്ല. ഭവനവായ്പയോ വ്യക്തിഗത വായ്പയോ കാര്‍ വായ്പയോ ഒക്കെ എടുത്തവരാകും പലരും. അതിന്റെ ഇഎംഐ എത്രയും പെട്ടെന്ന് ഒരു ഓണ്‍ലൈന്‍ മോഡിലേക്ക് മാറ്റാന്‍ ശ്രമിക്കുക. കൊറോണ പശ്ചാത്തലത്തില്‍ നിങ്ങളുടെ ബാങ്ക് അവരുടെ ശാഖ അടയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇഎംഐകള്‍ അടയ്ക്കാന്‍ കഴിഞ്ഞെന്നുവരില്ല. മാത്രമല്ല ബാങ്കിടപാടുകള്‍ വരും മാസങ്ങളിലും ഡിജിറ്റലായി തന്നെ നടത്താനാകും ബാങ്കും താല്പര്യം പ്രകടിപ്പിക്കുക. കാലതാമസം ഒഴിവാക്കാന്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നോ ഇഎംഐകള്‍ ഓട്ടൊമാറ്റിക്ക് ആയി ഡെബിറ്റ് ചെയ്യാന്‍ സജ്ജീകരിക്കുന്നതാണ് ഏറ്റവും നല്ല ഓപ്ഷന്.
നിലവിലെ പ്രതിസന്ധിയില്‍ മാര്‍ക്കറ്റുകള്‍ അസ്ഥിരമായ അവസ്ഥയിലാണുള്ളത്. ഇത് നിക്ഷേപകര്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നുണ്ടെങ്കിലും പെട്ടെന്നുള്ള നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നത് നല്ലതല്ല. ഇപ്പോഴത്തെ വിപണി ചാഞ്ചാട്ടം കണക്കിലെടുത്ത് നിങ്ങളുടെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ പിന്‍വലിക്കരുത്. അത് വലിയ നഷ്ടങ്ങളുണ്ടാക്കും. നിലവിലെ നിങ്ങളുടെ എസ്ഐപികളുടെ കാലാവധി പൂര്‍ത്തിയാവുന്നതുവരെ കാത്തിരിക്കുക. കാര്യങ്ങള്‍ മാറി മറിയും.ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കുകയും നേരിട്ടുള്ള പണമിടപാടുകള്‍ കുറയുകയും ചെയ്തതിനാല്‍ ഏതൊക്കെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തിയെന്നത് മറന്നു പോകാനിടയുണ്ട്. അതിനാല്‍ തന്നെ ഡിജിറ്റല്‍ ഇടപാടുകള്‍ ആര്‍ക്ക്, എന്തിന്, എത്ര എന്ന് എഴുതി സൂക്ഷിക്കണം. പിന്നീട് സ്റ്റേറ്റ്മെന്റ് പരിശോധിക്കാനും ശ്രദ്ധിക്കണം. ഡിജിറ്റല്‍ ഇടപാടുകള്‍ അധികമായി ചെയ്യുമ്പോള്‍ പാസ്വേഡുകളും രഹസ്യ കോഡുകളും ചോര്‍ന്നു പോകാനിടയുണ്ട്. അതിനാല്‍ അവ ഒഴിവാക്കാനായി ഇടപാടുകള്‍ സസൂക്ഷ്മം ചെയ്യാന്‍ ബാങ്കിന്റെ ഡിജിറ്റല്‍ ഇടപാട് വിഭാഗവുമായി ആശയവിനിമയം നടത്തണം. ബാങ്കിന്റെ നേരിട്ടുള്ള ആപ്പുകള്‍, വെബ്സൈറ്റുകള്‍ മാത്രം കൂടുതലായും ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കുക.