
“പ്രിയപ്പെട്ട പിതാവേ, ഞാൻ എന്നെന്നേക്കുമായി നിങ്ങളെ വിട്ടുപിരിയുന്നു. ഇതാ മണി 12 അടിക്കാൻ പോകുന്നു. എന്റെ മരണദിനത്തിന്റെ ആരംഭ നിമിഷങ്ങൾ കാണിക്കുന്നു. അതേ, റമസാൻ മാസത്തിലെ ഏഴാം ദിവസമായ വെള്ളിയാഴ്ച അഞ്ചു മണിക്കും ആറു മണിക്കും മധ്യേ ഞാൻ മരിക്കുന്നു. നമ്മൾ നിസ്സഹായരാണെന്നും അല്ലാഹുവിന്റെ ഏക സഹായം മാത്രമേ നമുക്കൊള്ളൂ എന്നും ഓർമ്മിക്കുക.
ഞാൻ എത്രത്തോളം ധൈര്യത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും മരിച്ചുവെന്ന് നിങ്ങൾ അറിയാൻ ഇടയാകുമ്പോൾ തീർച്ചയായും അഭിമാനിക്കുക തന്നെ ചെയ്യും. എന്റെ ആത്മത്യാഗം, എഴുതിയ ഉടനെ മായ്ച്ചുകളഞ്ഞ വാക്കു പോലെയാണ്. എത്രയെത്ര ധീരാത്മാക്കൾ അസ്തമിച്ചു കഴിഞ്ഞു. അവരോടു താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങൾ പൂർണ ചാന്ദ്രപ്രകാശത്തിലെ മെഴുകുതിരികൾ മാത്രം”
സുഭാഷ് ചന്ദ്രബോസും ഐ.എൻ.എയും
ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് നയിച്ച പാതയിൽ അണിചേർന്ന് ധീരരക്തസാക്ഷിയായ വക്കം അബ്ദുൽ ഖാദർ തന്റെ പിതാവിനെഴുതിയ അവസാന കത്തിലെ പ്രസക്തഭാഗങ്ങളാണ്. സുഭാഷ് ചന്ദ്രബോസ് നയിച്ച ഐ.എൻ.എ എന്ന ഇന്ത്യൻ നാഷനൽ ആർമിയിൽ ചേർന്ന് ചാവേർപ്പോരാളിയായി മാറുകയായിരുന്നു അബ്ദുൽ ഖാദർ.
ജോലിക്കായി മലായയിൽ പോയ അബുൽ ഖാദർ രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഐ.എൻ.എ യിൽ എത്തിച്ചേരുന്നത്. ചെറുപ്പക്കാരെ ഗറില്ലാ യുദ്ധമുറകളും ചാരപ്രവർത്തനവും പഠിപ്പിക്കുന്ന പെനാങ്ങിലെ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് വക്കത്തിനും സംഘത്തിനും ചാവേറുകളാകാൻ വഴിയൊരുക്കി.
ബ്രിട്ടിഷ് സൈന്യത്തിന്റെ ഇന്ത്യയിലെ നീക്കങ്ങളറിയാൻ 20 അംഗ ചാവേർ സംഘത്തെ പെനാങ്ങിൽ നിന്നും ഇന്ത്യയിലേക്കയക്കാൻ തീരുമാനമായി. കൈത്തോക്കും പണവും നൽകി അയച്ച സംഘത്തിൽ വക്കം ഉൾപ്പെടെ 13 മലയാളികൾ. ജപ്പാന്റെ അന്തർവാഹിനിയിലും പിന്നീട് ചെറുവഞ്ചിയിലുമായി (ഡിഞ്ചി) നീണ്ട ഒൻപതു ദിവസത്തെ യാത്രയുടെ അവസാനം മലബാറിലെ താനൂരിലെത്തി.
1942 സെപ്‌റ്റംബർ 27ന് എത്തിയ വക്കം ഉൾപ്പെട്ട സംഘത്തെ ജാപ്പനീസ് ചാരന്മാരെന്നു തെറ്റിദ്ധരിച്ച് നാട്ടുകാർ പിടികൂടി മലബാർ സ്പെഷൽ പൊലീസിനു കൈമാറുകയായിരുന്നു. ബ്രിട്ടീഷ് പോലീസിന്റെ ചോദ്യം ചെയ്യലിൽ നിഷേധാത്മക സമീപനം സ്വീകരിച്ച അബ്ദുൽ ഖാദർ ഒന്നാം പ്രതിയായി. അയർലൻഡ് കാരനായ രഹസ്യകോടതി ജഡ്ജ് ഇ.എ മാക്, ‘എനിമീ ഏജന്റ്സ് ഓർഡിനൻസ്’ നിയമമനുസരിച്ച് പിടിക്കപ്പെട്ടവർക്ക് വധശിക്ഷ വിധിച്ചു.
മരണത്തിനു തൊട്ടുമുൻപ് രണ്ട് കത്തുകളാണ് അബ്ദുൽ ഖാദർ എഴുതിയത്. ഒന്നാമത്തേത് പിതാവിനും രണ്ടാമത്തേത് വിചാരണയിൽ വധശിക്ഷയിൽ നിന്നൊഴിവാക്കപ്പെട്ട സഹപ്രവർത്തകൻ ബോണിഫസ് പെരേരക്കും. രാജ്യത്തെ വിമോചിപ്പിക്കാനുള്ള സ്വാതന്ത്ര്യ പോരാട്ടവഴിയിലെ തങ്ങളുടെ ജീവത്യാഗത്തെക്കുറിച്ചു ഓർമ്മപ്പെടുത്തുന്ന വക്കം, ലക്ഷ്യം നേടും വരെ പോരാടാൻ ആശംസിച്ച് പെരേരക്കുള്ള കത്ത് അവസാനിപ്പിക്കുന്നു.
തന്റെ സഹപ്രവർത്തകൻ അനന്തൻ നായരെയും തന്നെയും ഒരു കഴുമരത്തിൽ തൂക്കണമെന്ന അബ്ദുൽ ഖാദറിന്റെ അഭ്യർത്ഥന അധികാരികൾ അനുവദിച്ചു. ഇന്നേ ദിവസം 77 വർഷങ്ങൾക്ക് മുൻപ്, 1943 സെപ്‌റ്റംബർ 10ന് പുലർച്ചെ മദ്രാസ് സെൻട്രൽ ജയിലിൽ അബ്ദുൽ ഖാദറും അനന്തൻ നായരുമുൾപ്പെടെ നാലു പേരെ തൂക്കിലേറ്റി. ഇരുപത്താറ് വയസ്സുമാത്രം പ്രായമുള്ള വക്കം അബ്ദുൽഖാദർ അന്നത്തോടെ അമരനായി.
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും ഐ.എൻ.എയും
സുഭാഷ് ചന്ദ്ര ബോസ് രൂപീകരിച്ച ഫോർവേഡ് ബ്ലോക്കിന്റെ നേതൃമുഖമായിരുന്നു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. കോൺഗ്രസ്സിന്റെ മെമ്പർഷിപ്പ് ഉള്ളവർക്കാണ് ഫോർവേഡ് ബ്ലോക്കിൽ ചേരാനാവുകയെന്ന നേതാജി സുഭാഷ് പ്രഖ്യാപിച്ചിരുന്നു. നീണ്ട അഞ്ചു വർഷം അബ്ദുറഹ്മാൻ സാഹിബ് ജയിൽവാസമനുഭവിച്ചതും സുഭാഷുമായും ഫോർവേഡ് ബ്ലോക്കുമായുമുള്ള ഈ ബന്ധം കൊണ്ടാണ്.
1940 ജൂലൈ രണ്ടിന് സുഭാഷ് ചന്ദ്ര ബോസിനെ കൽക്കട്ടയിൽ വെച്ച് അറസ്റ്റ് ചെയ്തു. ജൂലൈ മൂന്നിന് കോഴിക്കോട് അൽ അമീൻ ലോഡ്ജിൽ വെച്ച് രാജ്യരക്ഷാ നിയമം 26 ആം വകുപ്പ് പ്രകാരം അബ്ദുറഹ്മാൻ സാഹിബിനെയും അറസ്റ്റു ചെയ്തു. 40 മുതൽ 45 വരെ നീണ്ട അഞ്ചു വർഷങ്ങളാണ് അബ്ദുറഹ്മാൻ സാഹിബിന് ജയിലിൽ കിടക്കേണ്ടി വന്നത്.
മലബാറിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലഘട്ടത്തിലെ, അബ്ദുറഹ്മാൻ സാഹിബിന്റെ വിധിനിർണ്ണായകമായ അസാന്നിധ്യം ! ജയിലിൽ വെച്ച് അബ്ദുറഹ്മാൻ സാഹിബ് നമസ്ക്കാരത്തിന് ഇമാം നിൽക്കാനായി വരുന്ന വ്യക്തി വഴി പുറത്തേക്ക് രഹസ്യ വിവരങ്ങൾ കൊടുത്തിരുന്നു.
മലബാറിന്റെ തീരത്ത് ഐ.എൻ.എ പടയാളികൾ എത്തിച്ചേരുമെന്നും വേണ്ട സഹായങ്ങൾ ചെയ്യണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ പിറന്ന നാടിനു വേണ്ടി രക്തസാക്ഷിത്വം വരിക്കാനായിരുന്നു അബ്ദുൽ ഖാദറിന്റെയും കൂട്ടാളികളുടെയും നിയോഗം .
സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് ഇഷ്ടക്കേടുള്ളവരെ വെട്ടിമാറ്റാൻ ഇപ്പോൾ അധികാരികൾക്ക് കഴിഞ്ഞേക്കും. പക്ഷെ ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്ന് ഈ പൂർണചന്ദ്രന്മാരെ മറച്ചുപിടിക്കാൻ ഒരധികാരിക്കുമാവില്ല.