ഭിന്നശേഷി കുട്ടികൾ; വിദ്യാഭ്യാസ-തൊഴിൽ പുനരധിവാസ പദ്ധതികളാണ് വേണ്ടത്
ഒരിക്കൽ 14 വയസുള്ള ആൺകുട്ടിയുമായി അച്ചാമ്മ വന്നു. കുട്ടി സ്വന്തം ദിനചര്യകൾ നന്നായി പാലിക്കുന്നില്ല. കാര്യ ഗൗരവം ഇല്ല. പ്രായത്തിന് അനുസരിച്ചുള്ള പ്രാപ്തിയില്ല.
പഠിക്കില്ല, കുട്ടികൾ അവനെ ക്ലാസിൽ ഒപ്പം കൂട്ടുന്നില്ല അടുത്തിടെയായി എന്നോട് തർക്കിക്കുകയും ദേഷ്യം വരുമ്പോൾ സാധനങ്ങൾ നശിപ്പിക്കുകയും എന്നെ അടിക്കുകയും ചെയ്യുന്നു, എന്നിങ്ങനെയായിരുന്നു അച്ചാമ്മയുടെ പരാതികൾ.
കുട്ടിയുടെ വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തിക മാനസിക സാഹചര്യം കൂടുതൽ മനസിലാക്കുന്നതിന് അച്ചാമ്മയുമായി കുടുതൽ വിശദമായ വിലയിരുത്തൽ നടത്തി. കുട്ടിയുടെ അമ്മയും അച്ഛനും എവിടെയെന്ന് ചോദിച്ചപ്പോഴാണ് കുടുംബത്തിൻ്റെ നിസ്സഹായ സാഹചര്യം കൂടുതൽ വെളിവായത്.
അച്ഛന് സ്ഥായിയായ മാനസികരോഗമാണ്. വളരെ വർഷങ്ങളായി മരുന്നു കഴിക്കുന്നു. ഇപ്പോൾ കുറച്ചു വർഷങ്ങളായി തിരുവനന്തപുരം ഊളമ്പാറയിലെ മാനസികാരോഗ്യ ആശുപത്രിയിൽ സ്ഥിരമായി അഡ്മിറ്റ് ചെയ്തിരിക്കയാണ്.
കുട്ടിയുടെ അമ്മ പത്താം ക്ലാസുവരെയെ പഠിച്ചിട്ടുള്ളൂ. അമ്മ വർഷങ്ങൾക്ക് മുൻപ് അമ്മയുടെ കസിനുമായി ഓടിപ്പോയി. ഇപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. അവർക്ക് ഉണ്ടായിരുന്ന ഒരേ ഒരു കുട്ടിയാണ് നമ്മുടെ കഥാനായകൻ. ഇപ്പോൾ അച്ചാമ്മയാണ് കുട്ടിയുടെ ഏക ആശ്രയം. അച്ചാമ്മയുടെ ഭർത്താവ് മരിച്ചു പോയിട്ട് വർഷങ്ങളായി.
ചുരുക്കത്തിൽ അച്ചാമ്മക്ക് കൊച്ചുമോനും കൊച്ചുമോന് അച്ചാമ്മയും മാത്രം സ്വന്തം. കുരുഡൻ പൊണ്ടാട്ടിക്ക് ദൈവം തുണ എന്ന് പറഞ്ഞതുപോലെയാണ് കുട്ടിയുടെ അവസ്ഥ. ഒരു പുറമ്പോക്കിൽ താമസിക്കുന്നു. അച്ചാമ്മയുടെ ഏക വരുമാനം അവർക്ക് കിട്ടുന്ന വിധവാ പെൻഷനാണ്. ഇടക്കിടെ റേഷനും സൗജന്യമായി ലഭിക്കും. അങ്ങിനെ ജീവിക്കുന്നു.
ഇത്രയും കഷ്ടപ്പാടിലാണെങ്കിലും അച്ചാമ്മക്ക് നല്ല ആത്മവിശ്വാസമാണ്. ഞാൻ ഒരിക്കൽ വണ്ടിക്കൂലിക്കും ഭക്ഷണത്തിനും പൈസ ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഒരു സങ്കോചവും കൂടാതെ “ഉണ്ട്” എന്ന് അവർ പറഞ്ഞു. അതവിടെ നിൽക്കട്ടെ.
ബിഹേവിയറൽ പീഡിയാട്രിക്സിൽ കുട്ടിയെ കൂടുതൽ വിശകലനത്തിന് വിധേയമാക്കി. സംഭാഷണത്തിൽ കുട്ടി സാമാന്യമായി കാര്യങ്ങൾ പറയുന്നുണ്ട്. കുട്ടിയുടെ അച്ഛന് മാനസികരോഗമാണെന്നും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കയാണെന്നും അമ്മ മറ്റോരാളോടൊപ്പം പോയി എന്നും ഒക്കെ കുട്ടി പറഞ്ഞു. കൂട്ടുകാർ കളിക്കാൻ ഒപ്പം കൂട്ടുന്നില്ലയെന്ന് കുട്ടി എന്നോട് പരാതി പറഞ്ഞു.
കുട്ടിയുടെ വികാസ നിലവാരവും സ്വന്തം ദിനചര്യകൾ പരസഹായം കൂടാതെ പാലിക്കുന്നതിനുള്ള ശേഷിയും പഠനശേഷിയും ബുദ്ധി നിലവാരവും ഒക്കെ വിലയിരുത്തി. കുട്ടിയുടെ കുട്ടിക്കാലത്തെ വികാസ ശേഷിയുടെ പുരോഗതി അച്ചാമ്മക്ക് അറിയില്ല. ചെറിയ കുട്ടിക്കാലത്ത് അമ്മയായിരുന്നു അവനെ നോക്കിയത്. സ്വയം ദിനചര്യകൾ പാലിക്കുന്നതിനുള്ള ശേഷി പൂർണമായി ആർജിച്ചിട്ടില്ല. കുട്ടിക്ക് പഠനശേഷി കുറവാണ്. കുറച്ച് അക്ഷരങ്ങൾ അറിയാം. എന്നാൽ അക്ഷരങ്ങൾ ചേർത്ത് വാക്കുകൾ വായിക്കുന്നതിനോ വാചകങ്ങൾ വായിക്കുന്നതിനോ അറിയില്ല. കുറച്ച് അക്ഷരങ്ങൾ എഴുതുമെന്നല്ലാതെ കാര്യമായ എഴുത്തുശേഷിയും കുറവാണ്. കുട്ടിയുടെ ബുദ്ധിശേഷി വിലയിരുത്തി. കുട്ടിയുടെ ബുദ്ധിശേഷി 48 ആണ്. മിതമായ (moderate) ബുദ്ധി വൈകല്യം ഉള്ള കുട്ടി.
പ്രായത്തിനനുസൃതമായ നിലയിൽ ബുദ്ധി-വികാസ ശേഷികൾ ആർജിച്ചു വരാത്ത അവസ്ഥയെ ആണ് ബുദ്ധി വൈകല്യം എന്ന് വിശേഷിപ്പിക്കുന്നത്. അവർക്ക് സംസാരശേഷിയും കുറവായിരിക്കും. അവരുടെ ബുദ്ധിശേഷി 70 ന് ഉള്ളിൽ തന്നെ വ്യത്യസ്ഥ നിലവാരത്തിൽ ആയിരിക്കും. അവർക്ക് ആശയങ്ങൾ മനസിലാക്കുന്നതിനും അത് പറഞ്ഞ് ഫലിപ്പിക്കുന്നതിനുമുള്ള ശേഷി കുറവായിരിക്കും.
പൊതുവിൽ വിദ്യാഭ്യാസ മണ്ഡലത്തിൽ ബുദ്ധി വൈകല്യത്തിൻ്റെ തീവ്രത അനുസരിച്ച് അവരെ എജ്യൂക്കബിൾ, ട്രെയിനബിൾ, കസ്റ്റോഡിയൽ കെയർ എന്നിങ്ങനെ അവരെ മൂന്നായി തരം തിരിക്കാം. പൊതുവിൽ ബുദ്ധി വൈകല്യം IQ 50 ൽ താഴെ ഉള്ളവരെ കുടുംബ- സ്കൂൾ അന്തരീക്ഷത്തിൽ തന്നെ തിരിച്ചറിയും. അവർക്ക് ദിനചര്യകൾ നിവർത്തിക്കാനുള്ള ശേഷി കുറവായിരിക്കും.
ഇവിടെ കുട്ടിക്ക് മിതമായ ബുദ്ധിമാന്ദ്യമുണ്ട്. എന്നാൽ കുട്ടിയുടെ ബുദ്ധിമാന്ദ്യം മാതാപിതാക്കളോ സ്കൂളിൽ ടീച്ചറൊ കണ്ടെത്തിയില്ല. കുട്ടിയുടെ ദയനീയമായ കുടുംബ സാഹചര്യത്തിൽ ഇത് മാതാപിതാക്കൾ തിരിച്ചറിഞ്ഞില്ലെന്നത് മനസിലാക്കാം. എന്നാൽ കുട്ടി സ്കൂളിൽ 9 വർഷം പഠിച്ചിട്ട് ടീച്ചർമാർ ആരും അത് തിരിച്ചറിഞ്ഞില്ലെന്നത് വളരെ പരിതാപകരം.
സ്കൂളിൽ SSK അടക്കം എന്തെല്ലാം സംവിധാനങ്ങളുണ്ട്. എന്നിട്ടും ആരും അത് കണ്ടെത്തുകയോ കുട്ടിയെ കൂടുതൽ വ്യക്തിഗത വിശകലനത്തിനും വിലയിരുത്തലിനുമായി വിദഗ്ദ്ധരുടെ അടുത്തേക്ക് റെഫർ ചെയ്യുകയോ ചെയ്തില്ല. ഇപ്പോൾ അമ്മൂമ്മയുടെ മുൻകയ്യിലാണ് കുട്ടിയെ ബിഹേവിയറൽ പീഡിയാട്രിക്സിൽ കൊണ്ടുവന്നത്. ഇയിടെ ആയി കുട്ടി അച്ചാമ്മയോട് തർക്കിക്കുകയും പിടിവാശി കാണിക്കുകയും ചിലപ്പോൾ അച്ചാമ്മയെ ഉപദ്രവിക്കുകയും ചെയ്യാൻ തുടങ്ങിയതുകൊണ്ടാണ് അവർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. അച്ഛൻ്റെ അസുഖം കൊച്ചുമോനും വരുമോയെന്ന ഭയമാണ് അച്ചാമ്മയെ ഇതിന് പ്രേരിപ്പിച്ചത്.
ഇവിടെ സാങ്കേതികമായി പറഞ്ഞാൽ കുട്ടി പരിശീലിപ്പിക്കാവുന്ന (Trainable) കാറ്റഗറിയിലാണ്. കുട്ടിയുടെ നിലവിലെ ബുദ്ധിശേഷിയുടെ അവസ്ഥയിൽ പഠിച്ച് അക്കാദമിക പഠനത്തിൻ്റെ ഗതിയിൽ മുന്നേറുന്നതിനുള്ള ശേഷി കുട്ടിക്കില്ല. എന്നാൽ വ്യക്തിഗത പിൻതുണ നൽകിയാൽ കുട്ടിക്ക് വായന, എഴുത്ത് എന്നിങ്ങനെ പ്രാഥമിക പഠനശേഷി ചെറിയ രീതിയിലെങ്കിലും ആർജിക്കാൻ കഴിഞ്ഞേക്കാം.
കുട്ടിക്ക് ബുദ്ധിശേഷി കുറവായതിനാൽ മറ്റ് കുട്ടികൾ പ്രതീക്ഷിക്കുന്ന രീതിയിൽ കൂടെ കളിക്കുന്നതിന് അവന് കഴിയില്ല. അതിനാലാണ് മറ്റ് സഹപാഠികൾ കുട്ടിയെ കളിക്കാൻ കൂടെ കൂട്ടാത്തത് എന്ന് മനസിലാക്കുക. കൗമാര പ്രായത്തിലെത്തിയതിൻ്റെ സ്വഭാവമാറ്റമാണ് കുട്ടി അച്ചാമ്മയുടെ നേരെ പ്രകടിപ്പിക്കുന്നത്. അതിൻ്റെ ഭാഗമാണ് കുട്ടിയിൽ ഇപ്പോൾ പ്രകടമായ ദേഷ്യവും അക്രമവും.
ബിഹേവിയറൽ പീഡിയാട്രിക്സിൽ കുട്ടിക്ക് വ്യക്തിഗത പഠന പരിശീലനം, ഡവലപ്മെൻ്റൽ തെറാപ്പി, ദിനചര്യ പരിശീലനം, ബിഹേവിയറൽ തെറാപ്പി എന്നിവ നൽകി. കുട്ടിക്ക് വീട്ടിൽ ദൈനം ദിനമായ കഥ വായന-വിമർശനാത്മക വിശകലനം നിർദ്ദേശിച്ചുവെങ്കിലും അത് ദൈനം ദിനം നടപ്പിലാക്കുന്നതിന് വീട്ടിലെ സാഹചര്യത്തിൽ കഴിയില്ല.
കാരണം കുട്ടിയുടെ ഏക ആശ്രയമായ അച്ചാമ്മക്ക് വായിക്കാനറിയില്ല. സ്കൂളിൽ ഇതൊക്കെ നടന്നിരുന്നുവെങ്കിൽ എത്രമാത്രം മഹത്തരമായേനെ നമ്മുടെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം. വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതി ഒട്ടും കുറച്ചു കാണിച്ചു കൊണ്ടല്ല ഈ വിവരണമെന്ന് ഓർക്കുക.
എന്നാൽ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തിലും ഇൻക്ലൂസീവ് വിദ്യാഭ്യാസത്തിലും നമ്മൾക്ക് ഇനിയും ഏറെ മുന്നോട്ട് പോകുവാനുണ്ട്. ഇത് സ്വയം വിമർശനപരമായി നമ്മൾ അംഗീകരിക്കുകയും അതിനനുസരിച്ച് ആസൂത്രണം നടത്തി നടപ്പിലാക്കുകയും വേണം.
ബുദ്ധിശേഷി വിലയിരുത്തി കുട്ടിയെ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡിലേക്ക് അയച്ചു. കുട്ടിക്ക് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് കിട്ടി. അതിൻ്റെ അടിസ്ഥാനത്തിൽ കുട്ടിക്ക് പഞ്ചായത്തിൽ നിന്ന് വികലാംഗ പെൻഷൻ ലഭിക്കാൻ തുടങ്ങി. അങ്ങിനെ അവരുടെ മാസവരുമാനം 3200 രൂപ ആയി ഉയർന്നു. നല്ല കാര്യം.
പത്താം ക്ലാസിൽ സ്ക്രൈബിനെ ലഭിച്ചു. അങ്ങിനെ പത്താം ക്ലാസ് ജയിച്ചു. ഇപ്പോൾ വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്ലസ് വണ്ണിന് പഠിക്കുന്നു. തെറാപ്പിക്ക് ഏകദേശം കൃത്യമായി രണ്ടു പേരും കൂടി വരും. ഇനി പ്ലസ്ടുവിനും സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ സ്ക്രൈബിനെ ലഭിക്കും. അങ്ങിനെ പ്ലസ് ടുവും പാസാവും.
എന്നാൽ ഈ സർട്ടിഫിക്കറ്റ് കൊണ്ട് കുട്ടിക്ക് എന്തു പ്രയോജനം? ചിന്തിക്കുക.
ട്രെയിനബിൾ കാറ്റഗറിയിലായതിനാൽ കുട്ടിക്ക് തൊഴിൽപരമായ പുനരധിവാസം നൽകിയാൽ കുട്ടി നിലവിലെ സ്ഥിതിയിൽ നിന്ന് മെച്ചപ്പെടും. കുട്ടിയിൽ ഭിന്നശേഷി നിലവാരത്തിൽ എന്തെങ്കിലും പ്രത്യേക ശേഷികൾ കണ്ടെത്താൻ കാര്യമായി കഴിഞ്ഞില്ല.
കഴിഞ്ഞ ആറുമാസത്തിന് മുൻപുള്ള ആശുപത്രി സന്ദർശനത്തിൽ ഇതിനെക്കുറിച്ച് അച്ചാമ്മയും കുട്ടിയുമായി ചർച്ച ചെയ്തുകൊണ്ടിരിക്കെ കുട്ടി തൻ്റെ പരിമിതമായ സംസാരശേഷി കൊണ്ട് ഒരു ആഗ്രഹം അറിയിച്ചു. എനിക്ക് ഏതെങ്കിലും വർക് ഷോപ്പിലൊ കടയിലൊ നിൽക്കാൻ ഇഷ്ടമാണ്. എൻ്റെ ചില കൂട്ടുകാർ അങ്ങിനെ പോകുന്നുണ്ട്. എനിക്കും അങ്ങനെ പോകണമെന്നുണ്ട്. പക്ഷെ അച്ചാമ്മ സമ്മതിക്കുന്നില്ല.
ഇവിടെ കുട്ടി വലിയ ഒരു നിർദ്ദേശമാണ് വെച്ചതെന്ന് ഓർക്കുക. സ്കൂളിൽ പോയിക്കൊണ്ടിരിക്കെ അവധി ദിവസങ്ങളിൽ എവിടെയെങ്കിലും പോകാമെന്നാണ് കുട്ടി ഉദ്ദേശിച്ചത്. അച്ചാമ്മക്ക് കുട്ടിയുടെ ഈ താൽപ്പര്യത്തെ ഗൗരവമായി എടുക്കാൻ കഴിഞ്ഞില്ല. അവന് അതിന് കഴിയുമോയെന്ന് അച്ചാമ്മക്ക് വിശ്വാസമില്ല. അതാണ് കാരണം.
ഈ ചർച്ചക്കൊടുവിൽ കുട്ടി നിർദ്ദേശിച്ച മാതിരി ഏതെങ്കിലും വർക്ക് ഷോപ്പിലോ സമാനമായ കടകളോ കണ്ടെത്താൻ ഞാൻ അച്ചാമ്മയോട് നിർദ്ദേശിച്ചു. വലിയ ഒരു ജോലിയോ ശമ്പളമോ ഒന്നും ആവശ്യപ്പെടേണ്ട. വർക്ക് ഷോപ്പിലൊ സമാനമായ ഒരു കടയിലോ സഹായിയായി നിൽക്കാൻ അവസരം നോക്കിയാൽ മതി. ചായ വാങ്ങി വരിക, സാധനങ്ങൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റിവെക്കുക, വണ്ടി തുടക്കുക എന്നിങ്ങനെ. കൂടുതൽ ശീലമാകുമ്പോൾ അടുത്ത ഘട്ടത്തിലുള്ള ജോലി നൽകുക. അങ്ങനെ തുടരുക.
പക്ഷെ മുൻ പരിചയവും സുരക്ഷിതത്വവും ഉള്ള ഒരിടമായിരിക്കണം. അവർ കുട്ടിയ്ക്ക് സംരക്ഷണം നൽകണം. കുട്ടിയോട് നിർദ്ദയമായി പെരുമാറുകയോ ഉപദ്രവിക്കുകയോ ചെയ്യാൻ പാടില്ല. ഇത് ഉറപ്പ് വരുത്തണം. ഇത് കേട്ടിരുന്ന കുട്ടിക്ക് വളരെ സന്തോഷമായി. അച്ചാമ്മ ഒടുവിൽ ഇത്തരത്തിൽ ശ്രമിക്കാമെന്ന് പറഞ്ഞു പോയി.
ഒരു മാസം കഴിഞ്ഞ് അടുത്ത സന്ദർശനത്തിന് കുട്ടിയും അച്ചാമ്മയും വന്നു. അച്ചാമ്മ ഒരു മോട്ടോർ വർക്ക് ഷോപ്പ് കണ്ടെത്തി. അയൽപക്കവീട്ടിൽ താമസിക്കുന്ന ഒരു ബസ് കണ്ടക്ടർ ആയ ഒരാളുവഴിയാണ് വർക്ക് ഷോപ്പ് കണ്ടെത്തിയത്. ഇപ്പോൾ അവധി ദിനങ്ങളിൽ കുട്ടി വർക്ക് ഷോപ്പിൽ പോകും.
കഴിഞ്ഞ ആറ് മാസമായി ഇത് വിജയകരമായി തുടരുന്നു. ചായ വാങ്ങി വരുന്ന ജോലിയാണ് കുട്ടി ഇപ്പോൾ വർക്ക് ഷോപ്പിൽ ചെയ്യുന്നത്. ഒപ്പം ചില സഹായിവേലകളും കുട്ടി ചെയ്യുന്നുണ്ട്. 15 പേർ ജോലിചെയ്യുന്ന വർക്ക് ഷോപ്പാണ്.
കുട്ടിക്ക് ഭക്ഷണവും നല്ല പരിഗണനയും ഒക്കെ അവിടെ നിന്ന് തന്നെ ലഭിക്കുന്നുണ്ട്. ഒപ്പം സ്കൂളിലും മുടങ്ങാതെ പോകുന്നുണ്ട്. അങ്ങിനെ എല്ലാം വിജയകരമായി പോകുന്നു. ബിഹേവിയർ പീഡിയാട്രിക്സിലും കൃത്യമായി അച്ചാമ്മയും കുട്ടിയും വരുന്നുണ്ട്. വ്യക്തിഗത പഠന പരിശീലനവും സ്വഭാവ പ്രശ്നത്തിന് ബിഹേവിയർ തെറാപ്പിയും നൽകുന്നുണ്ട്. ചിത്രവായന – അക്ഷര- വാക്ക് പരിശീലനമാണ് കുട്ടിക്ക് ഞങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്.
പ്ലസ് ടു സ്ക്രൈബിൻ്റെ സഹായത്തിൽ ജയിക്കും അപ്പോൾ കുട്ടിയെ ITI (മെക്കാനിക്ക്)ക്ക് വിടാൻ കഴിയുമോയെന്ന് പരിശോധിക്കാനാണ് ഭാവി പ്ലാൻ. അത് വിദ്യാഭ്യാസ പുനരധിവാസമായി മാറും.
ഇത് വളരെ വിജയകരമായ വിദ്യാഭ്യാസ-തൊഴിൽ പുനരധിവാസ ശ്രമത്തിൻ്റെ മാതൃകയാണ്. ഇത്തരത്തിൽ വ്യക്തിഗതമായ വിലയിരുത്തൽ നടത്താൻ ശ്രമിച്ചിരുന്നില്ലെങ്കിൽ കുട്ടിയുടെ ജീവിതം കഷ്ടമായിപ്പോയേനെയെന്ന് ചിന്തിക്കുക. അച്ചാമ്മയുടെ കാലത്തിന് ശേഷം കുട്ടി എങ്ങിനെ ജീവിക്കും?
എല്ലാ ഭിന്നശേഷിയുള്ള എല്ലാ കുട്ടികളെയും ഇത്തരത്തിൽ കണ്ടെത്തി വിദഗ്ദ്ധമായ വ്യക്തിഗത വിലയിരുത്തൽ നടത്തി അവർക്ക് വിദ്യാഭ്യാസ- തൊഴിൽ പുനരധിവാസം നടത്താൻ കഴിഞ്ഞിരുന്നെങ്കിൽ നമ്മുടെ ലോകം എത്രയോ മെച്ചപ്പെട്ടതാകുമായിരുന്നു. ചിന്തിക്കുക…!
അക്കാദമികമായി മുന്നേറാൻ കഴിയാത്ത ഭിന്നശേഷിയുള്ള എല്ലാ കുട്ടികളെയും ഇത്തരത്തിൽ വിദ്യാഭ്യാസ-തൊഴിൽ പുനരധിവാസത്തിന് അയക്കാൻ നമുക്ക് കഴിഞ്ഞാൽ അത് വലിയ വിദ്യാഭ്യാസ മുന്നേറ്റമാകും. അക്കാദമികമായി മുൻപന്തിയിൽ നിൽക്കുന്ന കുട്ടികൾക്ക് പ്രവേശനപ്പരീക്ഷക്ക് പരിശീലനം നൽകുന്ന അതേ മാനസിക ഭൗതിക തയ്യാറെടുപ്പ് തന്നെ ഇത്തരം കുട്ടികളുടെ കാര്യത്തിലും വിദ്യാഭ്യാസ സമ്പ്രദായം എടുക്കേണ്ടതുണ്ട്.
ഒടുവിൽ, ലോഹിതദാസിൻ്റെ തിരക്കഥയിലാണ് നമ്മൾക്ക് ഇത്തരത്തിൽ തികച്ചും സാധാരണ മനുഷ്യരെ കാണുന്നത്. ഇവിടെ വിവരിച്ചത് ലോഹിതദാസിൻ്റെ ഒരു തിരക്കഥയായിരുന്നുവെങ്കിൽ നമ്മൾ തികച്ചും സാങ്കല്പികമെന്ന് പറഞ്ഞ് തള്ളിയേനെ. എന്നാൽ ലോഹിതദാസിൻ്റെ തിരക്കഥയെ വെല്ലുന്ന മനുഷ്യരും ഇവിടെ ജീവിക്കുന്നുവെന്ന് നമ്മൾ അറിയുക.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS