Opinion

നെയ്യാറ്റിൻകര; എത്ര നാണം കെട്ടും സൗജന്യങ്ങൾ സ്വന്തമാക്കുക എന്ന പൊതുബോധത്തെയാണ് ആ കുട്ടികൾ പൊളിച്ച് കളഞ്ഞത്

പ്രതികരണം/പ്രശാന്ത് ഗീത അപ്പുൽ

ക്രിക്കറ്റിൽ ബാറ്റസ് മാൻ കളിക്കുന്ന Forward Defense എന്നോരു ഷോട്ടുണ്ട്. തനിക്ക് നേരേ വരുന്ന ബോൾ കൃത്യമായ ഫുട്ട് വർക്കോടെ തടഞ്ഞിടുക എന്നോരു രീതിയാണ്.

അല്പം പാളിയാൽ LBW യോ വിക്കറ്റ് തന്നെയോ പോകാവുന്ന അല്പം റിസ്കി ഷോട്ട്. എത്ര വലിയ റിസ്കെടുത്താലും ആ ബോളിൻ്റെ ഫലം പൂജ്യം റൺസായിരിക്കും.

അത്തരമൊരു ഷോട്ടാണ് നെയ്യാറ്റിൻകരയിലെ പിള്ളാര് ഇന്ന് ചെയ്തത്. ‘ സാറിൻ്റെ നല്ല മനസ്സിന് നന്ദി പക്ഷെ ഞങ്ങൾക്ക് ഭൂമി തരേണ്ടത് സർക്കാരാണ്, സർക്കാർ പട്ടയം തന്നാലെ ഞങ്ങൾക്ക് ഇവിടെ താമസിക്കാൻ പറ്റു, വസന്ത വ്യാജ പട്ടയമാണ് സാറിന് നൽകിയിരിക്കുന്നത് “. ഇത്രയും പറയുമ്പോ ആ കുട്ടികൾ നമ്മുക്കൊരു പാഠമാണ്.

1. ഓസിന് കിട്ടിയാൽ ആസിഡും കുടിക്കുക എന്നോരു പുതുച്ചൊല്ല് തന്നെ മലയാളികളെ കുറിച്ച് ഉണ്ടാകുന്നത് സൌജന്യങ്ങളുടെ പുറകെയുള്ള യാത്ര കൊണ്ടാണ്. പക്ഷെ എത്ര നാണം കെട്ടും സൌജന്യം സ്വന്തമാക്കാത്തവൻ മണ്ടനാണ് എന്ന് പറയുന്ന ഒരു പൊതുബോധം ഇന്ത്യൻ സമൂഹത്തിൽ പ്രബലമാണ്.

കണ്ടവൻ വിയർക്കുന്ന കാശിന് അപ്പോ തിന്ന് വീഞ്ഞും കുടിച്ച് ബെൻസേലും കോണ്ടസേലും നടക്കുന്ന മത പുരോഹിതരും, വിവാഹം കഴിക്കുക എന്ന തൻ്റെ ജൈവപരമായ ആവശ്യത്തെ പോലും, കന്യദാനം സ്വീകരിക്കലായി മാറ്റുന്ന മഹത്തരമാകുന്ന ആർഷ ഭാരത സംസ്ക്കാരമുണ്ടാകുന്നതും ഇത്തരം സൌജന്യ സ്വീകരണ ബോധത്തിലുടെയാണ്. അതാണ് ആ കുട്ടികൾ നിരാകരണത്തിലൂടെ പൊളിച്ച് കളഞ്ഞത്.

ബ്രാഹ്മണനൊഴിച്ച് ദാനം വാങ്ങുന്നവൻ താഴെയാണെന്ന ബോധം ഇന്ത്യൻ സമൂഹത്തിൻ്റെ ഭാഗമാണ്. അവർ എന്തേലും സൌജന്യമോ ദാനമോ സ്വീകരിക്കുന്ന നിമിഷം മുതൽ അവർ ഈ ലോകത്തോട് സംസാരിക്കാൻ പേടിക്കണം.

ഇന്ന് എന്തെങ്കിലും സഹായം സ്വീകരിക്കുന്ന ആ കുട്ടികൾ നാളെ അല്പം നല്ല വസ്ത്രം ധരിച്ചാലോ, ഒരു നല്ല ബൈക്ക് മേടിച്ചാലോ മലയാളിയിലെ രക്ഷകർത്വ ബോധം ഉണരും. ഭൂപ്രശ്നം കൊണ്ട് തന്നെ വധിക്കപ്പെട്ട ജിഷയുടെ അമ്മ ജീവിക്കുന്നത് ഇതേ കേരളത്തിലാണലോ മകൾ മരിച്ച അവരോട് പ്രബുദ്ധ കേരളം കാണിച്ചത് തന്നെ ഉദാഹരണം.

2. സർക്കാരിന് ഓടിയെത്താൻ കഴിയാത്ത മേഖലകളിൽ സ്വന്തം കാശും ആളും ഉപയോഗിച്ച് ഓടിയെത്തി ക്ഷേമപ്രവർത്തനങ്ങളെ സ്വന്തം ആവശ്യത്തിനുപയോഗിക്കുന്ന ഒരുപാടുപേരുണ്ട് (ബോബി ചെമ്മണൂരിനെ കുറിച്ചേ അല്ല മൊത്തത്തിൽ പറഞ്ഞതാണ്) അവർക്കുള്ള സാധാരണക്കാരൻ്റെ മറുപടി കൂടിയാണ് ഇന്നാ കുട്ടികൾ ചെയ്തത്.

ഇത്തരം സൌജന്യങ്ങൾ കൊടുത്ത് കൊടുത്താണ് ചാരിറ്റി ഇന്ന് മറ്റ് പലതിനും ഉപയോഗിക്കപ്പെടുന്നത്. എന്തിന് ഉപയോഗിച്ചാലും അവർ ചാരിറ്റി ചെയ്യുന്നില്ലേ എന്ന വാദത്തിനോട് താല്പര്യമില്ല.

ഇതോക്കെ ചെയ്താണ് അമൃതാനന്ദമയി മുതൽ കഞ്ചാവ് മസ്താൻ വരെ ഇന്ത്യയിലുണ്ടായത്. അതിൻ്റെ പുതിയ രൂപമാണ് 20-20 ആയി നമ്മൾ കാണുന്നത്. അത്തരം ആളുകളെ കൂടിയാണ് ആ കുട്ടികൾ ചെവിക്ക് പിടിച്ച് തിരിച്ച് വിട്ടത്.

3. മൂന്നാല് ദിവസമായി രശ്മി രാമചന്ദ്രൻ മുതൽ പോരാളി ഷാജി വരെ പറഞ്ഞിരുന്ന ഒരു വാദം പൊളിഞ്ഞ് പാളിസായി. ഇത് കേവലം സിവിൽ തർക്കമാണെന്നും ഇതിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല എന്നും, പോലീസിൻ്റെ Crisis Negotiation പ്രശ്നമാണെന്നും വരുത്തി തീർക്കാനുള്ള ശ്രമങ്ങളെ തങ്ങളുടെ ഡിഫെൻസിലൂടെ തടഞ്ഞിടുകയാണ് ആ കുട്ടികൾ ചെയ്തത്.

ന്യായീകരണ തൊഴിലാളികൾക്ക് വിശ്രമിക്കാം. കാരണം പന്ത് നിങ്ങളുടെ കോർട്ടിൽ നിന്ന് പോയി വെറുതെ തട്ടി സമയം കളയാൻ പറ്റില്ല.

4. ഇന്ത്യയിൽ മാർക്സിയൻ വർഗ്ഗ സിദ്ധാന്തം കൊണ്ട് പരിഹരിക്കാൻ പറ്റാത്ത ചിലതുണ്ട് എന്ന് വർഗ്ഗസൈദ്ധാന്തികരെ ഓർമ്മിപ്പിക്കുകയാണ് ആ കുട്ടികൾ.

ഇവിടുത്തെ കേവല പ്രശ്നം ഭൂമി എന്ന് “മൂലധനത്തിൻ്റെയോ” , വർഗ്ഗവിവേചനത്തിൻ്റെയോ മാത്രമല്ല മറിച്ച്, സ്വാഭിമാനത്തിൻ്റെ കൂടി പ്രശ്നമാണെന്ന് ഇതിൽ നിന്ന് സൈദാന്തികർ വായിച്ചെടുക്കണം.

സംവരണം അടക്കം വർഗ്ഗപ്രശ്നമാണെന്നും അതില്ലാതെ പരിഹരിക്കാൻ പറ്റില്ലെന്നും പറയുന്ന മാർക്സിയൻ സൈദാന്തികർ ഇവിടെ എന്തു പറയും എന്നാണ് എനിക്ക് മനസ്സിലാകാത്തത്.

ഇത് കേവല വർഗ്ഗ പ്രശ്നമായിരുന്നെങ്കിൽ ബോബി ചെമ്മണ്മൂർ എന്ന ബൂർഷ്വ നൽകിയ ഭൂമി എന്ന മൂലധനം മേടിച്ച് അവർക്ക് മിണ്ടാതെ പോകാമായിരുന്നു. ഇവിടെ ആ കുട്ടികൾ ചെയ്തത് തൻ്റെ ക്ഷേമം ഉറപ്പു വരുത്തേണ്ട സ്റ്റേറ്റിനെ പ്രതികൂട്ടിലാക്കുകയാണ്.

അവരുടേയും നമ്മുടേയും നിർഭാഗ്യവശാൽ അത് CPM സർക്കാരായി പോയി അതുകൊണ്ട് അത് നല്ല രീതിയിൽ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ വേണ്ട.

ഇത് ഏതേലും സർക്കാർ പരിഹരിക്കുകയാണെങ്കിൽ പോലും അത് CPM ഭരണകാലത്ത് ആവരുതേ എന്നാണ് എൻ്റെ ആഗ്രഹം പിന്നീടെപ്പോഴെങ്കിലും ഈ കുട്ടികൾ ചെങ്കോടിയെ തള്ളി പറഞ്ഞാൽ “കിറ്റ് വാങ്ങി നക്കിയതല്ലേ” എന്ന മട്ടിലുള്ള സംസാരം ആ കുട്ടികൾ കേൾക്കാതിരിക്കാൻ അതാണ് നല്ലത്.

5. ജീവൻ വെടിഞ്ഞും രാജനും അമ്പിളിയും, സൌജന്യം നിഷേധിച്ച് ആ കുട്ടികളും കേരളത്തിൽ അയ്യങ്കാളിയുടെ കാലത്ത് ഉന്നയിക്കപ്പെട്ട ഭൂ പ്രശ്നം ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് നമ്മളെ ഓർമിപ്പിച്ച് കൊണ്ടേ ഇരിക്കുകയാണ്.

ചെങ്ങറയിലെ “റബ്ബർ കള്ളന്മാരുടേയും” മുത്തങ്ങയിൽ ആൻ്റണി സർക്കാർ കൊന്ന 5 ആദിവാസികളുടേയും ഇന്നും തീരാത്ത അരിപ്പയിലേയും തൊവരി മലയിലേയും സമര ഭൂമിയിലെ ആളുകളുടേയും രാഷ്ട്രീയം പ്രസക്തമാണെന്ന് നമ്മളെ ഓർമ്മിപ്പിക്കുകയാണവർ.

മുത്തങ്ങയിലൂടെ ആൻ്റണി സർക്കാരും, ചെങ്ങറയിലൂടെ ആച്യുതാനന്ദനും നിൽപ്പസമരത്തിൽ ഉമ്മൻചാണ്ടിയും അവസാനം ജയിച്ച കേസ് തോറ്റ് കൊടുത്ത് പിണറായിയും ഒരു ജനതയെ വഞ്ചിച്ച കഥ എന്നും നമ്മൾ ഓർത്തെടുക്കണം.

ആരു ഭരിച്ചാലും ഇവിടുത്തെ നായന്മാരേയും സുറിയാനി കൃസ്ത്യാനികളുടേയും മൂടുതാങ്ങുന്നതിലെ രാഷ്ട്രീയ വഞ്ചന രാജനിലുടേയും അമ്പിളിയിലൂടേയും നമ്മൾ തെളിച്ചു വെക്കണം.

ഈ കുട്ടികൾ സൌജന്യ നിരാകരണത്തിലൂടെ മൂന്നോട്ട് വെക്കുന്ന രാഷ്ട്രീയം ഇവിടെ ചർച്ച ചെയ്യണം. പ്രതിക്കൂട്ടിൽ സ്റ്റേറ്റാണ്, സ്റ്റേറ്റും അതിനെ ഭരിക്കുന്ന എല്ലാ പാർട്ടിയോടും നമ്മൾ ചോദിക്കണം നിങ്ങൾ എത്ര കിറ്റ് കൊടുത്തെന്നോ നിങ്ങളതിവേഗം ബഹുദൂരം ഓടിയോ എന്നതായിരിക്കരുത് തെരെഞ്ഞെടുപ്പ് കാലത്തെ നമ്മുടെ ചോദ്യം.

നിങ്ങളെത്ര മിച്ച ഭൂമി കണ്ടെത്തി, എത്ര എറ്റെടുത്തു, എത്ര വിതരണം ചെയ്തു എത്രനാൾ കൊണ്ട് ബാക്കി വിതരണം ചെയ്യും, 26000 ദലിത് കോളനികളുടെ കാര്യത്തിലെ നിങ്ങളുടെ നിലപാടെന്താണ്, പതിനയാരിത്തിലധികം ലയങ്ങളിലെ തോട്ടം തൊഴിലാളികളെ കുറിച്ചുളള നിങ്ങളുടെ നിലപാടെന്താണ്, 500 ഓളം കോളനികളിലെ മത്സ്യതൊഴിലാളികൾക്ക് വേണ്ടി നിങ്ങളെന്ത് ചെയ്തു.

ഇതിനോക്കെ ഉത്തരം പറയാൻ ഈ പാർട്ടികളെ നിർബന്ധിക്കണം. അവരുടെ ഉത്തരത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കണം വോട്ട്.

ആ കുട്ടികൾ ചൂണ്ടിയ കൈ EMS ൻ്റേ നേരേ നിന്നും പിണറായിയുടെ നേർക്ക് തിരിഞ്ഞു എന്ന് മനസ്സിലാക്കണം. ആരും മരിക്കാനായി അത്മഹത്യ ചെയ്യുന്നില്ല എന്നതാണ് സത്യം. ജീവിക്കാൻ കഴിയാതെ വരുമ്പോളാണ് അത്മഹത്യ ചെയ്യുന്നത്. ഇത്രയെങ്കിലും ഔചിത്യബോധം കാണിക്കാതെ സ്വന്തം പാർട്ടിയെ ന്യായീകരിക്കുന്ന മലരമ്പന്മാരെ പത്തല് വെട്ടി അടിക്കണം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x