BusinessOpinion

കോവിഡ് കാലത്തെ അതിജീവന സാധ്യതകൾ

സാധ്യതകൾ/ജൗഹർ കെ അരൂർ

സാമ്പത്തിക ഞെരുക്കം, തൊഴിലില്ലായ്മ തുടങ്ങി കോവിഡ് മൂലം വന്നു ചേർന്ന ഒട്ടനവധി പ്രശ്നങ്ങളിൽ സമൂഹത്തെ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് തൊഴിലില്ലായ്മ തന്നെയായിരിക്കും എന്നതിൽ തർക്കമില്ല. ലോക്ഡൗൺ തുടങ്ങിയത് മുതൽ തന്നെ പല കമ്പനികളും തൊഴിലാളികളെ കൂട്ടം കൂട്ടമായി പിരിച്ചു വിടുന്ന കാഴ്ച നമ്മുടെ ചുറ്റുവട്ടങ്ങളിലെ ചെറുകിട വ്യവസായങ്ങളിൽ പോലും ദൃശ്യമായിത്തുടങ്ങി എന്നത് ഭീകരമായൊരു പ്രതിസന്ധിയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

നമുക്ക് പക്ഷെ പ്രതിസന്ധികളെയും പ്രയാസങ്ങളെയും പഴി പറഞ്ഞു വീട്ടിലിരിക്കുക എന്നത് പ്രായോഗികമല്ലതാനും. അതിജീവിക്കണം, അതിജീവിച്ചേ തീരൂ.. അതിനുള്ള മാർഗങ്ങൾ കണ്ടെത്തി അതിജീവനത്തിന്റെ പാതയിൽ ആരാദ്യം കയറുന്നുവോ…. അവരുടേതാണ് കോവിടാനന്തര ലോകം.

നിർമാണ മേഖലയും സാധ്യതകളും

പല മേഖലകളിലും തൊഴിലില്ലായ്മ രൂക്ഷമായെങ്കിലും തൊഴിലാളി ക്ഷാമം കൊണ്ട് സ്തംഭിച്ചു പോയ ചില മേഖലകൾ കേരളത്തിലുണ്ട്. അതിലൊന്ന് നിർമാണ മേഖലയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി അന്യ സംസ്ഥാന തൊഴിലാളികളുടെ കുത്തകയായിരുന്നു നിർമാണ മേഖല. സ്പെഷ്യൽ ട്രെയിനുകൾ ഓടിത്തുടങ്ങിയതോട് കൂടെ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടം കൂട്ടമായി സ്വദേശത്തേക്ക് മടങ്ങിത്തുടങ്ങി.

ലോക് ഡൗൺ കാരണം ഉണ്ടായ ദീർഘ നാളത്തെ അവധിയും കേരളത്തിൽ കൂടി വരുന്ന കോവിഡ് കേസുകളുമാണ് അവരെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ച ഘടകം. പക്ഷെ അവരുടെ മടക്കമിന്ന് നിർമാണ മേഖലയെ ആകെ സ്തംഭിപ്പിച്ചിരിക്കുകയാണ്. തുടങ്ങി വെച്ച നിർമാണ പ്രവർത്തികൾ പൂർത്തിയാക്കാൻ കഴിയാതെ കോൺട്രാക്ടർമാരും കോൺട്രാക്റ്റിംഗ് കമ്പനികളും വലയുകയാണ് എന്ന് പത്രത്താളുകളിൽ കണ്ട്പരിചയമില്ലാത്ത “ലേബർമാരെ ആവശ്യമുണ്ട്” എന്ന പരസ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.

തൊഴിൽ നൈപുണ്യമുള്ളവർക്കും ഇല്ലാത്തവർക്കും പരിചയ സമ്പന്നർക്കും പുതു മുഖങ്ങൾക്കുമെല്ലാം ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന, അനന്ത സാധ്യതകൾ നിലനിൽക്കുന്ന ഒരു മേഖലയാണ് നിർമാണ മേഖല.

നിർമാണ മേഖല സജീവമാകുന്നതോട് കൂടെ കരിങ്കൽ, ചെങ്കൽ ക്വാറികൾ , ക്രഷറുകൾ, ബ്രിക്ക് കമ്പനികൾ തുടങ്ങി നിർമാണ മേഖലക്ക് ആവശ്യമായ റോ മെറ്റീരിയലുകളുടെ ഉത്പാദന കേന്ദ്രങ്ങൾ സജീവമാകും. ആ മേഖലയെയും അന്യ സംസ്ഥാന തൊഴിലാളികളുടെ കൊഴിഞ്ഞു പോക്ക് സാരമായി ബാധിച്ചിട്ടുണ്ട്. അത്കൊണ്ട് അവ സജീവമാകുന്നതോട് കൂടെ ആ മേഖലകളിലും മെറ്റീരിയലുകളുടെ ട്രാൻസ്‌പോർട്ടെഷൻ മേഖലയിലുമൊക്കെ അനേകം തൊഴിൽ സാധ്യതകൾ നമുക്ക് കണ്ടെത്താൻ കഴിയും.

കൃഷിയും സ്വയം പര്യാപ്തതയും

സാധ്യതകൾ നില നിൽക്കുന്ന മറ്റൊരു പ്രധാന മേഖല കൃഷിയാണ്. അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് നാളിതുവരെ നാം മലയാളികൾ ഭക്ഷണം കഴിച്ചത് എന്നതൊരു നഗ്‌നമായ സത്യമാണ്. കൃഷിയിലൂടെ സ്വയം പര്യാപ്തത കൈവരിക്കാനും അതിലുപരി കയറ്റുമതിയിലേക്ക് വരെ കാര്യങ്ങളെകൊണ്ടെത്തിക്കാനും കാർഷിക മേഖലയിലെ സാധ്യതകളെ ഉപയോഗപ്പെടുത്തിയാൽ നമുക്ക് സാധിക്കുമെന്നത് തീർച്ച.

“പഠിച്ചിറങ്ങിയാൽ ഏറ്റവും നല്ല സംരംഭം കൃഷിയാണ് ” എന്നത് എവിടെയോ വായിച്ചൊരു വരിയാണ്. ധാന്യം, പച്ചക്കറി, മത്സ്യം, സുഖന്ധ ദ്രവ്യങ്ങൾ തുടങ്ങി ഏത് തരത്തിലുള്ള കൃഷിക്കും കേരളത്തിൽ ഇന്ന് സ്കോപ്പുണ്ട്. പക്ഷെ മുകളിൽ സൂചിപ്പിച്ചത് പോലെ പഠിച്ചിറങ്ങണമെന്ന് മാത്രം.

ഈ മേഖലകളൊക്കെ സജീവമാകുന്നതോട് കൂടെ സ്വാഭാവികമായും മാർക്കറ്റുകളും കച്ചവട സ്ഥാപനങ്ങളും സജീവമാകും, അവിടങ്ങളിലും ചെറുതല്ലാത്ത തോതിൽ അന്യ സംസ്ഥാന തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നുണ്ട്. അവിടെയും സാധ്യതകൾ നിലനിൽക്കും.

കാലത്തിനൊപ്പം ഓടിയെത്താൻ ശേഷിയുള്ള ഐഡിയകൾക്ക് എന്നത്തേയും പോലെ ഇനിയും കേരളത്തിൽ സാധ്യതകളുണ്ട്. മറ്റുള്ളവർക്ക് കീഴിൽ തൊഴിലെടുക്കാൻ മാനസികമായി തയ്യാറല്ലാത്തവർക്ക് നൂതന സാധ്യതകൾ മനസിലാക്കികൊണ്ടുള്ള പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാം. നിലവിൽ നില നിൽക്കുന്ന ഏതെങ്കിലും സംരംഭങ്ങൾ ലാഭത്തിൽ പോകുന്നത് കണ്ട് അതിന് ഇനിയും സാധ്യതകളുണ്ടോ എന്ന് പോലും പരിശോധിക്കാതെ അതിലേക്ക് എടുത്ത് ചാടുന്ന പ്രവണത സാധാരണ നിലയിൽ കണ്ടു വരാറുള്ള ഒന്നാണ്. സാമ്പത്തിക പ്രതിസന്ധി നിലനില്ക്കുന്ന ഈ സാഹചര്യത്തിൽ അത്തരമൊരു സാഹസത്തിന് മുതിരാതിരിക്കുക എന്നതാകും ബുദ്ധി.

ഗവൺമെന്റ് ജോലിക്ക് വേണ്ടിയുള്ള പരിശ്രമങ്ങൾക്ക് കുറച്ച് കൂടെ വിശാലമായ മാനം നൽകേണ്ടതുണ്ട്. കേവലം PSC കളിൽ മാത്രം ഒതുങ്ങാതെ പൊതുവെ മലയാളികൾ കുറവുള്ള അല്ലെങ്കിൽ ഉത്തരേന്ത്യക്കാർ കയ്യടക്കി വെച്ച കേന്ദ്ര സർക്കാർ ജോലികൾ, എയർപോർട്ട് അതോറിട്ടി, BPCL പോലുള്ള പൊതു മേഖല സ്ഥാപനങ്ങളിലെ ജോലികൾ എന്നിവക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കുക.

ഇങ്ങനെ, ഉള്ള സാധ്യതകളെ ഉപയോഗപ്പെടുത്തി പ്രതിസന്ധികളുടെ കോവിഡ് കാലത്തെ അതിജീവിക്കാൻ നമുക്ക് കഴിയണം. ഡാർവിന്റെ പരിണാമ വാദത്തിൽ പറയുന്ന പോലെ “അർഹതയുള്ളത് മാത്രമേ അതിജീവിക്കുകയുള്ളൂ ” ആ അർഹത എങ്ങനേയും നേടിയെടുക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x