മാസ്ക് ഇല്ലാത്തതിന് ഇനി കേസില്ല; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി കേന്ദ്രസർക്കാർ. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ മാസ്ക്, ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്ക് കേസുകള്‍ ഒഴിവാക്കാവുന്നതാണെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
ആരോഗ്യമന്ത്രാലയം നല്കിയ മാസ്ക് ഉപയോഗം, കൈകഴുകല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ തുടരണമെന്നും കേന്ദ്രം അറിയിച്ചു. ഭാവിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി.
കോവിഡ് വ്യാപനം തടയാന്‍ 2020 ലാണ് മാസ്കും കൂടിച്ചേരലുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരിന്നത്. ആ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25 ന് അവസാനിക്കുകയാണ്. ഇതിന് ശേഷം ഈ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ല എന്നാണ് നിര്‍ദേശം. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് ഇളവുകള്‍ നല്‍കുന്നത്.
കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പുതിയ ഉത്തരവ് ഇറക്കും. കേരളത്തിൽ ഒറ്റയ്ക്ക് കാറിൽ പോകുമ്പോൾ പോലും മാസ്ക് വേണമെന്നായിരുന്നു നിബന്ധന. മാസ്കില്ലെന്ന് കണ്ടെത്തിയാൽ 500 രൂപ ഫൈൻ അടക്കണമായിരുന്നു. ഈ നിയമങ്ങളാണ് കേന്ദ്ര നിർദേശത്തോടെ മാറുന്നത്. പിഴ ഈടാക്കാനുള്ള ചുമതല പൊലീസുകാർക്ക് ആയിരുന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS