Entertainment

ഹലാൽ ലവ് സ്റ്റോറി: ഒരു രാഷ്ട്രീയ വായന

വീക്ഷണം / നാസിറുദീൻ മറിയം

വിശ്വാസിയുടെ മനസ്സിലെ ആത്മസംഘർഷങ്ങൾ മതാത്മക ചർച്ചകൾക്കും തത്വ ചിന്തകൾക്കുമപ്പുറം കലാ സൃഷ്ടികൾക്ക് കൂടി സാധ്യതകൾ നൽകുന്ന ഒന്നാണ്. ഒരു പരിധി വരെ അത് സ്വാഭാവികവുമാണ്. ഖുർആനിൽ തന്നെ മനസ്സിൻ്റെ / ആത്മാവിൻ്റെ സംഘർഷത്തിന് /ദൃഡതക്ക് അനുസരിച്ച് മൂന്ന് തരത്തിലുള്ള ആത്മാവിനെ പറ്റി പറയുന്നുണ്ട്. ഒരു കേഡർ മത സംഘടനയുടെ കാൻവാസിനോളം ഈ ആത്മ സംഘർഷങ്ങൾ ചിത്രീകരിക്കാൻ പറ്റിയൊരു പശ്ചാത്തലം വേറെയുണ്ടാവില്ല. ഒരു സമഗ്ര ജീവിത വീക്ഷണമായ ഇസ്ലാമിൻ്റെ നിലപാടുകൾക്കനുസരിച്ചാവണം ജീവിതത്തിലെ ഓരോ ശ്വാസവുമെന്ന് കരുതുന്ന ജമാഅത്തെ ഇസ്ലാമിയുടെ സൈദ്ധാന്തികാടിത്തറ ഇതിന് അടിവര ഇടുന്നതാണ്.

ആഗോള രാഷ്ട്രീയം വിലയിരുത്തുമ്പോൾ മാത്രമല്ല സ്വന്തം ഭർത്താവ്/ഭാര്യയുമായി ഏറ്റവും സ്വാഭാവികമായ പ്രണയ വികാരം പങ്കു വെക്കുുമ്പോഴുമെല്ലാം ഈ ‘ഇസ്ലാമിക ശരി തെറ്റുകൾ’ അക്ഷരം പ്രതി പാലിക്കപ്പെെടുന്നുണ്ടോ എന്നത് ശരാശരി ജമാഅത്ത്കാരനെ/കാരിയെ അലട്ടുന്ന ചിന്തയാണ്. ജൈവികതക്കപ്പുറമുള്ള തലത്തിലേക്ക് ഈ ശരിതെറ്റുകളും അതിനോടുള്ള തീവ്ര നിലപാടുകളും അസഹിഷ്ണുതയിലേക്ക് വഴുതി മാറാൻ എളുപ്പമാണ്. ‘പരമകാരുണ്ണികനും കരുണാനിനിധിയുുമായ ‘ ദൈവം എന്നതിന് പകരം ശരിതെറ്റുകൾ അതി സൂക്ഷ്മമായി നിരീക്ഷിച്ച് ശിക്ഷിക്കാൻ കാത്ത് നിൽക്കുന്ന ദൈവം എന്ന സങ്കൽപത്തിന് വഴിമാറുമ്പോൾ വിശ്വാസം ഒരു കരുത്തിന് പകരം ദൌർബല്യമായി മാറുന്നു.

ആവിഷ്കാര രീതികളിലും ലക്ഷ്യങ്ങളിലുമെല്ലാം വലിയ വൈവിധ്യം നൽകുന്ന സിനിമ എന്ന മാധ്യമത്തോടുള്ള സമീപനമായിരിക്കും മുസ്ലിം സമുദായത്തിനകത്ത്, പ്രത്യേകിച്ചും ജമാഅത്തിനുള്ളിൽ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിൽ ഏറ്റവും ചർച്ചയായ ഒരു വിഷയം. സിനിമയെന്ന കലാ രൂപത്തിൻ്റെ വശ്യതയും സാധ്യതയും ഒരു വശത്തും മൌദൂദിയെ പോലുള്ള മത പണ്ഡിതൻമാർ പ്രമാണങ്ങളുടെ യാന്ത്രികമായ അക്ഷരാർത്ഥ വായനയിലൂടെ നൽകിയ തീർത്തും സങ്കുചിതമായ ‘ഫത് വകൾ’ മറുവശത്തും. ഇതേ സിനിമയിൽ സൂചിപ്പിക്കുന്ന ഇറാനിയൻ സിനിമകൾ പോലുള്ള ‘ഇസ്ലാമിക മാതൃകകൾ’ സിനിമക്കായി വാദിക്കുന്നവർക്ക് വലിയ ഊർജമാണ് നൽകിയത്. ഈ ആത്മസംഘർഷത്തിൻ്റെ സിനിമാ ആവിഷ്കാരമാണ് ‘ഒരു ഹലാൽ ലവ് സ്റ്റോറി’ എന്ന് പറയാം.

ഒരർത്ഥത്തിൽ ഈ സംഘർഷങ്ങളും സംവാദങ്ങളും സിനിമ എന്ന കലാരൂപത്തിലോ ജമാഅത്ത് എന്ന സംഘടനയിലോ ഒതുങ്ങി നിൽക്കുന്നതല്ല. വിശ്വാസത്തിനനുസൃതമായ രീതിയിൽ ആധുനിക ജീവിതത്തിലെ എല്ലാ ഉപാധികളേയും സാധ്യതകളേയും ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെയെന്നതും അതിൻ്റെ പരിധികൾ ഏത് വരെ ആവണമെന്നുമുള്ള ചർച്ചകൾ മുസ്ലിം സമൂഹത്തിനിടയിൽ സജീവമാണ്. കല മാത്രമല്ല ഇന്നത്തെ സ്പോർട്സും ബാങ്കിംഗും സർക്കാർ സംവിധാനങ്ങളുമെല്ലാം അവരുടെ വിശ്വാസമായി കണ്ട് പോന്ന പല സങ്കൽപങ്ങളേയും ചോദ്യം ചെയ്യുന്നതാണ്. ഇതിനെയെല്ലാം പാടെ തള്ളിക്കളയുന്നതും നിഷേധാത്മക സമീപനം സ്വീകരിക്കുന്നതും അപ്രായോഗികം മാത്രമല്ല, അനിസ്ലാമികം തന്നെയാണെന്ന ചിന്താധാരകൾ സമുദായത്തിനകത്ത് തന്നെ സജീവമാണ്. ആഗോള തലത്തിൽ തന്നെ മുസ്ലിം സമുദായത്തിനിടയിൽ സജീവ ചർച്ചയാവുന്ന ഈ വിഷയത്തിൻ്റെ ഒരു തലം മാത്രമാണ് സിനിമയോടുള്ള, അഥവാ ഉണ്ടാവേണ്ട, സമീപനം എന്നത്. ഇസ്ലാമിൻ്റെ ‘സമഗ്ര’ മുഖത്തിൽ ഊന്നി ആശയാടിത്തറ വികസിപ്പിച്ചെടുത്ത ജമാഅത്ത് പോലുള്ള ഇസ്ലാമിസ്റ്റ് സംഘടനയിലാണ് ഈ ആശയ സംവാദങ്ങളും സംഘർഷങ്ങളും ഏറ്റവും ശക്തമായി ഉയർന്ന് വരുന്നത് എന്നത് സ്വാഭാവികം. ഒരു പക്ഷേ ഇന്ന് ലോകത്തുള്ളതിൽ വെച്ചേറ്റവും ശക്തമായ അടിത്തറയുള്ള ഇസ്ലാമിസ്റ്റ് പ്രസ്ഥാനം ടുണീഷ്യയിലെ ‘അന്നഹ്ദ’ ആയിരിക്കും. അറിയപ്പെടുന്ന ഇസ്ലാമിസ്റ്റ് സൈദ്ധാന്തികനായ റഷീദ് ഗനൂഷിയുടെ നേതൃത്വത്തിൽ വർഷങ്ങളായി സംഘടനക്ക് അകത്ത് നടന്ന ചർച്ചകൾക്കൊടുവിലാണ് പരമ്പരാഗത ‘ഇസ്ലാമിസ്റ്റ് ‘ രാഷ്ട്രീയം സംഘടന ഉപേക്ഷിക്കുക്കാൻ തീരുമാനിച്ചത്. ആധുനിക ജനാധിപത്യം, മതേതരത്വം തുടങ്ങിയ സങ്കൽപങ്ങൾ ഇസ്ലാമുമായി പൂർണമായി യോജിച്ച് പോവുന്നതാണെന്നായിരുന്നു സംഘടനയുടെ വിലയിരുത്തലിൻ്റെ കാതൽ.

ഈ മാറ്റം അത്ര എളുപ്പമല്ല. ഒരു വിഭാഗം ദൈവിക കൽപനകളായി വിശ്വസിച്ച് പോരുന്ന കാര്യങ്ങളിൽ മാറ്റം വേണമെന്ന് അവരെ വിശ്വസിപ്പിക്കുന്ന കാര്യം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ഗനൂഷിയെ പോലെ വളരെ ആഴത്തിൽ മത പ്രമാണങ്ങളെ പഠിച്ച് കാലികമായി വ്യാഖ്യാനിക്കാനും ‘ഇസ്ലാമികേതരം’ അല്ലെങ്കിൽ ചിലപ്പോഴെങ്കിലും ‘ഇസ്ലാമിക വിരുദ്ധം’ എന്ന് കരുതപ്പെടുന്ന ആശയങ്ങളും സംവിധാനങ്ങളുമായും കോർത്തിണക്കാനും സാധിക്കണം. അത്രക്ക് കഴിവും ആർജവവും ഉള്ള നേതൃത്വത്തിനേ അത് സാധിക്കൂ. ഈജിപ്തടക്കമുള്ള മറ്റിടങ്ങളിലൊന്നും അതിന് സാധിച്ചിട്ടില്ല എന്ന് പറയേണ്ടി വരും.

കേരളത്തിലേക്ക് വന്നാൽ ഇങ്ങനെയുള്ള ഒരു നേതൃത്വത്തിൻ്റെ അഭാവം പ്രകടമാണ്. അത് കൊണ്ട് തന്നെ അണികളെ പൂർണമായി തൃപ്തിപ്പെടുത്തുന്ന രീതിയിൽ കാലികമായി മത പ്രമാണങ്ങളെ വ്യാഖ്യാനിക്കാൻ സാധിക്കാത്തതിനാൽ പ്രകടമായും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന അണികളെ ജമാഅത്തിൽ കാണാനാവും. പലപ്പോഴും ഒരേ ആളുകളിൽ തന്നെ വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ നിലപാടുകളും ഉണ്ടാവും. സിനിമ, കല, ഇതര വിശ്വാസങ്ങളോടുള്ള സമീപനം തുടങ്ങിയ പല വിഷയങ്ങളിലും വലിയ തോതിൽ മാറിയപ്പോഴും ഈ മാറ്റങ്ങളിൽ ഒരു സമഗ്ര സ്വഭാവമോ സൈദ്ധാന്തിക അടിത്തറയോ ഒരുക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. ഒരു പാട് അനുകൂല ഘടകങ്ങൾ ഉണ്ടായിരുന്നെങ്കിലും പലപ്പോഴും ആ വഴിക്കുള്ള ഗൌരവമായ ശ്രമങ്ങൾ നടത്താൻ പോലും നേതൃത്വത്തിനായില്ല എന്ന് പറയാം. ജമാഅത്തിൽ ഇന്ന് കാണുന്ന ആന്തരിക സംഘർഷങ്ങളുടേയും ചിന്താക്കുഴപ്പങ്ങളുടേയും കാരണം ഈ പരാജയമാണ്. സ്ത്രീ പക്ഷ രാഷ്ട്രീയത്തോടുള്ള സമീപനം മറ്റൊരുദാഹരണം. ‘മാധ്യമം’ പോലുള്ള ശ്രദ്ധേയമായ നീക്കങ്ങൾ പോലും ആദ്യ കാലത്തെ ആർജവമായ സമീപനത്തിൽ നിന്ന് മാറി കൂടുതൽ സങ്കുചിതമായ കാഴ്ചപ്പാടിലേക്ക് മാറുന്നതാണ് കാണുന്നത്.

ജമാഅത്ത് എന്ന് പേരെടുത്ത് പറയുന്നിലെങ്കിലും കൃത്യമായ അടയാളങ്ങളും സൂചനകളും വഴി ഒരു ഇസ്ലാമിസ്റ്റ് പശ്ചാത്തലമൊരുക്കി ഈ ആശയക്കുഴപ്പവും ആത്മ സംഘർഷങ്ങളും കാണിച്ചു തരാനാണ് സിനിമ ശ്രമിക്കുന്നത്. കർശനമായും ഓരോ ശ്വാസത്തിലും ഇസ്ലാമികമായി തന്നെ ജീവിക്കണമെന്നാഗ്രഹിക്കുന്ന സജീവ ഇസ്ലാമിസ്റ്റുകളായ ചിലർ സിനിമയെടുക്കാൻ ശ്രമിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. പാർട്ടിക്കും കുടുംബത്തിലും മാത്രമല്ല സ്വന്തത്തിനുള്ളിൽ തന്നെയും അവർ നേരിടുന്ന വെല്ലുവിളികളും ആത്മ സംഘർഷങ്ങളുമായി കഥ പുരോഗമിക്കുന്നു. ഈ സംഘർഷം ചിത്രീകരിക്കാനുള്ള ശ്രമത്തിൽ സിനിമ വലിയൊരളവോളം വിജയിക്കുന്നുണ്ട്. ഒരു വാണിജ്യ സിനിമയുടെ ചേരുവകളുടെ അകമ്പടിയോടെയും ഹാസ്യാത്മകമായിട്ടും ആണെങ്കിലും ഗൗരവമായി തന്നെ ഈ ആശയക്കുഴപ്പം സിനിമ കാണിക്കുന്നുണ്ട്. ജീവിതത്തിലെ ഓരോ ഇടപെടലുകളിലും തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ “ഹലാലാണോ ഹറാമാണോ” എന്ന് നിഷ്കളങ്കമായി ചോദിക്കുന്ന സിനിമയിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്. സമുദായത്തിലെ ഇസ്ലാമിസ്റ്റുകളിലോ മറ്റേതെങ്കിലും കള്ളികളിലോ ഒതുക്കാൻ പറ്റാത്തത്ര വലിയൊരു വിഭാഗത്തിൻ്റെ പ്രതീകമാണവർ.

പക്ഷേ ഇങ്ങനെയൊരു ഗൗരവ ആശയം അവതരിപ്പിക്കാൻ പറ്റിയ തിരക്കഥ സിനിമക്കില്ലാതെ പോയതാണ് സിനിമയുടെ പ്രധാന ദൌർബല്യം. അഭിനേതാക്കൾ കൂടുതലും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചപ്പോഴും മോശമില്ലാത്ത ചില ദൃശ്യങ്ങളും നല്ല പശ്ചാത്തല സംഗീതവും നൽകിയ അനുഭവം തിരക്കഥയുടെ അഭാവത്തിൽ അപൂർണമായി അനുഭവപ്പെട്ടു. നായികയുടെ മികച്ച പ്രകടനം സിനിമയിൽ എടുത്ത് പറയേണ്ട ഒന്നാണെങ്കിലും കഥാ പാത്രത്തിന് ശക്തി പകരാൻ പറ്റിയ കഥാ തന്തു ഒരുക്കുന്നതിൽ സിനിമ പരാജയപ്പെട്ടതായി തോന്നി.

കലാപരമായ ഈ പോരായ്മകൾക്കിടയിലും സിനിമയുടെ രാഷ്ട്രീയ പ്രസക്തി അനിഷേധ്യമാണ്. ഇത് വരേ സിനിമ പോലുള്ള കലാരൂപങ്ങളുടെ ഇസ്ലാമികപരമായ സ്വീകാര്യതയേയും സാധ്യതകളേയും സംബന്ധിച്ച ചർച്ചകൾ സമുദായത്തിൽ പലപ്പോഴും ഏകപക്ഷീയമായിരുന്നു. സിനിമ എന്താണെന്നോ അതിൻ്റെ സാധ്യതകൾ എത്രത്തോളം ആണെന്നോ അറിയാത്ത മത പണ്ഡിതൻമാർ എന്ന പേരിലുള്ള ഒരു വിഭാഗമായിരുന്നു അതിലെന്നും തീർപ്പ് കൽപിച്ചിരുന്നത്. സിനിമാ പ്രവർത്തകർ എന്ന ഈ ചർച്ചയിൽ നിർണായക റോൾ നിർവഹിക്കേണ്ട ഒരു വിഭാഗം പലപ്പോഴും മാറ്റി നിർത്തപ്പെടുകയായിരുന്നു. അതിന് മാറ്റം വരുന്നുവെന്നത് തീർത്തും സ്വാഗതാർഹമാണ്. സിനിമ മാത്രമല്ല, മനുഷ്യ ജീവിതത്തെ സ്പർശിക്കുന്ന എല്ലാറ്റിനെ പറ്റിയും ഇസ്ലാമിക പരിപ്രേക്ഷ്യത്തിൽ ചർച്ച അർഹിക്കുന്നുണ്ട്, അവയിലെല്ലാം വ്യത്യസ്ത തുറകളിലുള്ള ആളുകളുടെ സജീവ പങ്കാളിത്തവും അനിവാര്യമാണ്. ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം ഇസ്ലാമിൻ്റെ കുത്തകാവകാശം പതിച്ച് നൽകേണ്ടതില്ല.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x