പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ അരബിന്ദോ ഹോസ്റ്റലിനു മുമ്പിലെ സായാഹ്നങ്ങൾക്ക് ഒരു പ്രത്യേക വൈബാണ്. ആര്യവേപ്പ് മരങ്ങളുടെ ചോട്ടിലിരുന്നു വർത്തമാനം പറഞ്ഞു തുടങ്ങിയാൽ നേരം പോകുന്നതറിയില്ല. സാഥ്വികിനെയും, വിനോദിനെയും, ഭരത് റെഡ്ഢിയെയുമൊക്കെ പരിചയപ്പെടുന്നത് ഇങ്ങനെയൊരു വൈകുന്നേരമാണ്. അവർ ആന്ധ്രാപ്രദേശിൽ നിന്നാണ്. തമിഴ് കൊഞ്ചം, കൊഞ്ചം പോതുമെങ്കിലും തെലുങ്ക് ‘ശ്ശി’ പ്രയാസമാണ്.
അവരുടെ താളത്തിലുള്ള സംസാരം കേട്ടോണ്ടു നിൽക്കാൻ നല്ല രസമാണെങ്കിലും ഒന്നുമങ്ങോട്ട് പിടി കിട്ടുന്നില്ല. തിരിച്ചു പറയാനൊട്ട് അറിയുകയുമില്ല. അങ്ങനെയൊരു പ്രതിസന്ധിയുടെ പടവിൽ നിൽക്കുമ്പോഴാണ് പെട്ടെന്നൊരു പാട്ട് മനസ്സിലേക്ക് വരുന്നത്. പിന്നെ ഒന്നും നോക്കിയില്ല. ഹിന്ദുസ്ഥാനി, തെലുങ്കുസ്ഥാനി രാഗത്തിൽ ഒരു വരി അങ്ങട് കാച്ചി ” റാവാലി ജഗൻ കാവാലി ജഗൻ…. മന ജഗൻ.. “
2019 ലെ വൈ.എസ് ജഗൻ മോഹൻ റെഡ്ഢിയുടെ ഇലക്ഷൻ ക്യാമ്പയിൻ സോങ്ങാണ്. സംഗതി ഏറ്റു. എല്ലാ മലയാളികളും എന്നെ തുറിച്ചു നോക്കുന്നു. ചുറ്റുപാടുമുള്ള എല്ലാ തെലുങ്കാളികളും വന്ന് കൈ പിടിച്ചു കുലുക്കുന്നു. കൂടെ ഒരു ചോദ്യം, “അസറൂന് തെലുങ്കും വശമുണ്ടോ? എന്ന്. ഞാനങ്ങു ധൃതങ്കപുളകിതനായി, ശശാങ്ക തരളിതനായി. “താങ്ക്സ് ജഗനണ്ണാ… “ഈയൊരൊറ്റ പാട്ടാണ് എന്നെ അവരോട് കൂടുതൽ അടുപ്പിച്ചത്. മുഖ്യമന്ത്രി ജഗനെ അവരെല്ലാം കാണുന്നത് ഒരു തരം സ്നേഹം കലർന്ന ഭക്തിയോടെയാണ്. അവർക്കദ്ദേഹം തങ്ങളുടെ പ്രിയപ്പെട്ട രാജണ്ണന്റെ മാനസപുത്രനാണ്.
പോണ്ടിയിലെ കൂട്ടുകാരൻ വിനോദ് വാട്സാപ്പിൽ മെസ്സേജ് അയക്കുമ്പോൾ എന്നെ വിളിക്കുന്നത് ‘കാവാലി അസറു’എന്നാണ്. മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഢിക്ക് ആന്ധ്രാക്കാരുടെ മനസ്സിൽ എത്രത്തോളo സ്ഥാനമുണ്ടെന്ന് എനിക്ക് ശരിക്കും ബോധ്യപ്പെട്ടത് പോണ്ടിച്ചേരിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയിലാണ്. പോണ്ടിയിൽ നിന്ന് കയറുമ്പോൾ എന്റെ കംപാർട്മെന്റിൽ ഞാൻ ഒറ്റക്കായിരുന്നു. ഗുണ്ടൂർ എത്തിയതും ഒഴിവുണ്ടായിരുന്ന സീറ്റുകളെല്ലാം പെട്ടെന്ന് നിറഞ്ഞു. എല്ലാവരും ആന്ധ്രയിൽ നിന്നുള്ളവരാണ്.
വൈ.എസ്.ആർ; ആന്ധ്രക്കാരുടെ രാജണ്ണൻ
എനിക്കാകട്ടെ ആകെ അറിയുന്ന തെലുങ്ക് വാക്ക് സാഥ്വിക് പഠിപ്പിച്ചു തന്ന ‘എവളോ അണ്ണാ? “( How are you? ) എന്നതാണ്. അതും പിന്നെ നമ്മുടെ മാസ്റ്റർ പീസ് ഐറ്റമായ ജഗന്റെ ക്യാമ്പയിൻ സോങ്ങും വെച്ച് നമ്മൾ ഒരു വിധം പിടിച്ചു നിന്നു. അവരുടെ കൂട്ടത്തിലാകട്ടെ ഇംഗ്ലീഷ് അറിയാവുന്ന ഒരാളുള്ളത് കൊണ്ട് കാര്യങ്ങൾ കുറച്ചൂടെ എളുപ്പമായി. പക്ഷേ, അവിടെ എനിക്കൊരു അബദ്ധം പറ്റി. സംസാരത്തിനിടെ വൈ.എസ്.ആറിനെ പെരുത്തിഷ്ടമാണെന്നൊരു വാചകം അറിയാതെ എന്റെ വായിൽ നിന്നു വീണു. അത് കേട്ടതോടെ അവരുടെ കൂട്ടത്തിലൊരാൾക്ക് ആവേശം കയറി. ആള് ഫോൺ എടുത്ത് യൂട്യൂബ് തുറന്നു. പിന്നെ ഗുണ്ടൂരിൽ നിന്ന് ഡൽഹി വരെ ഞാൻ കേട്ടത് തെലുങ്ക് ഭാഷയിലുള്ള വൈ.എസ്. ആറിനെക്കുറിച്ചുള്ള സ്തുതിഗീതങ്ങൾ മാത്രം. അതും JBL ന്റെ മുഴക്കമുള്ള ബോക്സിൽ.
ആദ്യമാദ്യം ഞാനും പാട്ടിനൊത്തു താളം പിടിച്ചു നോക്കി. കുറേ കഴിയുമ്പോൾ എന്റെ ശ്രദ്ധ മാറിയെന്നു തോന്നിയാൽ ആള് ഉച്ചത്തിൽ എന്നോട് എന്തോ ചോദിക്കും. ഞാൻ അതേയെന്നർത്ഥത്തിൽ തലയാട്ടും. പിന്നെയാണ് മനസ്സിലായത്, പുള്ളി ചോദിച്ചത് ” ഈ പാട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ അടുത്ത പാട്ട് ഇടട്ടെ? ” എന്നായിരുന്നു എന്ന്. പക്ഷേ, ഇതിനൊക്കെ അപ്പുറമായിരുന്നു അവർക്ക് യെദുഗിരി സെന്തിതി രാജശേഖര റെഡ്ഢിയെന്ന വൈ. എസ്. ആർ. ” അദ്ദേഹം ദൈവമാണെന്നും, ഞങ്ങൾക്ക് വീടും, ഭക്ഷണവുമടക്കo എല്ലാം നൽകിയത് അദ്ദേഹമാണ് “അവരുടെ കൂട്ടത്തിലെ മെലിഞ്ഞു നീണ്ട ചന്ദ്ര ബാബു പറഞ്ഞു. 2003ൽ പദയാത്രയുമായി കടന്നു വന്നപ്പോൾ വൈ.എസ്. ആർ തന്നെ ചേർത്തു പിടിച്ചിരുന്നുവെന്ന് പറഞ്ഞു മുഴുമിപ്പിക്കും മുമ്പ് അയാളുടെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞു. സംസാരത്തിനിടെ ഞാൻ “വൈ. എസ്. ആർ “എന്ന് പറയുമ്പോഴെല്ലാം അയാൾ എനിക്കു നേരെ കൈ കൂപ്പുന്ന പോലെ തോന്നി.
ഇന്ത്യയിൽ കോൺഗ്രസ് പാർട്ടിക്ക് രണ്ടു ഹൈക്കമാന്റ് ഉണ്ടായിരുന്നു, ഒന്ന് ഡൽഹിയിലും, മറ്റേത് കഡപ്പയിലും( Y.S.R ന്റെ നാട്). ഡൽഹിയിലെ തീരുമാനങ്ങൾക്ക് ചിലപ്പോൾ മാറ്റo ഉണ്ടായെന്നു വരാം. പക്ഷേ, കഡപ്പയിൽ കഡപ്പ കടുവയിൽ നിന്നൊരു തീരുമാനം വന്നാൽ പിന്നെ തല പോയാലും അതിൽ മാറ്റമുണ്ടാവില്ല. ഞങ്ങൾക്ക് അണ്ണനായിരുന്നു പാർട്ടി. അണ്ണന്റെ മോനായത് കൊണ്ടു മാത്രമാണ് ജഗൻ ഇന്ന് മുഖ്യമന്ത്രിയായത്. അത് തിരിച്ചറിയാൻ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞില്ല.
വൈ.എസ്.ആറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്നു കെ. വി. പി രാമചന്ദ്ര റാവു. നിഴലു പോലെ കൂടെയുണ്ടായിരുന്നു. എവിടെയാണെങ്കിലും കെ.വി. പി കൂടെയുണ്ടാകാമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. ഏത് യോഗമാണെങ്കിലും എല്ലാം കേട്ടു കഴിഞ്ഞ് കെ.വി.പി ഒരു തീരുമാനം പറയും. അതായിരുന്നു വൈ.എസ്.ആറിന്റെയും തീരുമാനം. “അവസാന ഹെലികോപ്റ്റർ യാത്രക്കൊടുവിൽ വൈ.എസ്.ആർ അനേകം കഷ്ണങ്ങളായി ചിതറിത്തെറിക്കുമ്പോൾ മാത്രം അദ്ദേഹത്തിന്റെ കൂടെയുണ്ടായില്ലല്ലോ” എന്ന് തുടരെപ്പറഞ്ഞു കൊണ്ട് കരയുന്ന കെ.വി.പി യുടെ ചിത്രം വൈ. എസ്. ആർ മരിച്ച ദിവസത്തെ മനോരമ പത്രത്തിൽ കണ്ടത് ഒരു മങ്ങിയ ദൃശ്യo പോലെ എന്റെ മനസ്സിലേക്ക് കടന്നു വന്നു.
അണ്ണൻ മരിച്ചതല്ലല്ലോ.. കൊന്നതല്ലേ.. !!
ഇങ്ങനെ പരസ്പരം സംസാരിച്ചു കൊണ്ട് ഞങ്ങളിങ്ങനെ യാത്ര തുടർന്നു. വിഷയം വഴി തിരിച്ചു വിടാൻ കുറേ നോക്കിയിട്ടും രക്ഷയില്ല. ഒടുക്കം വൈ. എസ്. ആറിൽ തന്നെ എത്തി നിൽക്കും. ആഗ്ര കന്റോൺമെന്റ് സ്റ്റേഷനിൽ ട്രെയിൻ അഞ്ചു മിനിറ്റ് നിർത്തിയപ്പോൾ ഞങ്ങൾ ചായ കുടിക്കാനിറങ്ങി. ട്രെയിൻ സൈറൺ മുഴക്കിയതോടെ ഞങ്ങൾ ചാടിക്കയറി. സംസാരം തുടരുന്നതിനിടെ ഞാനൊരു കാര്യം പറഞ്ഞു. ” രാജണ്ണൻ മരിച്ചില്ലായിരുന്നുവെങ്കിൽ ആന്ധ്ര വിഭജിക്കപ്പെടില്ലായിരുന്നു അല്ലേ..? ” ആ ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല. റൈറ്റ് സൈഡിലെ വിൻഡോ സീറ്റിലിരുന്ന് പുറംകാഴ്ചകളിൽ ലയിച്ചിരുന്ന അർജുൻ അണ്ണ മാത്രം പതിയെപ്പറഞ്ഞു, “അതിന് അണ്ണൻ മരിച്ചതല്ലല്ലോ.. അയാൾ കൊന്നതല്ലേ..” ?
ആരെന്നു ഞാൻ ചോദിച്ചില്ല, അതിന്റെ ഏകദേശ ഉത്തരം എനിക്കുമറിയാമായിരുന്നു. ഉച്ചക്ക് ഒന്നരക്കാണ് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തുന്നത്. തെലുങ്ക് ബ്രോസിനെല്ലാം വീണ്ടും കാണാമെന്നു പറഞ്ഞു കൈ കൊടുത്തു പിരിഞ്ഞു. പോകുന്ന മുന്നേ രാമണ്ണ ബ്രോ മാത്രം ഇങ്ങനെ പറഞ്ഞു, “എന്തു വന്നാലും മരിക്കുന്ന വരെ ഞങ്ങളാരും ജിയോ സിം എടുക്കില്ല” അതോടെ എന്റെ മനസ്സിലെ ഉത്തരം ഏതാണ്ട് ശരിയാവാൻ തുടങ്ങിയിരുന്നു.
ട്രെയിനിറങ്ങി ന്യൂ ഡൽഹി മെട്രോ സ്റ്റേഷനിൽ നിന്നും ജാമിഅയിലേക്കുള്ള വഴിമധ്യേയാണ് ഞാനെന്റെ മനസ്സിലെ സംശയത്തിന്റെ ചില ബിന്ദുക്കൾ പരസ്പരം ചേരുംപടിചേർത്തു നോക്കിയത്. ആന്ധ്രയുടെ തീരപ്രദേശങ്ങളിലായി 50,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായാണ് കൃഷ്ണ ഗോദാവരി നദീതടം പരന്നു കിടക്കുന്നത്. ഏറെ ധാതുസമ്പുഷ്ടമായ ഇവിടെയാണ് വർഷങ്ങൾക്കു മുമ്പ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഒരു ഖനനത്തിനിടെ 7,645 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാതക ശേഖരങ്ങളിലൊന്നായ KG-DWN-98/1 കണ്ടെത്തുന്നത്. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് തുടക്കമിട്ട ഇന്ത്യയിലെ ഉദാരവത്കരണ നയങ്ങൾ രാജ്യത്തിന്റെ സർവമേഖലകളിലും ക്രമാനുഗതമായ മാറ്റങ്ങൾ കൊണ്ടു വന്നു.
1991 ൽ, നരസിംഹറാവുവിന്റെ കാലത്ത് നടപ്പാക്കിയ എൽ.പി.ജി ഉദാരവൽക്കരണ നയത്തിന്റെ ഫലമായി ഹൈഡ്രോകാർബൺ ഖനനത്തിലും , ഉൽപാദനത്തിലേക്കും സ്വകാര്യനിക്ഷേപങ്ങൾ വന്നു തുടങ്ങി. പ്രാരംഭ ഘട്ടത്തിൽ ചെറുകിട, ഇടത്തരം സംരംഭകരായിരുന്നു ഈ മേഖലയിൽ നേട്ടമുണ്ടാക്കിയത്. തൊണ്ണൂറുകളുടെ അവസാനത്തോടെ ഇത്തരം നയങ്ങളിൽ കാര്യമായി വെള്ളo ചേർത്ത് പരിഷ്കരിച്ച പോളിസികൾ വന്നതോടെ കുത്തകകൾ LPG മേഖലയാകെ കയ്യടക്കി. 1999 ൽ പരിഷ്കരിച്ച LPG നയത്തിന്റെ പിൻബലത്തിലാണ് കൃഷ്ണ -ഗോദാവരി നദീതടത്തിന്റെ ഡി-6 ബ്ലോക്ക് ഖനനം ചെയ്യാനുള്ള അവകാശം റിലയൻസ് നേടിയെടുക്കുന്നത്.
2002 ൽ ധീരുഭായ് അംബാനി മരണപ്പെട്ടതോടെ മക്കളായ മുകേഷും അനിലും തമ്മിൽ സ്വത്തുവകകൾ വിഹിതം വെക്കുന്നതിനെചൊല്ലി തർക്കം തുടങ്ങി. റിലയൻസിനെ രണ്ടായി ഭാഗിച്ചതോടെ വാതക മേഖലയുടെ സിംഹഭാഗവും മുകേഷ് അംബാനി കൈക്കലാക്കാൻ തുടങ്ങി. അനിൽ വിട്ടു കൊടുക്കാൻ തയ്യാറായില്ല. തർക്കം മൂർച്ഛിച്ചു. വർഷങ്ങൾ നീണ്ട ഈ തർക്കം ഒടുവിൽ സുപ്രീം കോടതിയാണ് പരിഹരിച്ചത്. “വാതക കരുതൽ നിക്ഷേപങ്ങൾ രാജ്യത്തിന്റേതാണെന്നും സ്വകാര്യവ്യക്തികൾക്കു നൽകാൻ നിർവ്വാഹമില്ലെന്നുമാണ്” വിധിപ്രസ്താവത്തിൽ കോടതി നിരീക്ഷിച്ചത്.
2004 ജൂണിലാണ് കേന്ദ്രസർക്കാർ സ്ഥാപനമായ എൻ.ടി.പി.സി ആന്ധ്രാപ്രദേശിലെ ഗന്ധാറിലും, ഖവാസിലുമുള്ള അവരുടെ 2600 മെഗാവാട്ട് പവർ പ്ലാന്റിലെ വാതക വിതരണത്തിനായുള്ള ടെൻഡറുകൾ ക്ഷണിക്കുന്നത്. ആന്ധ്രയുടെ തീരപ്രദേശങ്ങളിൽ പിടിമുറുക്കാൻ തക്കം പാർത്തു നടന്നിരുന്ന റിലയൻസ് ഇൻഡസ്ട്രീസ്, ഈ പദ്ധതിയിലൂടെ തങ്ങൾക്ക് സ്വയം ഗ്യാസ് ഉൽപാദനം ആരംഭിക്കാമെന്ന പ്രതീക്ഷയിൽ പദ്ധതി ഏറ്റെടുക്കാൻ മുന്നോട്ടു വന്നു. വർഷത്തിൽ 132 ട്രില്യൺ യൂണിറ്റ് ഗ്യാസ് എൻ.ടി.പി.സിക്ക് 17 വർഷത്തേക്ക്, യൂണിറ്റിന് 2.34 ഡോളർ വിലയിൽ ലഭ്യമാക്കാമെന്നു കരാറൊപ്പിട്ടു. ഈ കരാർ മുഖേന, ഏറ്റവും കുറഞ്ഞ വിലക്ക് ഗ്യാസ് ലഭ്യമാക്കുന്ന ‘ടെക്നോ-കൊമേഴ്‌സ്യൽ’ കമ്പനി എന്ന ഖ്യാതി കൂടെ അവർ നേടിയെടുത്തു. കാലക്രമേണ ഇതിൽ നിന്നു തന്നെ തന്റെ പവർ പ്ലാന്റുകൾക്കും ഗ്യാസ് ചോദിക്കാമെന്നും അംബാനി മനസ്സിൽ കണക്കു കൂട്ടി.
വൈ.എസ്.ആറും – അംബാനി സഹോദരങ്ങളും
ആന്ധ്രയിൽ അന്ന് വൈ.എസ്. ആറാണ് മുഖ്യമന്ത്രി. സ്വകാര്യപങ്കാളിത്തം വരുന്നതിലൂടെ വാതകനിക്ഷേപങ്ങൾ , അതിൽ നിന്ന് വേർതിരിച്ചെടുക്കുന്ന വാതകത്തിന്റെ വിലനിർണ്ണയ സംവിധാനങ്ങൾ തുടങ്ങിയവക്കു മേലെല്ലാം കുത്തകകൾ പിടിമുറുക്കുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. 2006 ൽ ഒരു ഇലക്ഷൻ റാലിയിൽ വൈ.എസ്.ആർ പ്രസംഗിച്ചതിങ്ങനെ “ ഗ്യാസ് ഒരു പ്രകൃതിവിഭവമാണ്, രാജ്യത്തിന്റെ സ്വത്താണ്, ഒരു സ്വകാര്യ കമ്പനിയുടെയല്ല. ഗ്യാസ് ആർക്ക്? എന്തു വിലക്കാണ് ലഭിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. “
മുകേഷ് – അനിൽ തർക്കങ്ങളിൽ ആദ്യഘട്ടം മുതൽ മധ്യസ്ഥത വഹിച്ചിരുന്നത് അവരുടെ മാതാവ് കോകിലബെൻ അംബാനിയായിരുന്നു. പക്ഷേ, അവർക്കാകട്ടെ വാതകനിക്ഷേപമുള്ള ഭൂമിയെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താനായിരുന്നില്ല. ഇതിനിടയിലാണ് തർക്കങ്ങളുടെ മധ്യസ്ഥനാകാൻ വൈ.എസ്.ആർ മുന്നോട്ട് വരുന്നത്. തർക്കം പരിഹരിച്ചാൽ ആന്ധ്രാപ്രദേശിന്റെ വ്യാവസായിക വികസനത്തിനായി ഗ്യാസ് വിഹിതത്തിന്റെ പത്തു ശതമാനമെങ്കിലും ഗവണ്മെന്റിലേക്ക് തരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ ഓഫർ അംബാനിമാർ തള്ളിക്കളഞ്ഞു.
അതോടെ വൈ.എസ് ആറിനും വാശിയായി. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് റെഡ്ഡി ഒരു കത്തയച്ചു. സ്വത്തുക്കൾ വിതരണം ചെയ്യാനുള്ള കേന്ദ്രത്തിന്റെ അവകാശം സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും, മുകേഷിന്റെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (R.I.L) അനിലിന്റെ കീഴിലുള്ള റിലയൻസ് നാച്ചുറൽ റിസോഴ്‌സസ് ലിമിറ്റഡും (R.N.R.L) തമ്മിലുള്ള തർക്കത്തിന് അറുതി വരുത്തണമെന്നും അല്ലാത്ത പക്ഷം മുഖ്യമന്ത്രി എന്നതിനേക്കാളുപരി താൻ വിഷയത്തിൽ ഇടപെടുമെന്നും കത്തിൽ ഊന്നിപ്പറഞ്ഞിരുന്നു.
അവിടെയും നിർത്തിയില്ല വൈ.എസ്.ആർ, ആന്ധ്രാപ്രദേശ് ഗ്യാസ് ഇൻഫ്രാസ്ട്രക്ചർ കോർപറേഷൻ എന്ന സ്ഥാപനം രൂപീകരിച്ച് ഗ്യാസ് ഖനനം ഏറ്റെടുക്കാൻ ഈ കമ്പനി തയ്യാറാണെന്ന് കേന്ദ്രഗവണ്മെന്റിനെ സമീപിച്ച് നിരന്തരം സമ്മർദ്ദം ചെലുത്താനും തുടങ്ങി. മാത്രമല്ല, തന്റെ സ്വാധീനമുപയോഗിച്ച് റിലയൻസ് സ്ഥാപനങ്ങളിൽ നിരന്തരം റെയ്ഡ് നടത്തുകയും ചെയ്തു. അംബാനിമാർക്ക് ഇത് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ആദ്യഘട്ടത്തിൽ അവർ കേന്ദ്രബന്ധങ്ങളുപയോഗിച്ചു വൈ.എസ്.ആറിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, കരുത്തനായ രാജണ്ണ ആർക്കു മുമ്പിലും കീഴൊതുങ്ങിയില്ല.
ദുരൂഹ മരണം
2009 സെപ്റ്റംബർ രണ്ടാം തിയതിയാണ് ആന്ധ്രയെയാകെ കണ്ണീരണിയിച്ചു കൊണ്ട് വൈ.എസ് രാജശേഖര റെഡ്ഡിയുടെ ഹെലികോപ്റ്റർ പൂർവ്വഘട്ടത്തിലെ നല്ലമല വനത്തിന്റെ ചെരിവിലേക്ക് ഇടിച്ചിറങ്ങിയത്. ദിവസങ്ങൾ നീണ്ട തിരച്ചിലുകൾക്കൊടുവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടു കിട്ടിയത്. നിരവധി വധശ്രമങ്ങളെ അതിജയിച്ച രാജണ്ണ തങ്ങളെ വിട്ടുപോയെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ നൂറു കണക്കിനു മനുഷ്യൻ ജീവനൊടുക്കി. ഒരു തവണ അദ്ദേഹത്തെ മരണത്തിൽ നിന്ന് രക്ഷിച്ചത് ഒരു എലിയായിരുന്നു . അദ്ദേഹത്തെ വധിക്കാന്‍ നക്‌സലൈറ്റുകള്‍ സ്ഥാപിച്ച കുഴിബോംബിന്റെ വയറുകള്‍ എലി കരണ്ടു നശിപ്പിച്ചതിനാല്‍ പൊട്ടാതിരിക്കുകയായിരുന്നു. രാജണ്ണയെ വഹിച്ച കോപ്റ്റർ കാണാതായത് മുതൽ ഗോദാവരിയിലൂടെ ഒഴുകിയത് ജീവനേക്കാളേറെ രാജണ്ണയെ സ്നേഹിച്ച സാധാരണ മനുഷ്യരുടെ ഉപ്പു കലർന്ന കണ്ണീരായിരുന്നു.
സ്വാഭാവിക സംഭവത്തിനപ്പുറം ഇതൊരു ആസൂത്രിതകൊലപാതകമാണെന്ന് അന്നേ മുറവിളികളുയർന്നിരുന്നു. എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് ബന്ധപ്പെട്ടവരെ ആരെയും അറിയിക്കാതെ, ഒരു ഔദ്യോഗിക നിർദേശത്തിനും കാത്തു നിൽക്കാതെ മുമ്പേ തീരുമാനിച്ച എയർ ഷിപ്പ് മാറ്റിയത് ആരുടെ നിർദേശപ്രകാരമായിരുന്നു എന്നത് ഇന്നും അവ്യക്തമാണ്. വിമാനം നിയന്ത്രിക്കുന്നതിൽ പരിചയക്കുറവുള്ള ഒരു പുതുമുഖ പൈലറ്റിനെ മുഖ്യമന്ത്രിയുടെ കോപ്റ്റർ ഓടിക്കാൻ നിയോഗിച്ചതും, വളരെ മോശം കാലാവസ്ഥയെ അഭിമുകീകരിച്ചതിനു ശേഷവും 5500 അടി ഉയരത്തിൽ കോപ്റ്റർ പറത്തിയതും ദുരൂഹതകളുണർത്തുന്നു. അപകടത്തിന് മുമ്പ് ഹെലികോപ്റ്ററിൽ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് സി.വി.ആർ (ബ്ലാക്ക് ബോക്സ് ) റെക്കോർഡുകളും പറഞ്ഞിരുന്നു.
ട്രെയിനിൽ ഞാൻ പരിചയപ്പെട്ട വൈ. എസ്. ആറിന്റെ അനുയായികളടക്കം ഒരു വലിയ ശതമാനവും വിശ്വസിക്കുന്നത് ആ മരണത്തിനു പിന്നിൽ മുകേഷ് അംബാനിയാണെന്നാണ്. പെട്രോളിന്റെ വിലനിയന്ത്രണം എടുത്ത് കളയാനുള്ള ബില്ലിനോട് വിമുഖത കാണിച്ച ക്യാബിനറ്റ് മന്ത്രിയായിരുന്ന വീരപ്പമൊയ്ലിയെ രാത്രിയോടു രാത്രി തൽസ്ഥാനത്തു നിന്നു മാറ്റാൻ കഴിവുള്ള അയാൾക്ക് ഇതിനും കഴിയുമെന്നാണ് അവരുടെ പക്ഷം. അത് സത്യമാണോ എന്ന് കാലം തെളിയിക്കട്ടെ.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS