പ്രധാനമന്ത്രി, മുഖ്യമന്ത്രി, ജില്ലാ മജിസ്ട്രേറ്റ്: മൂന്ന് പ്രധാന ഭരണ സ്തംഭങ്ങളെ തുറന്ന് കാട്ടിയ കോവിഡ് മഹാമാരി
കാലികം / ശേഖർ ഗുപ്ത
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ജില്ലാ മജിസ്‌ട്രേറ്റും ഇന്ത്യൻ ഭരണവ്യവസ്ഥയുടെ പ്രധാനപ്പെട്ട മൂന്ന് എഞ്ചിനുകളാണ്, എന്നാൽ കൊറോണ വൈറസ് പടർന്ന് പിടിച്ചപ്പോൾ അതിനെ കൈകാര്യം ചെയ്യുന്നതിൽ ആ മൂന്ന് അധികാര കേന്ദ്രങ്ങളും പരാജയമായിരുന്നു.
ഭരണ നിർവ്വഹണത്തിൽ ഈ മൂന്ന് പരമാധികാര കേന്ദ്രങ്ങൾക്കുമുള്ള പങ്ക് വളരെ വലുതാണ്. കൊറോണ വൈറസിന്റെ അടിയന്തിര സഹചര്യത്തിൽ,
പകർച്ചവ്യാധികൾക്കുള്ള നിയമവും (Epidemic Diseases Act) ദുരന്തനിവാരണ നിയമവും (Disaster Management Act) നടപ്പി ലാക്കുമ്പോൾ സർക്കാറുകൾക്ക് ലഭിച്ച പ്രത്യേക അധികാരങ്ങൾ ഇത് കൂടുതൽ വ്യക്തമാക്കുന്നു.
എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ ഈ ഭരണ സംവിധാനങ്ങൾ നന്നായി പ്രവർത്തിച്ചിട്ടുണ്ടോ എന്നത് നാം ചർച്ച ചെയ്യേണ്ടതാണ്. ഇവരുടെ കാര്യക്ഷമത ഇല്ലാത്ത പ്രവർത്തങ്ങൾ കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമായി തീർന്നിട്ടുണ്ടോ എന്നതും ചോദ്യം ചെയ്യപ്പെടേണ്ടതാണ്, പ്രത്യേകിച്ച് അസംഘടിത തൊഴിലാളികളുടെയും അന്യ സംസ്ഥാന തൊഴിലാളികളുടെയും കാര്യത്തിൽ.
1996 മുതൽ 2014 വരെ നിലനിന്ന സഖ്യകക്ഷി യുഗം അവസാനിച്ചതോടെ 2014 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷമാണ് ഈ PM-CM-DM ത്രയം ശക്തി പ്രാപിച്ചത്. കഴിഞ്ഞ ആറ് വർഷമായി മറ്റു മന്ത്രിമാരേയും അധികം നാം കേൾക്കാറില്ല. അവരിൽ തന്നെ ഏറ്റവും മുതിർന്നവരെ, സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) അംഗങ്ങളിൽ പോലും, അമിത് ഷായെ ഒഴികെ, ആരെയും കാര്യമായിട്ട് കണക്കിലെടുക്കാറില്ല.
അപ്രസക്തമായ കൂട്ട ഉത്തരവാദിത്തവും ആഭ്യന്തര ചർച്ചകളും
കാബിനറ്റ് സംവിധാനത്തിന്റെ പ്രസക്തി കുറഞ്ഞിട്ടുണ്ട്. കൂട്ടായ ഉത്തരവാദിത്തം, ആഭ്യന്തര ചർച്ചകൾ, വിയോജിപ്പുകൾ എന്നിവ അപ്രത്യക്ഷമാവുകയും ചെയ്തു.
നോട്ട് നിരോധനം പോലെ വലിയ ഒരു തീരുമാനം മന്ത്രിസഭയിൽ നിന്ന് രഹസ്യമായി എടുക്കാം. വിയോജിപ്പുകൾക്ക് കാര്യമായ പ്രസക്തിയുണ്ടാവില്ല, ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിലും ഇത് കാണാം.
ആ സഖ്യകക്ഷി മുന്നണികളുടെ കാലഘട്ടത്തിൽ പോലും പ്രാദേശിക ഏകാധിപതികൾ ഉയർന്നുവന്നിരുന്നു. തമിഴ്‌നാട്ടിൽ ജയലളിത, പശ്ചിമ ബംഗാളിൽ മമത ബാനർജി, ആന്ധ്രയിൽ വൈ.എസ്.രാജശേഖര റെഡ്ഡി, ഉത്തർപ്രദേശിൽ മായാവതി, ഗുജറാത്തിൽ നരേന്ദ്ര മോദി.
ഇവരെല്ലാം ശക്തരായ മുഖ്യമന്ത്രിമാരായിരുന്നു. അവരും പ്രധാനമന്ത്രിയും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട പൊതുവായ കാര്യം അവരുടെ മന്ത്രിമാർ എത്ര അപ്രസക്തരും ശക്തിയില്ലാത്തവരുമായിരുന്നു എന്നതാണ്. അത് പോലെ ചില പ്രത്യേക ഉദ്യോഗസ്ഥരിലൂടെയാണ് അവർ അധികാരം കൈയ്യാളിയിരുന്നത്.
1897 ലെ പ്ലേഗിനെത്തുടർന്ന് ബ്രിട്ടീഷുകാർ തങ്ങളുടെ ഏറ്റവും വലിയ കോളനിക്ക് വേണ്ടി തയ്യാറാക്കിയ പകർച്ചവ്യാധി നിയമത്തിലും ഇത്തരം അസാധാരണ അധികാരം നൽകുന്ന രീതി ഉണ്ടായിരുന്നു.
UPA-1; ദുരന്തനിവാരണ നിയമം, 2005
എല്ലാ അധികാര കേന്ദ്രങ്ങളുടേയും സമ്പൂർണ്ണ കേന്ദ്രീകരണം കൊണ്ടുവന്നതായിരുന്നു ഏറ്റവും പുതിയ ദുരന്തനിവാരണ നിയമം.
2004 ലെ സുനാമിയുടെ പശ്ചാത്തലത്തിൽ 2005 ൽ ഈ നിയമം പാസാക്കിയപ്പോൾ യുപിഎ സർക്കാർ ഇത് മുൻകൂട്ടി കണ്ടിരിക്കില്ല. അതുകൊണ്ടാണ് ഒരു മോശം നിയമം പാസാക്കുന്നതിനു മുമ്പ് നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണമെന്നും ഒരിക്കലും തിരക്ക് കൂട്ടരുത് എന്നും വിദഗ്ദ്ധർ പറയുന്നത്.
ഒന്നോ രണ്ടോ സംസ്ഥാനങ്ങളെ ബാധിക്കുന്ന ഒരു ദുരന്തത്തെക്കുറിച്ച് മനസ്സിൽ കണ്ടുള്ള ഒരു നിയമമാണ് തയ്യാറാക്കിയത്. എന്നാൽ കോവിഡ് മഹാമാരി വന്നപ്പോൾ എല്ലാ അധികാരങ്ങളെയും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാറിന് നിയമപരമായ അധികാരം ലഭിച്ചു എന്നാണ് മനസ്സിലാകുന്നത്.
വീഡിയോ കോൺഫറൻസിംഗിൽ മുഖ്യമന്ത്രിമാർക്ക് പ്രധാനമന്ത്രി സംസാരിക്കാനുള്ള പരിധി വരെ തീരുമാനിക്കുക, എല്ലാവർക്കും സംസാരിക്കാൻ സമയം നൽകാതിരിക്കുക, മാത്രമല്ല ഉദ്യോഗസ്ഥരുമായും സിവിൽ സർവീസുള്ളവരോടും നേരിട്ട് സംസാരിക്കാനും കാര്യങ്ങൾ നേരിട്ട് നിയന്ത്രിക്കാനും സാധിക്കുക എന്നിവയില്ലെല്ലാം ഈ ഒരു കാര്യം വ്യക്തമാകുന്നുണ്ട്.
ചീഫ് സെക്രട്ടറിമാരുടെ യോഗങ്ങൾ കാബിനറ്റ് സെക്രട്ടറി നടത്തുന്നത് ഒരു തരത്തിലും ഭരണഘടനാവിരുദ്ധമോ അധാർമികമോ അല്ലെങ്കിലും, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കളെ എന്ത് ചെയ്യും? അവരുടെ അധികാരങ്ങൾക്ക് എന്ത് സംഭവിക്കും ? കാര്യങ്ങൾ വശളാവുന്ന സമയത്ത് ആര് ഉത്തരവാദിത്തം ഏൽക്കും ? അന്യ സംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ ഒക്കെ സംഭവിച്ചത് പോലെ. ആരാണ് ഈ വിഷയങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്?
ഇവിടെ ഒരു വൈരുദ്ധ്യം കാണാനാവും. ഈ രണ്ട് നിയമങ്ങളും നൽകുന്ന അധികാരങ്ങൾ അടക്കം ഭൂരിപക്ഷ അധികാരങ്ങളും പ്രധാനമന്ത്രിയുടെ കൈകളിൽ നിക്ഷിപ്തമാവുകയും ചെയ്യുമ്പോൾ, മുഖ്യമന്ത്രിമാർക്ക് വല്ല അധികാരവും ബാക്കി വെക്കുന്നുണ്ടോ? നമ്മുടെ ഭരണ സംവിധാനത്തിന്റെ പ്രധാന മൂന്ന് ഘടകങ്ങൾ എന്ന ശൈലിയെ കാര്യമായി തന്നെ ഇത് ബാധിക്കുന്നില്ലേ?
കാബിനറ്റ് സംവിധാനത്തിന്റെ പ്രസക്തി
ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ശ്രദ്ധിച്ചു നോക്കൂ. സർവ്വശക്തനായ ഒരു കേന്ദ്രത്തിന് കീഴിൽ നിരവധി മിനി സ്വേച്ഛാധിപത്യങ്ങളും നിലനിൽക്കുന്നുത് കാണാം. ഇത് ഒരു സാർവ പ്രതിഭാസമാണ്. തെലങ്കാനയിലും ആന്ധ്രയിലും പ്രാദേശിക പാർട്ടികളുടെ ശക്തരായ മുഖ്യമന്ത്രിമാരുണ്ട്, അവർ തങ്ങളെ കൂടുതൽ ശക്തരാക്കാൻ ഇതേ പ്രത്യേക നിയമങ്ങൾ ഉപയോഗിച്ചു. പശ്ചിമ ബംഗാളിൽ മമത ഒരു ഒറ്റയാൻ പോരാട്ടം നടത്തുന്നു.
ഇനി പ്രത്യേക അധികാരങ്ങൾ ഉണ്ടായിരുന്നിട്ടും കേന്ദ്ര സർക്കാരുമായി സഹകരിക്കാനോ,അവരെ അവഗണിക്കാനോ ചില സ്വയം പ്രഖ്യപിത സ്വേച്ഛാധിപതികൾക്ക് കഴിയും. ഉദാഹരണത്തിന് തെലങ്കാനയും പശ്ചിമ ബംഗാളും വളരെ കുറഞ്ഞ രീതിയിലാണ് കോവിഡ് ടെസ്റ്റുകൾ ചെയ്യുന്നത്, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ ഉണ്ടായിട്ടും അവർ കാര്യമായി പരിഗണിക്കുന്നില്ല.
ഡൽഹിയിലെ അധികാര കേന്ദ്രവും സംസ്ഥാന തലസ്ഥാനങ്ങളിലെ അധികാരമുള്ളവർക്കിടയിലും ഒരു പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെട്ടത് കാണാം.
ഒരേ രീതിയിൽ ഉള്ള രാഷ്ട്രീയ സമവാക്യങ്ങൾ അല്ല ഇന്ത്യയിൽ ഉള്ളത്. മഹാരാഷ്ട്രയിൽ വേറൊരു തരത്തിലാണ് കാര്യങ്ങൾ, പ്രതിസന്ധിക്കിടയിലും ഒരു പിതാവിന്റെയും മകന്റെയും സ്വേച്ഛാധിപത്യം അവിടെ കാണാം. അവരുടെ പാർട്ടിക്ക് നിയമസഭയിലെ ശക്തി അഞ്ചിലൊന്നിൽ താഴെയാണെന്ന കാര്യം കൂടി ഇവിടെ ഓർക്കണം.
ഇന്ത്യയുടെ വ്യാവസായിക, സാമ്പത്തിക ചക്രം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം അവർക്കുണ്ടായിരുന്നു, എന്നിട്ടും ഈ സമയത്ത് അവർ ആശയക്കുഴപ്പത്തിലായി കാര്യമായി ഒന്നും ചെയ്തില്ല. ദേശീയ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഇപ്പോൾ രോഗത്തിന്റെ പ്രഭവ കേന്ദ്രമാണ്. നേതാക്കൾക്ക് കേസുകൾ നിയന്ത്രിക്കാനോ സമ്പദ്‌വ്യവസ്ഥയെ വീണ്ടും ഉത്തേജിപ്പിക്കാനോ കഴിഞ്ഞില്ല. എന്നാൽ കാബിനറ്റ് എവിടെയാണ് എന്ന് ചോദിച്ചാൽ അവർ മകനെയും പിതാവിനെയും കാണിച്ചുതരും. അതിന് അപ്പുറത്തേക്ക് യതൊരു നിയന്ത്രണവുമില്ല.
സിവിൽ സർവീസുകാരുടെ ഒരു ടാസ്‌ക് ഫോഴ്‌സിലൂടെ പ്രധാനമന്ത്രി ദേശീയ തലത്തിൽ കാര്യങ്ങൾ നടത്തുന്നതു പോലെ, മുഖ്യമന്ത്രിമാരും അത് പോലെയുള്ള ആളുകളിലൂടെ കാര്യങ്ങൾ ചെയ്യുന്നു. കേന്ദ്രത്തിലാണെങ്കിൽ ആരോഗ്യം, വീട്, കൃഷി, തൊഴിൽ തുടങ്ങിയ വകുപ്പ് മന്ത്രിമാർക്ക് ഒരിക്കലും രാജ്യത്തോട് വന്ന് സംസാരിക്കേണ്ട ആവശ്യമേയില്ല. സംസ്ഥാന കാബിനറ്റുകളിൽ പലതിന്റെയും സാഹചര്യവും ഏകദേശം ഇത് പോലെ തന്നെയാണ്. എംഎൽഎമാരും എംപിമാരും ഇപ്പോൾ ഏറെക്കുറെ അപ്രസക്തരാണ് എന്നതൊരു വസ്തുത യാണ്.
അത് താഴെ ഘടകങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. കാര്യങ്ങളിൽ വേണ്ടത് പോലെ അറിയാതെയും താഴെക്കിടയിലുള്ള ആളുകളുടെ സാഹചര്യം മനസ്സിലാക്കാതെയും അപക്വമായ ഓർഡറുകൾ പാസ്സാക്കുന്നു. അതുകൊണ്ടാണ് ഓർഡറുകൾക്ക് ശേഷം തിരുത്തൽ ഓർഡറുകളും വിശദീകരണ ഓർഡറുകളും ഇറക്കേണ്ടി വരുന്നത്.
ഭാവനാശ്യൂനമായ തീരുമാനങ്ങൾ
ഇന്ത്യ പോലൊരു വലിയ വ്യവസ്ഥിതിയിൽ സമ്പൂർണ്ണ ലോക്ക്ഡൗണ്, നാല് മണിക്കൂർ മുമ്പ് അറിയിപ്പ് നൽകി നടപ്പിലാക്കുമ്പോൾ അന്തർ-സംസ്ഥാന തൊഴിലാളികളും മറ്റു തൊഴിൽ മേഖലയിലുള്ളവരും അഭിമുഖീകരിക്കാനിടയുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും ആരും മുൻകൂട്ടി കണ്ടിട്ടില്ലെങ്കിൽ, അതിനർത്ഥം അവർ അത്രക്ക് ഭാവനാശ്യൂനരും ഇന്ത്യയെന്ന മഹാരാജ്യത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണെന്ന് വിലയിരുത്തേണ്ടി വരും.
തൊഴിൽ ഇറക്കുമതി ചെയ്യുന്ന സംസ്ഥാനങ്ങളും (മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, പഞ്ചാബ്, ദില്ലി) കയറ്റുമതി ചെയ്യുന്ന സംസ്ഥാനങ്ങളും (ബീഹാർ, ഉത്തർപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, etc) ഇത് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു.
ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടത്തിന് ശേഷം, കാര്യങ്ങൾ അൽപ്പം വശളായിരുന്നു. എന്നാൽ മഹാരാഷ്ട്രയും ഗുജറാത്തും അതത് തലസ്ഥാനങ്ങളുടെ മുനിസിപ്പൽ കോർപ്പറേഷനുകളുടെ തലവന്മാരായ ഐ.എ.എസ് ഉദ്യോഗസ്ഥരെ നീക്കം ചെയ്തു. അവർ കൂടുതൽ കോവിഡ് ടെസ്റ്റ് ചെയ്യുന്നു എന്നതാണതിന് കാരണം. ബീഹാറിലെ ആരോഗ്യ സെക്രട്ടറിയേയും മധ്യപ്രദേശ് ആരോഗ്യ സെക്രട്ടറിയേയും ആരോഗ്യ കമ്മീഷണറെയും മാറ്റി.
ചുരുക്കത്തിൽ, തികച്ചും ഭരണഘടനാപരവും നിയമപരവുമായ മൂന്ന് തലത്തിലുള്ള ഭരണ സ്തംഭങ്ങളുടെ ദൂഷ്യഫലങ്ങൾ തിരിച്ചറിയാൻ ഈ ഒരു സമയം വേണ്ടി വന്നു എന്നതാണ് വസ്തുത.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS