KeralaMiddle East

“ഉസ്മാനേ…..”; കോവിഡ് കാല ട്രോളിലൂടെ ശ്രദ്ധേയനായ പ്രവാസി !

ആനുകാലികം / ടി. റിയാസ് മോൻ

നാദാപുരം പാറക്കടവില്‍ നിന്നും കെ കെ ഉസ്മാന്‍ ഖത്തറിലെത്തിയിട്ട് വര്‍ഷം കുറേയായി. പ്രവാസത്തിന്റെ ശൈശവ ഘട്ടത്തില്‍ നാട്ടിലെ പൊതുപ്രവര്‍ത്തനം നിര്‍ത്തി ഖത്തറിലെത്തിയ ഉസ്മാന്‍ ഖത്തറിലും പൊതുപ്രവര്‍ത്തനം തുടര്‍ന്നു.

ഖത്തര്‍ മലയാളികളുടെ സാംസ്‌കാരിക സാമൂഹ്യ ജീവിതത്തിനൊപ്പം നീങ്ങിയ അദ്ദേഹത്തെ മലയാളികള്‍ക്ക് സുപരിചിതനാക്കിയത് ഒരു വിളിയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ‘ഉസ്മാനേ…’ എന്ന് വിളിച്ചതോടെ അദ്ദേഹം മലയാളിയുടെ രാഷ്ട്രീയ ചര്‍ച്ചയില്‍ സജീവമായി. വീണ്ടുമൊരിക്കല്‍ കൂടി രമേശ് ചെന്നിത്തല വിളിച്ചപ്പോള്‍ ഒരു കാര്യം കൂടി തമാശയായി പറഞ്ഞു: ‘ഉസ്മാനേ, നീയിപ്പോള്‍ എന്നെക്കാളും പ്രശസ്തനായല്ലോ’.

കല്ലുകൊത്തിയില്‍ സി ബി കുഞ്ഞഹമ്മദ് ഹാജിയുടെ മകന്‍ ഉസ്മാന്‍ പാറക്കടവിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പഠിച്ചത് വളയം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍. പ്രീഡിഗ്രിക്കായി തലശ്ശേരി ബ്രണ്ണന്‍ കോളെജില്‍ ചേര്‍ന്നു. പ്രീഡിഗ്രിയൊന്നും ജീവിതത്തോളം വലുതല്ലെന്ന് തിരിച്ചറിഞ്ഞ് പാതിവഴിയില്‍ ഉപേക്ഷിച്ച് ഖത്തറിലേക്ക് കടന്നു. 1974 ജൂണ്‍ 6ാം തിയതി ഗള്‍ഫിലെത്തി.

വളയം സ്‌കൂളില്‍ പഠിക്കുമ്പോള്‍ കെ എസ് യു യൂനിറ്റ് പ്രസിഡന്റ്. സ്കൂൾ ലീഡറും ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് കെ എസ് യു ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി. മമ്പറം ദിവാകരന്‍, കെ സുധാകരന്‍ എന്നിവരോടൊപ്പം കെ എസ് യു പ്രവര്‍ത്തനം. മന്ത്രി എ കെ ബാലന്‍ അന്ന് ബ്രണ്ണനില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു.
1980- 82 കാലത്ത് ഖത്തറിലെ കോഴിക്കോട്ടുകാരുടെ സാംസ്‌കാരിക കൂട്ടായ്മയായ പ്രിയദര്‍ശിനി കള്‍ച്ചറല്‍ സെന്ററിന്റെ പ്രവര്‍ത്തകനായി.

കടമേരിയിലെ ചൂരക്കുളങ്ങര പോക്കര്‍ ആയിരുന്നു അന്ന് പ്രസിഡന്റ്. ഉസ്മാന്‍ അന്നതിന്റെ ജനറല്‍ സെക്ട്രട്ടറി. പിന്നീട് ചൂരക്കുളങ്ങര പോക്കര്‍ ഖത്തര്‍ വിട്ടു പോന്നപ്പോള്‍ ഉസ്മാന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തു. ആ കമ്മിറ്റിയുടെ പിന്‍ബലത്തിലാണ് ഖത്തറില്‍ 2002ല്‍ ഇന്‍കാസ് രൂപീകരിക്കുന്നത്. കെ സുധാകരന്‍ എം പി ഖത്തറില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് കോണ്‍ഗ്രസ് അനുഭാവികളുടെ സംഘടനായി ഇന്‍കാസ് രൂപീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നത്. സംഘടനയുടെ സ്ഥാപക പ്രസിഡന്റായി കെ കെ ഉസ്മാന്‍ ചുമതലയേറ്റു.

ദീര്‍ഘകാലം ഖത്തര്‍ ഇന്‍കാസിനെ നയിച്ച ഉസ്മാന്‍ നിലവില്‍ ഗ്ലോബല്‍ ഒ ഐ സി സിയുടെ വൈസ് പ്രസിഡന്റാണ്.
2007ല്‍ രൂപീകരിച്ച ഗള്‍ഫ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍, ഫ്രന്റ്‌സ് ഓഫ് റിതം ആന്റ് മേഴ്‌സി എന്നീ കൂട്ടായ്മകളുടെ പ്രസിഡന്റാണ്. നോബിള്‍ ഇന്ത്യന്‍ സ്‌കൂളിന്റെ രൂപീകരണ കമ്മിറ്റി അംഗമാണ്.

കോവിഡ് 19 രോഗബാധ ഖത്തറില്‍ വ്യാപിച്ചപ്പോള്‍ ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇന്‍കാസും പങ്കു കൊണ്ടു. 7000ത്തിലധികം ഭക്ഷണ കിറ്റുകള്‍ ഇൻ കാസ് ചെയ്തു. കോഴിക്കോട് ജില്ലയില്‍ നിന്നും ഖത്തറിലെത്തി ലോക്ക്ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ട ഖത്തറിലെ സംഘടനാ പ്രവര്‍ത്തകരുടെ വീട്ടില്‍ 5000 രൂപ എത്തിച്ചു നല്‍കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ചതുമായി ബന്ധപ്പെട്ടാണ് ട്രോളുകളിലൂടെ ഉസ്മാന്‍ ശ്രദ്ധേയനാകുന്നത്. ഇല്ലാത്ത ഉസ്മാനെയാണ് ചെന്നിത്തല വിളിക്കുന്നതെന്നായി ആരോപണം. ചെക്യാട് പഞ്ചായത്തിലെ രായരോത്തെ വീട്ടിലും, ഖത്തറിലെ ബിസിനസ് രംഗത്തുമുള്ള ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയയെയും, മലയാളികളായ ജനലക്ഷങ്ങളെയും ബോധ്യപ്പെടുത്തേണ്ട അവസ്ഥയിലായി കെ കെ ഉസ്മാന്‍.

നാല്പത്തി അഞ്ച് വര്‍ഷത്തിലേറെയായി ഖത്തറില്‍ പൊതു പ്രവര്‍ത്തന രംഗത്തുള്ള, മലയാളി ജീവിതത്തില്‍ സജീവമായ ഒരാളെയാണ് അങ്ങനെയൊരാള്‍ തന്നെ ഇല്ലെന്ന് പറഞ്ഞ് റദ്ദ് ചെയ്യാന്‍ ശ്രമിച്ചത്. ആ വിവാദമായ ഫോണ്‍ വിളിയുടെ പിറ്റേ ദിവസവും രമേശ് ചെന്നിത്തല ഉസ്മാനെ വിളിച്ചിരുന്നു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഖത്തറിലെ ഒരു ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഒറ്റപ്പെട്ടു പോയ മലയാളി സംഘത്തിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അത്. 16 പേര്‍ അവിടെ കുടുങ്ങി ക്കിടക്കുകയാരുന്നു. റെഡ് ക്രസന്റിന്റെ സഹായത്തോടെ ഒരു മാസത്തേക്കുളള ഭക്ഷ്യവസ്തുക്കള്‍ സന്നദ്ധ സംഘടനകളുമായി ചേർന്ന് അവര്‍ക്ക് എത്തിച്ചു കൊടുത്തു.

ദോഹയില്‍ നിന്നും നെടുമ്പാശേരിയിലേക്ക് പ്രത്യേക വിമാനം പുറപ്പെട്ടപ്പോള്‍ ട്രോളുകളില്‍ പിന്നെയും ഉസ്മാന്‍ നിറഞ്ഞു. വിമാനമിറങ്ങുന്നവരുടെ കൂട്ടത്തില്‍ എവിടെ ഉസ്മാന്‍ എന്ന് ചോദിച്ചു നടക്കുന്ന ചെന്നിത്തലയുടെ ചിത്രത്തോടൊപ്പം ആയിരുന്നു അത്. അന്നേരം പൂര്‍ണ്ണഗര്‍ഭിണിയായ തന്റെ മകളോടൊപ്പം നെടുമ്പാശ്ശേരിയിലേക്ക് വിമാനത്തിലായിരുന്നു ഉസ്മാന്‍ സാഹിബ്. മൂന്ന് ആണ്‍ മക്കളുണ്ട്. ഭാര്യ സൈനബ.

Tags
Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

Back to top button
Close