HealthLife Style

സാമൂഹിക അകലം; സാമൂഹിക ബന്ധങ്ങളെ വിച്ഛേദിക്കുന്നുവോ?

സാമൂഹികം / എഞ്ചി. മുഹമ്മദ് ഇഖ്ബാൽ

സോഷ്യൽ ഡിസ്റ്റൻസിങ്ങിനെ സാമൂഹിക അകലം എന്ന് തർജ്ജമ ചെയ്തപ്പോൾ സമൂഹത്തിൽ അത് സൃഷ്ടിച്ച പുതിയ പൊതു ബോധം തികച്ചും അപകടകരമാകുന്നോ എന്നൊരു സംശയം. “ശാരീരിക അകലം സാമൂഹിക ഒരുമ” എന്നെല്ലാം പിന്നീട് അതിനെ നിർവചിച്ചെങ്കിലും സമൂഹത്തിൽ കൊറോണ എന്ന സൂക്ഷ്മ ജീവി വരുത്തിയ പുതിയ ബോധം അത്ര സുഖകരമല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കൊറോണ മനുഷ്യ മനസ്സിൽ ഒരു ഭീതി സൃഷ്ടിച്ചിട്ടുണ്ട് എന്നത് സത്യമാണ്. ഈ അസുഖം എൺപത് ശതമാനം പേരിലും അത്ര ഗുരുതരമാവില്ല എന്ന സത്യമൊക്ക ശരി തന്നെ; പക്ഷെ ഈ അസുഖത്തിന്റെ പകർച്ച സൃഷ്ടിച്ച പ്രശ്നങ്ങളും ഈ അസുഖം കാരണം യൂറോപ്പിലും അമേരിക്കയിലും മരിച്ചു വീണ ആളുകളെക്കുറിച്ച് വിഷ്വൽ – സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കപ്പെടുന്ന ഭീതിദമായ വാർത്തകളും എല്ലാം മനുഷ്യമനസ്സിൽ സൃഷ്ടിച്ച ഭീതിയുടെ അളവ് അപാരമാണ്.

അതുകൂടാതെ സർക്കാരുകൾ ജനങ്ങളെ അനാവശ്യമായ കൂടിച്ചേരലുകളും യാത്രകളും ഒഴിവാക്കാൻ വേണ്ടി ബോധവൽക്കരിക്കുന്നതിന്റെ ശൈലി കൊണ്ടാണോ എന്നറിയില്ല അതും സമൂഹത്തിൽ ഭീതി വളർത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുൻപുണ്ടായിരുന്ന സാമൂഹ്യ ബന്ധത്തിന് അത് നല്ലൊരളവിൽ മാറ്റം വന്നിട്ടുണ്ട്. ഇന്ന് ഓരോരുത്തരും താനല്ലാതെ മറ്റുള്ളവരെല്ലാം കൊറോണ വാഹകരാണെന്ന മട്ടിൽ പെരുമാറുന്നുണ്ട് (മെഡിക്കൽ ഭാഷയിൽ പറയുന്നത് താൻ കൊറോണ വാഹകനാണെന്ന് കരുതി അത് മറ്റുള്ളവർക്ക് പരത്താതിരിക്കാൻ ശ്രദ്ധിക്കണം എന്നാണ്. പക്ഷെ ഇവിടെ സംഭവിക്കുന്നത് നേരെ തിരിച്ചാണ്)

കൊറോണ എന്നത് ദീർഘകാലം സമൂഹത്തിൽ നിലനിൽക്കുന്ന ഒരു സത്യമാണ് എന്ന് മനസ്സിലാക്കുന്പോൾ കൊറോണക്കിടയിലൂടെ സമൂഹ ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും രീതികളും സർക്കാരും സാമൂഹ്യ ശാസ്ത്രജ്ഞരും ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ നമ്മുടെ നന്മകളും മൂല്യങ്ങളും നമുക്ക് കൈമോശം വരും.
അതിന്റെ ഒരു വശം മാത്രമാണ് പ്രവാസികളോടുള്ള ജനങ്ങളുടെ മാറുന്ന സമീപനം.

ആദ്യം ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിൽ ഇപ്പോൾ അത്തരം സംഗതികൾ ഇടയ്ക്കിടെ കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. അതിനുള്ള ഒരു കാരണം ഓരോ ദിവസത്തെ റിപ്പോർട്ട് അവതരിപ്പിക്കുന്പോൾ ആകെ കേസ് നൂറ് അതിൽ വിദേശത്ത് നിന്നും വന്നത് 75 എന്ന് തുടങ്ങുന്ന സ്ഥിരം ശൈലിയാണ്. പറയേണ്ടത് ഇത് വരെ എത്ര പ്രവാസികൾ കേരളത്തിലേക്ക് വന്നു; അതിൽ എത്ര പേർക്ക് കോവിഡ് പോസിറ്റീവ് ആയി എന്നതാണ്. അങ്ങിനെ വരുന്പോൾ കേവലം രണ്ടു ശതമാനത്തിൽ താഴെയാണ് എന്നത് മനസ്സിലാകുകയും ചെയ്യും. ഒന്നാമത് ഓരോ ദിവസവും ഉണ്ടാകുന്ന കേസുകളല്ല ഇത്; രോഗികളുടെ സാമ്പിളുകൾ ടെസ്റ്റിന് കൊടുത്തയച്ചതിൽ റിസൾട്ട് കിട്ടിയവയാണ് ഇത്. അവർ ആദ്യമേ വന്ന് ഐസൊലേഷനിൽ കഴിയുന്നവരാണ്. കേരളത്തിൽ ഇപ്പോഴും സന്പർക്കം മൂലം രോഗം പകരുന്നവരുടെ എണ്ണം കുറവാണ്.

മാസ്‌കും, ശാരീരിക അകലവും, കൈ കഴുകലും കൊണ്ട് നമുക്ക് ഈ അസുഖത്തിൽ നിന്ന് വിട്ടു നിൽക്കാം. അതേ സമയം സാമൂഹികമായിട്ട് നാം അകന്നു പോകരുത്. നമ്മുടെ സാമൂഹിക ബന്ധങ്ങൾ ശാരീരിക അകലം പാലിച്ചു കൊണ്ട് തന്നെ തുടരേണ്ടതുണ്ട്. പരസ്പര സഹായങ്ങളും മറ്റും നമ്മൾ ശാരീരിക അകലം പാലിച്ചു കൊണ്ട് തന്നെ നടത്തേണ്ടതുണ്ട്. അല്ലെങ്കിൽ കൊറോണ മാത്രമല്ല മറ്റു പല അസുഖങ്ങൾക്കും നാം അടിമകൾ ആയിത്തീരും. സർക്കാരും സർക്കാർ സംവിധാനങ്ങളും ഈ പ്രശ്നം കാതലായി തന്നെ പരിഗണിക്കേണ്ടതുണ്ട്

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Mullaveettil Najeeb
4 years ago

സോഷ്യല്‍ ഡിസ്റ്റന്‍സിംങ്ങ എന്ന പ്രയോഗം തന്നെ തെറ്റാണ്. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ് എന്നതിന് കടകവിരുദ്ധമായ പ്രയോഗമായി പോയി അത്. ശാരീരിക അകലം എന്ന ആശയത്തില്‍ ഫിസിക്കല്‍ ഡിസ്റ്റന്‍സിംങ്ങ എന്നോ ബോഡി ഡിസ്റ്റന്‍സിംങ്ങ എന്നോ ഉപയോഗിക്കേണ്ടതായിരുന്നു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രവാസികളെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മലയാളികളേയും വേര്‍തിരിച്ച് പറയുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അത് അകല്‍ച്ച സൃഷ്ഠിക്കാന്‍ മാത്രമെ ഉപകരിക്കു.

Back to top button
1
0
Would love your thoughts, please comment.x
()
x