Health

രോഗവിവരം പറയേണ്ടത് രോഗിയോടോ ബന്ധുക്കളോടോ?; ജീവിക്കാനുള്ള അവകാശവും മരിക്കാനുള്ള അവകാശവും

ഡോ. കുഞ്ഞാലൻ കുട്ടി

ശ്രീചിത്രാ ഇൻസ്റ്റിട്യൂട്ടിലെ ന്യൂറോളജി പ്രൊഫസറായ ഡോ ശ്യാം കൃഷ്ണൻ Syam Krishnan എഴുതിയ ഒരു പോസ്റ്റിൽ നിന്നാണ് ഇതിന്റെ തുടക്കം.

ഡോ. ശ്യാമിൻ്റെ പോസ്റ്റ് രോഗിയോട് വിവരം പറയുന്നതിൻ്റെ ശരി തെറ്റുകളെ കുറിച്ചല്ലെങ്കിലും ഈ വിഷയവും പരാമർശിച്ചിരുന്നു. മുൻപ് പലപ്പോഴും ഈ വിഷയത്തിൽ അവിടെയുമിവിടെയും ഞാൻ കമന്റുകൾ ഇട്ടിട്ടുണ്ടെങ്കിലും ഒരു പോസ്റ്റായി തന്നെ ഇടണം എന്ന് തോന്നിപ്പിച്ചത് ഡോ. ശ്യാമിന്റെ പോസ്റ്റാണ്.

അതിന് മുന്നൊരുക്കമായാണ് ആൾക്കാരുടെ അഭിപ്രായം ആരാഞ്ഞ് കൊണ്ടുള്ള ഒരു പോസ്റ്റ് ഇട്ടത്.

അതിൽ ഉത്തരം നൽകിയും അഭിപ്രായങ്ങൾ പറഞ്ഞും സഹായിച്ചവരോടും ഈ പോസ്റ്റിന് പ്രേരകമായതിന് ഡോ. ശ്യാമിനോടും വളരെ നന്ദിയുണ്ട്

മുൻപത്തെ പോസ്റ്റിൽ ആയിരത്തോളം ആൾക്കാർ അഭിപ്രായം അറിയിച്ചിരുന്നു. അതിൽ 900 ന് മുകളിൽ ആളുകൾ അർത്ഥശങ്കയ്ക്കിടയില്ലാതെ, സ്പഷ്ടമായി പറഞ്ഞത് തന്റെ രോഗാവസ്ഥ എന്ത് തന്നെയായിരുന്നാലും അത് ഡോക്ടർ തന്നിൽ നിന്ന് ഒളിച്ചു വെയ്ക്കരുതെന്നാണ്.

തന്റെ സമ്മതത്തോടെ അത് അടുത്ത ബന്ധുക്കളോട് ഡോക്ടർ പങ്കുവെക്കുന്നതിൽ ആരും എതിർപ്പ് പ്രകടിപ്പിച്ചു കണ്ടുമില്ല. അപൂർവ്വം ചിലർ തന്റെ കാര്യത്തിൽ ഇതേ അഭിപ്രായം ആണെങ്കിലും തങ്ങളുടെ അടുത്ത ബന്ധുക്കളുടെ കാര്യത്തിൽ അതിനോട് യോജിച്ചു കണ്ടില്ല!

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം പേരും വിദ്യാസമ്പന്നരും മിക്കവാറും വിഷയങ്ങളിൽ പുരോഗമന ചിന്തകൾ വെച്ചുപുലർത്തുന്നവരും ആണെന്ന കാര്യം മനസ്സിൽ വെച്ച് കൊണ്ടുതന്നെ പറയട്ടെ, നമ്മുടെ നാട്ടിലെ ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും കരുതുന്നത് പോലെയാകണമെന്നില്ല കാര്യങ്ങൾ എന്നാണ് ഈ സാമ്പിളിൽ പെട്ട ആൾക്കാരുടെയെങ്കിലും അഭിപ്രായം.

Breaking bad news എന്നത് ചെറുതല്ലാത്ത ബുദ്ധിമുട്ടുള്ള കാര്യമാണ് ആരോഗ്യപ്രവർത്തകർക്ക്. വിദേശരാജ്യങ്ങളിൽ ഇതിന് മെഡിക്കൽ വിദ്യാർത്ഥികളെ ആദ്യം മുതലേ പരിശീലിപ്പിക്കാറുണ്ട്.

രോഗികൾക്ക് മനസിന് സന്തോഷം തോന്നുന്ന കാര്യങ്ങൾ അവതരിപ്പിക്കാൻ ചികിത്സകർക്ക് വളരെ എളുപ്പമാണ്.

അത് പോലെയല്ല അസുഖകരമായ കാര്യങ്ങൾ അവതരിപ്പിക്കേണ്ടി വരുന്നത്. രോഗത്തിന്റെ കൃത്യമായ വിവരങ്ങൾ, ചികിത്സകൾ, ചികിത്സ ചെയ്താലും ചെയ്തില്ലെങ്കിലും ഉണ്ടാകാവുന്ന ഗുണങ്ങളും ഭവിഷ്യത്തുകളും, മരുന്നുകൾ കൊണ്ടല്ലാതെയുള്ള ചികിത്സകളും മറ്റു തെറാപ്പികളും ഇവയെപ്പറ്റിയൊക്കെ സത്യസന്ധമായും രോഗിക്ക് ഒരു ഫാൾസ് പ്രതീക്ഷ നൽകാതെയും അറിയിക്കാനുള്ള കടമ ചികിത്സകർക്കുണ്ട്.

ഇതിൽ ഏതു വേണമെന്ന് തിരഞ്ഞെടുക്കാൻ രോഗിയെ സഹായിക്കേണ്ടതും ചികിത്സകന്റെ കടമയാണ്. ഒരു ഓ.പി ക്ലിനിക്കിലെ പതിനഞ്ചു മിനിറ്റിലോ വാർഡ് റൗണ്ടിന്റെ ഇടയിലെ പത്തു മിനിറ്റിലോ തീർക്കാവുന്നവയാവില്ല മിക്കപ്പോഴും ഇക്കാര്യങ്ങൾ.

അനുയോജ്യമായ സ്ഥലവും സന്ദർഭവും ഉറപ്പാക്കി, ആവശ്യാനുസരണം സമയവുമെടുത്ത് വേണം ഇത് ചെയ്യാൻ. ചികിത്സയില്ലാത്ത ഒരു രോഗത്തിനടിമപ്പെടുന്ന രോഗി തന്റെ രോഗത്തിന്റെ പ്രോഗ്രഷനും അതിന്റെ അനിവാര്യമായ അവസാനവും അറിഞ്ഞിരിക്കുന്നത് കൊണ്ട് ദോഷങ്ങളേക്കാൾ ഗുണങ്ങൾ ഉണ്ടെന്നാണ് പാശ്ചാത്യ നാടുകളിൽ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്.

ഇക്കാര്യമറിയുന്ന രോഗി ആദ്യം ഉണ്ടാകുന്ന ഷോക്കിൽ നിന്ന് stages of grief ന്റെ വിവിധ സ്റ്റേജുകളായ denial, anger, bargaining, depression, അവസാനം acceptance എന്ന സ്റ്റേജിലെത്തും. ചിലർ അതിന് കൂടുതൽ സമയമെടുക്കും, മറ്റു ചിലർ പെട്ടെന്ന് തന്നെ അതിലേക്കെത്തും.

ഈ സ്റ്റേജുകളിലൂടെയുള്ള യാത്രയിൽ കൂടെയുണ്ടാകേണ്ടതും ചികിത്സകന്റെ കടമയാണ്. രോഗിക്ക് വിശ്വസ്തരായ അടുത്ത ബന്ധുക്കൾ ഉണ്ടെങ്കിൽ രോഗിയുടെ സമ്മതത്തോടെ അവരെയും ഇതിന്റെ ഭാഗമാക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കും.

രോഗത്തിന്റെ വിവരങ്ങളെക്കുറിച്ചു ബോധവാനാകുന്ന വ്യക്തിക്ക് ജീവിതത്തെ വേറൊരു കാഴ്ചപ്പാടിലൂടെ കാണാനാകും. തന്റെ മാറി വരുന്ന രോഗ സാഹചര്യങ്ങൾക്കനുസരിച്ചു ജോലിയിൽ മാറ്റം വരുത്താം, വീട്ടിൽ സഹായ ഉപകരണങ്ങൾ ലഭ്യമാക്കാം, ചലനശേഷി കുറയുന്നതനുസരിച്ചു വീൽചെയർ ലിവിങ്ങിന് അനുകൂലമായ വീട്ടിലേക്ക് താമസം മാറ്റാം അല്ലെങ്കിൽ വീട്ടിൽ അതനുസരിച്ചുള്ള വ്യത്യാസങ്ങൾ വരുത്താം, ജീവിത ദൈർഘ്യം പരിമിതപ്പെടുന്ന അവസ്ഥയാണെങ്കിൽ കടമകൾ ചെയ്തു തീർക്കാൻ സമയം വിനിയോഗിക്കാം (മക്കളുടെ വിവാഹം, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുക, വസ്തു ഇടപാടുകൾ, മക്കളുടെ പഠനം, ഇൻഷുറൻസ് ഇടപാടുകൾ, ബന്ധുക്കളുമായും സുഹൃത്തുക്കളുമായുള്ള പിണക്കം തീർക്കുക ഇങ്ങനെ എന്തുമാകാം).

ഇഷ്ടമുള്ള സിനിമ കണ്ടും, യാത്രകൾ പോയും ജീവിതത്തിൽ ബാക്കിയുള്ള സമയം എങ്ങനെ അർത്ഥപൂർണ്ണമാക്കി, സന്തോഷത്തോടെ മരിക്കാമെന്ന് അവർക്ക് തീരുമാനിക്കാനാവും. വേദനാജനകവും വളരെയേറെ പണച്ചെലവുള്ളതും പലപ്പോഴും പ്രയോജനമില്ലാത്തതുമായ ചികിത്സകൾ വേണ്ടെന്ന് വെച്ചു ബാക്കിയുള്ള ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കുന്നവരുണ്ട്.

How doctors die എന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ലേഖനത്തിൻ്റെ ലിങ്ക് ചേർക്കുന്നു. തങ്ങളുടെ സ്വന്തം കാര്യത്തിൽ കൈക്കൊള്ളുന്ന ഇത്തരം നടപടികൾ രോഗിയുടെ കാര്യത്തിൽ പ്രാവർത്തികമാക്കാൻ മിക്കവാറും ഡോക്ടർമാർക്ക് വൈമനസ്യമുണ്ടെന്ന് ഈ ലേഖനത്തിലൂടെ നമുക്ക് മനസിലാകും.

രോഗിയുടെ അവകാശങ്ങളെപ്പറ്റി പൊതുജനങ്ങൾ ബോധവാന്മാരാകേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മളൊക്കെ ജീവിതത്തിൽ എപ്പോഴെങ്കിലും രോഗികളോ രോഗിയുടെ അടുത്ത ബന്ധുക്കളോ ഒക്കെയാകാൻ സാധ്യതയുള്ളവരാണ്. തന്റെ രോഗത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ തനിക്ക് ലഭിക്കുക എന്നത് പോലെത്തന്നെ പ്രാധാന്യമുള്ളതാണ് ആർക്കൊക്കെ ഇതേ വിവരങ്ങൾ ലഭിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശവും.

പൂർണ്ണ സ്വബോധത്തിലുള്ള ഒരു മുതിർന്ന ആളിന്റെ രോഗവിവരങ്ങൾ ആ ആളിന്റെ സമ്മതമില്ലാതെ മറ്റുള്ളവരെ, അതിനി എത്ര അടുത്ത ബന്ധുവാണെങ്കിലും ശരി, അറിയിക്കുന്നത് മെഡിക്കൽ എത്തിക്സിന് നിരക്കുന്നതല്ല.

എത്തിക്കലി മാത്രമല്ല, നിയമപരമായും അത് തെറ്റാണ്.

പക്ഷെ ഇതേപ്പറ്റി പൊതുജനങ്ങൾക്കോ അപൂർവ്വമായെങ്കിലും ചില ഡോക്ടർമാർക്ക് പോലുമോ അറിവില്ല എന്നത് ഖേദകരമാണ്. പോലീസുകാരനെ അടിച്ച ഐപിഎസ് ഓഫീസറുടെ മകൾ കൈക്ക് പരിക്ക് പറ്റിയെന്ന പേരിൽ ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർ വാർത്താ ചാനലുകളിലൂടെ ആ പെൺകുട്ടിയുടെ രോഗവിവരങ്ങൾ പരസ്യമായി വിളിച്ചു പറയുന്നത് കണ്ടിട്ടുണ്ട്.

പെൺകുട്ടി തെറ്റുകാരിയോ അല്ലയോ എന്നത് ഡോക്ടറുടെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്നിരിക്കെ, അയാൾ ചെയ്തത് പേഷ്യന്റ് കോൺഫിഡൻഷ്യലിറ്റി വയലേഷനാണ്.

കോടതിയിൽ ജഡ്ജ് ആവശ്യപ്പെട്ടാൽ മാത്രമേ ഇത്തരം കാര്യങ്ങളിൽ ഡോക്ടർ അഭിപ്രായം പറയാൻ പാടുള്ളൂ എന്നതാണ് നിയമം.

പലപ്പോഴും രോഗിയിൽ നിന്ന് ശരിയായ രോഗവിവരം മറച്ചു വെച്ച് ബന്ധുക്കളോട് മാത്രം കാര്യങ്ങൾ പറയാൻ ഡോക്ടർമാർ നിർബ്ബന്ധിതരാകുന്നത് പൊതുജനങ്ങളുടെ മനോഭാവം കാരണമാണ്.

ഡയാലിസിസ് കൊണ്ടേ ഇനി ജീവിക്കാനാവൂ എന്ന സത്യം രോഗിയോട് പറഞ്ഞതിന് ബന്ധുക്കളുടെ കയ്യിൽ നിന്ന് തല്ലു കിട്ടിയ നെഫ്രോളജിസ്റ്റിനെ അറിയാം. രോഗി സത്യമറിഞ്ഞാൽ തകർന്നു പോകും എന്നത് എല്ലായ്പ്പോഴും ശരിയായിരിക്കണം എന്നില്ല എന്നതിന് തെളിവ് ഞാൻ മുൻപ് പറഞ്ഞ ഫേസ്‌ബുക്ക് സർവ്വേ തന്നെയാണ്.

തന്റെ രോഗവിവരം തന്റെ അവകാശമാണെന്ന് കരുതുന്ന ആൾക്കാരിൽ നിന്ന് രോഗവിവരം മറച്ചു വെയ്ക്കുന്നത് ഡോക്ടറും ബന്ധുക്കളും രോഗിയോട് ചെയ്യുന്ന ക്രൂരതയാണെന്നാണ് എന്റെ അഭിപ്രായം.

ഒരു മനുഷ്യന് സന്തോഷമായി ജീവിക്കാനുള്ള അവകാശം പോലെ തന്നെ പ്രധാനമാണ് കഴിയുന്നത്ര സന്തോഷമായി മരിക്കാനുള്ള അവകാശവും. അതിനെ ഹനിക്കാൻ ഡോകട്ർക്കോ ബന്ധുക്കൾക്കോ അവകാശമില്ല തന്നെ.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x