Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42
സ്പോർട്സിൽ ജാതിയോ; സ്പോർട്സിലും മെറിറ്റ് മരിച്ചു പോയേ…| റോഷൻ പി എം - OPEN PRESS | ഓപ്പണ്‍ പ്രസ്സ്
Sports

സ്പോർട്സിൽ ജാതിയോ; സ്പോർട്സിലും മെറിറ്റ് മരിച്ചു പോയേ…| റോഷൻ പി എം

രമാകാന്ത് അച്ചരേക്കറുടെ ശിക്ഷണത്തിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രതിഭ പുറം ലോകമറിഞ്ഞ് തുടങ്ങുന്നത്. ട്രെയിനിങ്ങിനിടെ അച്ചരേക്കര്‍ തനിക്ക് തന്നിരുന്ന ഒരു ചലഞ്ചിനെ കുറിച്ചു സച്ചിന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ ഒരൊറ്റ രൂപ നാണയം സ്റ്റമ്പിന് മുകളില്‍ വെക്കുമായിരുന്നു. നിശ്ചിത സമയം ഔട്ടാകാതെ ബാറ്റു ചെയ്താല്‍ സച്ചിനു സമ്മാനമായി ആ ഒരു രൂപ എടുക്കാം. ബോള്‍ ഉയര്‍ത്തി അടിച്ചു ആരെങ്കിലും ക്യാച്ച് ചെയ്താല്‍ ഔട്ടാണ്, ക്യാച്ച് ചെയ്യുന്നത് ഫീല്‍ഡര്‍ തന്നെയാവണമെന്നില്ല. അവിടെ ഗ്രൌണ്ടില്‍ കപ്പലണ്ടി വില്‍ക്കാന്‍ വന്നയാളോ കളി കാണാന്‍ വന്നയാളോ അങ്ങിനെ ആരു ക്യാച്ച് ചെയ്താലും ഔട്ടാണ്.

ഈയൊരു പ്രാക്ടീസ് തന്നെ വളരെയധികം പ്രചോദിപ്പിക്കുകയും, സഹായിക്കുകയും ചെയ്തിട്ടുണ്ടെന്നു സച്ചിന്‍ പറയാറുണ്ട്. സത്യത്തില്‍ അച്ചരേക്കര്‍ ഇത് തന്‍റെ പ്രാക്ടീസ് സെഷനില്‍ ആദ്യമായി ഉള്‍പ്പെടുത്തിയത് സച്ചിനു വേണ്ടിയായിരുന്നില്ല, മറിച്ച് തന്‍റെ പ്രിയ ശിക്ഷ്യനായ അനില്‍ ഗുരവിന് വേണ്ടിയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും ദൗര്‍ഭാഗ്യവാനായ ക്രിക്കറ്റ് പ്രതിഭയെന്ന പേരില്‍ അനില്‍ ഗുരവിനെ കുറിച്ചു നിങ്ങളില്‍ ചിലരെങ്കിലും കേട്ടിട്ടുണ്ടാവും. ഗവാസ്കറിന് ശേഷം ബോംബെയില്‍ നിന്നുമെത്തുന്ന മഹാനായ ക്രിക്കറ്റ് താരം അനില്‍ ആയിരിക്കുമെന്ന് പലരും പ്രവചിച്ചിരുന്നു.

ബോംബെയുടെ വിവ് റിച്ചാര്‍ഡ്സ് എന്നു വിശേഷിപ്പിച്ചിരുന്ന അനിലിന്‍റെ കളി കാണാന്‍, ജോലിക്ക് പോകാതെ കാണികള്‍ എത്തുമായിരുന്നു. സച്ചിനും കാംബ്ലിയുമൊക്കെ അക്കാദമിയില്‍ എത്തിയ സമയത്തു രമാകാന്ത് അച്ചരേക്കറുടെ പ്രിയ്യപ്പെട്ട ശിക്ഷ്യന്‍ അനിലായിരുന്നു.

അനിലിന്‍റെ ബാറ്റിങ് സസൂക്ഷ്മം നിരീക്ഷിച്ചു പഠിക്കുക എന്നതായിരുന്നു സച്ചിനെ പോലുള്ള യുവതാരങ്ങള്‍ക്ക് കോച്ച് നല്കിയിരുന്ന നിര്‍ദ്ദേശം. സച്ചിന്‍ തന്‍റെ ആദ്യ സെഞ്ചുറി നേടുന്നത് ടീം ക്യാപ്റ്റന്‍ കൂടിയായിരുന്ന അനിലിന്‍റെ ബാറ്റ് ഉപയോഗിച്ചായിരുന്നു.

സഹോദരന്‍ (അര്‍ദ്ധ) അജിത്താണ് സച്ചിനു വേണ്ടി അഞ്ചരേക്കറെ കോച്ചായി തിരഞ്ഞെടുക്കുന്നത്. നല്ലൊരു ക്രിക്കറ്റ് കളിക്കാരനായ അജിത്, പിന്നീടങ്ങോട്ടുള്ള സച്ചിന്‍റെ വളര്‍ച്ചയിലെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഒക്കെ കൂടെ നിന്നിട്ടുണ്ട്.

സ്വന്തം ക്രിക്കറ്റ് കരിയറും, ജോലിയുമൊക്കെ സച്ചിന്‍റെ കൂടെ നില്‍ക്കാനായി അജിത് ഉപേക്ഷിക്കുന്നുണ്ട്. തന്‍റെ വിജയത്തിന് അജിത്ത് നല്കിയ സംഭാവനകളെ കുറിച്ച് സച്ചിന്‍ നന്ദിപൂര്‍വ്വം എപ്പോഴും വാചാലമാവാറുണ്ട്.

യാദൃശ്ചികമാണ്, അനില്‍ ഗുരവിന്‍റെ സഹോദരന്‍റെ പേരും അജിത് എന്നാണ്. എന്നാല്‍ അനിലിന്‍റെ സഹോദരന്‍ അജിത് എത്തിച്ചേര്‍ന്നത് ബോംബെ അധോലോകത്തിലാണ്. ക്രിമിനല്‍ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട അജിതിനെ തേടി പോലീസ് നിരന്തരം അനിലിന്‍റെ വീട്ടിലെത്തി.

ഓരോ തവണയും അജിത്തിനെ കിട്ടാതാവുമ്പോള്‍, അനിലിനെയോ അമ്മയേയോ പോലീസ് പിടിച്ചു കൊണ്ടുപോയി മര്‍ദ്ദിക്കും. ഇതു നിരന്തരമായി സംഭവിക്കാന്‍ തുടങ്ങിയതോടെ അനിലിനു ക്രിക്കറ്റ് കളി ഉപേക്ഷിക്കേണ്ടി വന്നു. ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി വാഗ്ദാനം എന്ന് അയാളുടെ കളി കണ്ട എല്ലാവരും ഉറപ്പിച്ചിരുന്ന സമയത്താണ്, നന്നേ ചെറുപ്പത്തില്‍ അനിലിന് കളി ഉപേക്ഷിക്കേണ്ടി വന്നത്.

എന്നെ സംബന്ധിച്ചിടത്തോളം, പ്രതിഭയുടെയും പാഷന്‍റെയും കഠിനദ്ധ്വാനത്തിന്‍റെയുമൊക്കെ ആള്‍ രൂപമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അഥവാ സച്ചിന്‍ അര്‍ഹിക്കുന്ന വിജയങ്ങളാണ് അയാള്‍ നേടിയിട്ടുള്ളത്.

എന്നാല്‍ അനിലിന്‍റെ ജീവിതവുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്, അനിലിന് ഇല്ലാതെ പോയ പല പ്രിവിലേജുകളും സച്ചിനുണ്ടായിട്ടുണ്ട് എന്ന്. സച്ചിനെ പോലെ കഴിവും അര്‍പ്പണബോധവുമുള്ള ഒരാളുടെ വിജയത്തിന് പിറകില്‍ പോലും, സച്ചിനറിയാതെ ലഭിച്ച പ്രിവിലേജുകളുടെ അനുഗ്രഹം നമുക്ക് കാണാന്‍ കഴിയും.

നിര്‍ഭാഗ്യകരമായ ജീവിത സാഹചര്യങ്ങള്‍ അല്ലായിരുന്നെങ്കില്‍, അനിലും സച്ചിനെ പോലെയൊരു മഹാനായ കളിക്കാരന്‍ ആവുമായിരുന്നു എന്നുറപ്പിച്ചു പറയാനാവില്ല. അത് കാലത്തിനു മാത്രം തെളിയിക്കാന്‍ കഴിയുമായിരുന്ന ഒന്നാണ്.

പക്ഷേ ഒന്നുണ്ട്, അനിലിനും സച്ചിനും തുല്യ പരിശീലനമല്ല ലഭിച്ചത്. അനിലിന്‍റെ കുഴപ്പം കൊണ്ടല്ല അവന് പരിശീലനം ലഭിക്കാതെ പോയതും. ഇതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.

ഇനി ഒരു കാര്യം വെറുതെയൊന്ന് സങ്കല്‍പ്പിച്ചു നോക്കൂ, അനിലിന് ക്രിക്കറ്റ് പരിശീലനം ലഭിച്ചത്, താമസ സൌകര്യമുള്ള ഒരു ക്യാമ്പില്‍ ആയിരുന്നുവെങ്കിലോ? അങ്ങിനെയൊരു ഹോസ്റ്റലില്‍ താമസിക്കുന്ന അനിലിനെ പോലീസ് നിരന്തരമായി വന്നു പിടിച്ചുകൊണ്ടുപോയി മര്‍ദ്ധിക്കുമായിരുന്നില്ല. ക്രിക്കറ്റിനെ പകുതി വഴിക്ക് അയാള്‍ക്ക് ഉപേക്ഷിക്കേണ്ടിയും വരുമായിരുന്നില്ല.

അഞ്ചരേക്കറുടെ ക്യാമ്പില്‍ നിന്നും പോയ അനില്‍ പിന്നീട് ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇപ്പോഴും പഴയ ആ ചേരിയില്‍ തന്നെയാണ് അയാള്‍ ജീവിക്കുന്നത്, ഒരു മുഴുക്കുടിയനായി. തീര്‍ച്ചയായും സച്ചിനെ പോലെ ആയില്ലെങ്കിലും, ഇതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതവും അവസരങ്ങളും അനില്‍ എന്ന പ്രതിഭ അര്‍ഹിച്ചിരുന്നു.

സമത്വം അഥവാ തുല്യത എന്നാല്‍ അനിലിന് താമസ സൌകര്യം കൊടുത്തു പരിശീലിപ്പിക്കുന്നതാണ്. ആ പ്രത്യേക പരിഗണനയെ സച്ചിനോടുള്ള അനീതിയായി മനുഷ്യത്വമുള്ളവര്‍ക്ക് തോന്നില്ല. കാരണം ഒരാളുടെ വളര്‍ച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ജീവിതസാഹചര്യങ്ങളാണ്.

ഒരേ കോച്ചിന്‍റെ പ്രിയ്യ ശിക്ഷ്യരായിരുന്ന രണ്ടു താരങ്ങളുടെ ജീവിതം നമ്മള്‍ കണ്ടുകഴിഞ്ഞു. ഒരു കോച്ചിന് കീഴില്‍ പരിശീലിക്കാന്‍ അവസരം ലഭിച്ച, തുല്യ പ്രതിഭകളെന്ന് വിലയിരുത്തിയ രണ്ടുപേരാണ് രണ്ടു ധ്രുവങ്ങളില്‍ എത്തിച്ചേര്‍ന്നതു. അതിനു പ്രധാന കാരണം ഒരു തരത്തിലും അനില്‍ ഉത്തരവാദിയല്ലാത്ത അയാളുടെ ജീവിത സാഹചര്യങ്ങളാണ്.

തന്‍റേതല്ലാത്ത കുറ്റം കൊണ്ട് നിര്‍ഭാഗ്യകരമായ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്നവര്‍ എല്ലാ സമൂഹത്തിലുമുണ്ട്. ഒരു പുരോഗമന സമൂഹം ആ അനീതിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കും. കഴിയാവുന്ന പരിഗണനകള്‍ അവരുടെ അവകാശമായി കണ്ട് അവര്‍ക്ക് നല്കും.

ഇതിനു നേര്‍ വിപരീതമായ സമൂഹങ്ങളും പ്രാകൃത ചിന്തകളുമുണ്ട്. ഇങ്ങിനെയൊരു സാമൂഹ്യാവസ്ഥ ഒരു അനീതിയാണെന്ന് പോലും അംഗീകരിക്കാത്ത കൂട്ടരുണ്ട്. സ്വയം അതിജീവിക്കുന്നവര്‍ക്ക് മാത്രമേ ജീവിക്കാനുള്ള അവകാശമുള്ളൂവെന്ന് കരുതുന്നവര്‍ മുതല്‍ ഈ അനീതി ദൈവവിധിയാണെന്ന് വിശ്വസിക്കുന്നവര്‍ വരെയുണ്ട് അക്കൂട്ടരില്‍.

ആധുനിക മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. അഥവാ ഓരോ മനുഷ്യനും അവന്‍ ജീവിക്കുന്ന സമൂഹത്തിന്‍റെ കൂടി ഉല്‍പ്പന്നമാണ്. അതുകൊണ്ടാണ് പലപ്പോഴും ഒരു വ്യക്തിയുടെ മോശം ജീവിതസാഹചര്യങ്ങള്‍ക്കു സമൂഹം ഉത്തരവാദിയാകുന്നത്.

ഇന്ത്യന്‍ സമൂഹത്തില്‍ മോശം ജീവിതസാഹചര്യത്തിന് ജാതി ഒരു കാരണമാവും. കാലങ്ങളായി ശക്തമായി ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതിന്‍റെ ഫലമായി ജാതിശ്രേണിയില്‍ താഴെയുള്ള സമുദായങ്ങള്‍ക്ക് ഉന്നതസ്ഥാനങ്ങളില്‍ പ്രാതിനിധ്യം ലഭിക്കാതെ പോവുന്നുണ്ട്. ഇതു വെറുമൊരു സിദ്ധാന്തമോ ചരിത്രമോ അല്ല. ഇതുവരെയുള്ള എല്ലാ കണക്കുകളും ശെരിവെക്കുന്ന നിലനില്‍ക്കുന്ന ഒരു വസ്തുതയാണ്.

ജാതി വിവേചനത്തിന്‍റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന സമുദായങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്ന വസ്തുത അംഗീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് തയ്യാറാവാത്തിടത്തോളം കാലം പ്രത്യേക പരിഗണനകളെ അനീതിയായും, അസമത്വമായും നമുക്ക് തോന്നും. നമ്മള്‍ കൂടി ഭാഗമായിട്ടുള്ള നമ്മുടെ സമൂഹത്തിനു നേരെ വിരല്‍ ചൂണ്ടുന്ന സത്യമായത് കൊണ്ട്, ഈ വസ്തുത അംഗീകരിക്കാന്‍ സ്വഭാവികമായും നമ്മള്‍ മടിക്കും. അതാണ് എളുപ്പവും, സൌകര്യവും.

അതെ സമയം വസ്തുത മനസിലാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടത്താനുള്ള ആര്‍ജ്ജവമുണ്ടെങ്കില്‍, വളരെയെളുപ്പം മനസിലാക്കാന്‍ കഴിയുന്ന കണ്ണിനു മുന്നില്‍ നടക്കുന്ന അനീതിയാണ് ഇത്.

നിത്യേനയുള്ള നമ്മുടെ കാഴ്ചകളെ, അനീതിയെ അടിവരയിടുന്ന കണക്കുകളും ലഭ്യമാണ്. അങ്ങിനെ ഒരു അനീതി സമൂഹത്തില്‍ സംഭവിക്കുന്നുണ്ടെന്ന ഉത്തമബോധ്യം ഉണ്ടെങ്കില്‍ മാത്രമേ, തെറ്റു തിരുത്താനുള്ള ശ്രമങ്ങളെയും നമുക്ക് മനസിലാക്കാന്‍ കഴിയൂ.

എന്തു കൊണ്ട് ജാതി സംവരണം? ജനിക്കുന്ന ജാതി ശാപമാവുന്ന ഒരു സമൂഹത്തില്‍, അര്‍ഹതപ്പെട്ടവരെ പ്രത്യേകമായി പരിഗണിക്കുന്നതിന്‍റെ പേരാണ് ജാതി സംവരണമെന്നത്.

എന്തു കൊണ്ട് ജാതി സംവരണം പാടില്ല എന്ന മറുചോദ്യമാണ് ഇതിനുള്ള ആദ്യത്തെ ഉത്തരം. ജാതി സംവരണത്തിന് പകരം ഇന്‍ഡ്യ പോലൊരു രാജ്യത്ത് “പ്രായോഗികമായി” നടപ്പിലാക്കാന്‍ കഴിയുന്ന ഒരു ബദല്‍ എന്താണ്? അങ്ങിനെയൊരു ബദല്‍ നമുക്കില്ല എന്നതാണു സത്യം. ഇനി ഉണ്ടെങ്കില്‍ തന്നെ അതിനെ കുറിച്ച് ആലോചിക്കേണ്ടത്, ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം ജാതി വിവേചനം നേരിടുന്ന സമുദായക്കാര്‍ക്ക് ലഭിച്ചതിനു ശേഷം മതി. സമാന്തരമായി മറ്റു പരിഗണനകളും ആകാവുന്നതാണ്, പക്ഷേ അതു നിലവിലെ സംവരണത്തെ ദുര്‍ബലപ്പെടുത്തി കൊണ്ടാവരുതെന്ന് മാത്രം.

ഇതുവരെയുള്ള സംവരണവിരുദ്ധ വാദങ്ങളുടെ ചരിത്രം നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ്. അവരെ പ്രാഥമികമായും ആകുലപ്പെടുത്തുന്നത് കുറെപ്പേര്‍ക്ക് നീതി കിട്ടാത്തതിലല്ല, മറിച്ചു ചിലര്‍ക്ക് നീതി നല്‍കാനുള്ള സമൂഹത്തിന്‍റെ ശ്രമങ്ങളാണ് അവര്‍ക്ക് ദഹിക്കാത്തത്.

ഉദാഹരണത്തിന്, അനില്‍ ഗുരവിന് സൌജന്യമായി ഹോസ്റ്റല്‍ സൌകര്യം കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നു കരുതുക. എന്തുകൊണ്ട് സച്ചിന്‍ തെണ്ടുല്‍ക്കറിന് കൊടുക്കുന്നില്ല?

നികുതി പണത്തെ കുറിച്ചുള്ള ആകുലത! അട്ടപ്പാടിയില്‍ പട്ടിണി മരണം, ഇവിടെ ക്രിക്കറ്റ് കളി, സ്പോര്‍ട്ട്സിലും ജാതിയോ! കാശില്ലാത്തവന്‍ അടിക്കുന്ന ഫോറിനു തുല്യമാവാന്‍ സമ്പത്തുള്ളവന്‍ സിക്സ് അടിക്കണോ! അയ്യോ… സ്പോര്ട്ട്സിലും മെറിറ്റ് മരിച്ചു പോയേ…

ഇതുപോലെയുള്ള പലതരം വിഷമങ്ങളാവും പുറത്തേക്കു ഒഴുകുക. സത്യത്തില്‍ തുല്യനീതി നടപ്പിലാക്കാനുള്ള സമൂഹത്തിന്‍റെ ശ്രമമാണ് ആ പരിഗണനയെന്ന് തിരിച്ചറിയാനാവാത്തതാണ് ആത്യന്തികമായ പ്രശ്നം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Back to top button
0
Would love your thoughts, please comment.x
()
x

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51