കേരളത്തിന് ശ്രീലങ്കയിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട് | ജെ എസ്
കേരളം ഇന്ത്യയിലെ ഒരു സംസ്ഥാമാണ്. ശ്രീ ലങ്ക ഒരു രാജ്യവും. ശ്രീ ലങ്കയിലെ പ്രശ്നം അവർ വാങ്ങിച്ചു കൂടിയ കടം തിരിച്ചു കൊടുക്കാൻ സാധിക്കുന്നില്ല. വിദേശ നാണ്യ റിസേർവ് വളരെ കുറഞ്ഞു. കേരളം ഇന്ത്യയുടെ സംസ്ഥാനമായതിനാൽ ഇന്ത്യ ഗവർമെന്റ് അംഗീകാരത്തോടെ മാത്രമെ കടം എടുക്കാൻ സാധിക്കുകയുള്ളൂ.
പക്ഷെ ശ്രീലങ്കയിൽ നിന്നും ചിലതൊക്കെ പഠിക്കാനുണ്ട്.
2019 ൽ വൻ ഭൂരിപക്ഷത്തിലാണ് രാജപക്ഷെ കുടുംബം നേതൃത്വം നൽകിയ എസ് പി പി പാർട്ടി വിജയിച്ചത്. അപ്പോൾ ശ്രീലങ്കയുടെ ഫോറിൻ എക്‌സ്‌ചേഞ്ചു റിസേർവ് 7.5 ബില്യൻ ഡോളർ.
രണ്ട് കൊല്ലം കഴിഞ്ഞപ്പോൾ അതു വെറും 1.58 ബില്യൻ ഡോളർ മാത്രം. ശ്രീലങ്കയുടെ പൊതു കടം അവരുടെ മൊത്തം വരുമാനത്തിന്റെ (ജിഡിപി )യുടെ 101.%. ഈ വർഷം പലിശ തിരിച്ചടവിനു മാത്രം 4.5 ബില്യൻ. ശ്രീലങ്കയുടെ സോവറിൻ ബോണ്ടിനു പോലും വിലയില്ലാത്ത അവസ്ഥ. ഗ്ലോബൽ ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ ശ്രീ ലങ്കയെ ccc ഗണത്തിൽ പെടുത്തി. അതിനർത്ഥം ക്രെഡിറ്റ് റേറ്റിങ് ജംങാണന്നാണ്.
എങ്ങനെയാണ് ശ്രീലങ്ക ഈ പരുവത്തിൽ എത്തിയത്. ഇന്ത്യയെ തോൽപ്പിക്കാൻ ചൈനയുടെ കൈയ്യിൽ നിന്ന് അവരുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി രാജപക്ഷെ കുടുംബത്തിന്റെ സ്ഥലമായ ഹമ്പൻ തൊട്ട പോർട്ട്, പിന്നെ പുതിയ എയർപോർട്ട്, ഹൈവേകൾ. അതു തന്നെ ഇപ്പോഴുള്ള കടത്തിന്റ 10.8%. മൊത്തം 6 ബില്യനിൽ കൂടുതൽ.
ജപ്പാനിൽ നിന്നും കടം വാങ്ങി പശ്ചാത്തല വികസനം കൂട്ടി. അതു മൊത്തത്തിൽ 10.9%. എ ഡി ബി ക്ക് 14.5%. ഇതിനൊക്കെ പലിശ നൽകുവാനും എണ്ണ ഇറക്കുമതി ചെയ്യുവാനും വീണ്ടും അന്താരാഷ്ട്ര വിപണിയിൽ നിന്ന് കടം.
ചുരുക്കത്തിൽ ശ്രീലങ്കക്ക് ആവശ്യ സാധനങ്ങൾ പോലും ഇറക്കുമതി ചെയ്യാൻ പൈസ ഇല്ല. ടൂറിസം കോവിഡ് കാലത്ത് തകർന്നു. അതിന് മുമ്പുള്ള കൊളമ്പോയിലെ ഈസ്റ്റർ ബോംബിങ്ങും ഒരു കാരണമാണ്. അതു മാത്രം അല്ല കോവിഡ് കാലത്ത് ഒരുപാട് പേരു ഗൾഫിൽ നിന്നും ജോലി നഷ്ട്ടപെട്ടു തിരികെയെത്തി.
ശ്രീ ലങ്കയിലെ സാമ്പത്തിക സാമൂഹിക വികസനവും കേരളവും തമ്മിൽ ഒരുപാട് സാമ്യം ഉണ്ട്. ശ്രീ ലങ്കൻ ഇക്കൊണമിയുടെ 10% ടൂറിസമാണ്. കേരളത്തിന്റെ ഇക്കോണമിയുടെ 10% ടൂറിസം. ശ്രീ ലങ്കയുടെ സാമ്പത്തിക വളർച്ചക്ക് ഒരു കാരണം ഫോറിൻ റെമിനിട്ടൻസ്. കേരളത്തിന്റ സാമ്പത്തിക വളർച്ചക്ക് കാരണം ഫോറിൻ റെമിറ്റൻസ്. ശ്രീലങ്കയിൽ സർവിസ് സെക്റ്റർ 60%. കേരളത്തിൽ സർവീസ് സെക്റ്റർ 66%.
ശ്രീലങ്ക മാനവിക വികസന സൂചികയിൽ മുന്നിൽ. കേരളവും മുന്നിൽ. കേരളത്തിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ 7.05%. ശ്രീ ലങ്കയിൽ അതു ഏതാണ്ട് 6%.
ഭൂപ്രകൃതിയിൽ മാത്രമല്ല സാമൂഹിക സാമ്പത്തിക അവസ്ഥയിലും കേരളത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന സംസ്ഥാനം.
കേരളത്തിന്റ മൊത്തം വരുമാനം ഏതാണ്ട് 131 ബില്യൺ യൂ എസ് ഡോളർ. അതായത് ഏതാണ്ട് 9 ലക്ഷം കോടിക്ക് അടുത്തു. നമ്മുടെ പൊതു കടം ഇപ്പോൾ കേരളത്തിലെ എസ് ഡി ജി പി യുടെ 37.18%. ഇതേ അവസ്ഥയിൽ ആയിരുന്നു ശ്രീ ലങ്ക ചില വർഷങ്ങൾക്ക് മുമ്പ്. പക്ഷെ കേരളത്തിന് സിൽവർ ലൈനുപോലും കടം എടുക്കണം എങ്കിൽ കേന്ദ്ര അനുമതി ഇല്ലാതെ പറ്റില്ല എന്നത് ഒരു പ്രധാന വ്യത്യാസമാണ്.
ശ്രീലങ്ക ഒരു പരമാധികാര രാഷ്ട്രമാണ്. അവിടെയുള്ള ബാലൻസ് ഓഫ് പേയ്‌മെന്റ് പ്രതിസന്ധി കേരളത്തിന് ഉണ്ടാകുകയില്ല. കാരണം കേരളം ഇന്ത്യയുടെ 1.8% മാത്രമുള്ള ചെറിയ സംസ്ഥാനമാണ്.
പക്ഷെ ശ്രീ ലങ്കയിൽ ഏറ്റവും കൂടുതൽ ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും കടമെടുത്തു വിക്സിപ്പിച്ച പൊർട്ടും എയർപ്രോർട്ടും ഒക്കെ ലാഭം കൊയ്യുമെന്ന് പറഞ്ഞു വൻതുക മുടക്കിയെങ്കിലും അതു ഒന്നും വിചാരിച്ചപ്പോലെ ലാഭം കൊയ്തില്ല. കടം കൂടികൊണ്ടിരുന്നു
ശ്രീലങ്കയിലെ വിദ്വാൻമാർ പറഞ്ഞു ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും എ ഡി ബി യിൽ നിന്നും കടമെടുത്തു വമ്പൻ പ്രൊജക്റ്റ് നടത്തിയാൽ ശ്രീലങ്ക വമ്പിച്ച വളർച്ച നേടുമെന്ന്. അതിനെതിരെ പറഞ്ഞവരെ ഭരിക്കുന്നവർ രാജ്യ ദ്രോഹികളാക്കി. സർക്കാരിന്റെ നടപടിയെ വിമർശിച്ചവരെ തീവ്രവാദികളാക്കി. വികസനം വിരോധികളാക്കി. സർക്കാരിനെ വിമർശിച്ചു സിവിൽ സൊസൈറ്റി സർക്കാർ ഇതര സംഘടനകളെ പീഡിപ്പിച്ചു.
സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ നോട്ട് അടിച്ചു. വിദേശ വിപണിയിൽ നിന്ന് പലിശ കൊടുക്കാനും ആവശ്യ സാധനങ്ങൾ ഇറക്കാനും വീണ്ടും കടം എടുത്തു. ഇപ്പോൾ ഇൻഫലേഷൻ ഏതാണ്ട് 18%. ഇനിയും കൂടാൻ സാധ്യത കൂടുതൽ.ഇപ്പോൾ കടത്തിൽ മുങ്ങി. ആവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ വിദേശ നാണ്യം ഇല്ല. കറണ്ട് കട്ട്. പെട്രോളിന് അഞ്ചും ഏഴും മണിക്കൂർ ക്യൂ. കഴിഞ ദിവസം ഒരു ശ്രീലങ്കൻ സുഹൃത്ത് പറഞ്ഞു ഇലകട്രിസിറ്റി ബിൽ തരാൻ പേപ്പർ ഇല്ല. കുട്ടികൾക്ക് പരീക്ഷ എഴുതാൻ പേപ്പറും പേനയും ഇല്ല
ശ്രീലങ്കയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അതിൽ കേരളവും ശ്രീ ലെങ്കയും തമ്മിലുള്ള ഏറ്റവും വലിയ സാമ്യം ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇറക്കുമതിയാണ്. കേരളത്തിന്റ അവസ്ഥയും അതു തന്നെ.
കേരളത്തിലെ പ്രധാന എക്സ്പോർട്ട് തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാരാണ്. അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതർ എവിടെയെങ്കിലുമൊക്കെ പോയി ചോര നീരാക്കി അയച്ചു കൊടുത്ത /കൊടുക്കുന്ന പൈസ കൊണ്ടാണ് കേരളത്തിലെ സാമ്പത്തിക സാമൂഹിക സ്ഥിതി മാറിയത്. കേരളത്തിലെ മൊത്തം എസ് ഡി ജി പി യുടെ ഏതാണ്ട് മുന്നിൽ ഒന്നും (31.5%) ഫോറിൻ റെമിറ്റാൻസ് കാരണമാണ്. അല്ലാതെ ഇവിടെ നിന്നുള്ള എന്തെങ്കിലും ടെക്നൊലെജി കൊണ്ടോ ഒന്നും അല്ല. കേരളത്തിലെ ഇക്കോണോമിയുടെ 10% വരുന്ന ടൂറിസം 23.5% തൊഴിൽ നൽകുന്നുണ്ട്.
ഇവിടെ ചില വിദ്വാൻമാർ ജപ്പാൻ വളർന്നത് ഹൈസ്പീഡ് റയിൽ കൊണ്ടാണ്. ചൈനയും അങ്ങനെയാണ് വളർന്നത്. അതു കൊണ്ടു സിൽവർ ലൈൻ കൊണ്ടു വന്നാൽ നമ്മൾ പിന്നെ ഗോൾഡൻ ഇക്കോണമിയാകും എന്നൊക്കയുള്ള വാദം പണ്ടേ കുഴിയാനയെ ആനയാക്കുന്നതും പൂച്ചയെ പുലിയാക്കുന്നതും പോലെയുള്ള ‘സാമ്പത്തിക ശാസ്ത്രമാണ് ‘
ശ്രീലങ്ക ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും കടം വാങ്ങിയതിന്റ എത്രയോ ഇരട്ടിയാണ് കേരളം വിദേശ കടം വാങ്ങാൻ നിൽക്കുന്നത്.? കെ റയിൽ, 2024-25 ൽ തീരുമെങ്കിലാണ് 66 ആയിരം കോടി എന്ന് പറയുന്നത്. കെ റയിൽ അഥവാ നടന്നാൽ തന്നെ 2032 ൽ പോലും തീരില്ല. സാമാന്യ നിലവാരം അനുസരിച്ചു ഏതാണ്ട് 2 ലക്ഷം കോടി. കേരളത്തിലെ പൊതു കടം ഇരട്ടിയായാൽ അതു കേരളത്തിന്റ മൊത്തവരുമാനത്തിന്റെ 75-89% വരും.
ഒരൊറ്റ വെള്ളപൊക്കം വന്നപ്പോൾ, കോവിഡ് ഷോക്ക് വന്നപ്പോൾ ജനങ്ങൾ അനുഭവിച്ച സാമ്പത്തിക പ്രയാസങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്. ശ്രീലങ്ക ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും എ ഡി ബി യിൽ നിന്നും കടം വാങ്ങി കൂട്ടി വമ്പൻ പദ്ധതി നടത്തിയത് കൊണ്ടു രാജപക്ഷെ കുടുംബം ശത കോടീശ്വരൻമാരായി. ആ കമ്മീഷൻ പൈസ തിരെഞ്ഞെടുപ്പിൽ ചിലവാക്കി കിറ്റും ടാക്സ് റിബറ്റും വാഗ്ദാനം നൽകി അവർ വിജയിച്ചു.
അവരെ ചോദ്യം ചെയ്തവരെ ദേശ ദ്രോഹികളും തീവ്രവാദികളുമാക്കി. ഒരു സാമ്പത്തിക പരിചയവും ഇല്ലാത്ത (എനിക്കു വളരെ വര്ഷങ്ങളായി അറിയാവുന്ന), കമ്മിഷൻ വിദഗ്ദനായ ബേസിൽ രാജപക്ഷെയെ ധനമന്ത്രിയാക്കിയത് കോഴിയെ സംരക്ഷിക്കാൻ കുറുക്കനെ ചുമതലപെടുത്തിയത് പോലെയാണ്.
കേരളത്തിന് ശ്രീലങ്കയിൽ നിന്നും പഠിക്കാൻ ഏറെയുണ്ട്. ചൈനയും ജപ്പാനുമൊക്ക കടം തരുന്നത് കാശ് ആയല്ല. അവരുടെ സാധന സാമഗ്രികൾ വിറ്റഴിച്ചു ലാഭം കൊയ്യാനാണ്. അതെല്ലാം തൊഴിൽ സൃഷ്ടിക്കുന്നത് ചൈനയിലും ജപ്പാനിലുമാണ്. അതാണ് ചൈന ആഫ്രിക്കയിൽ എല്ലായിടത്തും ചെയ്തത്. ചൈനീസ് സാമഗ്രികൾ, ചൈനീസ് എൻജിനിയർമാർ, ലോക്കൽ കൂലി തൊഴിലാളികൾ പോലും കുറവ്.
ജപ്പാനും ഫ്രാൻസും ഫാന്റം ഐഡിന്റ ആശാൻമാരാണ്. കുറഞ്ഞ പൈസക്കും പലിശ ഇല്ലാതെയും എയ്ഡ് വാഗ്ദാനം. പക്ഷെ എയ്ഡ് അവരുടെ സാധന സാമിഗ്രികൾ വിൽക്കാനുള്ള മറയാണ്. കേരളത്തിൽ ജപ്പാൻ അവിടെ ഉണ്ടാക്കി കയറ്റി അയക്കുന്ന രോളിംഗ് സ്റ്റോക്ക് (ട്രെയിൻ, പാളം, സാധനസാമഗ്രികൾ) കൊണ്ടു തൊഴിലും സാമ്പത്തിക മെച്ചവും ഉണ്ടാകുന്നത് ജപ്പാനാണ്. ആ ബിസിനസ് മോഡലിനെ കുറിച്ച് നടത്തിയ ഒരു പഠനത്തിലാണ് (Reality of Aid ) ഞാൻ അതിനെ ഫാന്റം എയ്ഡ് എന്ന് വിശേഷിപ്പിച്ചത്
ശ്രീലങ്കയിൽ ചൈനീസ് റോഡ് ആൻഡ് ബെൽറ്റ് പശ്ചാത്തല സംരംഭത്തെ ചോദ്യം ചെയ്തവരെയെല്ലാം തീവ്രവാദികളും വിവരമില്ലാത്തവരും ദേശ ദ്രോഹികളുമായി ഭരണ അധികാരികൾ ചാപ്പ കുത്തി.
ഇവിടെ നമ്മുടെ തോമസ് ഐസക്ന്റെ അഭിനവ കെനിസിയൻ മോഡൽ സ്റ്റിമുലസ് വാദം പറയുന്നത് in the Long run, സിൽവർ ലൈൻ കേരളത്തിലെ സാമ്പത്തിക വളർച്ച കൂട്ടും. അതു തന്നെയാണ് പണ്ട് രാജപക്ഷെ ശ്രീലങ്കയിൽ പറഞ്ഞത്.
In the long run കേരളം സിൽവർ ലൈൻ കൊണ്ടു ഭയങ്കരമായി വളരും എന്ന് പറയുന്നവരോട് പണ്ട് ജോൺ മെയ്നാഡ് കെയ്ൻസ് പറഞ്ഞതെ പറയാനുള്ളൂ
” In the long run, we are all dead’
സിൽവർ ലൈൻ എന്ത് വില കൊടുത്തും നടത്തുമെന്ന് പിടിവാശി നടത്തിന്നവരും അതു കേരളത്തിന്റെ സാമ്പത്തിക കുതിപ്പിനാണ് എന്ന് ഇപ്പോൾ പറയുന്നവരിൽ എത്രപേർ 2040ലും 2050ലും ജീവിച്ചിരിക്കും? അപ്പോഴും കേരളം കട വീട്ടാൻ പലിശ കൊടുത്തു കൊണ്ടേയിരിക്കും.
ശ്രീലങ്കയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.
ജെ എസ്
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS