Art & LiteratureColumns

ഒക്ടോബർ 7; ഹൃദയം പകുത്തു നല്‍കിയ പാട്ടുകാരൻ എം. എസ്. ബാബുരാജിന്റെ ഓർമ്മദിനം

ഓർമകളിൽ ബാബുരാജ് (1921-1978)

.…പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ ……

….. ഒരുപുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ……..

…….അനുരാഗ നാടകത്തിൻ അന്ത്യമാം രംഗം തീർന്നു, അരങ്ങിതിൽ ആളൊഴിഞ്ഞൂ കാണികൾ വേർപിരിഞ്ഞൂ…..

ഗസലുകളേയും ഹിന്ദുസ്ഥാനി സംഗീതത്തേയും മലയാള ചലച്ചിത്ര ഗാനങ്ങളിൽ സന്നിവേശിപ്പിച്ച് മലയാളികളുടെ സംഗീതാസ്വാദനത്തെ പുത്തൻ തലങ്ങളിലെത്തിച്ച സംഗീത സംവിധായകൻ എം.എസ്‌.ബാബുരാജ് ( മുഹമ്മദ് സബീർ ബാബു ) ഓർമ്മയായിട്ട് ഇന്ന് 42 വർഷം.

ബാബുരാജിന്റെ പാട്ടുകളില്‍ ജീവിതത്തിന്റെ എല്ലാ ഭാവങ്ങളുമുണ്ട്, ഒരു പക്ഷെ വേര്‍തിരിക്കാന്‍ കഴിയാത്ത വിധം അദ്ദേഹത്തിന്‍റെ ജീവിതവും സംഗീതവും ഇട കലര്‍ന്ന് കിടക്കുന്നു എന്നത് തന്നെയാവാം അതിനു കാരണം ഒരേ സമയം ലളിതവും തീവ്രവുമായിരുന്നു അദ്ദേഹത്തിന്‍റെ ഈണങ്ങളത്രയും.

ഹൃദയം പകുത്തു നല്‍കിയാണ് അദ്ദേഹം ഓരോ പാട്ടുകള്‍ക്കും ജന്മം നല്‍കിയത്, അനാഥമാക്കപ്പെട്ട ബാല്യത്തിന്റെയും അലഞ്ഞു തിരിഞ്ഞു നടന്ന കൌമാരത്തിന്റെയും ആഘോഷിക്കപ്പെട്ട യൌവനത്തിന്റെയും അവഗണിക്കപ്പെട്ട അവസാന നാളുകളുടെയുമെല്ലാം ഭാവങ്ങള്‍ അദ്ദേഹത്തില്‍ നിന്നും സംഗീതമായി പുറത്തു വന്നു. ഏകാന്ത പധികനായ വിഷാദ ഗായകനേയും ഗസല്‍ മഴ പെയ്യിക്കുന്ന പ്രണയത്തിന്റെ പ്രവാചകനേയും അദ്ദേഹത്തിന്റെ സംഗീതത്തില്‍ കാണാന്‍ കഴിയും.

മുഹമ്മദ്‌ സാബിര്‍ എന്നായിരുന്നു പഴയ പേര്. ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ജാന്‍ മുഹമ്മദ് സാഹിബിന്റെയും മലയാളിയായ ഉമ്മയുടെയും മകനായി 1921 മാർച്ച് 29 നു ആയിരുന്നു ബാബുരാജിന്റെ ജനനം. ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. വംഗനാട്ടുകാരനായ പിതാവ് വളരെ ചെറുപ്പത്തില്‍ തന്നെ കൊച്ചു സാബിരിനെയും ഉമ്മയും ഉപേക്ഷിച്ചു കൊല്‍ക്കത്തയിലേക്ക് തിരിച്ച് പോയി. പാതി അനാഥനായി തീര്‍ന്ന സാബിര്‍ പിതാവിനെ തേടി കൊല്‍ക്കത്തയിലേക്ക് പോയി.

അവിടെ നിന്നും ഹാര്‍മ്മോനിയം പഠിച്ചാണ് സാബിര്‍ തിരിച്ചു വന്നത്. കടുത്ത പട്ടിണിയും ദുരിതങ്ങളേയും തുടര്‍ന്നു അന്നന്നത്തെ അന്നത്തിനു വേണ്ടി കോഴിക്കോടിന്റെ തെരുവിലും ട്രെയിനുകളിലും അദ്ദേഹം പാട്ടു പാടി നടന്നു. ചെറുപ്പത്തില്‍ പിതാവില്‍ നിന്നും ബാല പാഠങ്ങള്‍ പഠിച്ചെടുത്തതും പിതാവിന്റെ ബാക്കി പത്രമായി രക്തത്തില്‍ അലിഞ്ഞു കിട്ടിയതും ആയ ഹിന്ദുസ്ഥാനി സംഗീതം സംഗീത സ്നേഹിയായ കുഞ്ഞഹമ്മദ്ക്ക എന്ന പോലീസുകാരന്‍ കണ്ടെത്തുകയും ദത്തെടുക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി.

തുടര്‍ന്നു കോഴിക്കോട്ടെ കല്യാണരാവുകള്‍ സാബിര്‍ തന്റെ സംഗീതം കൊണ്ടു നിറച്ചു. 1951-ല്‍ ‘ഇന്‍‌ക്വിലാബിന്റെ മക്കള്‍’ എന്ന നാടകത്തിനു സംഗീതം നല്‍കിക്കൊണ്ട് നാടകരംഗത്ത്‌ എത്തിയ ബാബുരാജ് പിന്നീട് ഒട്ടനവധി നാടകങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുകയും പാടുകയും ചെയ്തു. ടി മുഹമ്മദ് യൂസഫിന്റെ ‘കണ്ടം ബെച്ച കോട്ട്’, കേരള കലാവേദിയുടെ ‘നമ്മളൊന്ന്’ എന്നിവയാണ് അതില്‍ പ്രധാനം.

തുടര്‍ന്നു കോഴിക്കോട്ടെ കല്യാണരാവുകള്‍ സാബിര്‍ തന്റെ സംഗീതം കൊണ്ടു നിറച്ചു. 1951-ല്‍ ‘ഇന്‍‌ക്വിലാബിന്റെ മക്കള്‍’ എന്ന നാടകത്തിനു സംഗീതം നല്‍കിക്കൊണ്ട് നാടകരംഗത്ത്‌ എത്തിയ ബാബുരാജ് പിന്നീട് ഒട്ടനവധി നാടകങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുകയും പാടുകയും ചെയ്തു. ടി മുഹമ്മദ് യൂസഫിന്റെ ‘കണ്ടം ബെച്ച കോട്ട്’, കേരള കലാവേദിയുടെ ‘നമ്മളൊന്ന്’ എന്നിവയാണ് അതില്‍ പ്രധാനം.

അദ്ദേഹത്തിന്‍റെ സംഗീതത്തില്‍ ആകൃഷ്ടനായ പി ഭാസ്കരന്‍ മാസ്റര്‍ പിന്നീട് അദ്ദേഹത്തെ സിനിമാ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തി. ഭാസ്കരന്‍ മാഷ്‌ തന്നെയാണ് അദ്ദേഹത്തിനു ബാബുരാജ് എന്ന് നാമകരണം നല്‍കിയത്. 1957 ല്‍ ‘മിന്നാമിനുങ്ങ്‌’ എന്ന ചിത്രത്തിലൂടെയാണ് ബാബുരാജ് സ്വതന്ത്ര സിനിമാ സംഗീതസംവിധായകനാവുന്നത്. അദ്ദേഹം ഈണം പകര്‍ന്നതിലേറെയും പി ഭാസ്കരന്റെ വരികള്‍ക്കാണ്.

വയലാര്‍, ഓ എന്‍ വി, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി എന്നിവരുടെ രചനകള്‍ക്ക് നല്‍കിയ സംഗീതവും മറക്കാനാവാത്തതാണ്. 1978 ഒക്ടോബർ 7 നു ബാബുരാജ് ഓര്‍മ്മയായി. അനശ്വരങ്ങളായ ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു അദ്ദേഹം. മലയാള സംഗീതം ഉള്ളിടത്തോളം കാലം ബാബുരാജും അദ്ദേഹത്തിന്‍റെ സംഗീതവും അകലെയകലെയുള്ള നീലാകാശത്തില്‍ ഒരു താരമായി എന്നും ജ്വലിച്ചു നില്‍ക്കും. ഒരിക്കലും മറക്കാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ഈ അനുഗ്രഹീത കലാകാരന് പ്രണാമം.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x