Political

വിനോദ് റായുടെ ഖേദപ്രകടനം; മൻമോഹൻ സിങ് പൊറുത്താലും ഈ രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ല

ഹരിമോഹൻ

“ടുജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പേരുണ്ടാകാതിരിക്കാൻ എന്നിൽ സമ്മർദ്ദം ചെലുത്തിയ എം.പിമാരിൽ ഒരാൾ സഞ്ജയ്‌ നിരുപമമാണെന്ന എന്റെ പ്രസ്താവന തെറ്റാണ്. അദ്ദേഹത്തോടു ഞാൻ നിരുപാധികമായി മാപ്പു ചോദിക്കുന്നു.”

ഏഴു വർഷങ്ങൾക്കു മുൻപ് ഈ രാജ്യത്തെ സംഘപരിവാറിന്റെ കൈകളിലേക്കു വെച്ചു നൽകിയ ഒരാളുടെ ഖേദപ്രകടനമാണ്.

ഒരൊറ്റ ക്ഷമ കൊണ്ടൊന്നും അവസാനിക്കുന്നതല്ല അയാൾ രാജ്യത്തോടു ചെയ്തത്. വിനോദ് റായ് എന്ന അന്നത്തെ സി.എ.ജിയിൽക്കൂടിയായിരുന്നു സംഘപരിവാറിലേക്ക് ഇന്ത്യയുടെ അധികാരം അനായാസമായി എത്തിച്ചേർന്നത് എന്ന യാഥാർഥ്യം മറ്റാരെക്കാളും നന്നായി സംഘപരിവാറിനും അയാൾക്കും അറിയാം.

ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടി (176,000 കോടി) രൂപയെന്ന ഭീമമായ തുകയുടെ കണക്കുകൾ ഇന്ത്യൻ ജനതയുടെ മുന്നിലേക്കു വെച്ചു നൽകി വിനോദ് റായ് അഴിമതിക്കാരനായി മുദ്ര കുത്തിയ ഭരണാധികാരിയായിരുന്നു മൻമോഹൻ സിങ്.

അതോടെ മൻമോഹൻ സിങ് എന്ന പ്രധാനമന്ത്രി ഈ ജനതയ്ക്കു മുന്നിൽ തുടർ ഭരണം അർഹിക്കാത്ത രാഷ്ട്രീയ നേതാവായി. അതോടെ കോൺഗ്രസ്‌ അഴിമതിപ്പാർട്ടിയുമായി, ആക്കി.

വർഷങ്ങൾക്കു ശേഷം 2017-ൽ കോടതി പ്രതികളെ മുഴുവൻ വെറുതെ വിട്ടിട്ടും നമുക്കു ടുജി സ്‌പെക്ട്രം കോൺഗ്രസിനെ അഴിമതിപ്പാർട്ടിയും മൻമോഹൻ സിങ്ങിനെ അഴിമതിക്കാരനുമായി നിലനിർത്തുന്നതിന് ഉപയോഗിക്കാനുള്ള വടിയായി തുടർന്നു.

ഇപ്പോഴും അതിടയ്ക്കിടെ പലയിടത്തു നിന്നും ഉയർന്നു കേൾക്കാറുണ്ട്, സംഘപരിവാറിൽ നിന്നു മാത്രമല്ല.

മനസിലാക്കേണ്ടത്, മൻമോഹൻ സിങ് എന്ന മനുഷ്യന്റെ കീഴിൽ, ആ പ്രധാനമന്ത്രിയുടെ ഭരണത്തിൽ ഇന്ത്യയുടെ ഭരണഘടന ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല എന്ന വസ്തുതയാണ്.

അന്നു ഭരണാധികാരിയും ഭരണകൂടവും ചോദ്യം ചെയ്യപ്പെടുമ്പോൾ അതിർത്തിയിൽ വെടിയൊച്ചകൾ മുഴങ്ങിയിരുന്നില്ല എന്നോർക്കണം. മതം നോക്കി ഈ രാജ്യത്തിന്റെ അതിർത്തികൾ കൊട്ടിയടക്കപ്പെടാത്ത കാലമായിരുന്നു അത്‌.

രാജ്യതലസ്ഥാനത്തിന്റെ അതിർത്തികളിൽ കർഷകർക്കോ സാമാന്യ ജനവിഭാഗത്തിനോ കൊടും തണുപ്പും ചൂടും സഹിച്ചു മുദ്രാവാക്യം വിളിച്ചു മാസങ്ങളോളം ഇരിക്കേണ്ടി വന്നിട്ടില്ല എന്ന് ഓർത്തെടുക്കണം നമ്മൾ. അങ്ങനെയൊരു പത്തു വർഷത്തിനൊടുവിലാണു ഭരണം നഷ്ടപ്പെടുന്നത് ആ മനുഷ്യനു നോക്കിനിൽക്കേണ്ടി വന്നത്.

പോകരുത് എന്നാഗ്രഹിച്ച കൈകളിലേക്ക് രാജ്യം പോയതു നമുക്കു കാണേണ്ടി വന്നു. അതിനൊരൊറ്റ കാരണമേയുള്ളൂ. അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണമായിരുന്നു മൻമോഹൻ സിംഗിന്റെ യു.പി.എ സർക്കാരിന്റേത് എന്ന ജനങ്ങളുടെ വിധിയെഴുത്ത്.

അതിനു കാരണമായത്, രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള സംവിധാനമായി വിലയിരുത്തപ്പെട്ടുപോന്ന സി.എ.ജിയുടെ റിപ്പോർട്ട്‌. അന്ന് ആ റിപ്പോർട്ട്‌ എഴുതിയുണ്ടാക്കിയ വ്യക്തിയാണു വർഷങ്ങൾക്കിപ്പുറം അതിൽ ഒരാളെക്കുറിച്ചു താൻ പറഞ്ഞതു തെറ്റായിരുന്നു എന്ന്, അതിൽ അന്നത്തെ പ്രധാനമന്ത്രിയെ സംശയത്തിന്റെ അങ്ങേത്തലയ്ക്കൽ നിർത്തിയ ഒരു പ്രസ്താവന തെറ്റായിരുന്നുവെന്ന് ഇപ്പോൾ പറയേണ്ടി വന്നിരിക്കുന്നത്.

ഖേദപ്രകടനമോ ക്ഷമാപണമോ (അതു രാജ്യത്തോടായാൽ പോലും) മതിയാകാതെ വരും. അന്ന് വിനോദ് റായ് എന്ന ഇന്ത്യയിലെ ഏറ്റവും പ്രിവിലേജുള്ള ഉദ്യോഗസ്ഥനെ ഇതിനു പ്രേരിപ്പിച്ചത് എന്തായിരുന്നു എന്ന് ഈ രാജ്യത്തിന്റെ പരമോന്നത നീതിപീഠം അന്വേഷിക്കണം.

സംഘപരിവാറിനു വേണ്ടി വാർത്തകൾ സൃഷ്‌ടിച്ച, ഇപ്പോഴും അതേ ജോലി തുടരുന്ന അർണബ് ഗോസ്വാമി എന്നയാൾക്കു മുന്നിലാണ് വിനോദ് റായ് അന്നാ പ്രസ്താവന നടത്തിയത് എന്നത് ഇതിനു പിന്നിലെ ഗൂഢാലോചനകൾ കുറച്ചുകൂടി വ്യക്തമാക്കുന്നതാണ്.

വിനോദ് റായ് കുറ്റവാളിയാണ്, അയാളെ അതിനു പ്രേരിപ്പിച്ചവരും, അവരെ അതിനു സഹായിച്ചവരും. അതിൽക്കുറഞ്ഞൊന്നുമല്ല.

ഗാന്ധിയുടെയും അംബേദ്‌കറിന്റെയും നെഹ്‌റുവിന്റെയും നാടിനെ സവർക്കറുടെയും ഗോഡ്സെയുടെയും ഗോൾവാൾക്കറിന്റെയും നാടാക്കി മാറ്റാൻ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്ത, അതിനു വിത്തു പാകിയ ഒരു പ്രക്രിയയാണ് അന്നാ സർക്കാരിനെ അഴിമതിയുടെ മുഖമാക്കി മാറ്റിയ റിപ്പോർട്ട്‌.

അടിമുടി തിരുത്തേണ്ടുന്ന റിപ്പോർട്ടാണ് അത്‌. രാജ്യം അതു ചർച്ച ചെയ്യുകയും തിരുത്തുകയും ചെയ്യേണ്ടത് ഇനിയെങ്കിലും ആവശ്യമാണ്. ഏഴുവർഷമായിരിക്കുന്നു അതിന്റെ പരിണിതഫലം ഒരു ജനത അനുഭവിക്കാൻ തുടങ്ങിയിട്ട്. അതിന്റെ തുടക്കം പോലെ തന്നെ അവസാനവും ആ റിപ്പോർട്ടിൽ നിന്നു തന്നെയാവണം എന്നതു കാവ്യനീതിയാവും.

വിനോദ് റായ് നടത്തിയ ഖേദപ്രകടനം മൻമോഹൻ സിങ് എന്ന ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവുമധികം പരിഹസിക്കപ്പെട്ട, പ്രതിക്കൂട്ടിൽ നിർത്തപ്പെട്ട പ്രധാനമന്ത്രി അറിഞ്ഞിട്ടുണ്ടാവില്ല. ഡൽഹി എയിംസിലെ ആ മുറിയിൽ തന്നെയാവും അദ്ദേഹം ഇപ്പോഴും. അറിഞ്ഞാലും പതിവു പുഞ്ചിരി തന്നെയാകും ആ മനുഷ്യന്റെ മുഖത്ത്. ഇതൊക്കെ എപ്പോഴേ മുൻകൂട്ടി പറഞ്ഞുകഴിഞ്ഞിരുന്നു. പ്രധാനമന്ത്രിപദം ഒഴിയുന്നതിനു മാസങ്ങൾക്കു മുൻപ് അദ്ദേഹം നടത്തിയ പത്രസമ്മേളനത്തിലെ ചില വരികളാണ്-

“ഞാനൊരു ദുർബലനായ പ്രധാനമന്ത്രി ആയിരുന്നുവെന്നു ഞാൻ വിശ്വസിക്കുന്നില്ല. അതു ചരിത്രകാരന്മാർ തീരുമാനിക്കട്ടെ. നിങ്ങൾ എന്നെക്കുറിച്ച് എന്തു കരുതുമെന്നോ രാജ്യം എന്തു വിചാരിക്കുമെന്നോ എനിക്കറിയില്ല. പക്ഷേ, അങ്ങേയറ്റം ആത്മാർഥതയോടും സത്യസന്ധതയോടും കൂടിയാണ് ഇക്കാലമത്രയും ഞാനീ രാജ്യത്തെ സേവിച്ചത്. എന്റെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ വേണ്ടി ഞാൻ എന്റെ ഓഫീസ് ദുരുപയോഗം ചെയ്തിട്ടില്ല. മാധ്യമങ്ങളെക്കാൾ ചരിത്രം എന്നോടു ദയവു കാണിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.”

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Rasha
2 years ago

അത്തരം ഉദ്യോഗസ്ഥർ അധികാരത്തിൻ്റെ ഉന്നത കേന്ദ്രങ്ങളിൽ ഉണ്ടായി എന്നതും അവരെ നിയന്ത്രിക്കാൻ പറ്റിയില്ല എന്നതുമാണ് മൻമോഹൻ സിംഗിൻ്റെ തെറ്റ്. മാത്രമല്ല സ്വന്തം പാർട്ടിയിലെ ഉന്നതർ വരെ ആ പ്രധാനമന്ത്രിയെ എതിർത്തിരുന്നു എന്നും മനസിലാക്കുക

Back to top button
1
0
Would love your thoughts, please comment.x
()
x