
ഗന്ധിനഗർ: ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കൊണ്ട് ഗുജറാത്തിൽ മന്ത്രി ഭൂപേന്ദ്രസിംഗ് ചുദാസാമയുടെ 2017-ലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചുവെന്നും മന്ത്രിപദവി ദുരുപയോഗം ചെയ്‌തെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
429 പോസ്റ്റൽ ബാലറ്റ് വോട്ടുകൾ അനധികൃതമായി റദ്ദാക്കിയെന്നുളള കോൺഗ്രസ് സ്ഥാനാർത്ഥി അശ്വിൻ റാത്തോഡ് ഉന്നയിച്ച വാദം ഹൈക്കോടതി ശരിവച്ചാണ് കോടതി തിരഞ്ഞെടുപ്പുവിജയം അസാധുവാക്കിയത്. 2017 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂപേന്ദ്രസിന്‍ ജയിച്ചത് 327 വോട്ടിനായിരുന്നു. ധോല്‍ക്ക നിയമസഭാ മണ്ഡലത്തിൽ നിന്നുമാണ് ഭൂപേന്ദ്രസിന്‍ വിജയിച്ചത്.
അഴിമതിയിലൂടെയാണ് ഭൂപേന്ദ്രസിന്‍ വിജയിച്ചതെന്ന് റാത്തോഡ് ആരോപിക്കുകയും തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്യുകയായിരുന്നു. 429 പോസ്റ്റല്‍ വോട്ടുകള്‍ റിട്ടേണിങ് ഓഫീസർ ധവൽ ജാനി നിയമവിരുദ്ധമായി നിരസിച്ചെന്നും ഇ.വി.എമ്മുകളിലെ 29 വോട്ടുകൾ ഉദ്യോഗസ്ഥർ കണക്കാക്കിയിട്ടില്ലെന്നും ഹരജിയില്‍ റാത്തോഡ് ചൂണ്ടിക്കാട്ടി.
പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം 1,59,946 എന്നും വോട്ടെണ്ണലിന് ശേഷം പുറത്തുവന്ന അന്തിമ ഫല പ്രഖ്യാപനത്തില്‍ 1,59,917 വോട്ടുകള്‍ എന്നുമാണ് റിട്ടേണിങ് ഓഫീസര്‍ നല്‍കിയ വിവരം. ഇവ തമ്മില്‍ 29 വോട്ടുകളുടെ വ്യത്യാസമുണ്ടെന്നാണ് റാത്തോഡ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇതൊക്കെ ശരിവെച്ചാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് അസാധുവായി ഗുജറാത്ത് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.