ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് പ്രതിരോധത്തിന് ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സാവധാനം നീക്കി വരുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അല്ലെങ്കിലും കേസുകള്‍ കുതിച്ചുയരുമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കി.
രോഗം വ്യാപിക്കുന്നത് പരിശോധിക്കാന്‍ രാജ്യങ്ങള്‍ മതിയായ ട്രാക്കിംഗ് സംവിധാനങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. ലോക്ക്ഡൗണില്‍ നിന്നുള്ള പരിവര്‍ത്തനം രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാന്‍ കെര്‍കോവ് ടെഡ്രോസിന്റെ ആശങ്കകളെ പിന്തുണച്ചു. ‘ലോക്ക്ഡൗണ്‍ നടപടികള്‍ വളരെ വേഗത്തില്‍ എടുത്തു കളഞ്ഞാല്‍ വൈറസ് വ്യാപനം കുതിച്ചുയരും’ അവര്‍ പറഞ്ഞു.
ഇന്ത്യ, ജര്‍മ്മനി, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കി തുടങ്ങിയിട്ടുണ്ട്. രാജ്യം വീണ്ടും തുറക്കാനുള്ള സന്നദ്ധത യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്.
യാത്രാനിയന്ത്രണങ്ങളും മറ്റ് വൈറസ് നിയന്ത്രണ നടപടികളും നീക്കം ചെയ്യുന്നതിനു മുമ്പ് രാജ്യങ്ങള്‍ നിരീക്ഷണ നിയന്ത്രണ പരിപാടികള്‍ നടത്തുകയും ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുകയും വേണം. ശക്തമായ ആരോഗ്യസുരക്ഷ സംവിധാനങ്ങളില്ലാതെ പകര്‍ച്ചവ്യാധി ക്ഷയിച്ചതിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങുന്നത് ബുദ്ധിമുട്ടേറിയതാണെന്നും ടെഡ്രോസ് പറഞ്ഞു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS