Social

‘നാർകോട്ടിക് ജിഹാദ്’; ബിഷപ്പ് ഒറ്റക്കല്ല, സഭയുടെ പിന്തുണയും ഉണ്ടോ ?

പി ജെ ബേബി പുത്തൻപുരക്കൽ

ഇന്ന് ബിഷപ്പ് കല്ലറങ്ങാട്ടിനെ ന്യായീകരിച്ചു കൊണ്ടും പിന്തുണച്ചുകൊണ്ടും ദീപിക പത്രം എഴുതിയ എഡിറ്റോറിയൽ ഒരു കാര്യം വ്യക്തമാക്കുന്നു.

കേരളത്തിലെ കത്തോലിക്കാ സഭ ഒറ്റക്കെട്ടായി എടുത്ത നിലപാടാണ് നാർകോട്ടിക്സ് ജിഹാദിന്റെത് എന്ന കാര്യം.

കേരളത്തിലെ കത്തോലിക്കാ സഭ ആദ്യമായല്ല അറുപിന്തിരിപ്പനും ജനവിരുദ്ധവുമായ നിലപാടെടുക്കുന്നത്.

അതിന്റെ ചരിത്രം ആരംഭിക്കുന്നതു തന്നെ പോർച്ചുഗീസ് കൊളോണിയൽ അതിക്രമങ്ങളിൽ നിന്നാണ്. ഇവിടെ വസിച്ചിരുന്ന വിപുലമായ വിഭാഗം മനുഷ്യരെ അവർ ക്രൂരമായ മർദ്ദനമുറകളിലൂടെ മതം മാറ്റി.

സമാധാനപരമായി ഇവിടെ ജീവിച്ചിരുന്ന സുറിയാനി (മാർത്തോമ്മാ) ക്രിസ്ത്യാനികളെ നൂറ്റാണ്ടുകൾ നീണ്ട ബലപ്രയോഗത്തിലൂടെയും കുതന്ത്രങ്ങളിലൂടെയും തങ്ങളുടെ രീതികളിലേക്ക് ആവാഹിച്ച് കത്തോലിക്കരാക്കി.

അത്തരം അതിക്രമങ്ങൾക്ക് ലോകമെങ്ങും പോയി മാർപ്പാപ്പ മാപ്പു പറയുമ്പോഴും ഇവിടെ തങ്ങൾക്കൊരു മാറ്റവും വന്നിട്ടില്ലെന്ന് ഈ മുഖപ്രസംഗം പ്രഖ്യാപിക്കുന്നു.

സ്വാതന്ത്രൃ സമരത്തിൽ നിന്നു പുറം തിരിഞ്ഞു നിൽക്കൽ, വിമോചന സമരം, 1970 കളിലെ കോളേജ് സമരം, പി എം ആൻറണിയുടെ നാടകത്തിനെതിരെ തെരുവിൽ നടത്തിയ അക്രമ പേക്കൂത്തുകൾ എന്നിങ്ങനെ പിന്നെയും ഉദാഹരണങ്ങളുണ്ട്.

അത്തരം ജനാധിപത്യ വിരുദ്ധ – വർഗീയ നിലപാടുകളിൽ നിന്ന് മാർപ്പാപ്പ അണികളെ മാറ്റാൻ തീവ ശ്രമം നടത്തുമ്പോൾ ഇവിടെ വാശിയോടെ ചോർച്ചുഗീസ് മത ഭ്രാന്തൻ നിലപാടുകളെ വാരിപ്പുണരുകയാണവർ.

അടുത്തിടെ മാർപ്പാപ്പയും വത്തിക്കാനും അമേരിക്ക മുന്നിൽ നിന്ന് വളർത്തുന്ന ഇസ്ലാമോഫോബിയക്കെതിരെ ശക്തമായ നിലപാടെടുക്കുകയുണ്ടായി. അതൊക്കെ മറച്ചു വച്ചാണ് കല്ലറങ്ങാട്ടും ദീപികയും ആലഞ്ചേരിയും വാശിയോടെ രംഗത്തിറങ്ങുന്നത്.

ലവ് ജിഹാദിനെപ്പറ്റിയും നാർകോട്ടിക് ജിഹാദിനെക്കുറിച്ചും കല്ലറങ്ങാട്ട് പറഞ്ഞത് അപ്രിയ സത്യമാണ് എന്നാണ് ദീപിക പറയുന്നത്. കൂടെ കൂടുതൽ വർഗീയത ആളിക്കത്തിക്കാൻ മറ്റു പലതും കൂട്ടി ചേർത്തിട്ടുണ്ട്.

‘എരുമേലിക്കടുത്തുള്ള വെച്ചൂച്ചിറയിൽ നിന്ന് 2008-ൽ കാണാതായ ജസ്ന മരിയ ജെയിംസ് എന്ന പെൺകുട്ടിയുടെ തിരോധനത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇത്തരം കേസുകളിലെ അന്വേഷണമെല്ലാം ഒരു ഘട്ടം കഴിയുമ്പോൾ നിലക്കുന്നു’ ദീപിക പറയുന്നു.

എഡിറ്റോറിയലിൽത്തന്നെ മറ്റൊരിടത്ത്, അഫ്ഗാനിസ്ഥാനിലേക്ക് മതം മാറ്റിക്കൊണ്ടുപോയ നാലു പേരുടെ കാര്യം പറയുന്നു. ജസ്നക്കും അതാണ് സംഭവിച്ചതെന്നാണ് സൂചന നല്കുന്നത്.

കേരളത്തിലുടനീളം ഒട്ടനവധി വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും കള്ള സംഘടനകളിലൂടെയും ജസ്നയുടെ തിരോധാനത്തെ അങ്ങേയറ്റം വർഗീയമായി അവതരിപ്പിക്കുന്നതിനിടയിലാണ് ഈ ദുസ്സൂചന നല്കുന്നത്. ജസ്നയുടെ തിരോധാനത്തെപ്പറ്റി സഭ വ്യക്തമായ വിവരങ്ങൾ പോലീസിന് നല്കിയിട്ട് പോലീസ് അന്വേഷിക്കുന്നില്ല എന്നാണെങ്കിൽ അതിങ്ങനെയാണോ പറയുക? ലക്ഷ്യം വ്യക്തമാണ്.

മറ്റൊരിടത്ത് പറയുന്നത് സമുദായ സൗഹാർദ്ദം പാലിക്കാൻ ബദ്ധശ്രദ്ധരാണ് ക്രൈസ്തവ സമുദായവും നേതൃത്വവും എന്നാണ്. ” തൊടുപുഴയിലെ പ്രഫ: ജോസഫിന്റെ കൈ വെട്ടിയപ്പോഴും അവർ പ്രതികരിച്ചത് തികഞ്ഞ സംയമനത്തോടെയായിരുന്നു. അത് ഭീരുത്വത്തിന്റെ ലക്ഷണമല്ല.”

പ്രൊഫ: ജോസഫ് യാതൊരും തെറ്റും ചെയ്തില്ലെന്ന് ഒരു നിയമക്കോടതി വിധിച്ചതാണ്. ആ വിധിക്കു ശേഷവും സഭ അദ്ദേഹത്തെ എത്ര കൂരമായിട്ടാണ് വേട്ടയാടിയതെന്നും അദ്ദേഹത്തിന്റെ പ്രിയ പത്നിയെ മരണത്തിലേക്ക് തള്ളിയിട്ടതെന്നും കേരളീയർക്ക് മുഴുവനറിയാം… ആ വേട്ടയാണ് സംയമനം പാലിക്കൽ !!!

ആടിനെ പട്ടിയാക്കാൻ എന്തൊരു കഴിവ്?

ജോസഫ് മാഷുടെ കൈ വെട്ടിയത് മുസ്ലീം സമുദായമാണോ? അതോ SDPI ആണോ?
വിമോചന സമര കാലത്ത് സഭ രൂപം കൊടുത്ത നിരണം പടയും ക്രിസ്റ്റഫർ സേനയും എത്രയോ പേരെ ക്രൂരമായി കൊന്നുകളഞ്ഞു. മരിച്ചവരിൽ കൂടുതലും ഹിന്ദു നാമധാരികളായിരുന്നു. അത് സഭയുടെ ഹിന്ദു ഉന്മൂലനം എന്നു പറഞ്ഞാൽ എങ്ങനെയിരിക്കും?

കത്തോലിക്കാ സഭയെപ്പോലെ ഇത്രയധികം ചോരക്കുരുതി നടത്തിയ ഏതെങ്കിലും വിഭാഗം ചരിത്രത്തിലുണ്ടോ? നാലു പേരെ അഫ്ഗാനിസ്ഥാനിലേക്ക് മതം മാറ്റിക്കൊണ്ടുപോയ പ്രശ്നം പറയുമ്പോൾ ക്രിസ്തീയസഭകൾ ഇന്ത്യയിൽത്തന്നെ എത്ര ദശലക്ഷങ്ങളെ മതം മാറ്റി. അവരിൽ എത്രം പേരെ മറ്റിടങ്ങളിലേക്ക് മത പ്രവർത്തനങ്ങൾക്കയച്ചു? വല്ല കണക്കുകളുമുണ്ടോ?

കല്ലറങ്ങാട്ട് പിതാവും ദീപിക എഡിറ്റോറിയലെഴുതിയ വ്യക്തിയും വിക്ടർ യൂഗോയുടെ നേത്രദാമിലെ കൂനൻ ഒന്നു വായിക്കുമോ? 15 കഴിഞ്ഞ സുന്ദരികളായ പെൺകുട്ടികൾക്ക് പിശാചാണ് പുരുഷന്മാരെ വഴിതെറ്റിക്കാൻ സൗന്ദര്യവും ആകർഷകത്വവും നല്കുന്നത് എന്നു പറഞ്ഞ് എത്രയായിരം പേരെ അചിന്ത്യമായ പീഡനമുറകൾ പ്രയോഗിച്ച് മധ്യകാലത്ത് കൊന്നൊടുക്കി?

എത്ര ലക്ഷം തദ്ദേശീയരെ കൊന്നൊടുക്കിയാണ് അമേരിക്കയും ആസ്ട്രേലിയയും ഇന്ന് ക്രിസ്ത്യൻ രാജ്യങ്ങളായത്? കുരിശുയുദ്ധത്തിന്റെ ഭീകരകഥ എഴുതുന്നില്ല.

താലിബാനും ഐഎസും പാശ്ചാത്യ ശക്തികളുടെ സൃഷ്ടികളാണെന്ന പച്ചയായ സത്യം മൂടിവച്ചാണ് എല്ലാം മുസ്ലീം എന്ന അക്കൗണ്ടിൽ വരവു വക്കുന്നത്. യഥാർത്ഥത്തിൽ ക്രിസ്ത്യൻ പാശ്ചാത്യചേരി മുസ്ലീം ജനസമൂഹങ്ങളോട് പ്രവർത്തിച്ച കൊടിയ ക്രൂരതകളാണ് താലിബാനും ഐഎസും.

കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് ഭരണഘടനാപരമായ ഏജൻസികൾ വ്യക്തമാക്കിയ ശേഷമാണ് ലൗവ് ജിഹാദ് എന്ന ഗീബൽസിയൻ പ്രചരണം. ഭരണഘടന കാറ്റിൽപ്പറത്തി നടത്തുന്ന വർഗീയവൽക്കരണമാണ് ഈ പ്രചരണം.

കേരളത്തിൽ മയക്കുമരുന്ന്, മാഫിയാ, കൊട്ടേഷൻ കൊല, തുടങ്ങിയ പ്രവർത്തനങ്ങൾ വ്യാപകമാണ്. പെൺവാണിഭവും ഹണി ട്രാപ്പും എല്ലാമുണ്ട്. അതിൽ എല്ലാ സമുദായക്കാരുമുണ്ട്. അതിൽപ്പെട്ട ഞങ്ങളുടെ മതക്കാരായ യുവതീയുവാക്കളെല്ലാം വിവിധ ജിഹാദിന്റ ഇരകളാണ്. എല്ലാം മുസ്ലിം മതം നടത്തുന്ന ജിഹാദാണ് എന്ന പ്രചരണം നടത്തിയ ശേഷം അപ്രിയ സത്യങ്ങൾ വിളിച്ചു പറയുന്നവരെ കൊഞ്ഞനം കുത്തരുത് എന്നാണ് ആഹ്വാനം …

ഭരണകൂട സംരക്ഷണമുള്ളതുകൊണ്ട് എങ്ങനെയും വർഗീയ ഭ്രാന്തു പറയാം എന്ന അമിതമായ ഈ ആത്മവിശ്വാസത്തിന് അധികനാൾ ആയുസ്സുണ്ടാകില്ല. ആഗോള ക്രിസ്ത്യാനികൾ കേരള കത്തോലിക്കാ സഭയുടെ ഈ വൈകൃതങ്ങൾ അറിയണം. യേശുവിന്റെ പേരിലാണ് ഇതെല്ലാം!!

കണ്ണടച്ചുള്ള പാലുകുടി വിവരമുള്ളവർ അനുവദിക്കരുത്…

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x