Opinion

“വൺ ഇന്ത്യ – വൺ പെൻഷൻ”; പൊതു സംവിധാനങ്ങൾ തകർക്കാനുള്ള കോർപ്പറേറ്റ് ഗൂഢാലോചന

ഈ മഹാമാരിയുടെ കാലം ജനകീയമായ പ്രതിരോധ പ്രവർത്തനത്തിൻ്റെ കാലം മാത്രമായിരുന്നില്ല, മറിച്ച് ജനവിരുദ്ധ ആശയങ്ങളുടെ പ്രചരണ പ്രവർത്തനങ്ങളുടെ കാലം കൂടി ആയിരുന്നു. അത്തരമൊരു പ്രചരണമാണ്, കേൾക്കുമ്പോൾ ആകർഷകമായ -വൺ ഇന്ത്യ വൺ പെൻഷൻ -എന്ന മുദ്രാവാക്യം.

നിർവചിക്കപ്പെട്ട ആനുകൂല്യ പദ്ധതി എന്ന അർത്ഥത്തിലാണ് പെൻഷൻ അടക്കമുള്ള സംവിധാനത്തെ ചരിത്രം തൊഴിലിടങ്ങളിൽ അടയാളപ്പെടുത്തിയത്. ജനാധിപത്യ സമൂഹത്തിൻ്റെ വളർച്ചയുടെ ഘട്ടത്തിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിൽ ഉണ്ടാക്കിയ കരാറിൻ്റെ അടിസ്ഥാനത്തിൽ, ‘നികുതി രഹിത’മായി മാറ്റിവെക്കപ്പെട്ട “വേതന”മാണ് പെൻഷൻ.

പെൻഷൻ മാറ്റിവെക്കപ്പെട്ട “വേതന”മാണ്

ഈ “മാറ്റിവെക്കപ്പെട്ട വേതനം”, തൊഴിലാളിയുടെ വിഹിതവും തൊഴിലുടമയുടെ വിഹിതവും കൂടി ചേർന്നാണ് സ്വരൂപിക്കപ്പെടുന്നത് എന്ന് സാരം. തൊഴിലാളിക്ക്, തൊഴിൽ ദിനങ്ങളിൽ ലഭിക്കുന്ന വേതനം, യഥാർത്ഥത്തിൽ ലഭിക്കേണ്ട കൂലിക്കു പകരം “മാറ്റിവെക്കപ്പെട്ട വേതന” ത്തിലേക്കുള്ള വിഹിതവും കൂടി ചേർന്നതാണ്.

തൊഴിലാളിയുടെ അധ്വാനശക്തി ഉപയോഗിക്കുന്നത് വഴി, തൊഴിലുടമയ്ക്ക് ലഭിക്കുന്ന മിച്ചമൂല്യത്തിൽ നിന്നും ഒരു വിഹിതമാണ് “മാറ്റിവെക്കപ്പെട്ട വേതന” ത്തിലേക്ക് തൊഴിലുടമ നൽകുന്നത്.

ചുരുക്കത്തിൽ ഈ രണ്ടു വിഹിതവും തൊഴിലാളിയുടെ അധ്വാനശക്തിയുടെ ഉല്പന്നമാണ്. തൊഴിൽ ചെയ്യുന്ന സമയത്ത് തന്നെ തൊഴിലാളിക്ക് ലഭിക്കേണ്ടിയിരുന്ന വേതനം തൻ്റെ വാർദ്ധക്യകാലത്ത്, അഥവാ അധ്വാനശക്തി നൽകാൻ സാഹചര്യം ഇല്ലാത്ത ഒരു സമയത്തേക്ക് മാറ്റിവെക്കുന്ന ഇൻവെസ്റ്റ്‌മെന്റ്!!

ഇത് തൊഴിലുടമയുടെയോ മറ്റാരുടെയെങ്കിലുമോ ഔദാര്യമല്ല.. മറിച്ച് തൊഴിലെടുത്തവൻ്റെ അവകാശമാണ്. തൊഴിലുടമ “സർക്കാർ ” ആകുകയും, തൊഴിലാളി “ജീവനക്കാരനാ”വുകയും ചെയ്യുമ്പോഴാണ് പെൻഷൻ സർക്കാറിൻ്റെ ഔദാര്യമാണെന്ന മുറവിളി ഉയരുന്നത്. ഇങ്ങനെയുള്ള പെൻഷൻ സംവിധാനത്തെ അട്ടിമറിച്ച ആദ്യത്തെ നീക്കമായിരുന്നു കോൺട്രിബൂട്ടറി പെൻഷൻ. എന്നാൽ, പെൻഷൻ സംവിധാനം തന്നെ ഇല്ലാതാക്കാനുള്ള   അതിവിദഗ്ദമായ ഒരു ഗൂഢാലോചനയുടെ ഭാഗമായാണ് “വൺ ഇന്ത്യ വൺ പെൻഷൻ” എന്ന പേരിൽ ഇപ്പോൾ നടക്കുന്ന പ്രചരണം.

കോൺട്രിബൂട്ടറി പെൻഷൻ

1990കളോട് കൂടി ഇന്ത്യയിൽ നടപ്പിലാക്കിയ കോർപ്പറേറ്റ് വൽക്കരണ നയങ്ങളുടെ തുടക്കത്തിലാണ് കോൺട്രിബൂട്ടറി പെൻഷൻ നടപ്പിലാക്കാൻ തുടങ്ങിയത്. പെൻഷൻ ഫണ്ടിലേക്ക് മിച്ചമൂല്യത്തിൽ നിന്നും തൊഴിലുടമ നൽകി കൊണ്ടിരുന്ന വിഹിതം ഇനിമേൽ നൽകേണ്ടതില്ല എന്ന് തീരുമാനിച്ചു.

മറിച്ച് ആ വിഹിതം അധ്വാനശക്തി വാങ്ങിയ വകയിൽ തൊഴിലാളിയിൽ നിന്നും ഇടാക്കിയ “നികുതി രഹിത “വരുമാനം കൂടാതെ തൊഴിലാളി കൈപ്പറ്റി കൊണ്ടിരിക്കുന്ന വേതനത്തിൽ നിന്ന് ഒരു നിശ്ചിത തുക പിടിച്ചെടുത്ത് പെൻഷൻഫണ്ട് രൂപപ്പെടുത്തി സ്വകാര്യ ഏജൻസിക്കോ, ഷെയർ മാർക്കറ്റിലോ നിക്ഷേപിച്ചു അതിൽ നിന്നും ലഭിക്കുന്ന  ലാഭ വിഹിതത്തിൻ്റെ അടിസ്ഥാനത്തിൽ, വിരമിക്കുന്ന തൊഴിലാളിക്ക് പെൻഷൻ നൽകുന്ന രീതി നടപ്പാക്കികൊണ്ട് പെൻഷൻ നൽകുന്ന ഉത്തരവാദിത്വത്തിൽ നിന്നും തൊഴിലുടമ പൂർണ്ണമായും പിന്മാറി. ഇതിനെതിരെയുള്ള ചെറുത്ത് നിൽപിൻ്റെ ഭാഗമായി കേരളത്തിൽ നടപ്പിലാക്കാൻ പെട്ടെന്ന് കഴിഞ്ഞില്ലെങ്കിലും 2014 ഏപ്രിലോടു കൂടി കേരളത്തിലും നടപ്പിലാക്കപ്പെട്ടു.

ഇന്ത്യയിലെ 60 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും  മാസത്തിൽ 10000 രൂപ പെൻഷൻ. ഇതിന് വേണ്ടത് 10000 ൽ അധികം പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ജീവനക്കാരുടെ പെൻഷനിൽ നിന്നും അധികം വരുന്ന തുക പിടിച്ചെടുക്കുകയും, 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും വിതരണം ചെയ്യുകയുമാണ് വേണ്ടത് എന്ന പ്രഖ്യാപനം.

കോർപ്പറേറ്റ് അനുകൂല നയങ്ങൾ വീണ്ടുവിചാരമില്ലാതെ നടപ്പിലാക്കിയതിൻ്റെ ഭാഗമായി തൊഴിൽ രഹിതരായവർ, വിള നഷ്ടപ്പെട്ട കർഷകർ, വഴിക്കച്ചവടക്കാർ, നിത്യജീവിതം തള്ളിനീക്കാൻ പാടുപെടുന്ന വൃദ്ധജനങ്ങൾ എന്നൊക്കെയുള്ള ഡെക്കറേഷൻ കൂടിയാകുമ്പോൾ കേൾക്കുന്ന മുഴുവനാളുക്കും ഈ ആശയം ഏറെ സ്വീകാര്യമാവും.

തൊഴിൽ രഹിതൻ്റെ ശത്രു തൊഴിലെടുക്കുന്നവനും, 60 വയസ്സ് കഴിഞ്ഞ് ജീവിക്കാൻ പ്രയാസപ്പെടുന്നവൻ്റെ ശത്രു ഉയർന്ന പെൻഷൻ പറ്റുന്നവനുമായി മാറുമെന്നത് സ്വാഭാവികം !

യഥാർത്ഥ ശത്രു മറഞ്ഞിരിക്കുകയാണ്.

തൊഴിൽ അടിസ്ഥാനപ്പെടുത്തിയുള്ള പെൻഷൻ സംവിധാനം മുന്നോട്ട് വെക്കുന്ന സാമൂഹിക സുരക്ഷിതത്വം സമൂഹത്തിലെ പ്രായമായ മുഴുവൻ പൗരന്മാർക്കും അർഹതപ്പെട്ടതാണ്.

അവിടെയാണ്, സാമൂഹ്യക്ഷേമ പെൻഷനുകൾ നൽകാൻ സർക്കാർ നിർബന്ധിക്കപ്പെടുന്നത്. അങ്ങിനെ രൂപപ്പെട്ടു വന്നതാണ് അഗതി പെൻഷൻ, വികലാംഗ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, വിധവാ പെൻഷൻ തുടങ്ങിയ ക്ഷേമ പെൻഷനുകളെല്ലാം തന്നെ.

കോർപ്പറേറ്റ് നയങ്ങൾ നടപ്പിലാക്കുന്ന ഏതൊരു ഭരണകൂടത്തിനും ഇത്തരം സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് പണം ചിലവഴിക്കാൻ താത്പര്യമുണ്ടാവില്ല.

തൊഴിൽ ദാതാവിന്റെ (ഇവിടെ സർക്കാറിൻ്റെ) കൈയ്യിൽ പണമില്ല എന്നതാണ് അതിനായി പടച്ചുവിടുന്ന ആദ്യത്തെ നുണ. പണത്തിൻ്റെ ലഭ്യതക്കുറവ് ഇന്നും നമ്മുടെ രാജ്യമോ സംസ്ഥാനമോ നേരിടുന്നില്ല. മറിച്ച്, അത് വിന്യസിക്കുന്നതിൽ വന്നുപോകുന്ന ധൂർത്തും മിസ്‌മാനേജ്‌മെന്റും ആണ് യഥാർത്ഥ പ്രശ്നക്കാർ.

നൂറ്റമ്പതോളം വരുന്ന ശതകോടീശ്വരന്മാരും, തൊഴിൽ ദാതാക്കളെന്ന നിലയിൽ അവരുടെ തൊഴിലാളികൾക്ക് നല്കപ്പെടാതെ പോകുന്ന സാമൂഹ്യ സുരക്ഷ ഇല്ലായ്മയും നാം വിസ്മരിക്കുന്നു. ആത്മഹത്യ ചെയ്യുന്ന കർഷകരുടെയും ചെറുകിടക്കാരുടെയും വിധി നിർണയിക്കുന്നത് ഈ മിസ്‌മാനേജ്‌മെന്റ് തന്നെയാണ്.

രാജ്യത്തിന്റെ മൊത്തം ആസ്തിയുടെ 52% കൈയ്യടക്കി വെച്ചിരിക്കുന്നത്, വെറും ഒരു ശതമാനം മാത്രം വരുന്ന മേൽപ്പറഞ്ഞ ശതകോടീശ്വരന്മാരാണ്. അവർക്കായി അര ശതമാനം, പ്രത്യേക നികുതി ഏർപ്പെടുത്തുകയാണെങ്കിൽ ഇന്ത്യയിൽ 60 വയസ്സ് കഴിഞ്ഞ മുഴുവൻ പൗരന്മാർക്കും 10000 രൂപയോ അതിൽ കൂടുതലൊ പെൻഷൻ കൊടുക്കാൻ കഴിയും.

ഈ കോവിഡ് കാലത്ത് രൂപപ്പെട്ട സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ “വൻകിടക്കാരിൽ നിന്നും അരശതമാനം സെസ്സ് പിരിക്കുക” എന്ന നിർദ്ദേശം വെച്ച കമ്മീഷനംഗങ്ങൾ നടപടി നേരിടുന്നു എന്നൊരു വാർത്ത വന്നത് ഇതിനോട് ചേർത്ത് വായിക്കുക.

ചുരുങ്ങിയത് പത്ത് വർഷത്തെ ബ്രെയ്ക്ക് ഇല്ലാത്ത സേവനം ഉണ്ടെങ്കിൽ മാത്രമേ ഒരു ജീവനക്കാരൻ പെൻഷന് അർഹനാവൂ എന്ന് പോലും അറിയാത്ത മന്ദബുദ്ധികളാണ്, ലീവെടുത്ത് ഗൾഫിൽ പോയി തിരിച്ച് സർവീസിൽ പ്രവേശിച്ചവർ പോലും പെൻഷൻ വാങ്ങുന്നു എന്നൊക്കെ പ്രചരിപ്പിക്കുന്നത്. ശൂന്യവേതന അവധി കാലയളവ് പെൻഷന് അർഹമല്ല എന്ന് ഇവർക്ക് പറഞ്ഞു കൊടുക്കാൻ ഇവിടെ ആളില്ലാതായി പോയി.

ഇങ്ങിനെ പെൻഷൻ അട്ടിമറിക്കുന്നത് എന്തിന്?

തൊഴിൽ അടിസ്ഥാനപ്പെടുത്തിയുള്ള പെൻഷൻ സംവിധാനം മുന്നോട്ട് വെക്കുന്ന ധാർമിക മൂല്യം സാമൂഹിക സുരിക്ഷിതത്വം എന്ന മൂല്യമാണ്. അതു കൊണ്ട് തന്നെ പെൻഷൻ സംവിധാനത്തിൻ്റെ കാര്യക്ഷമമായ നിർവഹണം, സമൂഹത്തിലെ പ്രായമായ മുഴുവൻ പൌരന്മാരും പെൻഷനു അർഹരാണ് എന്ന പൊതു അവബോധ നിർമ്മിതിക്ക് കാരണമായി. ഇത്തരം അവബോധം ശക്തിപ്പെട്ടതിനാൽ സാമൂഹ്യക്ഷേമ പെൻഷനുകൾ നൽകാൻ സർക്കാർ നിർബന്ധിക്കപ്പെട്ടു. അങ്ങിനെ രൂപപ്പെട്ടു വന്നതാണ് അഗതി പെൻഷൻ, വികലാംഗ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, വിധവാ പെൻഷൻ, മറ്റു ക്ഷേമ പെൻഷനുകളെല്ലാം.

അതായത് സാമൂഹ്യക്ഷേമ പെൻഷനുകൾ നടപ്പിലാക്കാൻ ഭരണ സംവിധാനങ്ങൾ നിർബന്ധിക്കപ്പെട്ടത് തൊഴിൽ അധിഷ്ഠിത പെൻഷൻ ഒരു  അവകാശമായി നിലനിൽക്കുകയും അത് ഉൽപാദിപ്പിച്ച സാമൂഹികതയും ആണ്. അങ്ങിനെയാണ് പെൻഷൻ എന്നത് ഒരു “സാമൂഹിക അവകാശ” മായി രൂപപ്പെട്ടത്. അങ്ങിനെ സാമൂഹിക അവകാശമായ പെൻഷൻ സംവിധാനത്തെ, ഇല്ലാതാക്കാൻ ആദ്യം ചെയ്യേണ്ടത് തൊഴിൽ അടിസ്ഥാനമാക്കിയ പെൻഷൻ സംവിധാനത്തിൻ്റെ അടിത്തറയെ അട്ടിമറിക്കുകയാണ് വേണ്ടത് എന്നത് ഇന്ത്യയിൽ കോർപ്പറെറ്റ് മൂലധന നയങ്ങൾ നടപ്പിലാക്കുന്ന ഭരണകൂടത്തിന് നല്ല ബോധ്യമുള്ളതുമാണ്. അതിനനുസ്സരിച്ചുള്ള മനോനില രൂപപ്പെടുത്താനും യഥാർത്ഥ വസ്തുതയെ അദൃശ്യമാക്കി വെക്കാനും ആണ് “വൺ ഇന്ത്യ വൺ പെൻഷൻ ” എന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന മുദ്രവാക്യമുയർത്തിയിരിക്കുന്നത്.

”ഒരു രാജ്യം ഒരു നിയമം” – “ഒരു രാജ്യം ഒരു മതം” – “ഒരു രാജ്യം ഒരു സംസ്കാരം” – “ഒരു രാജ്യം ഒരു ഭാഷ”- തുടങ്ങി പല മുദ്രാവാക്യങ്ങളും നിർമ്മിച്ചെടുത്ത സംഘപരിവാർ ആശയം തന്നെയാണ് “- വൺ ഇന്ത്യ വൺ പെൻഷൻ “- എന്നതിന് പിറകിലും ഉള്ളത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. എന്തു കൊണ്ടാണ് – ”വൺ ഇന്ത്യ വൺ ഇൻകം ” – (ഒരു ഇന്ത്യ ഒരേ വരുമാനം) എന്ന ഒരു മുദ്രാവാക്യം മുന്നോട്ട് വെക്കപ്പെടുന്നില്ല. അതല്ലേ കൂടുതൽ ശരി.  മുന്നോട്ട് വെക്കാത്തതിന് കാരണം ആ മുദ്രാവാക്യം  കോർപ്പറേറ്റ് നയത്തിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ്.

സത്യത്തിൽ സർക്കാറിൻ്റെ കയ്യിൽ പണമില്ലാത്തതു കൊണ്ടല്ലേ അധിക പെൻഷൻ വെട്ടിക്കുറച്ച് എല്ലാവർക്കും തുല്യമാക്കണമെന്ന് പറയുന്നത്?


അല്ല. എന്തുകൊണ്ടെന്നാൽ പണത്തിൻ്റെ ലഭ്യതക്കുറവ് ഇന്ത്യ നേരിടുന്നില്ല. പ്രശ്നം ഇന്ത്യൻ ഭരണകൂടം നടപ്പിലാക്കി കൊണ്ടിരിക്കുന്ന മൂലധനകേന്ദ്രീകൃതവും കോർപറേറ്റ് അനുകൂലവുമായ നയങ്ങളുടെ ഭാഗമായാണ്. കണക്കുകൾ സൂചിപ്പിക്കുന്നത് 1990 ൽ ഇന്ത്യയിൽ ആകെ 2 ശതകോടീശരന്മാരാണ് (ശതകോടി ഡോളർ ആസ്തി ) ഉണ്ടായിരുന്നതെങ്കിൽ 2018 ൽ ശതകോടീശന്മാരുടെ എണ്ണം 119 ആകുന്നു.

ഈ കാലയളവിൽ ജീവസന്ധാരണത്തിനു് സാധ്യമാകാതെ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം ഏകദേശം 4 ലക്ഷത്തോളമാണ്. ലക്ഷകണക്കിന്  ചെറുകിട തൊഴിൽ ശാലകളാണ് പൂട്ടപ്പെട്ടത്. തൊഴിൽ രഹിതരായവരുടെ എണ്ണം കോടികളാണ്. അതേ സമയം ഇന്ത്യയുടെ ആകെ ആസ്തിയുടെ 52% കയ്യടക്കി വെച്ചിരിക്കുന്നത് 1 % വരുന്ന ഈ ശതകോടീശ്വരന്മാരുടെ കയ്യിലാണ്. മറ്റൊരു രൂപത്തിൽ പറഞ്ഞാൽ 10% വരുന്ന ശതകോടീശരന്മാരുടെ കൈകളിലാണ് ഇന്ത്യയുടെ ആസ്തിയുടെ 77% വും ഉള്ളത്. ഒരു ശതമാനം വരുന്ന ശതകോടീശര്മാർക്ക് 1/2 % നികുതി ഏർപ്പെടുത്തുകയാണങ്കിൽ ഇന്ത്യയിൽ 11.7 കോടി പേർക്ക് തൊഴിൽ ലഭിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. 10% ശതകോടീശന്മാർക്ക് 1/2 % സെസ്സ് ഏർപ്പെടുത്തുകയാണങ്കിൽ ഇന്ത്യയിൽ 60 വയസ്സ് കഴിഞ്ഞ മുഴുവൻ പൗരന്മാർക്കും 10000 രൂപയോ അതിൽ കൂടുതലൊ പെൻഷൻ കൊടുക്കാൻ കഴിയും.

പക്ഷെ അതൊന്നും സർക്കാർ നടപ്പാക്കുകയില്ല. എന്തിനേറെ,  ഈ കോവിഡ് കാലത്ത് രൂപപ്പെട്ട സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ, നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ വൻകിടക്കാരിൽ നിന്നും സെസ്സ് പിരിക്കുക എന്നതാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടുന്ന അടിയന്തിര കടമ എന്നു നിർദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ കമ്മീഷനംഗങ്ങൾ നടപടി നേരിടുന്നു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതു കൊണ്ട് പണത്തിൻ്റെ ലഭ്യത കുറവല്ല മറിച്ച് മൂലധന കേന്ദ്രീകരണ നയങ്ങളാണ് പ്രശ്നം.

കേരളത്തിൻ്റെ സവിശേഷ സാഹചര്യത്തിൽ റവന്യൂ വരുമാനത്തിൻ്റെ 70% ത്തിലധികവും ഉദ്യോഗസ്ഥരേയും പെൻഷൻ കാരേയും തീറ്റി പോറ്റുന്നതു കൊണ്ടല്ലേ 60 വയസ്സ് കഴിഞ്ഞ മുഴുവൻ പേർക്കും 10000 രൂപ വെച്ച് പെൻഷൻ നൽകാൻ കഴിയാത്തത് ?

ജീവനക്കാരുടെ വേതനവും പെൻഷനുമായി നൽകുന്ന തുക പെരുപ്പിച്ചു കാട്ടുന്ന ഒരു രീതി അടുത്ത കാലത്ത് പ്രചരിപ്പിക്കുന്നതായി കാണാം. ഇത് ബോധപൂർവ്വമായ ശ്രമമാണ്. ഇതിൻ്റെ പിറകിൽ പ്രവർത്തിക്കുന്നത് സർക്കാർ അഥവാ പൊതു സംവിധാനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ്. 29/4/2020 ദേശാഭിമാനി പത്ര റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ റവന്യൂ വരുമാനത്തിൻ്റെ 52% മാണ് ജീവനക്കാരുടെ വേതനത്തിനും പെൻഷനുമായി ചിലവഴിക്കുന്നത്.

അതിൽ പെൻഷൻ എന്നത് നേരത്തെ സൂചിപ്പിച്ചതു പോലെ “മാറ്റിവെക്കപ്പെട്ട വേതന ” മായതിനാൽ അത് അവകാശമാണ്‌, ഔദാര്യമല്ല. സത്യത്തിൽ ഒരു സർക്കാരിൻ്റെ നയങ്ങൾ, ദൈനംദിന വ്യവഹാരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഉപാധിയായ നാഡീഞരമ്പുകളാണ് ഉദ്യോഗസ്ഥ സംവിധാനം. ഒട്ടേറെ പരിമിതികളോടെ ആണെങ്കിലും അതൊരു സേവന മേഖലയാണ്. ആ സേവന മേഖലയിലെ, അഥവാ സർക്കാർ സംവിധാനത്തിലെ 6 ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ  അധ്വാനശക്തി വിലക്കെടുക്കാനാണ് സർക്കാർ റവന്യൂ വരുമാനത്തിൻ്റെ  ഒരു നിശ്ചിത ശതമാനം നീക്കി വെക്കുന്നത്.

ഈ സേവന മേഖല ഉപയോഗിച്ചുകൊണ്ടാണ്;

 1 ) പൊതു ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുകയും പ്രവർത്തനനിരതമാക്കുകയും ചെയ്യുന്നത്.
2) പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയും പ്രവർത്തന ക്ഷമമാക്കുകയും ചെയ്യുന്നത്
3 ) പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുകയും പ്രവർത്തന ക്ഷമമാക്കുകയും ചെയ്യുന്നത്
4 ) പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നത്
5 ) ക്രമസമാധന പരിപാലന സംവിധാനം പ്രവർത്തനക്ഷമമാക്കുന്നത്
6 ) സാമൂഹ്യ ക്ഷേമ പദ്ധതികൾ പ്രവർത്തനക്ഷമമാക്കുന്നതും ശക്തിപ്പെടുത്തുന്നതും
7) വികേന്ദ്രീകൃത ആസൂത്രണത്തിലുന്നിയുള്ള പൊതുഭരണ സംവിധാനം ശക്തിപ്പെടുത്തലും വികസന പ്രവർത്തനങ്ങൾ നടത്ത പ്പെടുകയും ചെയ്യുന്നത്.

ഇങ്ങിനെ ജനക്ഷേമ പ്രവർത്തനങ്ങൾ എല്ലാം തന്നെ സാധ്യമാക്കുന്നതിൻ്റെ ചിലവാണ് ഉദ്യോഗസ്ഥർക്ക് നൽകുന്ന വേതനം. അതിനെ കേവലം തീറ്റിപ്പൊറ്റൽ എന്ന് ആക്ഷേപകരമായി പറയുന്നത് പൊതു സംവിധാനങ്ങൾ  തകർക്കാനുള്ള ഗൂഢാലോചനയുടെ കൂടി ഭാഗമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.  അതിനാൽ സേവനമേഖലക്ക് നീക്കിവെച്ച ഫണ്ട് പാഴ് ചിലവല്ല.

അപ്പോൾ സാമൂഹ്യ പെൻഷനുകളുടെ തുക വർദ്ധിപ്പിക്കാനുള്ള ധനസമാഹരണം നടത്തേണ്ടത് സംസ്ഥാനങ്ങൾക്ക് നൽകേണ്ട കേന്ദ്ര വിഹിതം വർദ്ധിപ്പിച്ചും നേരത്തെ സൂചിപ്പിച്ചതു പോലെ വൻകിടക്കാർക്ക് സെസ് ഏർപ്പെടുത്തികൊണ്ടും ആയിരിക്കണം. അതു കൊണ്ട് 60 വയസ്സ് കഴിഞ്ഞ മുഴുവനാൾക്കും കുറഞ്ഞത് 10000 രൂപയെങ്കിലും പെൻഷൻ നൽകണമെന്ന ന്യായമായ ആവശ്യം മുൻനിർത്തി പ്രക്ഷോഭം നയിക്കേണ്ടത് കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെയാണ് മറിച്ച്  അധ്വാനിക്കുന്ന സമയത്ത് “മാറ്റി വെച്ച വേതനം ” വാർദ്ധക്യ കാലത്ത് പെൻഷനായി വാങ്ങുന്ന തങ്ങളോടൊപ്പം സമരത്തിൽ അണിചേരണ്ട പെൻഷൻകാർക്ക് നേരെയല്ല.

കൂടുതൽ പെൻഷൻ വാങ്ങുന്നവരാണ് പെൻഷൻ ലഭിക്കാത്തവരുടെ ശത്രു എന്നത് തൊഴിലെടുക്കുന്നവരാണ് തൊഴിൽ ഇല്ലാത്തവരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് എന്ന പഴയ മുദ്രാവാക്യത്തിൻ്റെ ആവർത്തനമാണ്. സത്യത്തിൽ തൊഴിലില്ലാ പടയെ സൃഷ്ടിക്കുന്ന, തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന, ജനങ്ങളെ കൂടുതൽ കൂടുതൽ ദാരിദ്രത്തിലേക്ക് തള്ളിവിടുന്ന ഭരണകൂടത്തിൻ്റെ ജനവിരുദ്ധ സാമ്പത്തിക നയത്തിനെതിരെ തൊഴിലെടുക്കുന്നവനും, തൊഴിൽ രഹിതരും, മുഴുവൻ സാധാരണ ജനങ്ങളും ഐക്യപ്പെടുന്നതിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് ഈ മുദ്രാവാക്യം. 

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Source
Dr. RK SatheeshEfthikar Ahamed B.
Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x