പുരുഷ കേന്ദ്രീകൃത കൊളീജിയം; വളരെ കുറച്ച് സുപ്രീംകോടതി/ഹൈക്കോടതി വനിതാ ജഡ്ജിമാർ ഉണ്ടായതിന്റെ കാരണം
നിരീക്ഷണം/അഡ്വ: ഏബ്രഹാം സി മാത്യൂസ്

ഈയിടെ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ആർ ഭാനുമാതി, സുപ്രീം കോടതി കൊളീജിയം ചരിത്രത്തിലെ രണ്ടാമത്തെ വനിത മാത്രമാണ്. എന്നിട്ടും അവർക്ക് ഒരു നിയമനം പോലും നടത്താൻ സാധിക്കാതെയാണ് വിരമിച്ചത്.
സുപ്രീംകോടതിയിൽ പ്രസിദ്ധീകരിച്ച ഡാറ്റ അനുസരിച്ച് നിലവിലെ ജഡ്ജിമാർക്കിടയിൽ ഏറ്റവും കൂടുതൽ വിധിന്യായങ്ങൾ (398) രചിച്ച വ്യക്തിയെന്ന ബഹുമതിയോടെയാണ് ജസ്റ്റിസ് ഭാനുമതി വിരമിക്കുന്നത്. അതായത് ഒരു വർഷം ശരാശരി 64.3. നിലവിലെ ജഡ്ജിമാരിൽ രണ്ടാമത്തെ ഉയർന്നത്. കഴിഞ്ഞ 13 വർഷത്തിനിടെ സുപ്രീം കോടതി കൊളീജിയത്തിലെ (ഏറ്റവും മുതിർന്ന അഞ്ച് ജഡ്ജിമാർ ഉൾപ്പെടുന്ന സുപ്രീം കോടതി ജഡ്ജിമാരെയും ഹൈകോടതി ജഡ്ജിമാരെയും തിരഞ്ഞെടുക്കുന്ന ബോഡി) ആദ്യത്തെ വനിതാ ജഡ്ജിയും ഭാനുമതി ആയിരുന്നു. എക്കാലത്തെയും രണ്ടാമത്തെ വനിതയും.

എന്നിട്ടും, ചരിത്രപരമായ അനീതി എന്നല്ലാതെ, കൊളീജിയത്തിന്റെ ഭാഗമായിട്ടുള്ള എട്ട് മാസകാലത്ത്, ഒരു നിയമനം പോലും നടത്താൻ അവർക്ക് സാധിച്ചിട്ടില്ല.
2000 ന് ശേഷം സുപ്രീം കോടതിയിലേക്ക് നിയമിതരായ 76 ജഡ്ജിമാരിൽ ആറുപേർ മാത്രമാണ് സ്ത്രീകളായിട്ടോള്ളൂ എന്നത് അസ്വസ്ഥമാക്കുന്ന കണക്കുക്കളാണ്. കൊളീജിയം സംവിധാനം നിലവിൽ വന്നത് 1998 ലാണ്. ജസ്റ്റിസ് റൂമ പാൽ കൊളീജിയത്തിലായിരുന്ന കാലത്താണ് (2003-2006) ഈ 6 വനിതാ ജഡ്ജിമാരെയും നിയമിച്ചത് എന്നത് കൂടി ചേർത്ത് വായിക്കണം.
അവശേഷിക്കുന്ന രണ്ട് വനിതാ സുപ്രീം കോടതി ജഡ്ജിമാരിൽ (ഇന്ദിരാ ബാനർജിയും ഇന്ദു മൽഹോത്രയും) ഒരാൾ പോലും നിലവിലെ അവസ്ഥയിൽ കൊളീജിയത്തിൽ പ്രവേശിക്കുകയില്ല (അപ്രതീക്ഷിത മരണങ്ങളോ വിരമിക്കലോ ഉണ്ടായാൽ ഒഴികെ). കുറഞ്ഞത് 2025 വരെ മറ്റൊരു വനിതാ ജഡ്ജിയും കൊളീജിയത്തിൽ ഉണ്ടാകില്ല. കുറഞ്ഞത് 2027 വരെ ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകില്ല.

ഹൈക്കോടതിയും വനിതാ ജഡ്ജിമാരും
ഹൈക്കോടതികളിലെ ചിത്രം ഇതിലും മികച്ചതല്ല. നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിൽ കണ്ടെത്തിയ ജഡ്ജിമാരുടെ പട്ടിക പ്രകാരം ജൂലൈ ഒന്നിന് 700 ഓളം ഹൈക്കോടതി ജഡ്ജിമാരിൽ 80 പേർ മാത്രമാണ് സ്ത്രീകളായിട്ടുള്ളത്.
എന്നിരുന്നാലും, സ്ത്രീ പുരുഷ അനുപാതത്തിൽ ഉള്ള ഈ ഒരു അന്തരത്തിന്റെ കാരണം ‘മെറിറ്റിന്റെ’ പ്രതിഫലനമാണെന്ന് എന്ന് നടിക്കുന്നത് നമ്മുടെ കൂട്ടായ ബോധ്യങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. സുപ്രീം കോടതി ബാർ അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ദുഷ്യന്ത് ദവയെ പോലുള്ളവർ ജുഡീഷ്യറിയിലേക്ക് ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത് കൊളീജിയം അംഗങ്ങൾക്കിടയിലുള്ള ‘പരസ്പരസഹകരണത്തിന്റെ’ അടിസ്ഥാനമാക്കിയാണ് എന്ന് ആരോപിച്ചിരുന്നു.
ഹൈക്കോടതികളിലേക്കുള്ള നിയമനങ്ങൾ ആരംഭിക്കുന്നത് ഹൈക്കോടതി ചീഫ് ജസ്റ്റിസും ആ കോടതിയിലെ ഏറ്റവും മുതിർന്ന രണ്ട് ജഡ്ജിമാരും ചേർന്ന് ആരംഭിക്കുകയും, പിന്നീട് അത് സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന മൂന്ന് ജഡ്ജിമാർ അടങ്ങുന്ന സുപ്രീം കോടതി കൊളീജിയം സ്ഥിരീകരിക്കുകയും വേണം. നിലവിൽ, 25 ഹൈക്കോടതികളിൽ, ഏറ്റവും മുതിർന്ന മൂന്ന് ജഡ്ജിമാരിൽ ഒരാളായി ഏഴ് പേർ മാത്രമാണ് സ്ത്രീകളുള്ളത്.

ഫുൾബ്രൈറ്റ് സ്കോളർ രംഗിൻ പല്ലവ് ത്രിപാഠിയുടെ 2017 ഒക്ടോബറിനും 2019 ഏപ്രിലിനുമിടയിൽ ഹൈക്കോടതി കൊളീജിയങ്ങളിൽ നിന്നുള്ള ശുപാർശകളുടെ വിശകലനം കാണിക്കുന്നത് ഹൈക്കോടതി കൊളീജിയങ്ങളിൽ നിന്നുള്ള 87.63 ശതമാനം പുരുഷന്മാരുടേതാണെന്ന്. പഠനത്തിനായി തിരഞ്ഞെടുത്ത കാലയളവിൽ, മദ്രാസ്, ഗുവാഹതി, ജാർഖണ്ഡ്, ഛത്തീസ്ഗട് എന്നീ ഹൈക്കോടതികളിൽ മാത്രമാണ് കുറഞ്ഞത് 20 ശതമാനം സ്ത്രീകളെ ജഡ്ജിമാരായി ശുപാർശ ചെയ്തത്. മിക്ക സംസ്ഥാനങ്ങളിലും ഇത് 10 ശതമാനത്തിൽ താഴെയാണ്. ഒരു വനിതാ അംഗം പോലും ഇല്ലാത്ത സുപ്രീം കോടതി കൊളീജിയം അംഗീകരിച്ച ജഡ്ജിമാരുടെ ശുപാർശകളിൽ സ്ത്രീകളുടെ അനുപാതം വെറും 12 ശതമാനമാണ്.
അതിനാൽ കൊളീജിയങ്ങളിൽ വനിതാ ജഡ്ജിമാരുടെ അഭാവം സ്വയം നിലനിൽക്കുന്ന ഒരു ചക്രമായി മാറുന്നു. പുരുഷ മേധാവിത്വമുള്ള കൊളീജിയങ്ങൾ പുരുഷന്മാരിൽ ഉയർന്ന അനുപാതത്തെ ശുപാർശ ചെയ്യുന്നു, അവർ സീനിയോറിറ്റി നേടുന്നതിനനുസരിച്ച് കൊളീജിയത്തിന്റെ ഭാഗമാവുന്നു. അതിനാൽ, ‘മെറിറ്റ്’ ഒരു സ്ട്രോമാൻ വാദമായി മാത്രം മാറുന്നു.
ജസ്റ്റിസ് ഭാനുമതി പലവിധത്തിൽ ഒരു അസാമാന്യ പ്രതിഭയായിരുന്നു. ജില്ലാ ജഡ്ജിയായി തുടങ്ങി എല്ലാ വഴികളിലൂടെയും പ്രവർത്തിച്ച ചുരുക്കം ചില സുപ്രീം കോടതി ജഡ്ജിമാരിൽ ഒരാളാണ് അവർ. സുപ്രീം കോടതിയിലെ ജസ്റ്റിസ് ഭാനുമതിയുടെ റെക്കോർഡ് അവരുടെ മെറിറ്റിനെ സാക്ഷ്യപ്പെടുത്തുന്നു. കൂടുതൽ സ്ത്രീകളെ ജുഡീഷ്യറിയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയാൻ ഇതിനേക്കാൾ മികച്ച സമയം വേറെയുണ്ടാവില്ല, പുരുഷന്മാർ എന്തെങ്കിലും വഴിയൊരുക്കുമെങ്കിൽ അല്ലാതെ നിലവിൽ അത് സാധ്യവുമല്ല !!
(മണി കൺട്രോളിൽ അഡ്വ: ഏബ്രഹാം സി മാത്യൂസ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനം)
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS