IndiaPolitical

പച്ചക്കറി സൂപ്പർമാർക്കറ്റിൽ വെറുതെ എത്തുന്നതല്ല, അത് കർഷകരുടെ അദ്ധ്വാനമാണ്; അവരുടെ ഒപ്പം നിൽക്കുക

പ്രതികരണം/വൈശാഖൻ തമ്പി

പച്ചക്കറി സൂപ്പർമാർക്കറ്റിൽ ഉണ്ടാകുന്ന സാധനമാണ് എന്ന് ചിന്തിച്ചു പോകും വിധം ആധുനികതയുടെ മോഹവലയത്തിൽ പെട്ടുപോയവരാണ് നമ്മളിൽ പലരും. എല്ലാ സൗകര്യങ്ങളും കൈയെത്തുന്നിടത്ത് കിട്ടുമ്പോൾ ആ കൈദൂരത്തിനപ്പുറത്തേയ്ക്ക് ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല എന്നത് സത്യമാണ്.

പക്ഷേ നാം മറക്കരുതാത്ത ചില കാര്യങ്ങളുണ്ടവിടെ. സൗകര്യങ്ങളൊന്നും തന്നെ താനേ ഉണ്ടാകുന്നില്ല. അവയെല്ലാം ഉണ്ടാക്കപ്പെടുകയാണ്. നിങ്ങളുടേതല്ലെങ്കിൽ മറ്റാരുടെയെങ്കിലും കൈകൾ അവിടെ പ്രവ‍ർത്തിക്കുന്നുണ്ട്.

തീ‍ർച്ചയായും ആ തിരിച്ചറിവില്ലാതെ നമുക്ക് ജീവിക്കാൻ സാധിയ്ക്കും, പക്ഷേ ആ കൈകൾ നിന്നുപോകുന്നതുവരെ മാത്രം. കാരണം എല്ലാവരും എല്ലായിടത്തും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒരു സങ്കീർണ സമൂഹത്തിലാണ് നാം ജീവിക്കുന്നത്.

കർഷകരുടെ പ്രശ്നങ്ങൾ വാർത്തയിൽ നിറയുമ്പോൾ ‘അങ്ങവിടെ ആരുടെയോ വിഷയം’ എന്ന മട്ടിൽ വായിച്ച് കളയാനോ, തലക്കെട്ട് കണ്ട് സ്കിപ്പ് ചെയ്യാനോ ശ്രമിക്കുന്നവരാണ് നമ്മളിൽ അധികവും. ടാപ്പിൽ ഇപ്പോഴും വെള്ളം വരുന്നതുകൊണ്ട്, കിണറ്റിലെ വെള്ളം താഴുന്നത് ഒരു പ്രശ്നമായി തോന്നാതിരിക്കുന്ന മാനസികാവസ്ഥയാണത്.

പൈപ്പിനുള്ളിലും ടാങ്കിലും അവശേഷിക്കുന്ന വെള്ളം കഴിഞ്ഞാൽ അടുത്ത ഘട്ടം വെള്ളം ആ കിണറ്റിൽ നിന്നാണ് വരേണ്ടത് എന്ന ബോധ്യം വേണ്ടതുണ്ട്. കുറച്ചുപേ‍ർക്ക് ഒരുപക്ഷേ തൊട്ടടുത്ത കിണറുകളിൽ നിന്ന് (അല്പം ചെലവുകൂടിയാൽ പോലും) വെള്ളം എത്തിക്കാനുള്ള ശേഷിയുണ്ടാകും. അതിന് കഴിയാതെ ദാഹിച്ച് വലയുന്നവരുടെ പ്രശ്നങ്ങളെ അവ‍ർക്ക് അവഗണിക്കാനും സാധിക്കും.

പക്ഷേ കുറച്ച് കിണറുകളിൽ കൂടി വെള്ളം താഴുന്നതോടെ വെള്ളത്തിന് വില കൂടും. അതോടെ, വെള്ളം കിട്ടുന്ന കൂട്ടരിലെ താരതമ്യേന താഴെയുള്ളവ‍ർക്ക് കൂടി അത് സ്വന്തം പ്രശ്നമായി മാറും. കൂടുതൽ കൂടുതൽ കിണറുകളിൽ വെള്ളം താഴുമ്പോൾ ഈ പ്രശ്നം പടിപടിയായി മുകളിലേക്ക് കയറും. നിങ്ങൾ ഈ പടിയിൽ എത്രത്തോളം മുകളിലാണോ അത്രത്തോളം പതിയെ മാത്രമേ ആ പ്രശ്നം നിങ്ങളുടേതായി മാറൂ.

ഇന്നലത്തെ കർഷകരുടെ പ്രശ്നങ്ങൾ ഇന്ന് അവ‍ർക്ക് ‘മുകളിലു’ള്ള പലരുടേയും പ്രശ്നങ്ങളായിട്ടുണ്ട്. അത് പടി കയറി വരുന്നുണ്ട്. മുകളിലേക്ക് നോക്കിയാൽ ഏറ്റവും മുകളിലത്തെ പടിയിൽ അംബാനിമാരേയും അദാനിമാരേയും ഒക്കെ കാണാം.

നമ്മൾ അവരെക്കാൾ എത്രത്തോളം താഴത്തെ പടിയിലാണോ അത്രത്തോളം വേഗം നമ്മൾ ബാധിക്കപ്പെടും എന്നും, പ്രശ്നം മുകളിലെ പടിയിൽ എത്തുമ്പോഴേക്കും അവരെ പൊക്കി പറക്കാൻ വിമാനങ്ങൾ സജ്ജമാകുമെന്നും പ്രതീക്ഷിക്കണം.

ഒന്നുകിൽ ദാഹിക്കുന്നവരുടെ ഒപ്പം നിന്ന് ജലപ്രശ്നം പരിഹരിക്കാൻ ശ്രമിക്കാം. അല്ലെങ്കിൽ, ഏറ്റവും മുകളിലെ പടിയിലുള്ളവർക്ക് നമ്മളിൽ നിന്നുള്ള ഉയരം കൂടുന്നത് എന്തോ ഭയങ്കര വികസനം നടക്കുന്നതുകൊണ്ടാണെന്ന് കരുതി കൈയടിക്കാം. നമ്മുടെ വിധി നമ്മുടെ തന്നെ തീരുമാനങ്ങളാകുന്നു.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x