Art & Literature

വി. എം കുട്ടി മാഷ്; മാപ്പിളപ്പാട്ടിന്റെ ഒരേയൊര് സുൽത്താന് വിട

വഹീദ് സമാൻ

വി.എം കുട്ടി മാഷുമായുള്ള ഓർമ്മകൾ തുടങ്ങുന്നയിടം ഓർത്തെടുക്കുന്നതിൽ പരാജയപ്പെട്ട് പോകുന്നു.

മാഷിന്റെ ഭാര്യ ഉമ്മയുടെ കൂട്ടുകാരിയായിരുന്നു. മാഷാണെങ്കിൽ ഉപ്പയുടെ അടുത്ത കൂട്ടുകാരനും.

ഈ രണ്ടു കൂട്ടിന്റെയും പിൻബലമില്ലാതെയായിരുന്നു പുളിക്കലിനും പെരിയമ്പലത്തിനും നടുവിലുള്ള മാഷെ വീട്ടിലേക്ക് കയറിച്ചെന്നത്.

മാഷെ ഇന്റർവ്യൂ ചെയ്യുകയായിരുന്നു ലക്ഷ്യം.

ജീവിതത്തിൽ ആദ്യം ചെയ്ത ഇന്റർവ്യൂവായിരുന്നു അത്. മാഷെ മുന്നിൽ പിന്നീടൊരിക്കൽ പോലും അഭിമുഖത്തിന് വേണ്ടി ഇരുന്നിട്ടില്ല. പക്ഷെ, അതുവഴി പോകുന്ന നേരത്തെല്ലാം മാഷെ കാണും. നീളൻ വരാന്തയിലെ ചാരുകസേരയിൽ മാഷ് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നുണ്ടാകും.

അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി വരച്ചുവെച്ച ചിത്രങ്ങൾ കാണിക്കും. നിരവധി പ്രമുഖ വ്യക്തികൾക്കൊപ്പമുള്ള ചിത്രങ്ങൾ കാണിക്കും. എല്ലാം മനോഹരമായി അടുക്കിവെച്ചിട്ടുണ്ടാകും.

നെഹ്‌റുവിനെയും രാമനാട്ടുകരയിലെ സ്വാതന്ത്ര്യ സമരസേനാനി രാധേട്ടൻ എന്ന രാധാകൃഷ്ണമേനോനെയൊക്കെ വരച്ചുവെച്ചത് കയ്യിൽ തരും.

കനിവും നിനവും എന്ന പേരിൽ മാഷ് എഴുതിയ ആത്മകഥയിലെ ഒട്ടേറെ ഭാഗങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വായിക്കാൻ തന്നു. കേൾക്കാൻ ഇമ്പമുള്ള മാപ്പിളപ്പാട്ടായിരുന്നില്ല ഈ ആത്മകഥ. അതിനേക്കാൾ മൊഞ്ചുള്ളതാണ് ആത്മകഥയിലെ അനുഭവങ്ങൾ.

രാജീവ് ഗാന്ധി ജീവിതത്തിൽ ഒരിക്കൽ മാത്രമായിരിക്കും ഒപ്പന കണ്ടിട്ടുണ്ടാകുക. കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ലക്ഷദ്വീപിൽ വെച്ചായിരുന്നു അത്. ലക്ഷദ്വീപ് സന്ദർശിക്കാൻ എത്തിയ രാജീവ് ഗാന്ധിയെ സ്വീകരിക്കുന്നതിന് വി.എം കുട്ടിയും സംഘവും ലക്ഷദ്വീപിലെത്തിയതായിരുന്നു. സ്വീകരണത്തിനെ രാജീവ് ഗാന്ധിയെ ഒപ്പന ആകർഷിച്ചു.

പിന്നീട് രാജീവ് ഗാന്ധിക്ക് മാത്രമായി പത്തു മിനിറ്റ് ഒപ്പന അവതരിപ്പിച്ചു. രാജീവിനൊപ്പം മണി ശങ്കർ അയ്യരുമുണ്ടായിരുന്നു. ദൽഹിയിലേക്ക് വി.എം കുട്ടിയെയും സംഘത്തെയും ഒപ്പന അവതരിപ്പിക്കാനായി രാജീവ് ക്ഷണിച്ചിരുന്നു. എന്നാൽ വിധി അതിന് അനുവദിച്ചില്ല. തമിഴ്‌നാട്ടിൽ രാജീവ് കൊല്ലപ്പെട്ടു.

ബാബുരാജ് എന്ന മഹാസംഗീത പ്രതിഭയുടെ ജീവിതത്തിൽ ഉയർച്ചയും താഴ്ചകളുമുണ്ടായിരുന്നു. ഉയർച്ചയുടെ കാലത്ത് ബാബുരാജിനെ കാണാൻ വി.എം കുട്ടി എത്തിയെങ്കിലും കൂടെയുള്ളവർ അനുവദിച്ചില്ല. കോഴിക്കോട്ടെ മഹാറാണി ഹോട്ടലിൽ എത്തിയ വി.എം കുട്ടിയെ ഒരു മാപ്പിളപ്പാട്ടിന്റെ ചുൽത്താൻ എന്ന് പറഞ്ഞ് ബാബുരാജിന്റെ കൂടെയുള്ളവർ ആട്ടിയകറ്റി.

ബാബുരാജിനെ കണ്ട സന്ദർഭം പിന്നീട് വി.എം കുട്ടി പറയുന്നുണ്ട്. 1973-ലായിരുന്നു അത്. ബാബുക്കയെ പഴയ കൂട്ടുകാരിൽ പലരും ഉപേക്ഷിച്ച കാലം.

കോഴിക്കോട് റെയിൽവേസ്‌റ്റേഷന് സമീപത്ത് വെച്ച് പരിചയമുള്ള രണ്ടുപേരെ കണ്ടു. അവർ ബാബുക്കയുടെയും സുഹൃത്തുക്കളാണ്. പണ്ട് ബാബുക്ക റെയിൽവേ സ്റ്റേഷനിൽ വരുമ്പോൾ കാറുമായെത്തി കൂട്ടിക്കൊണ്ടുപോകാൻ മത്സരിച്ചവർ.

അവരുടെ മുന്നിൽ ഞാൻ (വി.എം കുട്ടി) കാർ നിർത്തി. പെട്ടെന്ന് അവരുടെ ശ്രദ്ധ ദൂരേക്ക് നീളുന്നത് കണ്ടു. അവരുടെ മുഖത്ത് ഭാവപ്പകർച്ച. ബാബുരാജ് നടന്നുവരുന്നു. എടാ ബാബുക്ക വരുന്നു. ഇപ്പോ തൊടും. വേഗം വിട്ടോ. അവർ വേഗം മിഠായിത്തെരുവിലേക്ക് നടന്നു.

ബാബുരാജ് അടുത്തെത്തി.

ബാബുക്കാ-ഞാൻ വിളിച്ചു. ഞാൻ ബാബുക്കയെ തിരഞ്ഞ് വരികയായിരുന്നു. നമുക്ക് പോകാം. ബാബുക്ക കാറിൽ കയറി. അദ്ദേഹത്തിന്റെ കൈ എന്റെ ചുമലിൽ തഴുകി. അനിർവചനീയമായ അനുഭൂതിയോടെ ഞാൻ പറന്നുയർന്നു..

പിന്നീട് ഒട്ടേറെക്കാലം വി.എം കുട്ടിയുടെ സംഘത്തിലായിരുന്നു ബാബുരാജ്. അലിയാരെ കല്ലിയാണ പുതുമച്ചൊല്ലാം മലർമൊട്ട് ഫാത്തിമയിൻ കല്ലിയാണമേ തുടങ്ങിയ ഹിറ്റ് ഗാനം വിളയിൽ ഫസീലക്കൊപ്പം ബാബുരാജ് പാടിയത് വി.എം കുട്ടിയുടെ സംഘത്തിലുള്ളപ്പോഴാണ്.

മരിക്കുന്നത് വരെ ബാബുരാജ് വി.എം കുട്ടിയുടെ സംഘത്തിലുണ്ടായിരുന്നു.

ഇടതായിരുന്നു എക്കാലത്തും വി.എം കുട്ടി മാഷുടെ രാഷ്ട്രീയം.

ഇ.എം.എസ്, എ.കെ.ജി, അഴീക്കോടൻ രാഘവൻ, ഇമ്പിച്ചിബാവ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു.

ചെന്നിണം കുതിർന്നൊരേറനാട്ടിലെ
രക്തവിപ്ലവത്തിൻ കഥകൾ കേട്ടു ഞങ്ങള്
അന്നുവീണ് മൺമറഞ്ഞ ധീരർ തൻ
ചുടുചോരയിൽ പിറന്നതാണ് ഞങ്ങള്

തുടർന്ന് വത്സല പാടും.

വെള്ളയോട് വാളെടുത്ത് പൊരുതിയോർമലയാള മണ്ണിൻ മാനംകാത്ത്് പൂർവികർ എന്ന് തുടങ്ങുന്ന പാട്ട് വിളയിൽ ഫസീലയും വി.എം കുട്ടിയും ആയിഷ സഹോദരിമാരുമെല്ലാം ചേർന്ന് കമ്യൂണിസ്റ്റ് വേദികളെ ഇളക്കിമറിച്ചു.

വൈക്കം മുഹമ്മദ് ബഷീറുമായും അടുത്ത ബന്ധമായിരുന്നു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ബഷീറിനെ ബേപ്പൂരിലെ വീട്ടിലെത്തി കാണാറുണ്ടായിരുന്നുവെന്ന് വി.എം കുട്ടി എഴുതിയിട്ടുണ്ട്. ബഷീറിന്റെ ഉപദേശം അനുസരിച്ചാണ് മാപ്പിള കലാ അക്കാദമി വി.എം കുട്ടിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്നത്.

അതിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോഴിക്കോട് സംഘടിപ്പിച്ച മാപ്പിളപ്പാട്ട് കേൾക്കാൻ ബഷീറും എത്തിയിരുന്നു. പി.ടി അബ്ദുറഹ്‌മാൻ എഴുതിയ നോഹയുടെ പെട്ടകം എന്ന പാട്ട് അരങ്ങിലെത്തുന്നു. കാതടിപ്പിക്കുന്ന ശബ്ദത്തിന്റെ അകമ്പടിയോടെയായിരുന്നു ആ പാട്ട്. ഇടിമിന്നൽ, തിരമാലകളുടെ അലർച്ച, മുങ്ങിമരിക്കുന്നവരുടെ ആർത്തനാദം എന്നിവയൊക്കെയാണ് ഉയരുന്നത്.

പെട്ടെന്ന് ബഷീർ സ്റ്റേജിലേക്ക് ഓടിക്കയറി. നിർത്തെടാ നിന്റെ വെടിക്കെട്ട്, പാട്ടുകേൾക്കാനാ ഞങ്ങൾ വന്നത്. ഇത് ചെവിക്കല്ല് പൊട്ടി ആശുപത്രിയിൽ പോകേണ്ടി വരുമല്ലോ. അവന്റെ അമ്മയുടെ ഒരു……..

സംഗീതം പെട്ടെന്ന് നിന്നു.. നിശബ്ദമായി.

ചാന്ദ് പാഷയുടെ വിരലുകൾ ഹാർമോണിയം തൊട്ടു. നേർത്ത സംഗീതം ഒഴുകിയെത്തി. വടകര കൃഷ്ണദാസ് ഓത്തുപള്ളീലന്ന് നമ്മൾ പോയിരുന്ന കാലം….പാടിത്തുടങ്ങി.. സുൽത്താൻ ശാന്തമായി..

ഒരുപാടു കാലം മലയാളിയെ മാപ്പിളപ്പാട്ട് പാടി മയക്കികിടത്തിയ സുൽത്താനും ഇനിയൊരിക്കലും ഉണരാത്ത ലോകത്തേക്ക് യാത്രയായി.. മലയാളമുള്ള കാലത്തോളം ഓർക്കപ്പെടും..മാപ്പിളപ്പാട്ടിന്റെ ഒരേയൊരു സുൽത്താന് വിട…

(വഹീദ് സമാൻ)

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x