Art & Literature

ഗാസ പറഞ്ഞു തീരാത്ത കഥകള്‍

പുസ്‌തക പരിചയം /പി. എ. എം ശരീഫ്

തോരാത്ത കണ്ണീര്‍ക്കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്ന അധിനിവിഷ്ട ഫലസ്ത്വീന്‍ പ്രദേശമായ ഗസ്സക്ക്  അക്ഷര ഐക്യദാര്‍ഢ്യം നല്‍കുകയാണ് ‘ഗാസ: പറഞ്ഞുതീരാത്ത കഥകള്‍’ എന്ന  വിവര്‍ത്തന കൃതി.

കഴിഞ്ഞ ഇരുപതിലേറെ വര്‍ഷമായി ഫലസ്ത്വീനിനെക്കുറിച്ചും അറബ് മേഖലയെക്കുറിച്ചും സൂക്ഷ്മമായ രാഷ്ട്രീയ വിശകലനങ്ങള്‍ നടത്താറുള്ള  പ്രമുഖ അറബ്-അമേരിക്കന്‍  പത്രപ്രവര്‍ത്തകന്‍ റംസീ ബാറൂദിന്റെ ഹൃദയസ്പര്‍ശിയായ ആത്മകഥയും ചരിത്ര ഗ്രന്ഥവുമായ My  Father was a Freedom Fighter: Gaza’s Untold  Story -യുടെ മൊഴിമാറ്റമാണിത്. ഗ്രന്ഥകാരന്‍ അടുത്തിടപഴകിയിട്ടുള്ള ഗസ്സയിലെ ജനങ്ങളുടെ അനുഭവങ്ങളാണ് ഈ പുസ്തകം.

ഫലസ്ത്വീന്‍ പോരാളിയായ പിതാവ്

അതില്‍ പ്രധാനി ഫലസ്ത്വീന്‍ പോരാളി കൂടിയായ ഗ്രന്ഥകാരന്റെ പിതാവാണ്. തന്റെ പൂര്‍വ പിതാക്കളുടെ ജന്മഗേഹമായ ബൈത്ത് ദറാസ് എന്ന ഫലസ്ത്വീന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഫലസ്ത്വീനികള്‍ക്കുമേല്‍ പാശ്ചാത്യര്‍  അടിച്ചേല്‍പ്പിച്ച ഗൂഢാലോചനകള്‍ വിവരിക്കുന്നത്. താന്‍ കണ്ടിട്ടുപോലുമില്ലാത്ത പൂര്‍വ പിതാക്കളുടെ ആത്മസംഘര്‍ഷങ്ങളും വികാരവിക്ഷോഭങ്ങളും  ഇസ്രയേലീ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റംസി പറഞ്ഞുവെക്കുന്നത് ഒരു ചലച്ചിത്രമെന്നോണം അനുവാചകന്റെ മനോമുകുരത്തിലൂടെ കടന്നുപോകും.

ഒരു വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പശ്ചാത്തല ദൃശ്യങ്ങള്‍ പിന്നിലേക്ക് മറയുന്ന ചാരുതയോടെയാണ് ഓരോ അധ്യായവും.
ജൂതന്മാരുടെ അധിനിവേശവും അതിനെ ചെറുക്കുന്ന ബൈത്ത് ദറാസുകാരുടെ ആത്മാഭിമാനവും, തദ്ദേശവാസികളുമായി നേര്‍ക്കുനേരുള്ള ഏറ്റുമുട്ടലില്‍ പരാജയപ്പെടുമ്പോള്‍ സയണിസ്റ്റുകളെ രക്ഷിക്കാന്‍ എത്തുന്ന ബ്രിട്ടീഷ് പട്ടാളത്തിന്റെ നെറികേടും, അവസാനം പൊരുതി അടിയറവ് പറഞ്ഞ ശേഷം സ്വന്തം നാടും വീടും വിട്ടെറിഞ്ഞ് ലക്ഷ്യബോധമില്ലാതെ പലായനം അടിച്ചേല്‍പിക്കപ്പെട്ട ഒരു ജനതയുടെ ആത്മസംഘര്‍ഷങ്ങളും അനുവാചകന്റെ മനസ്സില്‍ കനലുകള്‍ കോരിയിടും.

പലായനം അടിച്ചേല്‍പിക്കപ്പെട്ട ജനതയുടെ ആത്മസംഘര്‍ഷങ്ങള്‍

സയണിസ്റ്റുകളുടെ ആക്രമണ പശ്ചാത്തലത്തില്‍ റംസിയുടെ പിതാമഹന്‍ മുഹമ്മദിന്റെ കുടുംബം ബൈത്ത് ദറാസില്‍ നിന്ന് പലായനം ചെയ്ത് അഭയാര്‍ഥി ക്യാമ്പില്‍ എത്തിച്ചേരുന്നു. സംഘര്‍ഷം നിറഞ്ഞ അഭയാര്‍ഥി ക്യാമ്പ് ജീവിതമാണ് റംസി പിന്നീട് പറയുന്നത്. ബൈത്ത് ദറാസ് എന്ന ജന്മഗ്രാമത്തില്‍ റംസിയുടെ പിതാമഹന്റെ സ്വസ്ഥവും സമാധാന പൂര്‍ണവുമായ ജീവിതം  മനോഹരമായി പുസ്തകത്തില്‍ വിവരിക്കുന്നു. ഈജിപ്തില്‍ നിന്ന് കുടിയേറിയ മുഹമ്മദ് ബൈത്ത് ദറാസ് എന്ന ഫലസ്ത്വീനീ ഗ്രാമത്തില്‍ എത്തിച്ചേരുന്നതോടെ അവിടെയുള്ള പൗരപ്രമുഖരുമായുള്ള ബന്ധത്തിലൂടെ മിസ്സീറിയന്‍ എന്ന രണ്ടാം തരം പൗരത്വത്തില്‍ നിന്നും മുക്തി നേടി ‘ബാറൂദ്’ എന്ന ഉന്നതകുലജാതരുടെ തറവാട്ടുപേര് ചാര്‍ത്തിക്കിട്ടിയ കഥ സരസമായി ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്.

പക്ഷേ വായനയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ നിലവിലെ പശ്ചിമേഷ്യന്‍ പശ്ചാത്തലത്തിലായതിനാല്‍ ഉദ്വേഗം ജനിപ്പിക്കും. 1948 – ല്‍ ഇസ്രയേലിന്റെ പിറവിക്ക്  ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ഉറപ്പിക്കാന്‍ അമേരിക്കയും യൂറോപ്യന്‍  രാഷ്ട്രങ്ങളും നടത്തുന്ന ചരടുവലികള്‍ ഗ്രന്ഥകാരന്‍ അക്കമിട്ടു വിവരിക്കുന്നു. പി. എല്‍. ഒയുടെയും യാസിര്‍ അറഫാത്തിന്റെയും രംഗപ്രവേശവും അദ്ദേഹത്തിന്റെ ചടുലമായ നിലപാടുകളും ഫലസ്ത്വീന്‍ രാഷ്ട്രീയത്തില്‍ അതുണ്ടാക്കുന്ന ചലനങ്ങളും പ്രത്യാഘാതങ്ങളും തന്റെ കുടുംബ പശ്ചാത്തലത്തിലൂടെ വിശദീകരിക്കുന്നു.  

ബൈത്ത് ദറാസ് എന്ന വിശാല കാന്‍വാസിലൂടെ  തുടങ്ങി മുന്‍ സൈനികന്‍ കൂടിയായ  പിതാവിന്റെ കുടുംബത്തിലൂടെ സഞ്ചരിച്ചു  ചരിത്രം പറയുന്ന രീതിയാണ് റംസി സ്വീകരിച്ചിട്ടുള്ളത്. ഫലസ്ത്വീന്‍ വിപ്ലവകാരികളുടെ ചെറുത്തുനില്‍പ്പുകള്‍ക്ക് പ്രതികാരമായി പിഞ്ചുകുഞ്ഞുങ്ങളെയടക്കം കൊല്ലുന്ന  സയണിസ്റ്റ് ക്രൂരതകളും ആംബുലന്‍സുകളുടെ ചീറിപ്പാച്ചിലുകളും ആരോഗ്യപ്രവര്‍ത്തകരുടെ നെട്ടോട്ടവുമെല്ലാം വിവരിക്കുമ്പോള്‍  അനുവാചകന്റെ മനസ്സില്‍ വിശാല കാന്‍വാസുകള്‍ രൂപപ്പെടും.

ക്യാമ്പ് ഡേവിഡ്, ഓസ്‌ലോ തുടങ്ങിയ എല്ലാ കരാറുകളും സയണിസ്റ്റുകള്‍ക്ക് ലംഘിക്കാനും ഫലസ്ത്വീനികള്‍ മാത്രം  പാലിക്കാനുമുള്ളതാണെന്ന തിരിച്ചറിവ് ഓരോ ഫലസ്ത്വീനിയിലുമുണ്ടാക്കുന്ന നിരാശാ ബോധം റംസിയുടെ പിതാവ് മുഹമ്മദിലൂടെ അദ്ദേഹം പ്രതിഫലിപ്പിക്കുന്നുണ്ട്.

സയണിസ്റ്റ് ഭീകരതയും ചെറുത്തു നിൽപ്പും

ഫലസ്ത്വീനു വേണ്ടി ഇസ്രയേലുമായി ഉണ്ടാക്കുന്ന പല കരാറുകളും ലോക മീഡിയ ആഘോഷമാക്കുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍  എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഫലസ്ത്വീനികള്‍ തികച്ചും നിരാശയിലായിരിക്കും. മതേതര പാര്‍ട്ടികളെയെല്ലാം പരീക്ഷിച്ച്, അവരുടെ അഴിമതികളും സ്വന്തം പാര്‍ട്ടിക്കാര്‍ നേടിയെടുക്കുന്ന അനധികൃത സ്ഥാനമാനങ്ങളും സമ്പാദ്യങ്ങളും കണ്ടു മടുത്ത ഫലസ്ത്വീനികള്‍ അവസാനം ഇസ്ലാമിക ചെറുത്തുനില്‍പ്പു പ്രസ്ഥാനമായ ഹമാസിന് ഒരവസരം നല്‍കി. പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഹമാസ് നേടിയ വിജയവും അതിനെ അംഗീകരിക്കില്ലെന്ന അമേരിക്കന്‍, ഇസ്രയേലീ ശാഠ്യവും അവശേഷിച്ച ആത്മവിശ്വാസവും മുഹമ്മദിന് നഷ്ടപ്പെടുത്തി.

റംസീ ബാറൂദി

2006 ജൂണ്‍ 28 – ന് പ്രതികാര ദാഹിയായ ഇസ്രയേല്‍ മുഹമ്മദിന്റെ വാസസ്ഥലമായ നുസൈറാത് അഭയാര്‍ഥി ക്യാമ്പിലും ബോംബിട്ടതോടെ തന്റെ ഓക്സിജന്‍ പമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ ഊര്‍ജം നല്‍കുന്ന വൈദ്യുതി പ്ലാന്റ് കൂടി ആ ബോംബിംഗില്‍ തവിടുപൊടിയായെന്ന് മുഹമ്മദിന് ബോധ്യമായി. ജീവന്‍ നിലനിര്‍ത്തിയിരുന്ന ഓക്സിജന്‍ പമ്പ് കൂടി പ്രവര്‍ത്തനം നിലച്ചതോടെ ആസ്തമ രോഗിയായ മുഹമ്മദ് മരണത്തോടടുക്കുകയായിരുന്നു.

അവസാന നിമിഷങ്ങളില്‍ അമേരിക്കയില്‍ കഴിയുന്ന ഗ്രന്ഥകര്‍ത്താവ് റംസീ ബാറൂദ് പിതാവ് മുഹമ്മദുമായി നടത്തിയ കരളലിയിക്കുന്ന ടെലഫോണ്‍ സംഭാഷണം, ഫലസ്ത്വീനികള്‍ ജന്മഭൂമിയില്‍ അനുഭവിക്കുന്ന സംഘര്‍ഷത്തിന്റെയും നിസ്സഹായതയുടെയും നേര്‍സാക്ഷ്യമാണ്. സ്വന്തം മക്കളും ബന്ധുക്കളും  തൊട്ടടുത്ത ഗ്രാമത്തില്‍ ജീവിക്കുന്നുണ്ടെങ്കിലും അവരുമായി സന്ധിക്കാന്‍ സയണിസ്റ്റുകളുടെ കടുത്ത നിയന്ത്രണവും പെര്‍മിറ്റും, അതിനു വേണ്ടി ദിവസങ്ങളോളമുള്ള കാത്തിരിപ്പും, എല്ലാം ഒത്തിണങ്ങിയാലും അവസാന നിമിഷമുള്ള യാത്രാനിരോധവും ഒക്കെ അധിനിവേശ നരകത്തിലെ നിത്യയാതനകളാണ്.

മിഡില്‍ ഈസ്റ്റിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പി. കെ നിയാസ് ആണ് ഈ അമൂല്യകൃതി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ളത്. കോഴിക്കോട് ആസ്ഥാനമായ അദര്‍ ബുക്‌സ് ആണ് പ്രസാധകര്‍.  

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Source
Prabodhanam
Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x