
കോവിഡ് കാലം വെബിനാറുകളുടെ കൂടി കാലമാണ്. സ്കൂൾ കോളേജ് ക്ലാസ്സുകൾ കൂടി ഓൺലൈനായതോടെ, വെബിനാറുകൾ ദിനചര്യ തന്നെ ആയി മാറിയെന്നും പറയാം. കുറേ നാളായി ഈ അഭ്യാസത്തിലായതുകൊണ്ട്, ശ്രദ്ധയിൽ പെട്ട ചില കാര്യങ്ങൾ പങ്ക് വെക്കാമെന്ന് കരുതി.
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്പെട്ടാലോ എന്നൊരു തോന്നലിന്റെ പുറത്താണ്, അല്ലാതെ ആ വിഷയത്തിലുള്ള ഒരു ക്ലാസ്സെടുക്കൽ അല്ല. ക്ലാസ് റൂം ആയാലും സെമിനാർ ആയാലും അടിസ്ഥാനപരമായി ആശയവിനിമയമാണ് അവിടെ നടക്കുന്നത്. പലപ്പോഴും വാചികമായി (verbal) അവതരിപ്പിക്കപ്പെടുന്ന ആശയങ്ങളോളം തന്നെ പ്രധാനപ്പെട്ടതാണ് അതിന് അനുബന്ധമായി ഉള്ള നോൺ-വെർബൽ ഘടകങ്ങൾ.
പല വെബിനാർ സെഷനുകളിലും ഇത് അവഗണിക്കപ്പെടുന്നത് കണ്ടിട്ടുണ്ട്. ഒരു ലളിതമായ ഉദാഹരണം പരിഗണിക്കാം. ഒരാൾ ഒരു കാര്യം പറയുന്നു. നിങ്ങൾ ഒരു മീറ്റർ ദൂരെ നിന്ന് അയാളുടെ മുഖത്തേയ്ക്ക് നോക്കി അത് കേൾക്കുന്നതും, അയാളുടെ മുഖത്തോട് തൊട്ടടുത്ത് ചെന്ന് മൂക്കിന്റെ ദ്വാരം നേരേ കാണാവുന്ന ആംഗിളിൽ നിന്ന് അത് കേൾക്കുന്നതും തമ്മിലുള്ള വ്യത്യാസം ഒന്ന് ആലോചിച്ച് നോക്കൂ. എന്നെപ്പോലെയാണ് നിങ്ങളും ചിന്തിക്കുന്നത് എങ്കിൽ രണ്ടാമത്തേത് നിങ്ങളെ പെട്ടെന്ന് മടുപ്പിക്കും.
ഇത് വെബിനാറുകളിലും ബാധകമാണ്. നിങ്ങൾ കാണുന്ന കാഴ്ചയുടെയും കേൾക്കുന്ന ശബ്ദത്തിന്റെയും നിലവാരം പങ്ക് വെക്കുന്ന ആശയത്തോളം തന്നെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഇക്കാര്യത്തിൽ നല്ല നിലവാരം ഉണ്ടാക്കാവുന്നതേയുള്ളൂ എന്ന് തോന്നിയിട്ടുണ്ട്.
നല്ല ഒരു വെബിനാർ അനുഭവത്തിൻ ചില നിർദ്ദേശങ്ങൾ
- ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം (Zoom, Google Meet, Webex etc.) നേരത്തേ പരിചയപ്പെട്ട് വെക്കുന്നത് നല്ലതാണ്. ഏതേത് ഫീച്ചറുകൾ എവിടെയൊക്കെയാണ് ഉള്ളത് എന്ന് പഠിക്കാൻ കുറച്ച് സമയം മതിയാകും. പെട്ടെന്ന് മൈക്ക് ഒന്ന് മ്യൂട്ട് ചെയ്യേണ്ടി വന്നാലോ, സ്ക്രീൻ ഷെയറിങ് നിർത്തി നേരിട്ട് വെബ്ക്യാമിലൂടെ വരേണ്ടി വന്നാലോ, നിന്ന് തപ്പിത്തടയാതെ അത് ചെയ്യാൻ കഴിയുന്നത് പ്രസന്റ് ചെയ്യുന്ന ആളിനും അറ്റൻഡ് ചെയ്യുന്ന ആളുകൾക്കും ഒരുപോലെ നല്ല വെബിനാർ അനുഭവം സമ്മാനിക്കും.
- വെബ് ക്യാമിനോട് ഒരുപാട് അടുത്ത് ഇരിക്കരുത്. അത് നിങ്ങളുടെ മുഖത്തിന്റെ ഫീച്ചേഴ്സിനെ വക്രീകരിക്കും. മൂക്ക് മാത്രം വലുതായി, ചെവിയില്ലാതെ ഇരിക്കുന്ന നിങ്ങളെയായിരിക്കും ചിലപ്പോൾ മറ്റുള്ളവർ കാണുന്നത്. ഏതാണ്ട് എല്ലാ ക്യാമറകൾക്കും ഉള്ള സഹജമായ ഒരു പരിമിതിയാണത്. അതുകൊണ്ട് ‘എന്റെ ക്യാമറ പോരാത്തതുകൊണ്ടാണ് എനിക്ക് ലുക്കില്ലാത്തത്’ എന്ന് കരുതരുത്. ശരിയായ ദൂരത്തിൽ ഇരുന്നാൽ പരിഹരിക്കാവുന്ന പ്രശ്നമാണ് മിക്കതും. ദൂരം മാറ്റി മാറ്റി പരീക്ഷിച്ച് നോക്കുക.
- ക്യാമറയിൽ നിന്നുള്ള ദൂരം പോലെ പ്രധാനമാണ് ക്യാമറയും മുഖവും ഇരിക്കുന്ന ലെവൽ. പലരും ക്യാമറ മുഖത്തിന്റെ നിരപ്പിൽ നിന്ന് ഒരുപാട് താഴ്ത്തിവെക്കാറുണ്ട്. പിള്ളാരെ പേടിപ്പിക്കാൻ, രാത്രി താടിയുടെ താഴേന്ന് മുകളിലേയ്ക്ക് മുഖത്തോട്ട് ടോർച്ചടിച്ച് നിൽക്കുന്ന ഒരു ലുക്കാണ് അത് സമ്മാനിക്കുക. ക്യാമറ ഏതാണ്ട് കണ്ണിന്റെ നേരേ തന്നെ വരുന്ന ലെവലിൽ വെച്ചാലാണ് ഏറ്റവും നല്ല കാഴ്ച മറ്റുള്ളവർക്ക് കിട്ടുക. മേശയുടെ നിരപ്പ് അനുയോജ്യമല്ല എന്നുതോന്നിയാൽ കുറച് പുസ്തകങ്ങളുടെ അടുക്ക് വെച്ച് ലെവൽ അഡ്ജസ്റ്റ് ചെയ്യാം. അതായത്, ക്യാമറയുടെ ദൂരവും ആംഗിളും വളരെ നിസ്സാരമെന്ന് തോന്നുമ്പോഴും ദൃശ്യനിലവാരത്തെ കാര്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ് എന്നർത്ഥം.
- ശരാശരി വെബ് ക്യാമുകൾ നല്ല വെളിച്ചമുള്ള സാഹചര്യത്തിൽ പ്രവർത്തിക്കാനായി രൂപകല്പന ചെയ്തതാണ്. അതുകൊണ്ട് മുഖത്തേയ്ക്ക് വേണ്ടത്ര പ്രകാശം വീഴുന്നില്ല എങ്കിൽ അത് നിരാശപ്പെടുത്തും. അതുകൊണ്ട് മുഖത്തേയ്ക്ക് വെളിച്ചം വീണ് പ്രതിഫലിച്ച് വെബ്ക്യാമിൽ എത്തുന്ന രീതിൽ ഇരിക്കുന്നതാണ് ഉത്തമം. പലരും ജനാലയ്ക്ക് പിൻതിരിഞ്ഞിരുന്ന് വെബ് കോൺഫറൻസിന് വരാറുണ്ട്. ആളിനെ കാണില്ല, യേശുക്രിസ്തുവിന്റെയൊക്കെ പടത്തിൽ കാണുന്നപോലെ പിന്നിൽ ഒരു പ്രഭാപൂരം മാത്രമാകും മറ്റുള്ളവർ കാണുന്നത്.
ഇവിടെ ശ്രദ്ധിക്കേണ്ടത്, ക്യാമറയും മനുഷ്യന്റെ കണ്ണും പ്രത്യക്ഷത്തിൽ ഒരുപോലെയാണെന്ന് തോന്നുമെങ്കിലും ഇവയുടെ പ്രവർത്തനങ്ങളിൽ വലിയ അന്തരമുണ്ട് എന്നതാണ്. വെളിയിലെ പ്രകാശത്തിന്റെ അളവനുസരിച്ച് സ്വയം അഡ്ജസ്റ്റ് ചെയ്യുന്നവയാണ് കണ്ണുകൾ. നിറങ്ങൾ പോലും അത് സ്വയം അഡ്ജസ്റ്റ് ചെയ്യും. കണ്ണുകൾക്ക് കാണപ്പെടുന്നതും ക്യാമറ പകർത്തുന്നതും തമ്മിൽ പലപ്പോഴും അജഗജാന്തരമുണ്ടാകും. Don’t guess your camera output on the basis of what you see.
അരണ്ട സൂര്യപ്രകാശവും, കടുത്ത ട്യൂബ് ലൈറ്റ് പ്രകാശവും താരതമ്യം ചെയ്താൽ ചിലപ്പോൾ ക്യാമറയ്ക്ക് ആദ്യത്തേതാകും കൂടുതൽ യോജിച്ചത്. അതിന്റെ സയൻസ് തത്കാലം ഇവിടെ പറയുന്നില്ല. നാച്ചുറൽ ലൈറ്റ് മുഖത്തേയ്ക്ക വീഴുന്ന രീതിയിൽ ഇരിക്കുന്നതാണ് ഉചിതം എന്ന് മാത്രം പറയാം. (പ്രൊഫഷണൽ ഷൂട്ടിങ് ലൈറ്റ് ഉപയോഗിക്കാത്തിടത്തോളം). - ഇരിക്കുമ്പോൾ പാസ്പോർട് സൈസ് ഫോട്ടോയിലെന്ന പോലെ സ്ക്രീൻ നിറഞ്ഞ് ഇരിക്കുന്നത് നല്ലതാണ് (മുഖം മാത്രം വെച്ച് നിറയ്ക്കരുത് എന്ന അർത്ഥത്തിൽ) പിന്നാമ്പുറത്തെ കാഴ്ചകൾ മറ്റുള്ളവരെ ഡിസ്ട്രാക്റ്റ് ചെയ്യാനുള്ള സാധ്യത കുറയും.
- സംസാരിക്കുമ്പോൾ മുഖത്തേയ്ക്ക് നോക്കി സംസാരിക്കുന്നതാണ് കേൾക്കുന്നവരെ പിടിച്ച് നിർത്തുന്ന പ്രധാന ഘടകം. (Keeping eye-contact) വെബിനാറിൽ അത് ക്യാമറയിലേയ്ക്ക് നോക്കി സംസാരിക്കുക എന്നതാണ്. അല്ലെങ്കിൽ കേൾക്കുന്നവർക്ക് പെട്ടെന്ന് മടുക്കാൻ സാധ്യതയുണ്ട്. (കണ്ണട വെക്കുന്നവർക്ക് ഇതിൽ അല്പം ഇളവ് കിട്ടിയേക്കും).
- വീടുകൾ, ക്ലാസ് റുമോ സെമിനാർ ഹാളോ പോലെ അക്കാദമിക് ആശയവിനിമയത്തിനായി രൂപകല്പന ചെയ്യപ്പെട്ട ഒരു അന്തരീക്ഷമല്ല. നമ്മുടെ ശ്രദ്ധ തിരിക്കാൻ പറ്റിയ distractions ഒരുപാട് ഉണ്ടാകും. ചെവിയിൽ ഞെരുങ്ങി ഇരിക്കുന്ന ഇയർ ബഡ്സ് ഉള്ള ഇയർഫോണുകൾ ഉപയോഗിക്കുന്നത് ഡിസ്ട്രാക്ഷൻ കുറയ്ക്കാൻ സഹായിക്കും. വീട്ടുകാരോട് ടീവിയോ പാട്ടുപെട്ടിയോ ഉച്ചത്തിൽ വെക്കാതെ സഹകരിക്കാൻ അഭ്യർത്ഥിക്കുക. മൈക്ക് നിങ്ങളുടേതായാലും, അതിന് നിങ്ങളുടെ ശബ്ദമേ സ്വീകരിക്കൂ എന്ന വിധേയത്വം ഒന്നുമില്ല. അതിൽ വീഴുന്ന എന്ത് ശബ്ദവും അത് നാട്ടുകാരെ മൊത്തം കേൾപ്പിക്കും. That will be spoiling the entire show. അതുപോലെ, ഫോണിന്റെ നോട്ടിഫിക്കേഷൻ ശബ്ദം ഓഫ് ചെയ്യുന്നതും മറ്റുള്ളവർക്ക് വലിയ ഉപകാരം ആയിരിക്കും.
- വീട്ടിലല്ലേ ഇരിക്കുന്നത്, വീട്ടിലെ ലുക്ക് മതി എന്ന ചിന്താഗതി ഒഴിവാക്കുന്നതാണ് നല്ലത്. ഒന്ന് മുഖം കഴുകി വൃത്തിയാകുന്നതും, തല ചീകിവെക്കുന്നതും, അരയ്ക്ക് മേലോട്ട് വൃത്തിയുള്ള ഡ്രസ് ഇടുന്നതും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ. (ഷർട്ടിടാതെ ഓൺലൈൻ മീറ്റിങ്ങിന് വന്ന ആളുകളെ കണ്ടിട്ടുള്ളതുകൊണ്ട് പറഞ്ഞതാണ്).
- പൊതുവേ അവഗണിക്കപ്പെടുന്ന മറ്റൊരു വശമാണ് സൗണ്ട് ക്വാളിറ്റി. പലപ്പോഴും ഓൺലൈൻ പ്രേഷകർ ദൃശ്യത്തെക്കാൾ വിലമതിക്കുന്നത് ശബ്ദത്തിനാണ്. അനാവശ്യ നോയ്സ് ഉണ്ടെങ്കിൽ പെട്ടെന്ന് മടുത്തുപോകും. നമ്മൾ ഉപയോഗിക്കുന്ന മൈക്രോഫോണിന്റെ ക്വാളിറ്റി നമുക്ക് നേരിട്ട് മനസ്സിലാവില്ല എന്നതാണ് ഒരു പ്രശ്നം. കാരണം നമ്മൾ മാത്രം അത് നേരിട്ടാണ് കേൾക്കുന്നത്. മൈക്രോഫോണോ, മൊബൈലിന്റെയോ കംപ്യൂട്ടറിന്റെയോ ആന്തരസർക്യൂട്ടോ ശല്യപ്പെടുത്തുന്ന നോയ്സ് ഉണ്ടാക്കിയെന്ന് വരാം. അതുകൊണ്ട് മറ്റുള്ളവർ എങ്ങനെ കേൾക്കുന്നു എന്നത് ബോധ്യപ്പെടണം.
വെബിനാറിൽ പങ്കെടുക്കുന്ന ഒരാളെങ്കിലും അത് നന്നായി കേൾക്കുന്നുണ്ടെങ്കിൽ പ്രസന്റ് ചെയ്യുന്ന ആളുടെ ഭാഗം ഓക്കേയാണ്. കഴിയുമെങ്കിൽ ഒരു എക്സ്റ്റേണൽ മൈക്രോഫോൺ വാങ്ങുന്നത് ഗുണമേ ചെയ്യൂ. അത് പല വിലകളിൽ ലഭ്യവുമാണ്. (വിലയിൽ കാര്യമുണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ട് എന്നതാണുത്തരം. നമ്മുടെ ബഡ്ജറ്റ് പരിഗണിക്കണം എന്നേയുള്ളൂ). - ഇനി നമ്മുടെ നാട്ടിലെ പ്രധാനപ്രശ്നമായ ഇന്റർനെറ്റ് സ്പീഡാണ്. അത് നമ്മുടെ നിയന്ത്രണത്തിലല്ല എങ്കിൽപ്പോലും ചില കാര്യങ്ങൾ ശ്രദ്ധിക്കാനാകും. പലപ്പോഴും നമ്മുടെ ഫോണിലേയോ കംപ്യൂട്ടറിലേയോ മറ്റ് ആപ്ലിക്കേഷനുകൾ നമ്മളറിയാതെ ഇന്റർനെറ്റ് ഡേറ്റ ഉപയോഗിക്കുന്നുണ്ടാകും. അത് നമ്മുടെ വീഡിയോ കോൺഫറൻസിങ്ങിനെയും ബാധിക്കും. ബ്രൗസറിലെ ഉപയോഗിക്കാത്ത ടാബുകൾ ക്ലോസ് ചെയ്യുക, മൊബൈലിലെ ഉപയോഗിക്കാത്ത ആപ്പുകൾ ക്ലോസ് ചെയ്യുക (മിനിമൈസ് ചെയ്യലും ക്ലോസ് ചെയ്യലും വെവ്വേറെയാണ്), നെറ്റ്ഫ്ലിക്സ് പോലെയുള്ള സ്ട്രീമിങ് ആപ്പുകൾ ആ സമയത്ത് ഉപയോഗിക്കാതെ ഇരിക്കുക, ഡൗൺലോഡുകൾ ആ സമയത്ത് ചെയ്യാതിരിക്കുക, തുടങ്ങിയ കാര്യങ്ങൾ വെബിനാറിന്റെ നിലവാരം കൂട്ടും.
വീട്ടിലെ വൈഫൈയോ മറ്റോ ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതേ റൂട്ടറിൽ കണക്റ്റ് ചെയ്തിരിക്കുന്ന എല്ലാ ഡിവൈസുകളുംക കൂടി ഒരേ കണക്ഷനാണ് വീതിച്ചെടുക്കുന്നത് എന്ന് മറക്കരുത്. ഒരാൾ അപ്പുറത്തിരുന്ന് ഓൺലൈൻ ഗെയിം കളിച്ചാൽ ഇപ്പുറത്തിരിക്കുന്ന ആളിന്റെ വെബിനാറിലും പിടി വീഴും.
ഇനി തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തിൽ അറ്റകൈ പ്രയോഗം എന്ന നിലയിൽ, വീഡിയോ ഓഫ് ചെയ്തശേഷം ഓഡിയോ മാത്രം ഉപയോഗിച്ച് പങ്കെടുക്കുന്നത് ശബ്ദമെങ്കിലും കൃത്യമായി വിനിമയം ചെയ്യുന്നതിന് സഹായിക്കും.