
ദോസ്തോ ഇഷ്ഖ് ഹെ ഖതാ ലേകിൻ
ക്യാ ഖതാ ദർഗുസർ നഹി ഹോതി
പ്രിയരെ, പ്രണയമൊരു തെറ്റാണ്, പക്ഷെ
എന്താണോ തെറ്റിയത് അത് പുനപ്പരിശോധിക്കപ്പെടില്ല തന്നെ
ഇബ്നെ ഇൻഷയെപ്പോലെയെഴുതാനോ സംസാരിക്കാനോ ആർക്കും സാധിക്കില്ല. നമ്മുടെ സാഹിത്യ ലോകത്ത് അദ്ദേഹമില്ലാത്തതിന്റെ ഒരു വലിയ വിടവു കിടപ്പുണ്ട്. ഹൃദയത്തിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകൾ. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതയും.
ഇബ്നെ ഇൻഷയെക്കുറിച്ച് പ്രമുഖ നാടകകൃത്തായിരുന്ന ബാനു ഖുദ്സിയ പറഞ്ഞ വാക്കുകളാണിത്. ഉർദു സാഹിത്യ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. ഉർദു സാഹിത്യത്തിൽ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ലെന്നു തന്നെ പറയാം.
കവിത, ഹാസ്യം, യാത്രാ വിവരണങ്ങൾ, ലേഖനങ്ങൾ, ബാല സാഹിത്യം, വിവർത്തനം തുടങ്ങി സകല മേഖലകളിലും അദ്ദേഹം മികച്ചു തന്നെ നിന്നു. സ്ഥിരതയും വ്യത്യസ്തതയുമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകളെ എടുത്തു കാണിക്കുന്ന ഒന്ന്. കാല്പനികതയും വിപ്ലവവും ഒരു പോലെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു.
1927 ജൂൺ 15 ന് ജലന്ദറിലെ ഫില്ലൗരിയിലാണ് അദ്ദേഹത്തിന്റെ ജനനം. ശേർ മുഹമ്മദ് ഖാൻ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ നാമം.
പഞ്ചാബ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും കറാച്ചി യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം പാകിസ്താൻ ഗവണ്മെന്റിന്റെ വിവിധ സർവീസുകളിൽ ജോലി ചെയ്യുകയും യു എന്നുമായി സഹകരിച്ച് പ്രവർത്തിക്കുകയുമുണ്ടായി.
ഇതാണ് അദ്ദേഹത്തെ വലിയ യാത്രകൾക്ക് സഹായിച്ചത്. അദ്ദേഹത്തിലെ യാത്രയെഴുത്തുകാരനെ ഉണർത്തി വിടാനും ഇത് നിമിത്തമായി.
അദ്ദേഹത്തിന്റെ ഹാസ്യം ഏറെ അഭിനന്ദിക്കപ്പെട്ടതായിരുന്നു. വിഭജനാനന്തരമുള്ള പാകിസ്താനെ ഹാസ്യാത്മകമായി അദ്ദേഹം അവതരിപ്പിച്ചതിങ്ങനെയാണ്. ‘സ്വാതന്ത്ര്യത്തിനു മുൻപ് ഹിന്ദു മുതലാളിമാരും വ്യാപാരികളും നമ്മെ കൊള്ള ചെയ്തു. നമുക്ക് അതിനൊരു അന്ത്യം വേണമായിരുന്നു. ഇപ്പോൾ നാം മുസ്‌ലിം വ്യാപാരികളെയും സേഠ്മാരെയും നമ്മെ കൊള്ള ചെയ്യാൻ അനുവദിച്ചിരിക്കുന്നു. ഒടുക്കം, ആ ആഗ്രഹം സഫലീകരിക്കപ്പെട്ടിരിക്കുന്നു’
തന്റെ പതിനൊന്നാം വയസിൽ അദ്ദേഹം കവിത കുറിച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യ കാലത്ത് തന്റെ മാതാപിതാക്കൾ സമ്മാനിച്ച ശേർ മുഹമ്മദ് ഖാൻ എന്ന പേരിൽ നിന്നല്പം വ്യത്യാസം വരുത്തി ശേർ മുഹമ്മദ് അസ്ഗർ എന്ന പേരിലായിരുന്നു കവിതയെഴുത്ത്.
പിന്നീട് ലുധിയാനയിലെ സ്കൂൾ കാലത്ത് മയൂസ് അദമബാദി എന്ന തൂലികാ നാമത്തിലേക്ക് അദ്ദേഹം മാറി. മയൂസി(മടുപ്പ്) എന്നത് അത്ര ഗുണകരമല്ലാത്ത വാക്കാണ് എന്ന ഉപദേശം സ്വീകരിച്ച് ഏറെ വൈകാതെ ഖൈസർ സെഹ്‌റായ് എന്ന തൂലികാ നാമത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നു.
പിന്നീട് ഇബ്നെ ഇൻഷ എന്ന പേര് അദ്ദേഹം സ്വീകരിക്കുന്നത്. ആന്റൺ ചെക്കോവിന്റെ ഒരു പുസ്തകം വിവർത്തനം ചെയ്തതിനു ലഭിച്ച 150 രൂപയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതിഫലം. അതു തന്നെയായിരുന്നു ആദ്യ പുസ്തകവും.
പിന്നീട് തന്റെ കവിതകൾ ഒരുമിച്ചു കൂട്ടി പുസ്തകമാക്കാൻ ഒരുങ്ങുന്നതിനിടയിലാണ് വിഭജനം സംഭവിക്കുന്നത്. വിഭജനത്തിൽ സംഭവിച്ച ഒരുപാട് ദുരന്തങ്ങൾക്കിടയിൽ സംഭവിച്ച ഏക നല്ല കാര്യം ആ പുസ്തകത്തിന്റെ ഡ്രാഫ്റ്റ് നഷ്ടപ്പെട്ടതാണെന്നായിരുന്നു അദ്ദേഹം പറയാറുണ്ടായിരുന്നത്.
ഇൻഷാ ജി ഉഠോ, കൽ ചൗദ്വി കി രാത് ഥി തുടങ്ങിയ എണ്ണം പറഞ്ഞ ഹിറ്റ് ഗസലുകൾ അദ്ദേഹത്തിന്റെ തൂലികയിലൂടെ പിറന്നു വീണവയാണ്. അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പ്രണയവും വിപ്ലവവും ഒരുപോലെ വിരിഞ്ഞിറങ്ങി.
ഹഖ് അച്ഛാ പർ ഉസ് കെ ലിയെ കൊയി ഓർ മരേ തൊ ഓർ അച്ഛാ
തും ഭി കൊയി മൻസൂർ ഹൊ ജൊ സൂലി പെ ചഡോ ഖാമോഷ് രഹോ
(അവകാശങ്ങൾ നല്ലതാണ്, പക്ഷെ അതിനു വേണ്ടി മറ്റാരെങ്കിലും മരിക്കുന്നെങ്കിൽ കൂടുതൽ നല്ലത്
നീയെന്താ കഴുമരത്തിൽ കയറിയ വല്ല മൻസൂറുമാണോ, (അല്ലല്ലോ) എങ്കിൽ മിണ്ടാതിരിക്ക്)
രാഷ്ട്രീയ വിമർശങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ ഒട്ടേറെയുണ്ടാകാറുണ്ട്. യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് അദ്ദേഹം ഒട്ടേറെ കുറിച്ചിട്ടുണ്ട്. തന്റെ ആദ്യ കവിതാ സമാഹാരമായ ചാന്ദ് നഗറിന്റെ ആമുഖത്തിൽ അദ്ദേഹം ഇത് പറഞ്ഞു വെക്കുന്നുണ്ട്.
‘എന്റെ ദൈർഘ്യമുള്ള കവിതകൾ മിക്കവാറും എന്റെ ചുറ്റിലുമുള്ള കൈപ്പേറിയ യാഥാർഥ്യങ്ങളുടെയും കാല്പനിക ചോദനയുടെയും സംഘട്ടനങ്ങളിൽ നിന്നുയിർക്കൊണ്ട ഉല്പന്നങ്ങളായിരിക്കും. കൊറിയൻ യുദ്ധം എന്നെയുലച്ചു കളഞ്ഞതാണ്. അതിന്റെ അലയൊലികൾ ഇതുവരേക്കും എന്റെ എല്ലാ കവിതകളിലും കേൾക്കാനുണ്ട്. എന്നെ സംബന്ധിച്ച് യുദ്ധം പത്രങ്ങളിലെ തലക്കെട്ടുകളല്ല, അതു തീയും നാശവുമാണ്. പട്ടാളക്കാരനാകട്ടെ യൂനിഫോമും തോക്കും തിരയുമല്ല അതൊരു മകനും സഹോദരനും പ്രിയപ്പെട്ടവനുമൊക്കെ കുടികൊള്ളുന്ന ശരീരമാണ്‘
യുദ്ധ കെടുതികളെക്കുറിച്ച 1952 ൽ രചിക്കപ്പെട്ട അമൻ കാ ആഖ്‌രി ദിൻ എന്ന കവിത ഇപ്പോഴും പ്രസക്തമാണ്. 1967 ലെ യുദ്ധാനന്തരം ബാഗ്ദാദിലൂടെ അദ്ദേഹം സഞ്ചരിക്കുകയും ഒരു നീണ്ട കവിതയായി ബഗ്ദാദ് കി ഏക് രാത് എന്ന പേരിൽ പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി.
തെരുവുകളുടെയും നഗരങ്ങളുടെയും ചന്തകളുടെയും യുദ്ധാനന്തരമുള്ള കഷ്ടത നിറഞ്ഞ മുഖം അനാവരണം ചെയ്യുകയായിരുന്നു ആ ദീർഘ കവിതയിലൂടെ അദ്ദേഹം.
ചാന്ദ് നഗർ, ദിലെ വെഹ്ശി, ഇസ് ബസ്തി കെ ഇക് കൂചെ മെ തുടങ്ങിയവ അദ്ദേഹത്തിന്റെ കാവ്യ സമാഹാരങ്ങളാണ്. മികച്ച പ്രോസുകൾ സമ്മാനിച്ച അദ്ദേഹത്തിന്റെ ലേഖനങ്ങൾ, വിമർശങ്ങൾ, ഹാസ്യം തുടങ്ങിയവയുടെ കനപ്പെട്ട ശേഖരമാണ് ഉർദു കി ആഖ്‌രി കിതാബ്.
1978 ജനുവരി 11 ന് തൊണ്ടയിലെ കാൻസറിനെത്തുടർന്ന് ലണ്ടനിൽ വെച്ചാണ് അദ്ദേഹത്തിന്റെ മരണം.
മരണം തന്റെ തൊണ്ടക്കുഴിയിലെത്തിയ സമയം അദ്ദേഹം ഇങ്ങനെ കുറിച്ചു;
അബ് ഉംർ കി നഖ്ദി ഖതം ഹുയി
അബ് ഹം കൊ ഉധാർ കി ഹാജത് ഹെ
ഹെ കൊയി സാഹുകാർ ബനെ
ഹെ കൊയി ജൊ ദീവാൻഹാർ ബനെ
കുച് സാൽ മഹീനേ ദിൻ ലോഗോ
പെർ സൂദ് ബെയജ് കെ ബിൻ ലോഗോ
ആയുസിന്റെ സമ്പാദ്യം ഇതാ തീർന്നിരിക്കുന്നു
ഇപ്പോഴെനിക്ക് ലോൺ ആവശ്യമുണ്ട്
ഹുണ്ടികക്കാരനായി ആരെങ്കിലുമുണ്ടോ?
നല്കാനായി ആരെങ്കിലുമുണ്ടോ
കുറച്ച് വർഷങ്ങൾ, മാസങ്ങൾ, ദിവസങ്ങൾ ലോകരേ
പക്ഷേ, പലിശയോ ലാഭമോ ഇല്ലാതെ പ്രിയരേ !
Very informative 🌟
Keep writing