വിസ്മരിക്കപ്പെട്ടവരെ വെളിച്ചത്തിലേക്ക് എത്തിക്കുകയെന്നതാണ് പുതിയകാലത്തെ പ്രസാധകധർമം: ഉർവശി ബൂട്ടാലിയ
ഫാറൂഖ് കോളേജ് : ചരിത്ര സംഭവങ്ങളിലെ അനുഭവങ്ങളുടെ സൂക്ഷ്മതയെ അടയാളപ്പെടുത്തുന്നതിൽ ഭാഷയുടെ നിർണായകതയെ കുറിച്ച് എഴുത്തുകാർ ശ്രദ്ധയുള്ളവരാവണമെന്നും 1921ൽ മലബാറിൽ നടന്നതിനെ ‘സമരം’ എന്ന് വിളിക്കുന്നതിലൂടെ അതാണ് ഈ പുസ്തക പരമ്പരയുടെ എഴുത്തുകാർ കാണിച്ച കരുതൽ എന്നും പ്രമുഖ ചരിത്രകാരി പത്മശ്രീ ഉർവശി ബൂട്ടാലിയ പ്രസ്താവിച്ചു.
യുവത ബുക്സ് പ്രസിദ്ധീകരിച്ച 1921 മലബാർ സമരം ആറ് വാല്യങ്ങളിൽ ഗ്രന്ഥപരമ്പരയിലെ അവസാന വാല്യമായ ‘ഓർമ അനുഭവം ചരിത്രം’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
വാമൊഴികളായും കഥകളായും തലമുറകളിലൂടെ കൈമാറ്റം ചെയ്തുവന്ന ഓർമകളെ ചരിത്രമായി പരിഗണിക്കുന്നതിൽ ഈ പരമ്പരയുടെ എഡിറ്റർമാർ കാണിച്ച ധിഷണാബോധത്തെ അവർ പ്രശംസിച്ചു. ഒരു പ്രസാധകർ എന്ന നിലയിൽ തന്റെ അനുഭവങ്ങളുമായി വലിയ രീതിയിൽ സമാനതകൾ കാണിക്കുന്ന ഒരു മേഖലയാണ് മലബാർ സമരത്തെ കുറിച്ചുള്ള പഠനങ്ങളുടെ പ്രസാധനവും എന്ന് മനസ്സിലാക്കാൻ സാധിച്ചു.
ഇത്തരം വിവിധ മണ്ഡലങ്ങളിൽ മാറ്റിനിർത്തപ്പെട്ടവരെയും പരിഗണിക്കപ്പെടാതെപോയവരെയും കുറിച്ചുള്ള പഠനങ്ങളുടെ പ്രസിദ്ധീകരണങ്ങളിലൂടെ മാത്രമേ അത്തരം വിഭാഗങ്ങളെ സ്‌മൃതിയിലേക്കും മുഖ്യധാരയിലേക്കും കൊണ്ടുവരാൻ കഴിയുകയുള്ളു.
നമ്മുടെ ചരിത്രം നമ്മുടേത് അല്ലാതായി മാറുന്നതിനെ ചെറുക്കാനുള്ള ഏകമാർഗം അതാണ്. ചരിത്രത്തിലെ നിർണായകമായ സംഭവങ്ങളുടെയെല്ലാം രേഖകളിൽ ചില വിഭാഗങ്ങളുടെ അനുഭവങ്ങളെകുറിച്ച് അവഗണനാത്മകമായ മൗനം കാണാൻ സാധിക്കും. ഈ മൗനത്തിന്റെ മറുവശം ഒരു വലിയ വാചലതയുണ്ട്, അവർക്ക് പറയാനുള്ളത് കേൾക്കാൻ ചെവികൊടുത്താൽ മാത്രം അറിയാൻ കഴിയുന്ന മറ്റൊരു അനുഭവചിത്രം, ചരിത്രം. സ്ത്രീകളുടെ അനുഭവങ്ങൾ ഇത്തരത്തിൽ വിസ്മരിക്കപ്പെട്ട ഒരു മേഖലയാണ്.
വാമൊഴികളിലൂടെ മാത്രം ലഭ്യമാകുന്ന ഈ അനുഭവങ്ങളെ ചരിത്രമായി ഗണിക്കാതെ പോയി എന്നത് വലിയ വീഴ്ചയാണ്. മലബാർ സമരം പോലെയുള്ള ഇത്തരം സംഭവങ്ങൾ എങ്ങനെയാണ് സ്ത്രീകളെയും മറ്റു ദുർബലവിഭാഗങ്ങളെയും ബാധിച്ചത് എന്നതിനെകുറിച്ചുള്ള വിശദമായ പഠനങ്ങളുംകൂടെ വരുമ്പോൾ മാത്രമാണ് നമ്മുടെ ചരിത്ര രചനകൾ പുർണമാവുന്നത് എന്നും പത്മശ്രീ ഉർവശി ഖൂട്ടാലിയ അഭിപ്രായപ്പെട്ടു.
ഫാറൂഖ് കോളേജ് ചരിത്ര വിഭാഗവുമായി സഹകരിച്ചാണ് യുവത ബുക്സ് പരിപാടികൾക്ക് സംഘടിപ്പിച്ചത്. ഡോ. കെ കെ എൻ കുറുപ്പ് എഴുതിയ 1921 A Poetic Recollection എന്ന ഇംഗ്ലീഷ് കൃതി കെ ജെ യു പ്രസിഡൻ്റ് പ്രൊഫ. എ അബ്ദുൽഹമീദ് മദീനി പ്രകാശനം ചെയ്തു.
ഫാറൂഖ് കോളേജ് യൂസുഫ് സഖർ ഓഡിറ്റോറിയത്തിൽ നടന്ന
പ്രകാശന ചടങ്ങിൽ ഐ എസ് എം സംസ്ഥാന പ്രസിഡൻ്റ് സഹൽമുട്ടിൽ അധ്യക്ഷത വഹിച്ചു. ഡോ. കെ കെ എൻ കുറുപ്പ്, സി പി ഉമർ സുല്ലമി, പ്രൊഫ. ഇ ഇസ്മായീൽ, ഡോ. പി പി അബ്ദുൽറസാഖ്, ഡോ. ഉമർ തറമേൽ, ഡോ. ഐഷ സ്വപ്ന, അബ്ദുറഹ്മാൻ മങ്ങാട്, പ്രൊഫ. എം പി മുജീബുറഹ്മാൻ, ഡോ. ടി മുഹമ്മദലി, ഡോ. മുസ്തഫ ഫാറൂഖി, കെ പി സകരിയ്യ, ജാഫർ ഈരാറ്റുപേട്ട, ഡോ. സി എ ഫുക്കാർ അലി, ഡോ. കെ ടി അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു.
എ വി ടി ഹാളിൽ നടന്ന LORE LIFE AND THE LOG സെഷനിൽ പത്മശ്രീ ഉർവശി ബൂട്ടാലിയ ചരിത്ര ഗവേഷകരുമായി സംവദിച്ചു. ഡോ. പി ടി നൗഫൽ, ഡോ. എം നിസാർ എന്നിവർ പ്രസംഗിച്ചു.
1921 മലബാർ സമരം: പഠനം അനുഭവം സെഷനിൽ പ്രമുഖ എഴുത്തുകാരൻ എ എം ഷിനാസ് മോഡറേറ്ററായിരുന്നു.
ഡോ. കെ ഗോപാലൻകുട്ടി, പ്രൊഫ. ഇ ഇസ്മായീൽ, ഡോ. പി പി അബ്ദുൽറസാഖ്, ഡോ. ഉമർ തറമേൽ,
ഡോ. എം വിജയലക്ഷ്മി, ഡോ. അജ്മൽ മുഈൻ, ഡോ. അനീസുദ്ദീൻ, ഇബ്രാഹീം കോട്ടക്കൽ, ഡോ. അബ്ദുറഷീദ്, അബ്ദുറഹ്മാൻ മങ്ങാട്, ടി വി അബ്ദുറഹ്മാൻകുട്ടി, ഹാറൂൻ കക്കാട്, ഡോ. യൂനുസ് ചെങ്ങര
എന്നിവർ പ്രസംഗിച്ചു.
ഫാത്തിമ ഹിബ, ഹസ്ന എന്നിവരായിരുന്നു പ്രകാശന പരിപാടിയുടെ അവതാരകർ. കേരളത്തിലെ പ്രമുഖ ചരിത്ര പണ്ഡിതന്മാരും വിവിധ യൂണിവേഴ്‌സിറ്റികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ചരിത്ര വിദ്യാർത്ഥികളുടെയും നിറഞ്ഞ സാന്നിധ്യം പരിപാടിയുടെ വിവിധ സെഷനുകൾക്ക് ധന്യത പകർന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS