FeatureTravel

മഹീന്ദ്ര ജീപ്പ്; അവന്റെ കരുത്ത്‌ കാണിച്ച്‌ തന്ന യാത്രകൾ!

മുപ്പതിൽചില്വാനം കൊല്ലം വയനാട്ടിൽ താമസിച്ചിട്ടും ഞാനെന്തേ ഇതുവരെ മഹീന്ദ്ര ജീപ്പുകളെക്കുറിച്ച്‌ എഴുതിയില്ല എന്നത്‌ എനിക്കുതന്നെ അത്ഭുതമുണ്ടാക്കി ഇത്‌ എഴുതാനിരുന്നപ്പോൾ‌..

കാൽനൂറ്റാണ്ട്‌ കാലം മുൻപത്തെ വയനാടാണ്‌,

എല്ലാ മലയോര ഗ്രാമങ്ങളേയും പോലെ വയനാട്ടിലെ സഞ്ചാരങ്ങളും അന്ന് കൂടുതൽ ബന്ധപ്പെട്ടുകിടന്നിരുന്നത്‌ ജീപ്പുകളോടാണ്‌

‌എല്ലാ ഗ്രാമീണ കവലകളും അടയാളപ്പെടുത്തപ്പെട്ടിരുന്നത്‌ വിശാലമായ ജീപ്പ് സ്റ്റാന്റുകൾ കൊണ്ടാണ്‌

തിരുനെല്ലിയിലേക്കുള്ള വഴിയിലെ കാട്ടിക്കുളം എന്ന വനഗ്രാമത്തിലൊക്കെ നിരന്ന് കിടക്കുന്ന ടാക്സി ജീപ്പുകൾ കണ്ട്‌ അന്ന് ഞാൻ ശരിക്കും അമ്പരന്നിട്ടുണ്ട്‌.

ജീപ്പ് എന്നത്‌ ധാരാളമായി കാണാൻ കിട്ടാതിരുന്ന തൃശൂരിൽ നിന്നും കുടിയേറിയ എനിക്ക്‌ ആ കാഴ്ച പുതുമയായിരുന്നു.

എന്തിനും ജീപ്പായിരുന്നു ഇവിടെ.. മൾട്ടിപ്പർപ്പസ്‌ എന്നാൽ ഒറിജിനൽ മൾട്ടി പർപ്പസ് !

തോട്ടത്തിൽ കാപ്പി വലിക്കാനും, മലഞ്ചരക്കുകൾ കടയിലെത്തിക്കാനും, വളം കാലിത്തീറ്റ എന്നിവ്‌ വീട്ടിലെത്തിക്കാനും, കുട്ടികളെ സ്കൂളിൽ കൊണ്ടാക്കാനും,

കല്യാണങ്ങൾക്ക്‌ ഓട്ടം പോവാനും, മരിച്ചവന്‌ പെട്ടി വാങ്ങിക്കൊണ്ട്‌ വരാനും, ചന്ദനം കടത്താനും, വേട്ടക്ക്‌ പോവാനും, എല്ലാത്തിനും അവനായിരുന്നു ആളുകളുടെ വാഹനക്കൂട്ട്‌..

പൊതു വാഹനസൗകര്യങ്ങളില്ലാത്ത ഗ്രാമ പ്രദേശങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്ക്‌ ആളുകളെ എത്തിക്കാൻ ‘ലോക്കൽ’ എന്ന ഒരു സംബ്രദായവും അന്ന് നിലനിന്നിരുന്നു.

സീറ്റിംഗ്‌ കപ്പാസിറ്റി എന്ന് നിർമ്മാതാക്കൾ പറയുന്നതിന്റെ അഞ്ചിരട്ടിയെങ്കിലും വരും അത്തരം സർവ്വീസുകളിലെ ഒരു ജീപ്പിൽ യാത്ര ചെയ്തിരുന്നവർ അന്ന്.

ഡ്രൈവർ തന്നെ പകുതി പുറത്തായിരിക്കും, ജീപ്പിന്‌ അകത്ത്‌ എന്നത്‌ പോകട്ടെ, പുറത്ത്‌ തൂങ്ങി നിക്കുന്നവർ തന്നെയുണ്ടാകും ഏതാണ്ട്‌ അത്രക്ക്‌.

മനുഷ്യരെ ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒരു വാഹനം തന്നെയാണ്‌ ജീപ്പ്‌.. എന്തൊരു ശക്തിയാണ്‌ അതിന്‌?

അപ്രാപ്യമെന്ന് തോന്നുന്ന എത്രയോ ഉയരങ്ങളിലേക്കും ചതുപ്പുകളിലേക്കുമൊക്കെയാണ്‌ പ്രത്യക്ഷത്തിൽ തന്നെ അമിത ഭാരവുമായി അത്‌ യാത്ര ചെയ്യുന്നത്‌..?

എന്റെ ഓർമ്മയിലുള്ള ആദ്യത്തെ ജീപ്പ് യാത്ര കാട്ടിക്കുളം എസ്റ്റേറ്റിലെ സായിപ്പിനൊപ്പമായിരുന്നു

ആയാളുടെ പ്രിയപ്പെട്ട കാളകളിലൊന്നിന്‌ പൊടുന്നനെ സുഖമില്ലാതായപ്പോൾ എന്നെ കൂട്ടിക്കൊണ്ട്‌ പോകാൻ വന്നതാണ്‌ കാട്ടിക്കുളം എന്ന സ്ഥലത്തിന്റെ ഏതാണ്‌ മുഴുവൻ ഭൂവുടമസ്ഥനും അതിമാന്യനുമായിരുന്ന അയാൾ.

അയാൾക്ക്‌ അന്ന് തന്നെ ഒരു തൊണ്ണൂറിനടുത്ത്‌ പ്രായം കാണണം

ശോഷിച്ച കൈകളിൽ തൊലിയൊക്കെ തൂങിത്തുടങ്ങിയിരുന്നെങ്കിലും അതി ശ്രദ്ധയോടെയും കരുതലോടെയുമായിരുന്നു അയാൾ ജീപ്പോടിച്ചത്‌ എന്ന് ഞാൻ ഓർക്കുന്നു.

ഗ്ലാസുകൾ മുന്നോട്ട്‌ തുറന്നു വെച്ച ഒരു ജീപ്പായിരുന്നു അത്‌. പൊടി അകത്ത്‌ കയറാതിരിക്കാനുള്ള എന്തോ ഒരു ഏർപ്പാടാണ്‌ അങ്ങനെ തുറന്നു വെക്കൽ.

അന്ന് വയനാട്ടിൽ സായിപ്പന്മാർക്ക്‌ സ്വന്തമായി ഭൂമിയുണ്ടായിരുന്നു. കാട്ടിക്കുളം എസ്റ്റേറ്റ്‌, ബ്രഹ്മഗിരി ഏ ,ബി എസ്റ്റേറ്റുകൾ, അരണപ്പാറ ഒക്കെ ആ ഇനത്തിൽ പെട്ടതായിരുന്നു

ഞാൻ പേരു മറന്നു പോയ ഈ സായിപ്പ്‌ ഒരു ‘ടക്സി ഡേമിസ്റ്റ്‌’ ആയിരുന്നു,

മൃഗങ്ങളുടേയും പക്ഷികളുടേയും ഒക്കെ ജഡ ശരീരങ്ങളെ സ്റ്റഫ്‌ ചെയ്ത്,‌ മൗണ്ട്‌ ചെയ്ത്‌ സൂക്ഷിക്കുന്ന ശാസ്ത്രവും കലയും ചേർന്ന ഒരു സംഗതിയായിരുന്നു അത്‌ മൈസൂർ രാജാക്കന്മാരുടെ കാലത്ത്‌ അത്തരം വിദേശികളും അവരുടെ സ്റ്റുഡിയോകളും ധാരാളമുണ്ടായിരുന്നു മൈസൂരിൽ.. ആ കഥയവിടെ നിൽക്കട്ടെ

അന്ന് തുടങ്ങിയ ജീപ്പ് യാത്ര തുടർ ജീവിതത്തിലെ ഒരു പ്രതിദിന പരിപാടിയായി.. തിരു നെല്ലിയിൽ, പള്ളിക്കുന്നിൽ, പനമരത്ത്‌, പുൽപ്പള്ളിയിൽ, മുള്ളൻ കൊല്ലിയിൽ. ജീപ്പിൽ യാത്ര ചെയ്യാതിരുന്ന ദിവസങ്ങൾ കുറവായിരുന്ന ആ ഔദ്യോഗിക കാലം..

പിന്നീട്‌, വഴി സൗകര്യങ്ങൾ വികസിക്കുകയും, അംബലവയൽ മീനങ്ങാടി പഞ്ചായത്തുകളിൽ എത്തുകയും ചെയ്ത അവസാന ലാപ്പിലാണ്‌ ഞാൻ ജീപ്പ് ഉപേക്ഷിക്കുകയും യാത്ര ഓട്ടോറിക്ഷയിലേക്ക്‌ മാറ്റുകയും ചെയ്തത്‌

(പല ഓട്ടോ റിക്ഷകൾ അല്ല കേട്ടോ, വർക്കിയുടെ ഒരേ ഒരു ഓട്ടോ റിക്ഷ. ഞാനും വർക്കിയും കൂടി മൂന്നിൽ ചില്വാനം ലക്ഷം കിലോ മീറ്റർ സഞ്ചരിച്ച ആ യാത്രയുടെ കഥ വേറെ പറയാനുണ്ട്‌. വർക്കി എന്ന ചങ്ങാതിയെപ്പറ്റിയും..)

കാട്ടിക്കുളത്തെ മണി (ഇപ്പോൾ കുറുവ ട്രാവൽസ്‌), കുട്ടൻ, അഞ്ഞൂറാൻ, കൊളവള്ളിയിലെ ജോൺസൺ, അവന്റെ അനിയൻ ബെന്നി, ജോഷി, ജോഷിയുടെ ചേട്ടൻ, പുൽപ്പള്ളിയിലെ ജോസ്‌, ബേബി, രാജൻ.. അങ്ങനെ എത്രയെത്ര ജീപ്പ്‌ ഡ്രൈവർ എന്ത്രയെത്ര യാത്രകൾ..!

വയനാടിനെ ഞാൻ അറിഞത്‌ അങ്ങനെയാണ്‌. വഴികളല്ലാതിരുന്ന വഴികളെ അവർ ഓടിയുണ്ടാക്കിയതാണ്‌. പനവല്ലി വഴി, കാളിന്ദിക്കരയിലൂടെ തിരുനെല്ലിക്ക്‌ പോകുന്ന ഇന്നത്തെ മനോഹരമായ റോഡുണ്ടല്ലോ.. മഴക്കാലമായാൽ മനുഷ്യർക്ക്‌ എത്തിപ്പെടാൻ കഴിയാത്ത വിധം ദുഷ്ക്കരമായിരുന്നു അന്നത്‌

അന്നോക്കെ യാത്ര എന്നാൽ ഒരിടത്ത്‌ കയറി മറ്റൊരിടത്ത്‌ ഇറങൽ എന്നല്ല, ചെളിയിൽ പുതയൽ, വഴിയിൽ നിന്ന് വഴുതിപ്പോകൽ, കയറ്റത്ത്‌ വലിമുട്ടൽ, കട്ട വെക്കൽ, തള്ളൽ, കെട്ടിവലിക്കൽ. എന്നിങ്ങനെ ഒരു പാക്കേജാണ്‌ പനവല്ലിയടക്കം പുഴകൾ കടക്കുന്നതും ജീപ്പിൽ തന്നെ.

നാട്ടിലെ കഥ ഇവ്വിധമാണെങ്കിൽ കാട്ടിലെ കഥകൾ പറയാനുണ്ടൊ..?

മുത്തങ്ങയിലും, തോൽപെട്ടിയിലും ടൂറിസ്റ്റുകളെ കൊണ്ട്‌ പോയിരുന്ന ആ സ്ഥിരവഴികളെക്കുറിച്ചല്ല കേട്ടോ..

ചികിത്സാർത്ഥമോ, ഓട്ടോപ്സിയുടെ ഭാഗമായോ ഒക്കേ ഉൾക്കാട്ടിലേക്ക്‌ നടത്തേണ്ടി വന്ന അതി ഗംഭീരൻ യാത്രകൾ, ജീപ്പ്‌ എന്ന യന്ത്രം അവന്റെ കരുത്ത്‌ കാണിച്ച്‌ തന്ന യാത്രകൾ. അതി മിടുക്കരായ ഡ്രൈവർമാർ അവരുടെ പ്രാഗത്ഭ്യം കാണിച്ചു തന്ന യാത്രകൾ..

കുഞ്ഞുമോൻ, പ്രേമൻ, ജോസേട്ടൻ, അയ്യപ്പൻ, വിനു അങ്ങിനെ എത്രപേർ..

ചന്ദനക്കടത്തുകാരെ മാനസാന്തരം വരുത്തി ഫോറസ്റ്റ്‌ ജോലിക്ക്‌ നിയമിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമായി വന്നതാണ്‌ ജോസേട്ടൻ എന്ന് ഞാൻ കേട്ടിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലേയും കാട്ടുവഴികൾ ഉള്ളം കൈയ്യിലെ വരകൾ പോലെ അറിയുന്നവൻ, ജോസേട്ടന്റെ മുന്നിൽ കാട്ടുവഴികൾ ഒരിക്കലും അവസാനിക്കില്ല എന്ന് എനിക്ക്‌ തോന്നിയിട്ടുണ്ട്‌.

എത്ര മരം വീണാലും, എത്ര നദി നിറഞ്ഞാലും ജോസേട്ടന്റെ കൈയ്യിൽ എപ്പോഴും ഒരു ‘പ്ലാൻ ബി’ ഉണ്ടായിരുന്നു. പഴയ തൊഴിൽ പഠിപ്പിച്ച ഒരു അതിജീവന അറിവ്.‌

(ഏറെ വർഷങ്ങൾക്ക്‌ ശേഷം ഞാൻ ജോസേട്ടനെ ഒരിക്കൽ കൂടി കണ്ടു.. തിരുനെല്ലി വഴിയിലെ പ്രസിദ്ധമായ ആ ഉണ്ണിയപ്പക്കടക്കു മുന്നിൽ ലോട്ടറി വിൽക്കുകയായിരുന്നു ആ മനുഷ്യൻ..പൊതുവേ നിശബ്ദനായിരുന്ന ആ മനുഷ്യൻ കുറച്ച്‌ അവശനായിരുന്നു അപ്പോൾ)

സ്വന്തമാക്കണമെന്ന് ഞാൻ ആഗ്രഹിക്കുകയും, ഒരു പക്ഷേ കൊതിക്കുക പോലുമോ ചെയ്ത ഒരു വാഹനം കറുത്ത നിറത്തിലുള്ള ഒരു എം എം ഫൈവ്‌ ഫോർട്ടി ആയിരുന്നു,

സുഹൃത്തും പ്ലാന്ററുമായ തിരുനെല്ലിയിലെ പരമേശ്വരേട്ടന്‌ അത്തരമൊന്ന് കൈവശമുണ്ടായിരുന്നു. അതിഭംഗിയായി പരിപാലിച്ചു പോന്ന ആ വണ്ടിയിൽ യാത്ര ചെയ്തപ്പോഴൊക്കെ ‘ഇതു പോലൊന്ന്’ എന്ന് ഞാൻ മനസിൽ കുറിച്ചു.

രണ്ടായിരത്തി അറുപത്‌ രൂപ അടിസ്ഥാന ശമ്പളത്തിൽ ജോലി ചെയ്യുന്ന എനിക്കത്‌ അന്ന് ഒരു നടക്കാത്ത സ്വപ്നമായിരുന്നു. ഒരു അംബാസഡർ കൈവശമുള്ള നിലക്ക്‌ പ്രത്യേകിച്ചും.

ബ്രഹ്മഗിരി എസ്റ്റേറ്റിലെ സുഹൄത്ത്‌ ചന്ദ്രേട്ടന്‌ മൈസൂർ രജിസ്റ്റ്രേഷനിലുള്ള ഒരു വില്ലീസ്‌ ജീപ്പ്‌ ഉണ്ടായിരുന്നു. ഇടക്കൊക്കെ ഞാനത്‌ ഓടിച്ചിട്ടുണ്ട്‌.

കുരുമുളകിന്‌ വിലയുള്ള പുൽപ്പള്ളിയുടെ പ്രതാപ കാലത്ത്‌ മിക്കവീടുകളിലും ഒന്നിലധികം ജീപ്പുകൾ ഉണ്ടായിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്‌. ഞാൻ പുൽപ്പള്ളിയിലെത്തുമ്പോഴെക്കും പക്ഷേ ആ പ്രതാപ കാലം അവസാനിച്ചിരുന്നു. പക്ഷേ ഭൂരിപക്ഷം വീടുകളിലും അന്ന് ജീപ്പുകൾ ഉണ്ടായിരുന്നു എന്ന് ഓർക്കുന്നു.

ജീപ്പോർമ്മകൾ ഉള്ള ധാരാളം സുഹൃത്തുക്കളുണ്ടായിരിക്കും ഇത്‌ വായിക്കുന്നവരിൽ എന്നറിയാം. അതൊക്കെ ഒന്നിനൊന്ന് വിഭിന്നമായിരിക്കും എന്നും. വഴിയോരങ്ങളിലെ ടാക്സി സ്റ്റാന്റുകളിൽ ഇപ്പോൾ പഴയ പോലെ ജീപ്പുകളുടെ നിരയില്ല എന്നത്‌ സത്യമാണ്‌..

ഇന്നലെ കാട്ടിക്കുളം വഴി പോയിരുന്നു. പഴയതിനേക്കാൾ എത്രയോ നേർത്തിരിക്കുന്നു അത്‌. ബത്തേരിയിൽ മത്തായീസ്‌ ഹോട്ടലിന്‌ മുന്നിലും കാണാം ആ ശോഷിപ്പ്‌. ഒരു കാലത്ത്‌ വയനാടൻ നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്ന ആ വാഹനത്തെക്കുറിച്ച്‌ ഒന്ന് ഓർത്തു പോയതാണ്‌.

കുറിപ്പെഴുതാനുള്ള വകയൊന്നും അതിലില്ല എന്നറിയാം, എന്നാലും അറിയാതെ കുറിച്ചു പോകുന്നു..

ജീവിത വഴിയിൽ ദുഷ്ക്കരങ്ങൾ വന്നു ചേരുമ്പോൾ, തെല്ലൊന്ന് നിർത്തി, ആ കുട്ടിലിവർ താഴ്ത്തി ആക്സിലേറ്റർ പതുക്കെ കൊടുത്ത്‌ കൂസലില്ലാതെ കയറിപ്പോകുന്ന ആഢംഭരങ്ങളില്ലാത്ത ആ വാഹനത്തേപ്പോലെയായിരുന്നെങ്കിൽ ഓരോരുത്തരുടേയും ജീവിതവും എന്ന് ഞാൻ വെറുതേ മോഹിക്കുകയും ചെയ്യുന്നു.

Satheesh Kumar

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x