സാമ്പത്തികതാളം തെറ്റി ഗ്രാമീണ കേരളം
കൊച്ചി: കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും വ്യാപാരസ്ഥാപനങ്ങളും ചെറുകിട വ്യവസായങ്ങളും അടച്ചു പൂട്ടിലിലേക്ക് നീങ്ങുന്നത് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ പാടെ തകര്‍ക്കുന്നു. കേരളത്തിലെ ഗ്രാമീണ മേഖലയില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 88 ശതമാനം കുടുംബങ്ങളും കടക്കെണിയിലാണെന്ന് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റ് സ്റ്റഡീസ് നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ചെറുതും വലുതുമായ ഒട്ടനവധി വായ്പകളുടെ പിടിയിലാണ് ഗ്രാമീണ മേഖലയിലെ ഓരോ കുടുംബവും. വായ്പകളുടെ തിരിച്ചടവിന് ശേഷം വീട്ടുചെലവിന് പണമില്ലാതെ നട്ടം തിരിയുന്ന അവസ്ഥയിലായിരുന്നു പലരും. അതിനിടെയാണ് ജോലി പോലും ഇല്ലാതാകുന്ന അവസ്ഥ.
പലരും ലോട്ടറി കച്ചവടം, ക്ലീനിങ് ജോലികള്‍ തുടങ്ങിയവയിലേര്പ്പെട്ടാണ് കുടുംബം പുലര്‍ത്തുന്നത്. പുരുഷന്മാരാകട്ടെ ഓട്ടൊറിക്ഷ ഓടിച്ചും കയറ്റിറക്ക് ജോലികളില്‍ ഏര്‍പ്പെട്ടും വരുമാനം കണ്ടെത്തുന്നു. ഇതൊക്കെ ഇപ്പോള്‍ നിലച്ചു. ഗ്രാമീണ മേഖലയിലെ കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങളും കൃഷി പണികളും നിര്‍ത്തിവെച്ചതോടെ കുടുംബങ്ങളുടെ വരുമാനമാര്‍ഗം അടഞ്ഞു. നാട്ടിന് പുറത്തെ കടകളില്‍ പോലും കച്ചവടമില്ല. കുറഞ്ഞത് ഒരുമാസം കൂടി ഈ സ്ഥിതി തുടരാനാണ് സാധ്യത.
പല മൈക്രോഫിനാന്‍സ് കമ്പനികളും ഗ്രാമീണ മേഖലയില്‍ സജീവമാണ്. ഇത്തരത്തിലുള്ള അഞ്ചിടങ്ങളില്‍ നിന്നുവരെ കടമെടുത്തവരുണ്ട്. സ്ത്രീകളുടെ സ്വാശ്രയ സംഘങ്ങള്‍ രൂപീകരിച്ച് അവരെ ശാക്തീകരിക്കുകയാണ് സംഘടിതമായ മൈക്രോഫിനാന്‍സ് കമ്പനികളുടെ ലക്ഷ്യമെങ്കിലും മറ്റ് ചില കമ്പനികള്‍ ബ്ലേഡ് പലിശയ്ക്ക് കടം കൊടുക്കുന്നവയാണ്. ഇവരില്‍ നിന്ന് വീട് നിര്‍മാണം, നവീകരണം, ആശുപത്രി ചെലവുകള്‍, മറ്റു കടങ്ങള്‍ വീട്ടാന്‍ തുടങ്ങിയവയ്ക്കായാണ് ഭൂരിഭാഗം പേരും വായ്പ എടുത്തിരിക്കുന്നത്.
സ്ത്രീകളാണ് ഭൂരിഭാഗം വായ്പകളെടുത്തിരിക്കുന്നതെങ്കിലും അത് വിനിയോഗിക്കുന്നതില്‍ അവര്‍ക്ക് പങ്ക് വളരെ കുറവാണ്. ഇതിന്റെ തിരിച്ചടവ് ആഴ്ച്ചതോറുമാണ് ഇത് അടുത്ത ആഴ്ച്ച മുതല്‍ മുടങ്ങുന്ന സ്ഥിതിയാണ്, ഇത് എങ്ങനെ മറികടക്കും എന്ന കാര്യത്തില്‍ ഇവര്‍ക്ക് തീര്‍ച്ചയില്ല. ആഴ്ചകള്‍ കൊണ്ട് ഈ കൊറോണ ബാധ കൊണ്ടുള്ള സ്തംഭനം മാറിയില്ലെങ്കില്‍ കേരളത്തിലെ ഗ്രാമീണ മേഖലയിലെ 90 ശതമാനം കുടുംബങ്ങളിലും സാമ്പത്തിക നില അതീവ ഗുരുതരാവസ്ഥയിലാകും.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS