Art & Literature

വീഡിയോകളിലും കവർ സോംഗിലും തിരസ്കരിക്കപ്പെടുന്ന ഗാനരചയിതാക്കൾ

പ്രതികരണം/ഷബീർ രാരങ്ങോത്ത്

രചന/ മലയാളം മുവീ ലിറിസിസ്റ്റ് കമ്യൂണിറ്റിക്കു വേണ്ടി റഫീഖ് അഹമ്മദ് എഴുതിയ കുറിപ്പ് വായിച്ചിരുന്നു. നേരത്തെ തന്നെ സമാനമായ ആശയമുന്നയിച്ചു കൊണ്ട് ഞാൻ ഒരു കുറിപ്പെഴുതിയിരുന്നത് ഇപ്പോൾ ഓർക്കുന്നു.

റഫീഖ് അഹമ്മദിന്റെ കുറിപ്പ് കവർ സോംഗ് ഒരുക്കുന്ന ആളുകളെ ഉന്നം വെച്ചുള്ളതാണ്‌. തീർച്ചയായും കവർ സോംഗ് തയ്യാറാക്കുന്നവർ ആ ക്രെഡിറ്റ് നല്കുക എന്നത് നിർബന്ധമായും ചെയ്യേണ്ടതാണെന്നതിൽ തർക്കമില്ല.

കവർ സോംഗുകാരെ തല്ക്കാലം മാറ്റി വെക്കാം. എന്താണ്‌ മറ്റു സംഗീത മേഖലകളുടെ സ്ഥിതി?

ഒരു ഗാനത്തിന്റെ ആത്മാവു തന്നെ കുടിയിരിക്കുന്നത് അതിന്റെ വരികളിലാണ്‌ എന്നിരിക്കെ പോലും മലയാള സിനിമാ ഗാനങ്ങളടക്കം പ്രത്യേകമായി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോൾ എന്തു കൊണ്ടാണ്‌ രചയിതാവ് ഓർക്കപ്പെടാതെ പോകുന്നത്?

എനിക്കേറെയിഷ്ടപ്പെട്ട രണ്ടു പാട്ടുകൾ, സുജേഷ് ഹരി രചിച്ച് കിശ്വജിത്ത് ഈണമിട്ട് സിതാര കൃഷ്ണകുമാർ പാടിയ പുലരിപ്പൂ പോലെ ചിരിച്ചും എന്ന ഗാനവും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നിധീഷ് നാടേരി രചിച്ച് ബിജിബാൽ ഈണമിട്ട് ഷഹ്ബാസ് അമൻ പാടിയ ആകാശമായവളെ എന്ന ഗാനവും ഉദാഹരണമായെടുക്കാം.

അവയുടെ ലിറികൽ വീഡിയോ ഞാനൊന്നെടുത്തു നോക്കി. ആകാശമായവളേയുടെ ടൈറ്റിലിൽ സംവിധായകനും സംഗീത സംവിധായകനും ഗായകനും പുറമെ പ്രധാന അഭിനേതാക്കളായ ജയസൂര്യയ്ക്കും സംയുക്താ മേനോനും വരെ ഇടമുണ്ട്. ലിറിക്കൽ വീഡിയോയുടെ ടൈറ്റിലിൽ പോലും ജനയിതാക്കളിലൊരാളായ രചയിതാവിന്റെ പേര്‌ കൊടുത്തിട്ടില്ല.

പുലരിപ്പൂ പോലെ ചിരിച്ചും എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയുടെ ടൈറ്റിലിന്റെ അവസ്ഥയും മറ്റൊന്നല്ല.

എന്തുകൊണ്ടാണ്‌ ഒരു ഗാനത്തിന്റെ പ്രധാന ജനയിതാക്കളിലൊരാളായ രചയിതാവിനെ മാത്രം ഇങ്ങനെ മറന്നു പോകുന്നത് എന്ന കാര്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

ഗസലുകൾക്ക് പിന്നാലെ സഞ്ചരിക്കുന്ന ഒരാളാണ്‌ ഞാൻ. ഗസലിന്റെ സംഗീത രൂപത്തിലുള്ള അവതരണത്തിലും ഇതേ സംഗതി കാണാനൊക്കും. ഗസൽ ഒരിക്കലും സംഗീതജ്ഞന്റേതല്ല. അത് പൂർണമായും രചനയുമായി ബന്ധപ്പെട്ടതാണ്‌.

സംഗീതമില്ലാതെയും അതിന്‌ നിലനില്പുണ്ട് എന്നിരിക്കെ പോലും ഹരിഹരനെ പോലുള്ള ആളുകൾ മിക്കപ്പോഴും രചയിതാക്കളെ മറന്നു പോകുന്നത് ശ്രദ്ധയിൽ വന്നിട്ടുണ്ട്.

രചയിതാക്കളെ താഴേ തട്ടിലായി പരിഗണിക്കുന്ന സ്ഥിതി എല്ലാ മേഖലകളിലും കാണാം എന്നർഥം. പ്രതികരണങ്ങൾ എല്ലാ മേഖലയിലേക്കും വ്യാപിക്കുക തന്നെ വേണം.

എഴുത്തുകാരന്റെ അവകാശങ്ങൾക്കൊപ്പം തന്നെ കേൾവിക്കാരന്‌ എഴുത്തുകാരൻ ആരാണെന്നറിയാനുള്ള അവകാശം കൂടിയുണ്ട്. അത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

പോരാട്ടം ശക്തമാവട്ടെ, അനീതി മായ്ക്കപ്പെട്ട് നീതി പുലരട്ടെ. അതിന്‌ ഓരോ ചെറു ശബ്ദങ്ങളും കാരണമാകട്ടെ.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x