രോഗലക്ഷണമില്ലാത്ത വൈറസ് ബാധിതരിൽ നിന്ന് പകരില്ല; ഡബ്ല്യുഎച്ച്ഒ

ജനീവ: ആഗോളതലത്തിൽ കോവിഡ് മഹാമാരി സാഹചര്യം രൂക്ഷമാവുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). അമിത ആത്മവിശ്വാസത്തിനെതിരെയും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പു നൽകി. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗികളുടെ തോത് രേഖപ്പെടുത്തിയത് അമേരിക്കയിലാണെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
അതേസമയം, പല രാജ്യങ്ങളിലും പ്രകടമായ രോഗലക്ഷണങ്ങളില്ലാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകർന്നതായി കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ പകർച്ചാവ്യാധി വിദഗ്ധൻ വാൻ കോർകോവ് പറഞ്ഞു. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് അപൂർവമായി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പിലെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെങ്കിലും ആഗോള അടിസ്ഥാനത്തിൽ നോക്കുമ്പോൾ സാഹചര്യം മോശമാവുകയാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഘെബ്രെയെസുസ് ജനീവയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“കഴിഞ്ഞ 10 ദിവസത്തിൽ ഒൻപതിലും ഒരു ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച മാത്രം 1.36 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ദിവസം ഇത്രയും ഉയർന്ന തോതിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആദ്യമാണ്. ഞായറാഴ്ചത്തെ രോഗികളിൽ 75 ശതമാനവും 10 രാജ്യങ്ങളിൽനിന്നുള്ളവരാണ്. കൂടുതൽപ്പേരും അമേരിക്ക, തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരും.
അമിത ആത്മവിശ്വാസമാണ് ഏറ്റവും വലിയ ഭീഷണി. ആഗോളതലത്തിൽ പലരും പകർച്ചവ്യാധി ഭീഷണിയിലാണ്. ആറുമാസത്തിലധികമായി മഹാമാരി നമ്മുടെ ഇടയിൽ വന്നിട്ട്. ഇപ്പോൾ ഈ പോരാട്ടത്തിൽനിന്ന് ഒരു രാജ്യത്തിനും പിന്നോട്ടു പോകാനാകില്ല.” – അദ്ദേഹം കൂട്ടിച്ചേർത്തു.