വൈറസ് ബാധ ഭേദമായവരില്‍ രോഗം വീണ്ടും വരില്ല എന്നതിന് തെളിവില്ലെന്ന് WHO
ജെനീവ: കൊറോണ വൈറസ് ബാധിച്ച് രോഗം ഭേദമായവർക്ക് വൈറസ് ബാധ വീണ്ടുമുണ്ടാകുന്നത് തടയാൻ ശരീരം പ്രതിരോധശേഷി നേടുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന. നിരവധി രാജ്യങ്ങൾ രോഗം ഭേദമായവരിൽ നിന്നുള്ള ആന്റിബോഡി വേർതിരിച്ച് ചികിത്സക്കായി ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു, ഈ സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ സീനിയർ എപ്പിഡെമോളജിസ്റ്റുകൾ പറയുന്നത് രോഗം ഒരിക്കൽ വന്നവർക്ക് അത് വീണ്ടും വരില്ല എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ്.
രോഗത്തിനെതിരെ ശരീരം സ്വാഭാവിക പ്രതിരോധം ആർജിക്കുന്നുണ്ടോയെന്നറിയാനായി സെറോളജി പരിശോധനകൾ നടത്താനാണ് വിവിധ രാജ്യങ്ങൾ ശ്രമിക്കുന്നത്. ശരീരം വൈറസിനെതിരെ ഉത്‌പാദിപ്പിക്കുന്ന ആന്റിബോഡിയുടെ അളവ് അറിയുന്നതിന് വേണ്ടിയാണ് പരിശോധന.
എന്നാൽ ഈ പരിശോധനകളിൽ കൂടി വ്യക്തികൾ രോഗത്തിനെതിരെ പ്രതിരോധം നേടിയെന്നോ രോഗം അവരിൽ വീണ്ടും ബാധിക്കാതിരിക്കുമോയെന്നും കണ്ടെത്താനാകില്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ എപിഡമോളജിസ്റ്റായ ഡോ. മരിയ വാൻ കെർഖോവ് പറയുന്നത്.
പ്രതിരോധ ശേഷിയുടെ അളവുകോലായി കരുതുന്ന കാര്യങ്ങൾ മനസിലാക്കുന്നതിനായി സെറോളജി ടെസ്റ്റുകൾ നിർദ്ദേശിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. ഇതിലൂടെ രക്തത്തിലെ ആന്റിബോഡികളുടെ അളവ് കണക്കുകൂട്ടാൻ സാധിക്കും. എന്നാൽ ആന്റിബോഡികൾ ഉണ്ട് എന്നതിനർഥം ആ വ്യക്തി രോഗത്തിനെതിരെ പ്രതിരോധശേഷി ആർജിച്ചുവെന്ന് അർഥമില്ലെന്നും അവർ വ്യക്തമാക്കുന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS