
63 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; മരണസംഖ്യ 98,678
ന്യൂഡൽഹി: രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് കേസുകൾ 63.12 ലക്ഷം കടന്നു. മരണസംഖ്യ 98,678ഉം ആയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നു രാവിലെ എട്ടിനു പുതുക്കിയ കണക്കനുസരിച്ച് അവസാന 24 മണിക്കൂറിൽ രാജ്യത്തു സ്ഥിരീകരിച്ചത് 86,821 പുതിയ കേസുകളാണ്. 1,181 പേർ കൂടി മരിച്ചു. 52.73 ലക്ഷത്തിലേറെ പേരാണ് രോഗമുക്തരായത്. ആക്റ്റിവ് കേസുകൾ 9.40 ലക്ഷത്തിലേറെയാണ്.
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് വ്യാപിക്കുന്ന രാജ്യമായി തുടരുകയാണ് ഇപ്പോൾ ഇന്ത്യ. വരുന്ന ശൈത്യകാലത്ത് രോഗബാധ വർധിക്കുമെന്ന മുന്നറിയിപ്പും ആരോഗ്യ വിദഗ്ധർ നൽകുന്നുണ്ട്. രോഗമുക്തരുടെ എണ്ണം വർധിക്കുന്നതിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശ്വാസം കണ്ടെത്തുന്നത്. മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലാണ് ഇന്ത്യയുടെ സ്ഥാനം എന്നതും ആശ്വാസം. അൺ ലോക് അഞ്ചാം ഘട്ടത്തിനു തുടക്കമായതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളും രാജ്യത്തു പ്രാബല്യത്തിലാവുകയാണ്. ഇത് ആരോഗ്യ മേഖലയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം 83.53 ശതമാനമാണ് ഇപ്പോൾ ഇന്ത്യയിലെ റിക്കവറി നിരക്ക്. മരണനിരക്ക് 1.56 ശതമാനം. മൊത്തം കേസുകളുടെ 14.90 ശതമാനം പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബുധനാഴ്ച 14.23 ലക്ഷത്തിലേറെ സാംപിളുകളാണ് രാജ്യത്തു പരിശോധിച്ചത്. കഴിഞ്ഞ ദിവസം 10.86 ലക്ഷം സാംപിളുകൾ പരിശോധിച്ചപ്പോൾ 80,472 പുതിയ കേസുകളാണു കണ്ടെത്തിയത്. പരിശോധന വീണ്ടും കൂട്ടിയപ്പോൾ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും എൺപത്തയ്യായിരം കടന്നു.
മഹാരാഷ്ട്രയിലെ മൊത്തം കേസുകൾ 13.84 ലക്ഷത്തിലെത്തിയിട്ടുണ്ട്. 36,662 പേർ ഇതുവരെ സംസ്ഥാനത്തു മരിച്ചു. ആന്ധ്രപ്രദേശിൽ 6.93 ലക്ഷത്തിലേറെയാണ് രോഗബാധിതർ. 5,828 പേർ മരിച്ചു. കർണാടകയിലെ മൊത്തം കേസുകൾ ആറു ലക്ഷം പിന്നിട്ടു. 8,856 മരണമാണ് അവിടെ. 5.97 ലക്ഷത്തിലാണ് തമിഴകത്തെ മൊത്തം കേസുകൾ എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മരണസംഖ്യ 9,520ൽ എത്തിയിട്ടുണ്ട്. ഉത്തർപ്രദേശിൽ 3.99 ലക്ഷമായി കൊവിഡ് ബാധിതർ. 5784 പേരാണ് ഇതുവരെ സംസ്ഥാനത്തു മരിച്ചത്
Content Highlights: Covid-19 India update