ഇനി പന്തിൽ തുപ്പേണ്ട
സിഡ്നി: കൊവിഡ് ആശങ്ക ഉയർത്തിയതോടെ ലോക ക്രിക്കറ്റിലെ സജീവ ചർച്ചാവിഷയമാണ് പന്തിൽ തുപ്പലും വിയർപ്പും പുരട്ടുന്നത്. ഇനി അതു വേണ്ട എന്നു പറയുന്നവർ ഒരുവശത്തുണ്ട്. പന്തിനു തിളക്കം കൂട്ടാൻ ചെയ്തു വരുന്നതൊക്കെ തുടരാമെന്നു പറയുന്ന പ്രഗത്ഭരായ മുൻ താരങ്ങളുമുണ്ട്. ഡ്രെസിങ് റൂമിൽ ഒന്നിക്കുന്നതു പോലെയുള്ള റിസ്കേ ഇതിലുമുള്ളൂ എന്നാണു പ്രശസ്തരായ മുൻ താരങ്ങൾ പലരും പറയുന്നത്.
നൂറു കണക്കിനു വർഷമായി താരങ്ങൾ ചെയ്തു പോരുന്നതാണിത്. അതു വിലക്കേണ്ട കാര്യമില്ല- ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കഴിഞ്ഞദിവസം പറഞ്ഞു. കൊവിഡ് പടരാനുള്ള ഏക മാർഗമൊന്നുമല്ലല്ലോ തുപ്പൽ എന്നാണ് വാർണറുടെ പക്ഷം. തുപ്പൽ പുരട്ടുന്നത് പന്ത് സ്വിങ് ചെയ്യിക്കാൻ ബൗളർമാരെ സഹായിക്കും. ക്രിക്കറ്റിന്‍റെ ഭാഗമാണ് ഈ സ്വിങ്.
അതു തുടരണമെന്നാണു താരങ്ങളേറെയും പറയുക. എന്നാൽ, മെഡിക്കൽ വിദ്ഗധരുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഇതു വിലക്കുന്നതു പരിഗണിക്കാനിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പകരം കൃത്രിമമായ മറ്റെന്തെങ്കിലും പോളിഷ് ഉപയോഗിക്കാൻ അനുവദിക്കുമെന്നും കേൾക്കുന്നു.
ചർച്ചകൾ ഇങ്ങനെ ചൂടുപിടിക്കുമ്പോൾ തന്നെ പന്തിൽ തുപ്പലും വിയർപ്പും പുരട്ടുന്നതു വിലക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. കൊവിഡിനു ശേഷം ക്രിക്കറ്റ് പരിശീലനം പുനരാരംഭിക്കുമ്പോൾ തുപ്പലും വിയർപ്പും പന്തിൽ വേണ്ടെന്ന് ഫെഡറൽ സർക്കാർ ഉത്തരവിറക്കി.
മഹാമാരിക്കു ശേഷം സ്പോർട്സിന്‍റെ തിരിച്ചുവരവിനുള്ള മാർഗനിർദേശങ്ങളിലാണ് ഇതും വ്യക്തമാക്കിയിരിക്കുന്നത്. മെഡിക്കൽ വിദഗ്ധരും സ്പോർട്സ് സംഘടകളുമെല്ലാമായി ഓസ്ട്രേലിയൻ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ചർച്ചകൾ നടത്തിയ ശേഷമാണ് കൊവിഡ് പകരാൻ വഴിയൊരുക്കുന്ന തുപ്പൽ വേണ്ടെന്നു തീരുമാനിച്ചത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS