Political

ലീഗും ‘ഹരിത’യും; പുതിയ കാലത്തെ വായിക്കാൻ മറന്ന രാഷ്ട്രീയ ആണിടങ്ങൾ

ഹരിതയുടെ ഭാരവാഹികൾ പറയുന്നതിലെ രാഷ്ട്രീയം കേരളത്തിലെ എത്ര സംഘടനകൾക്ക് മനസ്സിലാവും ?.

സംശയമാണ്.

ആത്മാഭിമാനത്തെയും ജീവിതത്തെയും മുറിപ്പെടുത്തുന്ന ഹിംസക്ക് നേരെയുള്ള അന്തസുള്ളവരുടെ കലാപമാണത്.

2021ലും അത് മനസ്സിലാവാത്ത പരകോടി മനുഷ്യരുണ്ടിവിടെയെന്നതാണ് ദുരന്തം.‌

ഒരു കാര്യം പക്ഷേ വ്യക്തമാണ്. ഇതവർ അവർക്ക്‌ വേണ്ടി മാത്രം നടത്തുന്ന പോരാട്ടമല്ല.

സ്ത്രീകളോടുള്ള പ്രാകൃത ഹിംസകൾ ആഭ്യന്തര പ്രശ്നമായി ലഘൂകരിക്കുന്ന പതിവുകളെ ഹരിതയിവിടെ മാറ്റിയെഴുതിപ്പിച്ചു. ഈ പെൺകുട്ടികളുടെ ധീരത ഇനിയുള്ള കാലത്തെ ജ്വലിപ്പിക്കും.

ഈ വിഷയത്തിലെ പഴയ തലമുറയുടെ അജ്ഞതയും ബോധമില്ലായ്മയും പുതിയ തലമുറ അതിലുമാവേശത്തിൽ ലെഗസിയായി ഏറ്റെടുത്ത് കിരീടമായി അണിഞ്ഞിരിക്കുന്നതാണ് കഷ്ടം !.

പ്രാകൃതമാണതെന്ന് അവരോടാരെങ്കിലും പറഞ്ഞു കൊടുക്കണം. മാതൃസംഘടനക്ക് വാഴ്തുപാട്ട്‌ പാടി അജ്ഞതയും സ്ത്രീവിരുദ്ധതയും പുലമ്പുന്ന വിദ്യാർത്ഥി നേതാവ് ആധുനിക മനുഷ്യർക്ക് അപമാനമാണ്.

സമുദായത്തിലെ വിദ്യാർത്ഥി സംഘടനാ നേതാക്കൾ ഹരിതക്കൊപ്പം നിൽക്കണം. അതുറക്കെ പറയണം.

അസംബ്ലി തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം മാത്രമാണ് തോൽവിയുടെ ആഘാതം പഠിക്കാൻ മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയും എം.എൽ.എമാരുടെയും യോഗം വിളിച്ച് പത്തംഗ കമ്മിറ്റിയെ തീരുമാനിക്കുന്നത്. ഇതുവരെ സംസ്ഥാന പ്രവർത്തക സമിതി പോലും കൂടിയിട്ടില്ല.

ഇതിനിടെ നേതാക്കൾ പ്രതിസ്ഥാനത്ത് വന്ന, പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ഒട്ടേറെ വിവാദങ്ങളും പ്രശ്നങ്ങളും കടന്നുപോയി. പാർട്ടി എങ്ങിനെയാണ് അതെല്ലാം കൈകാര്യം ചെയ്തത്? മീറ്റിംഗ് ചേരുകയോ ഒന്നിനും വ്യക്തമായ തീരുമാനങ്ങൾ കൈകൊള്ളുകയോ ചെയ്തില്ല. അഴകൊഴമ്പൻ നടപടി സ്വീകരിച്ച് എല്ലാം അയലിലിട്ട് വൈകി ചീഞ്ഞു നാറാൻ കാത്തുനിന്നു.

ഹരിത സംസ്ഥാന കമ്മിറ്റി ഇങ്ങിനെയൊരു പരാതി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് നൽകുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഒരു മാസത്തോളം തൊടാതെ അടച്ചുവെച്ചു. msf ദേശീയ കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ട് 40 ദിവസമായി.

കത്ത് മാധ്യമങ്ങളിൽ വന്നു വിവാദമായപ്പോൾ മാത്രം ചർച്ച നടത്താൻ തീരുമാനിച്ചു. വീണ്ടും പത്ത് ദിവസം കഴിഞ്ഞ് അടുത്ത മീറ്റിംഗ്. അതുകഴിഞ്ഞ ശേഷം “നടക്കാൻ പോണില്ല, ക്ഷമിച്ചേക്കൂ” എന്നൊക്കെ മുതിർന്ന രണ്ടു നേതാക്കൾ ഭീഷണി സൂചന നൽകുന്നു.

പരാതിക്കാർക്ക് അനുകൂലമോ പ്രതികൂലമോ ആയുള്ള തീരുമാനം എടുത്ത് വിഷയം അവസാനിപ്പിക്കുന്നതിന് പകരം കുറെ ദിവസം അടക്കിപ്പിടിച്ചാൽ അലിഞ്ഞില്ലാതാവുമെന്ന പതിവ് വിശ്വാസത്തിൽ വീണ്ടും അയലിലിടുന്നു. ഒടുക്കമവർ വനിതാ കമ്മീഷനെ സമീപിക്കുന്നു.

വീണ്ടും വിവാദമായപ്പോൾ പാർട്ടി മീറ്റിംഗ് വിളിക്കുന്നു. പരാതിക്കാർക്ക് നേരെ നടപടിയെടുക്കുന്നു. മറ്റുള്ളവരോട് വിശദീകരണം തേടുന്നു. ഒന്നുകിൽ രണ്ടു കൂട്ടർക്കു നേരെയും നടപടി, അല്ലെങ്കിൽ രണ്ടു കൂട്ടരോടും വിശദീകരണം തേടി പിന്നീട് നടപടി, ഇതാണ് വേണ്ടിയിരുന്നത്.

ഒരു പ്രശ്നം വിവാദമായാൽ മാത്രം ചർച്ചക്ക് എടുക്കുക എന്ന നയം പാർട്ടി മാറ്റണം. നീതി കിട്ടാൻ മറ്റു ജുഡീഷ്യൽ ബോഡികൾ, മാധ്യമങ്ങൾ ഇവരെ സമീപിക്കാൻ പരാതിക്കാരെ പ്രേരിപ്പിക്കാൻ മാത്രമേ ഇത് ഉതകൂ.

ഈ പെൺകുട്ടികൾ വനിതാ കമ്മീഷനിൽ പോയത് തെറ്റാണ് എന്നാണ് എല്ലാവരും പറയുന്നത്. സംഘടനയുടെ ഭാഗത്ത് നിന്നു നോക്കുമ്പോൾ ഈ വാദം ശരിയാണ്. അവർ പോകാൻ പാടില്ലായിരുന്നു. പക്ഷേ, ഇത്രേം അവഗണന നേരിട്ട അവർ പിന്നെ എന്തുചെയ്യണമെന്ന് കൂടി ഉപദേശിക്കാനുള്ള ബാധ്യത നമുക്കുണ്ട്. അവർ പരാതി നൽകിയതും പാർട്ടിയുടെ മെല്ലെപ്പോക്കും നമ്മൾ കണ്ടതാണ്.

അന്ന് നമ്മളാരും ഈ മെല്ലെപ്പോക്ക് ചോദ്യം ചെയ്തില്ല. അവർ കമ്മീഷനെ സമീപിച്ചതിൽ ഭാഗികമായി ഈ നിശബ്ദർക്കും പങ്കുണ്ട് എന്നർത്ഥം.

കമ്മീഷനെ സമീപിച്ചത് തെറ്റാണെന്ന പോലെ പാർട്ടി അവർക്ക് നീതി നിഷേധിച്ചതും തെറ്റാണ്. അവരുടെ ആരോപണം തെറ്റാണെന്ന് ആരും പറയുന്നില്ലെന്നു മാത്രമല്ല, ആരോപിതർ തന്നെ അത് സമ്മതിക്കുകയും ചെയ്തു. പോരാതെ, യൂത്ത് ലീഗ് സംസ്ഥാന നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും ഫെയ്സ്ബുക്കിൽ പരസ്യ പ്രസ്താവനകൾ നടത്തിയും വാട്സ്ആപ് ഗ്രൂപ്പുകളിൽ അവഹേളിച്ചും രംഗം കൊഴുപ്പിക്കുന്നു.

എന്ത് വന്നാലും പാർട്ടി നിലപാടിനൊപ്പം എന്നെഴുതുന്ന, ചിന്തിക്കുന്ന, വിചാരിക്കുന്ന സാധുക്കളും നിഷ്കളങ്കരുമായ ലീഗിൻ്റെ സാധാരണ അണികളാണ് ഈ മഹാ പ്രസ്ഥാനത്തിൻ്റെ ആകെ സമ്പത്ത്. അവരെയാണ് ഈ കറക്കുകമ്പനികൾ ചൂഷണത്തിന് ഇരയാക്കുന്നതും.

ഹബീബ് റഹ്മാൻ്റെ നിറമുള്ള ഒരു ഫോട്ടോ പോലും ലഭ്യമല്ല. എന്നിട്ടും ഒട്ടേറെ നിറത്തിൽ അദ്ദേഹം ഇന്നും എംഎസ്എഫുകാരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് ഇടക്കിടെ തോന്നാറുണ്ട്.!

ഉച്ചക്ക് 12 മണിക്ക് പത്രക്കാരെ കാണുമെന്നു ഫാത്തിമ ഒരു പോസ്റ്റ്‌ ഇട്ടതെ ഉള്ളൂ, എന്താണ് അവർ പത്ര സമ്മേളനത്തിൽ പറയുന്നത് പാർട്ടി വിമർശനം മാത്രമാണോ അല്ല എന്തെങ്കിലും വസ്തുതകളോ ദുരനുഭവങ്ങളോ ആണെന്നൊക്കെ അറിയാൻ പത്ര സമ്മേളനം വരെ കാത്തിരുന്നു പറയുന്ന കാര്യങ്ങൾ കേട്ട ശേഷം ആവാമായിരുന്നു അവർക്ക് നേരെയുള്ള ചന്ദ്ര ഹാസമിളക്കൽ. പകരം അവരുടെ പോസ്റ്റിൽ ഇന്നലെ മുതൽ പൊങ്കാലയാണ്, പലതും സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെയുള്ള രൂക്ഷമായ ഭാഷയിൽ.

കഴിഞ്ഞ വർഷം അവർ പിണറായി വിജയന്റെ ഒരു സ്റ്റേറ്റ്മെന്റ്നെതിരെ പോസ്റ്റിട്ടപ്പോൾ സിപിഎം സൈബർ ഗുണ്ടകൾ അവരെ മ്ലേച്ഛമായ ഭാഷയിൽ സൈബർ ബുള്ളിങ് നടത്തി, അന്ന് സിപിഎം ന്റെ സ്ത്രീ വിരുദ്ധ സൈബർ ഗുണ്ടായിസത്തെ വിമർശിച്ച ലീഗ് സൈബർ പ്രവർത്തകർ തന്നെ സിപിഎം ന്റെ അതെ പാത സ്വീകരിച്ചാൽ ഇത്തരം സൈബർ അണികളുടെ ശൈലി സമൂഹത്തിനു നൽകുന്ന സന്ദേശം എന്താണ്?

നിലവിലെ MSF പ്രസിഡന്റിന്റെ പോസ്റ്റിലെ ഒരു പ്രയോഗം കണ്ടത് ശിഖണ്ടികളെ മുന്നിൽ നിർത്തി ഇവർ കളിക്കുന്നു എന്നാണ്. ഒരു നേതാവിന് ഒരിക്കലും ഭൂഷണമല്ലാത്ത ശൈലി, അതിൽ നിന്ന് തന്നെ ഇയാളെ കുറിച്ചുള്ള ഹരിത പെൺകുട്ടികളുടെ പരാതിയിൽ ചിലതെങ്കിലും കഴമ്പുള്ളതാണ് എന്ന് അനുമാനിക്കാം.

MSF ന്റെ ഒരു ഭാരവാഹി രാജിവെക്കുന്നു, ഹരിത പ്രവർത്തകരായ ചിലരുടെ രക്ഷിതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെക്കുന്നു, എന്താണ് ഇതിൽ നിന്നൊക്കെ നാം മനസ്സിലാക്കേണ്ടത്?നിലവിലെ പാർട്ടി നേതൃത്വം നൂറ് പേരെ പാർട്ടിയിൽ നിന്ന് അകറ്റുമെന്നല്ലാതെ പത്തു പേരെയെങ്കിലും പാർട്ടിയുമായി അടുപ്പിക്കില്ല എന്നതാണ് അസുഖകരമായ സത്യം.

ഏതു പ്രതിസന്ധി വരുമ്പോഴും പ്രശ്നങ്ങൾ ഉന്നയിക്കുന്നവരെ ഇരുത്താനും ഖായിദെ മില്ലത്, ബാഫഖി തങ്ങൾ,സീതി സാഹിബ്‌, CH നെ പോലത്തെ മഹാരഥന്മാരായ പൂർവീക നേതാക്കളുടെ ത്യാഗവും ഔന്നത്യവും പറഞ്ഞു ഊറ്റം കൊണ്ടാൽ പോരാ, അവരുടെ നിഴലെങ്കിലും ആവാൻ നിലവിലെ നേതാക്കളും അണികളും തയ്യാറാവണം.

തിരുത്തലുകൾ ആവശ്യപ്പെടുന്നവരെ പാർട്ടി വിരുദ്ധരായി ചാപ്പ അടിച്ചാൽ പത്തു പേരെ പാർട്ടിയിൽ നിന്ന് അകറ്റാം എന്നല്ലാതെ ഒരാളെ പോലും പാർട്ടിയുമായി അടുപ്പിക്കാൻ കഴിയില്ല. better late than never !

Inputs from fb post of Asif Ali, Nishan Parappanangadi

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x