കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ മടക്കയാത്ര മെയ് ഏഴു മുതൽ സാധ്യമാവും. വിവിധ ഘട്ടങ്ങളിലാണ് പ്രവാസികളുടെ മടക്കം യാഥാർഥ്യമാക്കുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വിമാനടിക്കറ്റിനുള്ള പണം പ്രവാസികൾ നൽകണം.
മടങ്ങിവരാനാഗ്രഹിക്കുന്ന പ്രവാസികളുടെ പട്ടിക തയ്യാറാക്കാൻ ഇന്ത്യൻ എംബസികൾക്കും ഹൈകമ്മീഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
വിമാനത്തിൽ കയറുന്നതിനു മുമ്പ് പ്രവാസികളുടെ വൈദ്യ പരിശോധന നടത്തും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. ആരോഗ്യമന്ത്രാലയവും വ്യോമമന്ത്രാലയവും പുറപ്പെടുവിച്ച ആരോഗ്യ പ്രോട്ടോക്കോളുകൾ യാത്രക്കാർ പാലിക്കണം.
നിർദിഷ്ട കേന്ദ്രങ്ങളിൽ എത്തുന്നതോടെ യാത്രക്കാർ കേന്ദ്രസർക്കാർ തയ്യാറാക്കിയ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം, വൈദ്യ പരിശോധനയ്ക്കു വിധേയരാവുകയും വേണം.
14 ദിവസമാണ് ഇവർ ക്വാറന്റൈനിൽ കഴിയേണ്ടത്. ഇതിനായി ആശുപത്രികളോ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ കേന്ദ്രങ്ങളിലോ കഴിയണം. ഇതിനു പണം അടയ്ക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ടാണ് ഇതു ചെയ്യേണ്ടത്. ക്വാറന്റൈൻ കാലയളവ് കഴിഞ്ഞശേഷം ഇവരെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കണമെന്നും അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിക്കുന്നുണ്ട്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS