ഇനിയും പഠിക്കാത്ത പ്രകൃതി പാഠങ്ങൾ
മുൻപും നിരാക്ഷേപപത്രം പുതുക്കി നൽകിയിട്ടുണ്ട്. പദ്ധതി തുടങ്ങാൻ അല്ല തീരുമാനിച്ചത് നിരാക്ഷേപപത്രം പുതുക്കി നൽകുക മാത്രമാണ് ചെയ്തത്, അത് റദ്ദാക്കില്ല.
പുതിയ വൈദ്യുതപദ്ധതികൾ ആവശ്യമാണ്. ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ കേന്ദ്രനുമതിക്കു വേണ്ടി സമർപ്പിച്ച അപേക്ഷയെ കുറിച്ച് കേരള സർക്കാരിന്റെ അഭിപ്രായമാണ് മുകളിൽ പറഞ്ഞത്.
യഥാർത്ഥത്തിൽ ഈ പദ്ധതിയുടെ പ്രസക്തി എന്താണ്? നാടും നഗരവും പാരിസ്ഥിതിക കയ്യേറ്റ അനന്തരഫലങ്ങൾ ഓരോന്നായി അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ, ഡാമുകളും ജലസേചന പദ്ധതികളും നമ്മുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുമ്പോൾ, ലോകം മുഴുവൻ വൻകിട ജലസേചനപദ്ധതികളേക്കാൾ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ആണ് നല്ലത് എന്ന് പറയുന്ന അവസരത്തിൽ അതൊക്കെ മറികടന്ന് ഒരേ സ്വരത്തിൽ ഈ പദ്ധതി നമ്മുടെ ജൈവ സമ്പത്തിന് കനത്ത നാശം സംഭവിക്കും എന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് പദ്ധതിയുടെ പിന്നാലെ നാം വീണ്ടും പോയി സമയം പാഴാക്കുന്നു.
കേരളത്തിലെ വൈദ്യുതാവശ്യങ്ങൾക്കാണെങ്കിൽ ഈ പദ്ധതി കൊണ്ട് നമുക്ക് വൈദ്യുതി ചിലവ് കുറഞ്ഞു ലഭിക്കാനും പോകുന്നില്ല. ഇന്നത്തെ കണക്കിൽ ഉല്പാദനത്തിന് യൂണിറ്റിന് 5രൂപക്കടുത്തു ചിലവുണ്ടാക്കുന്ന ഈ പദ്ധതി വർഷങ്ങളെടുത്ത് പൂർത്തിയാക്കുമ്പോൾ എത്ര വരുമെന്ന് ഊഹിക്കാവുന്നതാണ്.
ആയിരം കോടിയോളം മുടക്കി പിന്നീട് വർഷങ്ങൾ കഴിഞ്ഞു കിട്ടാവുന്ന വൈദ്യുതിയെ കുറിച്ച് ആലോചിക്കുന്ന നാം വളരെ ലളിതമായി ഇതിലുമെത്രയോ ചിലവ് കുറച്ച് ഇപ്പോൾ പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ കാര്യം, ഒപ്പം പാരമ്പര്യേതര ഊർജ ഉല്പാദനങ്ങളുടെ പ്രത്യേകിച്ച് സൗരോർജ കേന്ദ്രങ്ങൾ വികസിപ്പിച്ചാലുള്ള നേട്ടങ്ങളുടെ കാര്യം എന്ത് കൊണ്ടു മിണ്ടുന്നില്ല.
ഇന്ത്യാ മഹാരാജ്യത്തു നിലവിൽ വൈദ്യുതി ക്ഷാമം ഇല്ലെന്നും ഭാവിയിൽ സൗരോർജം പോലുള്ള സ്രോതസ്സുകൾ നമ്മുടെ വൈദ്യുതി ചിലവ് ഇനിയും കുറയ്ക്കുമെന്നും നമുക്കറിയാഞ്ഞിട്ടല്ല.
പ്രകൃതിസമ്പതിനാൽ അനുഗ്രഹീതമായ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിനു മുകളിൽ ചാലക്കുടിപ്പുഴയിൽ 23 മീറ്റർ ഉയരവും 311 മീറ്റർ വീതിയുമുള്ള നിർദിഷ്ട പദ്ധതി നമ്മുടെ ജൈവവൈവിധ്യത്തെ എത്രകണ്ടു നശിപ്പിക്കുമെന്ന് കൃത്യമായ പഠനങ്ങൾ നടന്നിട്ടുണ്ട്.
ലോകത്തിലെ തന്നെ അപൂർവ മത്സ്യങ്ങളുടെ പ്രജനന ആവാസകേന്ദ്രമാണ് ചാലക്കുടിപ്പുഴ. ചാലക്കുടിപ്പുഴക്കു കുറുകെ കെട്ടുന്ന ഈ അണക്കെട്ട് പുഴയിലെ നീരൊഴുക്ക് കുറച്ചു അപൂർവ്വ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ തകർക്കും. മലമുഴക്കിവേഴാമ്പൽ ഉൾപ്പെടെയുള്ള പക്ഷികളുടെ കേന്ദ്രമാണിത്. 28.4 ഹെക്ടർ പുഴയോര കാടുകൾ വെള്ളത്തിനടിയിലായി മാറിയാൽ ഇവയുടെ ആവാസവ്യവസ്ഥ എന്താകുമെന്ന് ഊഹിക്കാം. 140 ഹെക്ടർ വനഭൂമി നഷ്ടപ്പെടും.
ആനകളുടെ സഞ്ചാര പഥത്തെയാണ് നാം ആനത്താരകൾ എന്നു എന്നു പറയുന്നത്. ഇത് പാടെ നശിക്കും എന്ന് വന്യജീവി ശാസ്ത്രജ്ഞർ തന്നെ പറയുന്നു. ആദിവാസി സമുദായത്തിലെ കാടർ കുടുംബാംഗങ്ങൾ കാലാകാലങ്ങളിലായി ഇവിടെ താമസിക്കുന്നു അവരുടെതുകൂടിയാണീ ഭൂമി. പുഴയിലെ നീരൊഴുക്ക് ചുരുങ്ങി 7.65m3/sec.M ആയി മാറും. ഇത് സമീപ ജില്ലകളായ തൃശ്ശൂരിനെയും എറണാകുളത്തേയും തരിശുഭൂമിയാക്കി മാറ്റിയേക്കാം.
ഇങ്ങനെ പ്രകൃതിയെയും അതിന്റെ ആവാസവ്യവസ്ഥയെയും എപ്പോഴെങ്കിലും വരുന്ന വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ എന്തിനീ പദ്ധതി എന്ന് നാം ആലോചിക്കണം.
പ്രകൃതിയെയും ചുറ്റുപാടിനെയും തകർക്കുന്നതിന്റെ അനന്തരഫലങ്ങൾ നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അതൊന്നും എന്തുകൊണ്ട് നാം ശ്രദ്ധിക്കാതെ പോകുന്നു. 2040 വരെ ഇന്ത്യയിലെ 6 സ്വകാര്യ നിലയങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാൻ നാം വർഷങ്ങൾക്കുമുമ്പേ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇനി പിന്മാറാനും കഴിയില്ല.
അതുകൊണ്ടുതന്നെ പ്രകൃതിയെക്കുറിച്ചും പ്രകൃതിയുടെ നിലനിൽപ്പിനെ കുറിച്ചും ഇനിയെങ്കിലും നാം ചിന്തിക്കേണ്ടതുണ്ട്. മണൽ വാരൽ നിർത്തി കുന്നുകൾ നിരപ്പാക്കി എം സാൻഡ് കച്ചവടം തകൃതിയാക്കുന്ന നമ്മുടെ വികസന ലക്ഷ്യം എന്തിനുവേണ്ടിയാണ് എന്ന് ഇനിയെങ്കിലും നാം മാറി ചിന്തിക്കേണ്ടതല്ലേ ഈ കോവിഡ് കാലത്തെങ്കിലും.
പ്രപഞ്ചമെന്ന മഹാ സത്യത്തിനു മുമ്പിൽ ബുദ്ധിപരമായ മേൽക്കോയ്മ കൊണ്ട് മാത്രം ലോകത്തെ നിയന്ത്രിച്ചു വരുതിയിലാക്കാനുള്ള ധാർഷ്ട്യം പ്രകൃത്യാ തന്നെ നിയന്ത്രിക്കുന്ന കാഴ്ച നാം ഈ കോവിഡ് കാലത്തു നേരിട്ടു കാണുന്നില്ലേ.
പ്രകൃതി ഒരു ഉപഭോഗ വസ്തുവാണെന്നും തോന്നിയപോലെ ചൂഷണം ചെയ്യുക എന്നത് ജന്മാവകാശമാണെന്നും തോന്നിപ്പോയ മനുഷ്യന് കിട്ടിയ പ്രഹരമാണീ കൊറോണ വൈറസ് ദുരന്തമെന്നു പറയാം. സമൂഹം എന്നാൽ മനുഷ്യരുടെ മാത്രം സമൂഹം എന്ന തോന്നലിനെതിരെയുള്ള പ്രകൃതിയുടെ സംഹാരം. ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യന്റെ നിലനിൽപ്പിന് എന്നതിലുപരിയായി മനുഷ്യന്റെ ഒടുങ്ങാത്ത ദാഹം ശമിപ്പിക്കാൻ ഉള്ള മാർഗമായി പ്രകൃതിയെ നോക്കി കണ്ടതിനുള്ള ശിക്ഷ.
ഇത് കേവലം ഒരു തിരിച്ചറിവാണ്. നാം ആരാണെന്നും ഈ പ്രപഞ്ചത്തിൽ നമ്മുടെ പങ്ക് എന്താണെന്നും ഉള്ളതിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ.
വ്യത്യസ്തവും വൈവിധ്യവുമാണ് പ്രകൃതി. പരിസ്ഥിതി എന്ന പദം നാം നിർവചിക്കുമ്പോൾ നാം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നമ്മുടെ ചുറ്റുപാട് എന്ന് പറയാറുണ്ട്. എന്താണീ ചുറ്റുപാട് എന്നും ആരാണീ നാം എന്നും ഒരിക്കലും നോക്കാറില്ല. അറിയാൻ ശ്രമിച്ചിട്ടില്ല. തിരക്കുപിടിച്ച ജീവിത മത്സരയോട്ടങ്ങളിൽ ഏർപ്പെട്ടു കൊണ്ട് പ്രകൃതിയിലുള്ളതിനെയെല്ലാം കാൽകീഴിലാക്കുവാനുള്ള വ്യഗ്രതയിൽ നാം മറന്നു പോയത് അതിജീവനം എന്ന ധർമ പാഠം ആയിരുന്നു. അത് നമ്മെ ഓർമ്മപ്പെടുത്തുന്നതു പ്രകൃതിയെ അനുസരിക്കാനും മറ്റു ജീവീയ അജ്‌ജീവീയ ഘടകങ്ങളോടൊപ്പം സംതുലിത മായി നീങ്ങാനുമാണ്.
നാം നിലനിൽക്കുന്ന ഈ പരിസ്ഥിതിയെ നാമൊന്നറിയാൻ ശ്രമിക്കുക. മനുഷ്യർ, മൃഗങ്ങൾ, ഇഴജന്തുക്കൾ തുടങ്ങി എത്ര സൂക്ഷ്മജീവികൾ. എത്ര വലിയ ജീവികൾ. ആയിരം മനുഷ്യനെ ഒരു തള്ളലിൽ മീറ്ററുകളോളം ദൂരത്തിൽ വലിച്ചെറിയാൻ ശക്തിയുള്ള ആനയും എല്ലുകൾ പോലും ബാക്കി വയ്ക്കാതെ സംഹരിക്കാൻ ശക്തിയുള്ള മത്സ്യങ്ങളും അടങ്ങിയതാണ് ഈ പ്രകൃതി. ഒപ്പം മലകളും നദികളും കാടുകളും ഒട്ടേറെ അജീവിയ ഘടകങ്ങളും.
വൈവിധ്യങ്ങളായ ഇത്തരം ഒരു അവസ്ഥയെയാണ് പരിസ്ഥിതി എന്ന് നാം വിശേഷിപ്പിക്കുന്നത്. അതിനൊരു താളവും ലയവുമുണ്ട്. ഒന്ന് മറ്റൊന്നിനെ ഉറപ്പിച്ചു നിർത്തുന്നു. ജീവീയ ഘടകങ്ങൾ മാത്രമല്ല, ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും ജീവീയ ഘടകങ്ങൾ തമ്മിൽ തന്നെയും ഇത്തരത്തിലൊരു പരസ്പര ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഒന്നിന്റെ നിലനിൽപ്പ് മറ്റൊന്നിന്റെ നിലനിൽപ്പിന് അടിസ്ഥാന ഘടകമായി പ്രവർത്തിക്കുന്നു. ഇതിനെയാണ് ലോ ഓഫ് നേച്ചർ (പ്രകൃതിനിയമം) എന്നു പറയുന്നത്. എല്ലാ ജീവികളും ഈ നിയമമനുസരിച്ചാണ് ജീവിക്കുന്നത്.
ദത്താപഹാരം എന്ന വി. ജെ. ജെയിംസ് ന്റെ നോവലിൽ കൂട്ടുകാരനെ തേടിപ്പോയവരുടെ മുന്നിലെത്തിയ വരയൻ കടുവ തങ്ങളെ ഒന്നും ചെയ്യാതെ പോകാൻ അനുവദിച്ചത് ആഥിത്യമര്യാദ കൊണ്ടല്ലെന്നും തൊട്ടുമുന്പാണു അത് വേറൊരു ഇരയെ ഭക്ഷിച്ചതു എന്നും വിവരിക്കുന്നുണ്ട്. ഇത് ആരും പഠിപ്പിച്ചിട്ടില്ല മറിച്ച് ഓരോ ജീവിക്കും അതിന്റെ അതിജീവനം എങ്ങനെയാണെന്ന് അറിയാം. ലോകത്തെ എല്ലാ ജീവികൾക്കും അതറിയാം.
പഞ്ചസാര ചാക്കിലകപ്പെട്ട ഉറുമ്പ് അതിന്റെ മധുരത്തേ ആസ്വദിക്കുന്നതിനേക്കാൾ രക്ഷപ്പെടാനുള്ള വ്യഗ്രതയാണ് കാണിക്കുക. എന്നാൽ ദുര മൂത്ത ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ എല്ലാം തന്റെതാക്കണം ആകണം എന്ന തോന്നൽ പ്രകൃതിയെ അറിയാതെ, മറ്റു ജീവികളെ അറിയാതെ, സ്വന്തം സമൂഹത്തെ അറിയാതെ, എന്തിനധികം നാം ആരാണെന്നറിയാതെ നമ്മെ ഓടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ നാം അറിയാത്ത, അറിയില്ലെന്ന് ഭാവിക്കുന്ന ഒരു പ്രകൃതിനിയമം ഉണ്ട്.
റോബർട്ട് മാൽത്യുസ് തന്റെ സാമ്പത്തിക ശാസ്ത്രത്തിൽ ജനസംഖ്യയും പ്രകൃതിവിഭവങ്ങളുടെ ലഭ്യതയെയും കുറിച്ച് വിവരിക്കുന്നുണ്ട്. ജനസംഖ്യ വർദ്ധനവ് ഇതേ രീതിയിൽ വളരുകയും പരിമിതമായ പ്രകൃതിവിഭവങ്ങളുടെ അന്തിമ രേഖയിൽ (carrying capacity ) അത് സ്പർശിക്കുകയും ചെയ്യുമ്പോൾ തീർച്ചയായും അത് മനുഷ്യജീവിതത്തെ അല്ലെങ്കിൽ വളർച്ചയെ തടയും എന്നും അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഭക്ഷ്യ ക്ഷാമം, രോഗങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയാവാമെന്നും അദ്ദേഹം ഉത്കണ്ഠപ്പെടുന്നു.
ധവള വിപ്ലവത്തിലൂടെയും ശാസ്ത്ര പുരോഗതിയിലൂടെയും നാമിതു തെറ്റാണെന്നു ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും അതിൽ വാസ്തവമില്ലേയെന്നു നമുക്ക് ചിന്തിക്കാനുള്ള അവസരമാണ് ഈ കോവിഡ് കാലം.
പ്രകൃതിയുടെ അതിജീവനത്തിന്റെ ഇത്തരം തിരിച്ചടികൾ നിശ്ചയമായും കൂട്ടി വെച്ച നമ്മുടെ സമ്പത്തിനെ തകർക്കുക തന്നെ ചെയ്യും. മലിനീകരണങ്ങൾ, രോഗങ്ങൾ, അസ്വാസ്ഥ്യ ജനകമായ ജീവിതങ്ങൾ നമ്മെ ഭയ ചകിതരാക്കി മാറ്റുന്നതോടൊപ്പം ലോകത്തിൽ അശാന്തിയും അക്രമങ്ങളും യുദ്ധവും ദാരിദ്ര്യവും സൃഷ്ടിക്കും. ഭൗതികമായ ഐശ്വര്യങ്ങളുടെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോഴും വായുമലിനീകരണവും ജലമലിനീകരണവും മണ്ണ് മലിനീകരണവും എത്ര ദുസ്സഹമാണെന്നു എന്തുകൊണ്ട് നാം തിരിച്ചറിയാതെ പോകുന്നു.
അംമ്ല മഴ മൂലം കാടുകൾ കരിഞ്ഞു നാമാവശേഷമായതു എങ്ങിനെ നാം ശ്രദ്ധിക്കാതെ പോയി. വെള്ളത്തിന്റെ നിസ്സർഗ്ഗ ശക്തി കുറഞ്ഞു പോയത് എങ്ങിനെ നാം അറിയാതെ പോയി. ഭൂമിയിൽ പിറക്കുന്ന സകല ചരാചരങ്ങളുടെയും ജന്മാവകാശം ആയിരുന്ന ഭൂമി നമ്മുടേത് മാത്രമാണെന്നു നാം കരുതിയ വിഡ്ഢിത്തം എങ്ങനെ നാം അറിയാതെ പോയി.
മനുഷ്യൻ എന്നും കാംക്ഷിക്കുന്നത് ശാന്തിയും സ്വസ്ഥതയും സത്യ സാക്ഷാത്കാരവുമാണ്. മനുഷ്യ ദുഃഖത്തിന്റെ മൂലകാരണങ്ങൾ ആരാഞ്ഞ ബുദ്ധന്റെ കണ്ടെത്തലും ഈ ദൂര മൂത്ത ജീവിതം തന്നെ എന്നാണ്. വ്യാവസായിക വിപ്ലവത്തിന്റെ മൂർദ്ധന്യത്തിൽ നമുക്ക് മുന്നറിയിപ്പ് നൽകിയ റസ്കിന്റെ, ടോൾസ്റ്റോയിയുടെ, തോറോയുടെ അനേകം ചിന്തകരുടെ ദീനരോദനങ്ങൾ നമ്മൾ എന്തുകൊണ്ട് കേട്ടില്ല.
ജലലഭ്യതയെ കുറിച്ച് ആധികാരികമായി ഗവേഷണം നടത്തിയ വേൾഡ് വാച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സാന്ദ്ര പോസ്റ്റൻ ഇന്നത്തെ കാലാവസ്ഥ വ്യതിയാനം നൂറ്റാണ്ടിലെ അവസാനത്തിൽ ലോകത്ത് ഉണ്ടാക്കുന്നത് രൂക്ഷമായ കുടിവെള്ള ക്ഷാമമായിരിക്കുമെന്ന മുന്നറിയിപ്പ് മുമ്പേ നൽകിയിരുന്നു.
നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഒരു കലാപം നടക്കേണ്ടിയിരിക്കുന്നു. പ്രകൃതിയെ കേവലം ചരക്കായി, ഈ വിശാലവും വൈവിധ്യവുമായ പ്രകൃതി മനുഷ്യരുടെ മാത്രം ആയി കാണുന്ന നിലവിലെ മനസികാവസ്ഥക്കെതിരെയുള്ള കലാപം. സമൂഹത്തെ യാഥാർത്ഥ്യത്തിലേക്ക് എത്താനുള്ള, നേർവഴിയിലേക്ക് നയിക്കുന്ന കലാപം. ഇതിനർത്ഥം വികസനം വേണ്ടെന്നല്ല. വികസനവും പരിസ്ഥിതിയും ഒരുമിച്ചു കൊണ്ടുപോവാനുള്ള മാനസിക ഔന്നത്യം എന്നാണ് വിവക്ഷിക്കേണ്ടത്.
സുന്ദർലാൽ ബഹുഗുണ ( ചിപ്കോ പ്രസ്ഥാനം) വികസനത്തിന്റെ രണ്ടു ഗുണങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിപ്രകാരമാണ്. ഒന്ന്, അത് അഭങ്‌ഗുരമായിരിരിക്കണം. നാളെയും നിലനിൽക്കുന്നതായിരിക്കണം. രണ്ട്, അതിനു ധാർമികമായ ഒരു അടിത്തറ ഉണ്ടായിരിക്കണം. പതിനഞ്ചു ലക്ഷത്തോളം സസ്യങ്ങൾക്കും ജന്തുക്കൾക്കും അടുത്ത പതിനഞ്ച് വർഷങ്ങൾക്കകം വംശ നാശം സംഭവിക്കും എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ആർക്കുവേണ്ടിയാണീ നാശം? നമുക്കുവേണ്ടി. ഈ കൂട്ടക്കൊലക്ക് ശേഷവും നാം സന്തുഷ്ടരായിരിക്കുമെന്നു നിങ്ങൾ കരുതുന്നുണ്ടോ. സുന്ദർലാൽ ബഹുഗുണയുടെ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇന്ന് ഇത്തരം ഒറ്റപ്പെടലുകളിലൂടെ നാം നേരിൽ കാണുന്നു.
വ്യക്തിപരമായ സംതൃപ്തിയുടെ കൂട്ടായ ബഹിർസ്ഫുരണമാണ് ശാന്തി എന്നു ഗാന്ധിജി പറഞ്ഞു. അതിനെ സംസ്കാര സമ്പന്നതയുമായി കൂട്ടിവായിക്കണം. എന്താണ് സംസ്കാര സമ്പന്നത എന്ന് ഗാന്ധിജിയോട് ചോദിച്ചപ്പോൾ ഗാന്ധിജി പറഞ്ഞത് സംസ്കാരസമ്പന്നമായ സമൂഹത്തിന്റെ ലക്ഷണം അതിൽ എല്ലാവരും ശാന്തിയുടെയും സമാധാനത്തോടും കൂടി ജീവിക്കുന്നു എന്നതാണ്.
കർഷകരുടെ വേദഗ്രന്ഥമെന്നു വിശേഷിപ്പിക്കാവുന്ന ഒറ്റവൈക്കോൽ വിപ്ലവത്തിന്റെ കർത്താവ് മസനോബു ഫുക്കുവോക്ക അതിനുശേഷമുള്ളതന്റെ പ്രശസ്തമായ കൃതിയായ പ്രകൃതിയിലേക്ക് മടങ്ങുക എന്ന കൃതിയുടെ മുഖവുരയിൽ ഈശ്വരന്റെയും പ്രകൃതിയുടെയും മനുഷ്യരുടെയും നേരായ ചിത്രം വരച്ചു കാട്ടുന്നു. മറ്റുള്ളവരെ കുറിച്ചുള്ള ഉള്ള ബോധം, കരുതൽ എന്നിവയാണ് ഈശ്വരമാർഗം എന്നും അത് ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളാണെന്നും ഫുക്കുവോക്ക പറയുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ പുനർനിർവ്വചിക്കാൻ നിങ്ങൾക്ക് കഴിയുമ്പോൾ അവിടെ നിങ്ങൾക്ക് നിങ്ങളെ കാണാൻ കഴിയും.
നിങ്ങളോടൊപ്പം മറ്റു ജീവീയ അജീവീയ ഘടകങ്ങളെ കാണാൻ കഴിയും. പറവകളെയും മൃഗങ്ങളെയും മലകളെയും വനങ്ങളെയും നദികളെയും നക്ഷത്രങ്ങളെയും കാണാൻ കഴിയും. അത്തരം കാഴ്ചകൾ പ്രകൃതിയെ അറിഞ്ഞു, മറ്റുള്ളവരെ അറിഞ്ഞു കരുതലോടെ ജീവിക്കുവാൻ നമ്മെ പ്രേരിപ്പിക്കും. ഒരുപക്ഷേ നാമതിൽ ഒറ്റപ്പെട്ടേക്കാം. അല്ലെങ്കിൽ ഒരു സർഗ്ഗാത്മക ന്യൂനപക്ഷമായി മാറിയേക്കാം.
1988 നവംബർ നടന്ന ജൈവ സെമിനാറിൽ പങ്കെടുത്തു കൊണ്ട് സുന്ദർലാൽ അതിനെ കുറിച്ച് പറയുന്നതിപ്രകാരമാണ് ഒരു സർഗ്ഗാത്മക ന്യുനപക്ഷത്തിന്റെ കരങ്ങളിലാണ് മാനവരാശിയുടെ പുരോഗതി നില കൊള്ളുന്നത്. തങ്ങളുടെ സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ തരണം ചെയ്യാനുള്ള ശക്തി മാത്രമുണ്ടായാൽ പോരാ ഈ വരേണ്യ വിഭാഗത്തിന്. സർഗ്ഗാത്മകമല്ലാത്ത ഭൂരിപക്ഷത്തെ കൂടി തങ്ങളോടൊപ്പം കൊണ്ടുപോകാനുള്ള കഴിവും ഉണ്ടായിരിക്കണം.
അതുകൊണ്ടുതന്നെ അശാസ്ത്രീയമായ ഇത്തരം പദ്ധതികൾ ഒഴിവാക്കിയേ മതിയാവൂ. അതിനെതിരെ പോരാടുക തന്നെ വേണം.
മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് ആണ് നമ്മുടെ പ്രയാണം. മരണത്തിനു വിലക്ക് എന്നതാണ് നമ്മുടെ മുദ്രാവാക്യം. ആരാണ് ഈ നാം എന്നാണ് ഇനിയും തിരിച്ചറിയാനുള്ളത്.
(ദേശീയ ഹരിത സേന റിസോഴ്സ് പഴ്സണുമാണ് ലേഖകൻ)
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
നിർണ്ണായക നിമിഷങ്ങളിൽ പ്രതികരിക്കുന്നവനാണ് എഴുത്തുകാരൻ.അവസരോചിതമായി ഇടപെടുന്ന താങ്കളുടെവരികൾക്ക് നന്ദി .
ആനുകാലിക പ്രസക്തമായ ലേഖനം, പ്രകൃതി സംരക്ഷണം ചിലരുടെ മാത്രം ബാദ്യത അല്ല. അത് ഭൂമിയിൽ വസിക്കുന്ന എല്ലാ ജീവജാലങ്ങൾക്കും വേണ്ടി നാം ഒത്തുരുമിച്ചു ചെയ്യേണ്ട ഒരു കർത്തവ്യം ആണ്. നല്ല നാളേക്കുവേണ്ടി നമ്മുടെ വരും തലമുറക്ക് നമുക്ക് ചെയ്യാൻ പറ്റുന്ന കർത്തവ്യം. ഒരു നിമിഷം നമ്മുടെ കണ്ണ് തുറപ്പിക്കാൻ ഈ വിവരണം സഹായിച്ചു. ലേഖകന് എല്ലാവിധ ആശംസകളും നേരുന്നു.
വളരെ പ്രസക്തം…..ഇതേ എഴുത്ത് nuclear plant വരുമ്പോഴും thermal plant വരുമ്പോഴും എഴുതിയാൽ പ്രശ്നമാണ്. നമുക്ക് വൈദ്യുതി ആവശ്യമാണ്.പരിസ്ഥിതിക്ക് ഇണങ്ങിയ രീതിയിൽ. ഇൗ എഴുത്ത് വളരെ നന്നായി
Well studied and thought provoking write up.
It shall not fall in deaf ears.
We will fight against injustice. Athiirappally project is the selfish motive of a few politicians. They think only about amassing wealth destroying the eternal wealth.. NATURE
Well studied and thought provoking write up.
It shall not fall in deaf ears.
We will fight against injustice. Athiirappally project is the selfish motive of a few politicians. They think only about amassing wealth destroying the eternal wealth.. NATURE
കടമെടുക്കാത്ത വാക്കുകൾക്കും ആശയങ്ങൾക്കും നമ്മുടെ ചുറ്റുമുള്ള അധികാരികൾ ഉൾപ്പെടുന്ന പൊതുസമൂഹത്തിന് ചിന്തിക്കാനും പ്രവർത്തിക്കാനും സഹായിക്കുന്നു ലേഖനം.
കൊറോണക്കാലത്ത് താങ്കളുടെ ചിന്തകൾ ഇനിയും ഉണരട്ടെ! പ്രതികരണങ്ങൾ എത്തേണ്ടിടത്ത് എത്തും. മിക്ക പദ്ധതികൾക്ക് പിന്നിലും രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. സാധാരണ ജനത്തിന് ഇതൊന്നും മനസ്സിലാകില്ലെന്ന് അവർക്കറിയാം.
Hallo sir ,
Paranja karyangal shariyanu, prukruthiyude niyamangal anusarichu jeevikunnathayirikum Manushyarkum nallathu, avashyathinu prukruthi chooshanam avam, pakshe prukruthiye oru charakkayi kriyavikryam cheyyunnathu valare thettanu, kanatha vila nalki kondirikunu, iniyum nalkendi varum, puzhayil ninnum manal varan anuvadikathathum m sand um thamil connection undennu viswasikunu
Well written
Thank you
മനുഷ്യന് അവനവനിലേക്ക് ഉള്ള തിരിഞ്ഞുനോട്ടത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു….
വളരെയേറെ കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ സംബന്ധിച്ചാണ് ലേഖകൻ പറയുന്നത്. പരിസ്ഥിതി പ്രശ്നങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലഘട്ടത്തിൽ അവയെ നിസ്സാരവൽക്കരിച്ചും അല്ലെങ്കിൽ കണ്ടില്ലെന്നു നടിച്ചും മുന്നോട്ടു പോവുമ്പോളുണ്ടാകുന്ന പ്രത്യാഘാതങ്ങളിലേക്ക് വെളിച്ചം വീശുന്നു ലേഖനം. മനുഷ്യൻ തന്റെ അമിതമായ ഉപഭോഗാസക്തിയിൽ അനിയന്ത്രിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ഭവിഷ്യത്തുകൾ വിവിധ രൂപങ്ങളിൽ നാമിന്ന് അനുഭവിക്കുകയാണ്. മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണി നേരിടുന്ന പ്രശ്നങ്ങളിലൂടെയാണ് ഇന്ന് ലോകം കടന്നുപോവുന്നത്.
വികസനത്തിന്റെ അച്ചുതണ്ടാണ് വൈദ്യുതി എന്നകാര്യത്തിൽ യാതൊരു തർക്കവുമില്ല. എന്നാൽ ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ എന്ന കാര്യം ഉൾക്കൊണ്ടുള്ള സമീപനം ആയിരിക്കണം നാം സ്വീകരിക്കേണ്ടത്. പാരമ്പര്യേതര ഊർജസ്രോതസ്സുകളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട ആവശ്യകതയിലേക്ക് ലേഖനം വിരൽ ചൂണ്ടുന്നു. നാം ആരാണെന്നും ഈ പ്രശ്നത്തിൽ നമ്മുടെ പങ്ക് എന്താണെന്നും ഉള്ളതിനെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ലേഖനം.
പ്രപഞ്ചം മനുഷ്യരാശിയെ കേന്ദ്രബിന്ദുവാക്കിയാണ് തിരിഞ്ഞുകൊണ്ടിരിക്കുന്നതെന്നും എല്ലാ അർത്ഥങ്ങളും അധികാരങ്ങളും മനുഷ്യനിൽ നിന്നാണ് ഉൽഭവിക്കുന്നതെന്നും വിശ്വസിക്കുന്ന ‘മാനവികതാ സിദ്ധാന്തം’ അതിരു കടക്കുമ്പോഴാണ് ജീവിതം “അർമാദമാക്കാൻ” മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നത്!
ഒടുവിൽ ‘പ്രകൃതി’ തന്നെ ഇല്ലാതാകും വരെ ഇത് തുടർന്നു കൊണ്ടേ ആയിരിക്കും.. (അതീനിടയിൽ ആഷിക്കിനെ പോലുള്ള പ്രകൃതി സ്നേഹികൾ ഇത്തരം ലേഖനങ്ങൾ എഴുതിക്കൊണ്ടുമിരിക്കും…)
ഇതിന് ആരെങ്കിലു ബ്രേക്ക് ചവുട്ടുമോ എന്ന ചോദ്യം പോലും അപ്രസക്തമാകുന്നു!
യുവാൽ നോഹ ഹരാരിയുടെ ഭാഷയിൽ പറഞ്ഞാൽ ബ്രേക്ക് എവിടെയാണെന്ന് ആർക്കും അറിയില്ല..അതിനാൽ പ്രകൃതി തന്നെ സ്വാഭാവികമായും ഇടയ്ക്കൊക്കെ ബ്രേക്ക് ചവിട്ടിക്കൊണ്ടിരിക്കും…..
അത്തരത്തിലുള്ള പ്രകൃതിയുടെ ഒരു “ബ്രേക്ക് ചവിട്ടലാണ്” ആരോഗ്യ-ശാസ്ത്ര രംഗത്ത് അത്ര മേൽ ശക്തിയാർജ്ജിച്ച ഈ ആധുനിക കാലത്ത് ലോകമെങ്ങുമുള്ള മനുഷ്യരിശിയെ സാതംഭ്തരാക്കി,കൊന്നൊടുക്കികൊണ്ടിരിക്കുന്ന അതി സൂക്ഷമ നോവൽ കൊറോണ വൈറസ്സിന്റെ ആഗമനം!
പേടിച്ച് ലോക്ക്ഡൗൺ പാലിച്ചു കഴിയുമ്പോൾ തന്നെയാണ്; വിരോധാസമെന്നോണം ചൈന ഇന്ത്യൻ പട്ടാളക്കാരെ വെടി വെച്ചിടുന്നത്! നമ്മുടെ കേരള സർക്കാർ അതിരപ്പള്ളിയിൽ അണക്കെട്ട് പണിയാൻ നോക്കുന്നത്!!
ഗൗരവവും ചിന്തനീയവുമായ വിഷയം കെ പി ആഷിക്ക് അയത് ന ലളിതമായി എഴുതിയഞിരിക്കുന്നു!
അഭിനന്ദനങ്ങൾ!!
-വഹാബ് കെ പി
പ്രപഞ്ചം മനുഷ്യരാശിയെ കേന്ദ്രബിന്ദുവാക്കിയാണ് തിരിഞ്ഞുകൊണ്ടിരിക്കുന്നതെന്നും എല്ലാ അർത്ഥങ്ങളും അധികാരങ്ങളും മനുഷ്യനിൽ നിന്നാണ് ഉൽഭവിക്കുന്നതെന്നും വിശ്വസിക്കുന്ന ‘മാനവികതാ സിദ്ധാന്തം’ അതിരു കടക്കുമ്പോഴാണ് ജീവിതം “അർമാദമാക്കാൻ” മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നത്!
ഒടുവിൽ ‘പ്രകൃതി’ തന്നെ ഇല്ലാതാകും വരെ ഇത് തുടർന്നു കൊണ്ടേ ആയിരിക്കും.. (അതീനിടയിൽ ആഷിക്കിനെ പോലുള്ള പ്രകൃതി സ്നേഹികൾ ഇത്തരം ലേഖനങ്ങൾ എഴുതിക്കൊണ്ടുമിരിക്കും…)
ഇതിന് ആരെങ്കിലു ബ്രേക്ക് ചവുട്ടുമോ എന്ന ചോദ്യം പോലും അപ്രസക്തമാകുന്നു!
യുവാൽ നോഹ ഹരാരിയുടെ ഭാഷയിൽ പറഞ്ഞാൽ ബ്രേക്ക് എവിടെയാണെന്ന് ആർക്കും അറിയില്ല..അതിനാൽ പ്രകൃതി തന്നെ സ്വാഭാവികമായും ഇടയ്ക്കൊക്കെ ബ്രേക്ക് ചവിട്ടിക്കൊണ്ടിരിക്കും…..
അത്തരത്തിലുള്ള പ്രകൃതിയുടെ ഒരു “ബ്രേക്ക് ചവിട്ടലാണ്” ആരോഗ്യ-ശാസ്ത്ര രംഗത്ത് അത്ര മേൽ ശക്തിയാർജ്ജിച്ച ഈ ആധുനിക കാലത്ത് ലോകമെങ്ങുമുള്ള മനുഷ്യരിശിയെ സാതംഭ്തരാക്കി,കൊന്നൊടുക്കികൊണ്ടിരിക്കുന്ന അതി സൂക്ഷമ നോവൽ കൊറോണ വൈറസ്സിന്റെ ആഗമനം!
പേടിച്ച് ലോക്ക്ഡൗൺ പാലിച്ചു കഴിയുമ്പോൾ തന്നെയാണ്; വിരോധാസമെന്നോണം ചൈന ഇന്ത്യൻ പട്ടാളക്കാരെ വെടി വെച്ചിടുന്നത്! നമ്മുടെ കേരള സർക്കാർ അതിരപ്പള്ളിയിൽ അണക്കെട്ട് പണിയാൻ നോക്കുന്നത്!!
ഗൗരവവും ചിന്തനീയവുമായ വിഷയം കെ പി ആഷിക്ക് അയത് ന ലളിതമായി എഴുതിയഞിരിക്കുന്നു!
അഭിനന്ദനങ്ങൾ!!
-വഹാബ് കെ പി
ഇന്ന് വളരെ ഗൗരവപൂർവ്വം ചിന്തിക്കേണ്ട കാര്യം തന്നെയാണ് ഇത്. മനുഷ്യൻ തന്റെ താൽകാലിക ഭൗതിക സുഖത്തിന് േണ്ടി പ്രകൃതിയെ ഒരു പരിധിയിൽ കൂടുതൽ േദനിപ്പിക്കുേ േ ഒരു തിരിച്ചടി ഉണ്ടാവും എന്ന ഓർമ്മെ പെടുത്തലാണ് ഇത്.
ഓർക്കുക നാം
മുൻപ് കാര്യങ്ങൾ കണ്ടറിയാണുള്ള കഴിവ് നമുക്കുണ്ടായിരുന്നു. ഇന്ന് കൊണ്ടാലെ അറിയൂ എന്നുള്ള സ്ഥിതിയിലാണ്. അതുകൊണ്ട് ഇത്തരം എഴുത്തുകൾ അനിവാര്യമാണ്. കൂടുതൽ എഴുതുക മാറ്റം പ്രതീക്ഷിക്കാം ഭാവുകങ്ങൾ..
It is important to keep our mother nature safe for the coming generations. Nature have taught us lot of lessons and it seems we haven’t learned still. Nature itself has a way of maintaining its balance and once we disturb the balance it will try to regain it at any cause…..
Well said about the current scenario and keep writing….