ഒരു വർഷം കൊണ്ട് സ്വരാജ് നേടാമെന്ന് ഗാന്ധി പറഞ്ഞപ്പോൾ, കേവലമായ സ്വരാജ്യമല്ല നാടിന് വേണ്ടതെന്നും സാമൂഹിക മാറ്റങ്ങളാണെന്നും അതിന് ഒരു വർഷം പോരാ, ഇരുപത് വർഷങ്ങളെങ്കിലും വേണ്ടി വരുമെന്നും സമർത്ഥിച്ച ഇന്ത്യൻ വിപ്ലവകാരി.
അന്നം വിളയിച്ചെടുക്കുന്ന പാടങ്ങളിൽ പണിയെടുക്കുന്നവർക്ക് മുട്ടില്ലാതെ അന്നം കിട്ടുന്ന രാജ്യം സ്വപ്നം കണ്ട കമ്മ്യൂണിസ്റ്റ്കാരൻ, വസ്ത്രം തുന്നിയെടുക്കുന്ന കൈത്തറികളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഉടുക്കാൻ ഇഷ്ടമുള്ള വസ്ത്രങ്ങൾ ലഭിക്കുന്ന ഒരു നല്ല കാലം ഉണ്ടാകണമെന്ന് ആഗ്രഹിച്ച വർഗ്ഗരാഷ്ട്രീയക്കാരൻ.
ഇരുപത്തിമൂന്നാം വയസ്സിൽ ബ്രിട്ടീഷ് ഭരണകൂടം കഴുമരത്തിലേക്ക് വലിച്ചു കയറ്റുമ്പോൾ, ആ പ്രായത്തിൽ ആ ചെറുപ്പക്കാരന് ഈ നാടിനെ പറ്റിയൊരു പദ്ധതിയുണ്ടായിരുന്നു, ഒരു സ്വപ്നമുണ്ടായിരിന്നു. ആ വിപ്ലവകാരി തന്റെ അമ്മയ്ക്കെഴുതിയ കത്തിൽ ഇങ്ങനെ പറഞ്ഞു. ‘എന്റെ നാട് ഒരു നാൾ സ്വതന്ത്രമാകും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. പക്ഷെ വെള്ള സായിപ്പുമാർ ഒഴിച്ചിട്ട് പോകുന്ന കസേരകളിൽ ഇവിടുത്തെ സാഹിബ്മാർ കേറിയിരിക്കുന്നതിനെ കുറിച്ച് എനിക്ക് ആവലാതിയുണ്ട്.’
സ്വാതന്ത്ര്യം കിട്ടുന്ന ഇന്ത്യ മുതലാളിത്തത്തിൽ നിന്നും സാമ്രാജ്യത്വത്തിൽ നിന്നും മുക്തി നേടി പുരോഗമന ചിന്തയുള്ള മതേതരമായ ഒരു രാജ്യമായി മാറണമെന്നാണ് അയാൾ ആശിച്ചത്. കഴുമരത്തിലേറി 16 വർഷങ്ങൾക്കപ്പുറം ഇന്ത്യയിൽ നിന്നും ബ്രിട്ടീഷ്കാർ പോയി, പക്ഷെ ഭഗത് സിംഗ് ആശങ്കപ്പെട്ടത് പോലെ ആ കസേരകളിലേക്ക് ഇന്ത്യൻ സാഹിബ്മാർ കയറിയിരുന്നു. ഇന്ത്യയിലെ കർഷകരുടെയും തൊഴിലാളികളുടെയും നില സ്വാതന്ത്ര്യത്തിന് 73 വർഷങ്ങൾക്കിപ്പുറവും ദയനീയമായി തുടരുന്നു.
ഇന്ന് ഭഗത് സിംഗ് ജന്മദിനത്തിൽ കർഷകർ അവരുടെ അവകാശങ്ങൾക്കായി തെരുവിലാണ്, തൊഴിലാളികൾ പട്ടിണിയിലും സമരത്തിലുമാണ്, കർഷകരുടെയും തൊഴിലാളികളുടെയും ഭൂമിയും തൊഴിലും അവകാശങ്ങളും മുതലാളിമാർക്കായി അടിയറവ് വെക്കുന്ന ഒരു ഭരണകൂടമാണ് നമുക്കിന്നുള്ളത്.
ഭഗത് സിംഗ് എന്തിനെല്ലാം വേണ്ടി നിലകൊണ്ടോ, അതിന്റെയെല്ലാം വിപരീതപക്ഷം പേറുന്നൊരു ഭരണകൂടമാണ് ഇനിന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്നത്. നമ്മൾ ഭഗത് സിംഗിനെ ആശയങ്ങളെ ചേർത്തുപിടിക്കുമ്പോൾ, മറുവശത്ത് വർഗീയതയും, മുതലാളിത്തവും രാഷ്ട്രീയ അജണ്ടകളായി തലയിലേറ്റിയ നരേന്ദ്രമോദിയും കൂട്ടരുമാണ്. ഭഗത് സിംഗ് മുറുകെ പിടിച്ച ആശയങ്ങൾക്ക് കരുത്തുപകരേണ്ട സമയമാണ്, മറ്റൊരു വിപ്ലവത്തിനായി, സാമൂഹികമാറ്റത്തിനായി പോരാടിക്കേണ്ടതുണ്ട്.
ഇൻക്വിലാബ് സിന്ദാബാദ് !
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS