പൊതുജനാരോഗ്യ രംഗത്ത് അവബോധവും ശീലങ്ങളും നവീകരിക്കുക
മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്
പൊതുജനാരോഗ്യരംഗത്ത് കോവിഡ് അനന്തര കാലം വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ആരോഗ്യ ശീലങ്ങൾ പലതും പുതുക്കേണ്ടി വരും. ഇത് നമ്മുടെ നിത്യജീവിതത്തിൽ പോലും ദൃശ്യമാകുന്ന തരത്തിലായിരിക്കും. അനേകം രോഗങ്ങൾക്കൊപ്പം കോവിഡ് 19 കൂടിയുള്ള ഒരു ലോകക്രമത്തിലാണ് ഇനി നാം ജീവിക്കുക.
കോവിഡ് 19 ഭീതിയെതുടർന്ന് ലോക്ക് ഡൗൺ കാലത്ത് ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി എന്നത് വസ്തുതയാണ്. എന്നാൽ അത് നല്ല സൂചനയാണെന്ന് തീർത്തും പറഞ്ഞു കൂടാ.
പുറത്ത് പോകാൻ പറ്റില്ല എന്നതിനാൽ പല ബുദ്ധിമുട്ടുകളും അടക്കി വെക്കാൻ ആളുകൾ തയ്യാറായി. അത്യാവശ്യം ഗൗരവപ്പെട്ട അസുഖങ്ങൾ മുതൽ നിസ്സാരമായ അസുഖങ്ങൾ വരെ ഇത്തരത്തിൽ ആളുകൾ സഹിച്ചത് കൊണ്ട് കൂടിയാണ് സ്വകാര്യ – സർക്കാർ ആശുപത്രികളിൽ തിരക്കൊഴിഞ്ഞത്.
ആശുപത്രികളിൽ പോകേണ്ടതിന് പോകുകയും, പരിചരണം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ശരിയായ രീതി. പരിചരണം എന്നത് കിടപ്പിലായ പാലിയേറ്റീവ് രോഗികൾക്ക് മാത്രം കിട്ടേണ്ട ഒന്നല്ലല്ലോ. പൊലീസിനെ പേടിച്ചും, വാഹന സൗകര്യം ഇല്ലാത്തത് കൊണ്ടും ശാരീരികവും, മാനസികവുമായ അസ്വസ്ഥതകൾ അടക്കിപ്പിടിച്ച് ആളുകൾ വീട്ടിലിരുന്നത് ആളുകൾക്ക് ആരോഗ്യം ലഭിച്ചതിൻ്റെ സൂചനയായും കാണാനാവില്ല.
പ്രായമായവരിലുണ്ടാകുന്ന മുട്ടുവേദന പോലെയുള്ള ഗൗരവമല്ലാത്തതും, എന്നാൽ നീണ്ടു നിൽക്കുന്നതുമായ നിരവധി അസുഖങ്ങളെ കുടുംബാംഗങ്ങൾ തന്നെ നിസാരവത്കരിക്കുകയും, ചികിത്സ ലഭ്യമാക്കാതിരിക്കുകയും ചെയ്തു. മരുന്ന് മാത്രമല്ല, ആരോഗ്യ പ്രവർത്തകരുടെ സാന്ത്വന വാക്കുകൾ പോലും രോഗിക്ക് പലപ്പോഴും ആശ്വാസം നൽകുന്നതാണ്. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, തുടങ്ങി സ്ഥിരമായ പരിശോധന ആവശ്യമായ രോഗികൾ പലരും പഴയ മരുന്ന് കുറിപ്പടികൾ ഉപയോഗിച്ച് ഡോക്ടറെ കാണാതെയും, പരിശോധനകൾ ഇല്ലാതെയും മരുന്നുകൾ വാങ്ങിക്കഴിച്ചു. ഇതിൻ്റെ എല്ലാം ഫലമായിട്ടാണ് ആശുപത്രികളിൽ രോഗികൾ കുറഞ്ഞത്.
തൊഴിലും, വരുമാനവും നിലച്ചത് കൊണ്ട് പണമില്ലാത്തതിനാൽ ആശുപത്രിയിൽ പോകാത്തവരുണ്ട്. രോഗം പകരുമെന്ന ഭീതി കാരണം ആശുപത്രി സന്ദർശനം ഒഴിവാക്കിയവരുമുണ്ട്. ഇങ്ങനെയുള്ള നിരവധി കാരണങ്ങളാലാണ് ആശുപത്രിയിൽ വരുന്നവരുടെ എണ്ണം കുറഞ്ഞത്.എന്നാൽ ഒരു ചെറിയ വിഭാഗം ആളുകൾ പ്രത്യേകിച്ച് പ്രായമായവരും, വീട്ടിൽ തന്നെ കഴിയുന്ന സ്ത്രീകളും അനാവശ്യമായി ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. ആരോഗ്യ പരിപാലനത്തിന് ആശുപത്രിയുടെ സഹായം യഥാർത്ഥത്തിൽ ആവശ്യമില്ലാത്ത ഇവരോട് ഇനി വരേണ്ടെന്ന് പറയേണ്ടി വരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങാനും, പുറംലോകം കാണാനുമുള്ള ന്യായമായ കാരണമാണ് ഇവർക്ക് ആശുപത്രി സന്ദർശനം. ഇത് ആരോഗ്യമേഖലയുടെ കുറ്റമല്ലെന്നും, സാമൂഹികാവസ്ഥകളുടെ പ്രശ്നമാണെന്നും നാം തിരിച്ചറിയണം.
കൊറോണ വൈറസിനെതിരെ പ്രതിരോധ മരുന്ന് കണ്ടെത്തുക എന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. ഇനി കണ്ടെത്തിയാൽ തന്നെയും അത് പ്രയോഗിച്ച് ജനങ്ങളെ പ്രതിരോധ ശേഷിയുള്ളവരാക്കുക എന്നത് അത്ര എളുപ്പമല്ല. കോടിക്കണക്കിന് ജനങ്ങൾക്ക് പ്രതിരോധ മരുന്ന് നൽകുക എന്നത് എളുപ്പമല്ലാത്തത് തന്നെ കാരണം. ചികിത്സിച്ച് മാറ്റാനുള്ള മരുന്ന് കണ്ടുപിടിക്കാനും കോവിഡ് 19 പൂർണ്ണമായും തുടച്ച് നീക്കുക എന്നതും സമീപ കാലത്തൊന്നും സാധ്യമല്ല. അനേകം രോഗങ്ങൾക്കിടയിൽ കോവിഡ് 19 കൂടിയുള്ള ഒരു ലോകത്ത് അതിനനുസരിച്ച് ജീവിക്കുക എന്നതാണ് മുന്നിലുള്ള വഴി.
അടച്ചിടുക എന്നത് കോവിഡ് 19 പ്രതിരോധത്തിൻ്റെ ആദ്യപടിയായിരുന്നു. എല്ലാ കാലവും അടച്ചിടുക എന്നത് പ്രായോഗികം അല്ല. ഇനി ഘട്ടം ഘട്ടമായി തുറന്നിടുക എന്നതാണ് ലോകത്ത് പിന്തുടരുന്ന രീതി. കേരളവും അങ്ങനെ തന്നെയായിരിക്കും. പകർച്ച വ്യാധികളെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും ജനങ്ങൾക്ക് കൂടുതൽ അവബോധം ഉണ്ടാകണം. ജീവിത ശൈലീ രോഗങ്ങളെ കുറിച്ചും, ആരോഗ്യ പരിരക്ഷയെ ക്കുറിച്ചും സമൂഹത്തിന് അറിവുണ്ടാകണം. അത് ആധികാരികമായ വിവരമാണെന്ന് ഉറപ്പ് വരുത്താനും ബന്ധപ്പട്ടവർക്കാകണം. ലോക ആരോഗ്യ സംഘടന (WHO), സർക്കാർ ആരോഗ്യ വകുപ്പ് തുടങ്ങിയ ആധികാരിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാണല്ലോ. കൊറോണയായാലും മറ്റ് രോഗങ്ങളായാലും അവയെക്കുറിച്ചുള്ള വ്യാജ വിവരങ്ങൾ വ്യാപകമായി പരക്കുകയും മനുഷ്യരെ അപകടത്തിൽ പെടുത്തുകയും ചെയ്യുന്ന അവസ്ഥ നിലവിലുണ്ട്.
പാലിയേറ്റിവ് പരിചരണം ലഭ്യമാകുന്ന രോഗികൾ കൊറോണ വൈറസ് വേഗത്തിൽ ബാധിക്കാനിടയുള്ളവരാണ്. പരിചരണം നൽകുന്നവർ മുൻകാലത്തേത് പോലെയല്ല ഇനി രോഗിയെ പരിചരിക്കേണ്ടി വരിക. മാസ്കും, ഗ്ലൗസും, സാനിറ്റൈസറും പോലെ അതാത് കാലവും പ്രത്യേക സാഹചര്യങ്ങളും ആവശ്യപ്പെടുന്ന രീതികൾ ശീലമാക്കിയേ തീരൂ. അത് രോഗിയോടുള്ള അടുപ്പക്കുറവല്ല ഈ സാഹചര്യത്തിൽ സൂചിപ്പിക്കുന്നത്.
കിടപ്പു രോഗികൾക്ക് മറ്റ് രോഗങ്ങൾ ആരോഗ്യമുള്ളവരെക്കാൾ വേഗത്തിൽ പിടിപെടും. ആരോഗ്യമുള്ളയാൾക്ക് പിടിപെടുന്നതിനെക്കാൾ ഗൗരവത്തിലാകും കിടപ്പ് രോഗിയിൽ അതിൻ്റെ ആഘാതം. ചെറിയ പകർച്ച വ്യാധി ഉള്ളവർ പോലും കിടപ്പ് രോഗിയോട് സമ്പർക്കം പുലർത്താതെ നോക്കണം. പാലിയേറ്റീവ് കെയർ പ്രവർത്തകരും, പൊതുജനങ്ങളും ഇക്കാര്യത്തെ കുറിച്ച് അറിവ് നേടേണ്ടിയിരിക്കുന്നു.
കോവിഡ് 19 സൃഷ്ടിക്കുന്ന സാമൂഹ്യ- സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ ചര്‍ച്ചയില്‍ ഡോ. ഷാജി ആലുങ്ങൽ, കെ അലി പത്തനാപുരം, കെ എസ് ഹസ്‌കര്‍, ടി റിയാസ് മോന്‍, യൂനുസ് ചെങ്ങര, എ. നൂറുദ്ദീൻ, ഡോ. ലബീദ് അരീക്കോട്, ഇർഷാദ് കൊട്ടപ്പുറം, മുഹമ്മദ് സജീർ അരീക്കോട് എന്നിവർ പങ്കെടുത്തു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS