Opinion

‘ഭരണകൂട ഭീകരതയും അമിതാധികാരവും’ ; ജനാധിപത്യത്തെ ശക്തിപ്പെടുത്തുക

ഭരണവും, ഭരണകൂടങ്ങളും ഉള്ളിടങ്ങളിലെല്ലാം കൂടിയും-കുറഞ്ഞും, ഭരണകൂട ഭീകരതയുമുണ്ടാവും. ഭരണകൂട താൽപ്പര്യ സംരക്ഷണത്തിന്, ഗോത്ര കാലഘട്ടം മുതൽ തന്നെ തുടങ്ങിയതും, പിന്നീട് രാജഭരണ കാലഘട്ടത്തിലും തുടരുകയും, ഏകാധിപതികൾ അവരുടെ ഏറ്റവും വലിയ ആയുധമായി കൊണ്ടു നടക്കുകയും ചെയ്യുന്ന മുഖ്യമായൊരു ഭരണനിർവ്വഹണ ടൂളാണ് ഭരണകൂട ഭീകരത.

ഏതൊരു രാജ്യവും കൂടുതൽ-കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെടുന്നതിനനുസൃതമായി, ഭരണനിർവ്വഹണ വ്യവഹാരങ്ങളിൽ കുടുതൽ-കൂടുതൽ സുതാര്യത കൈവരികയും ഭരണകൂട ഭീകരതയുടെ തീഷ്ണത കുറഞ്ഞു വരികയും ചെയ്യുന്നു.

അതുകൊണ്ടാണ്, പോരായ്മകളും, കുറവുകളുമുണ്ടെങ്കിലും, മറ്റേതൊരു രാഷ്ട്രീയ വ്യവസ്ഥകളേക്കാളും, പൗരൻമാർക്ക് പൊതുവിൽ നല്ലത് ജനാധിപത്യം തന്നെയാണെന്ന് വരുന്നത്.

ഭരണകൂട ഭീകരത നിലനില്‍ക്കുന്ന ഏതൊരു രാജ്യത്തും, ഭരണത്തോടൊപ്പം നിലകൊള്ളുന്നവരെന്നോ, പുറത്തു നില്‍ക്കുന്നവരെന്നോ വ്യത്യാസമില്ലാതെ, ഏതൊരു പൗരനും എപ്പോൾ വേണമെങ്കിലും ഒരു സംശയത്തിന്റെ നിഴലിൽ പോലും, സ്റ്റേറ്റിന്റെ അമിതാധികാര പ്രയോഗത്തിന്റെ ഇരയായി മാറാം.

താരതമ്യേന ഉയര്‍ന്ന ജനാധിപത്യമൂല്യങ്ങൾ നിലനില്‍ക്കുകയും, മനുഷ്യാവകാശങ്ങൾ പരിപാലിക്കപ്പെടുകയും ചെയ്യുന്ന പാശ്ചാത്യരാജ്യങ്ങളിലെ ജനാധിപത്യ ഭരണകൂടങ്ങൾ തങ്ങളുടെ രാജ്യതാൽപ്പര്യത്തിന്റെ സംരക്ഷണത്തിനായി മറ്റു രാജ്യങ്ങൾക്കും, അവരുടെ പൗരൻമാർക്കുമെതിരിൽ ഭരണകൂട ഭീകരത പ്രയോഗിക്കുന്ന സാഹചര്യങ്ങളും ധാരാളമുണ്ട്.

അധികാരം ഒരു വ്യക്തിയിലേക്കോ, ചുരുക്കം വ്യക്തികളിലേക്കോ മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നതു വഴി, ഭരണകൂട ഭീകരതയുടെ തീഷ്ണത, കൂടിവരാനുള്ള സാധ്യതകളും വർദ്ധിക്കുന്നു. ഭരണകൂട ഭീകരത കുറച്ചു കൊണ്ടുവരുന്നതിൽ അധികാര വികേന്ദ്രീകരണത്തിന് വലിയ പങ്കുണ്ട്.

അധികാര കേന്ദ്രീകരണം ഏറ്റവുമധികം നടക്കുന്നത് ഫാഷിസ്റ്റ്-കമ്മ്യൂണിസ്റ്റ്-പട്ടാള ഭരണകൂടങ്ങൾക്ക് കീഴിലാണെന്നതിനാൽ ലോകത്ത് ഏറ്റവുമധികം ഭരണകൂട ഭീകരത നടമാടുന്നതും ഫാഷിസ്റ്റ്-കമ്മ്യൂണിസ്റ്റ്-മിലിറ്ററി സർക്കാറുകൾക്ക് കീഴിലാണെന്നു കാണാം.

എന്നാൽ ഇത്തരത്തിൽ അധികാരം കേന്ദ്രീകരിക്കപ്പെടുന്ന വ്യക്തികൾ മനുഷ്യാവകാശങ്ങൾക്ക് വിലനൽകുന്നവരും, “നല്ല മനസ്സിന്” ഉടമകളുമാവുന്ന ചുരുക്കം സന്ദർഭങ്ങളിൽ അവിടങ്ങളിലെ പൗരൻമാർക്ക് മികച്ച പരിഗണന ലഭിക്കുന്ന സാഹചര്യങ്ങളും ചരിത്രത്തിൽ വിരളമായി കാണാൻ കഴിയും.

ഭരണകൂട താൽപ്പര്യങ്ങൾക്കെതിരിൽ അതാതു കാലങ്ങളിൽ നിലനില്‍ക്കുന്ന എതിർ ശബ്ദങ്ങളേക്കാൾ, ഭരണകൂടം കൂടുതൽ ഭയപ്പെടുകയും, പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്യുക ഭാവിയിൽ വരാനിരിക്കുന്ന സാധ്യതകളെയും ത്രെട്ടുകളെയുമാണ്.

അതുകൊണ്ടു തന്നെ ഭരണകൂട ഭീകരതയ്ക്ക് വിധേയരാക്കപ്പെടുന്നവർ മിക്കപ്പോഴും, സംശയത്തിന്റെയും, ഭരണകൂടത്തോടൊപ്പം നിലനില്‍ക്കുന്ന ഉപജാപകസംഘത്തിന്റെ പലതരം കണക്കു കൂട്ടലുകളുടെയും, പ്രവചനങ്ങളുടെയും ഇരകളാക്കപ്പെടുകയും ചെയ്യുന്ന നിരപരാധികളുമായിരിക്കും.

മാത്രമല്ല, യഥാര്‍ത്ഥ കുറ്റാരോപിതരായി ശിക്ഷ അനുഭവിക്കുന്നവരിൽ വലിയ വിഭാഗം, ചുറ്റുമുള്ള മനുഷ്യരുടെ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രതിബന്ധതയുള്ള നല്ല മനുഷ്യരുമായിരിക്കും.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നടന്ന ഭരണകൂട ഭീകരതയുടെ ആദ്യ എപ്പിസോഡായിരുന്നു അടിയന്തിരാവസ്ഥ കാലത്ത് സർക്കാർ തലത്തിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും, അതിക്രമങ്ങളും. ഗുണ്ടകളെയും, അധോലോകങ്ങളെയും ഒതുക്കാനും, രാജ്യവിരുദ്ധ കൂട്ടായ്മകളെ നിലക്കു നിർത്താനും ചില കടുത്ത നടപടികൾ ആവശ്യമായിരുന്ന സമയത്ത് നടപ്പിലാക്കപ്പെട്ട നടപടിയായിരുന്നു അടിയന്തിരാവസ്ഥ എന്ന് വാദിക്കുന്നവർക്കു പോലും, ആ കാലഘട്ടത്തിൽ നടന്ന വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങളെയും ഭരണകൂട ഭീകരതകളെയും ന്യായീകരിക്കാൻ കഴിയുമായിരുന്നില്ല.

ഒരുപക്ഷെ അടിയന്തിരാവസ്ഥ കാലത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളുമൊന്നും ഇന്ദിരാഗാന്ധിയുടെ മുൻകൂട്ടിയുള്ള അറിവോടെയോ സമ്മതത്തോടെയോ നടന്നതാവണമെന്നു പോലുമില്ല. ഏതൊരു ഏകാധിപത്യ സംവിധാനത്തിലും, ഇത്തരം കാര്യങ്ങൾക്ക് ചുക്കാൻ പിടിക്കുക, ഏകാധിപതികൾക്കു ചുറ്റും നിലയുറപ്പിച്ച ഉപജാപക സംഘങ്ങളും, അധികാര കേന്ദ്രങ്ങളുമായിരിക്കും.

സി.ബി.ഐ, ഇൻകം ടാക്സ്, ഇ.ഡി, ഐ.ബി, പോലീസ് മുതലായ ഏജന്‍സികളെയും, ഒരു പരിധിവരെ ജുഡീഷ്യറികളിലെ ഒപ്പം നില്‍ക്കുന്ന ജഡ്ജിമാരെയും വരെ ഉപയോഗിച്ച് ഭരണകൂട താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന പ്രവണത മുമ്പെന്നത്തേക്കാളും നമ്മുടെ ഇന്ത്യയിലും ഇപ്പോൾ കൂടിവരികയാണ്.

ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെയും, നാലാം എസ്റ്റേറ്റായ മാധ്യമങ്ങളുടെയും പ്രധാന റോളുകളിലൊന്ന് ഇത്തരം ഭരണകൂട പ്രവണതകളെ തുറന്നു കാട്ടുകയും സർക്കാറുകളെ തിരുത്തിക്കുകയും ചെയ്യുക എന്നതാണ്.

എന്നാൽ ഇന്ത്യയിലെ വ്യവസ്ഥാപിത മതേതര-ജനാധിപത്യ പാർട്ടികൾ ഈ കാര്യത്തിൽ കാണിക്കുന്ന അപകടകരമായ അനാസ്ഥയും മെല്ലെപ്പോക്കും, കൂടുതൽ തീവ്രവും, അപകടകരികളുമായ സംഘടനകൾക്കും, കൂട്ടായ്മകൾക്കും ഇത്തരം പ്രശ്നങ്ങളിൽ ഇടപെടാനും, അതുവഴി അവരുടെ സ്വാധീനം വർദ്ധിപ്പിക്കാനുമുള്ള അവസരം പ്രധാനം ചെയ്യുകയും ചെയ്യുന്നു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പോപ്പുലർ ഫ്രണ്ട് വേട്ട, അവരെ കുറിച്ച് കേന്ദ്ര ഭരണത്തിലിരിക്കുന്നവർക്ക് ഏതെങ്കിലും രീതിയിലുള്ള ഭയമോ ആശങ്കയോ ഉള്ളത് കൊണ്ട് സംഭവിച്ചതാവാനുള്ള സാധ്യതയില്ല.

ഭാവിയിൽ ഇവർ ഏതെങ്കിലും രീതിയിൽ തങ്ങളുടെ പ്രവര്‍ത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുമെന്നോ, അല്ലെങ്കിൽ രാജ്യ താൽപ്പര്യങ്ങൾക്ക് എതിരായി പ്രവര്‍ത്തിക്കുമെന്നോ കരുതി എടുക്കുന്ന നടപടികളുമാവില്ല.

മറിച്ച് എക്കാലത്തുമെന്ന പോലെ, ഇതും തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് അവരെ കരുവാക്കുക എന്ന അജണ്ടയുടെ ഭാഗമാവാനാണ് കൂടുതൽ സാധ്യത.

ഇന്ത്യയിലെ സംഘപരിവാരത്തിന്റെ അടുപ്പിലെ വിറകു കൊള്ളികൾ എന്നതിലപ്പുറം പോപ്പുലർ ഫ്രണ്ട് പോലുള്ള ഒരു അതിവൈകാരിക എന്നാൽ ആൾ ബലമോ, സാമ്പത്തിക കെട്ടുറപ്പോ, പ്രായോഗിക-വിവേക-ബുദ്ധി വൈഭവമുള്ള നേതൃത്വമോ, വോട്ടുബാങ്കോ ഇല്ലാത്ത ഒരു കുഞ്ഞൻ പ്രസ്ഥാനത്തെ, പരിവാരത്തെ പോലുള്ള ലോകത്തെ ഏറ്റവും വലിയ, സുസംഘടിത മിലിട്ടറി സംഘം ഭയപ്പെടുമെന്നോ, ഒരു ത്രെട്ടായി കാണുമെന്നു പോലുമോ കരുതാനുള്ള ഒരു ന്യായവുമില്ല.

രണ്ടു തവണകളിലായി; ജനാധിപത്യ-തിരഞ്ഞെടുപ്പ് പ്രക്രിയകളിലൂടെ അധികാരത്തിലേറിയ, ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയും, രഹസ്യാന്വേഷണ സംവിധാനങ്ങളുമുള്ള, മീഡിയകൾ മുതൽ, ജുഡീഷ്യറികൾ വരെയുള്ള സമസ്താധികാരങ്ങളും കയ്യാളുകയും, പണാധിപത്യം കുത്തകയാക്കി വെക്കുകയും ചെയ്യുന്ന ഒരു ഭരണകൂടം, നീണ്ട കാൽനൂറ്റാണ്ടുകാലം കൈയ്യും, മെയ്യും മറന്ന് പ്രവൃത്തിച്ചിട്ടും സ്വന്തം സമുദായത്തിന്റെ ഒരു ശതമാനത്തിന്റെ പിന്തുണ പോലും നേടാൻ കഴിയാത്ത ഈ കൊച്ചു പ്രസ്ഥാനത്തെ ഭയപ്പെടുമെന്ന് കരുതുന്നതിനേക്കാൾ വലിയ മൗഢ്യം മറ്റെന്തുണ്ട്?

അതിവൈകാരികതയ്ക്കും, സങ്കുചിത മത-രാഷ്ട്രീയ മീമാംസകൾക്കുമപ്പുറം; പോപ്പുലർ ഫ്രണ്ട് കെട്ടിപ്പൊക്കപ്പെട്ടത്, ഒരു മതേതര-ജനാധിപത്യ അടിത്തറയ്ക്കു മുകളിലായിരുന്നെങ്കിൽ ഇപ്പോൾ എടുത്തിരിക്കുന്നതു പോലുള്ള നടപടികൾ ഇത്ര ദ്രുതഗതിയിൽ നടപ്പിലാക്കുക എന്നത് ഭരണകൂടത്തെ സംബന്ധിച്ച് അപ്രോയോഗികമാവുകയും, അതേസമയം ഇതിനേക്കാൾ കൂടുതലായി അവരെ ഭരണകൂടം ഭയപ്പെടുകയും ചെയ്യുമായിരുന്നു.

മദനിയുടെയും, ജമാഅത്തെ ഇസ്ലാമിയുടേയുമൊന്നും മുൻകാല ചരിത്രങ്ങളിൽ നിന്നും ഒരു പാഠവും പഠിക്കാതെ, വിവേകത്തെ വികാരത്തിന് പണയപ്പെടുത്തി, കാൽനൂറ്റാണ്ടു കാലം പലവിധമാന ഉത്പാദന പ്രക്രിയകൾക്കായി ഉപയോഗിക്കേണ്ടിയിരുന്ന ആളും, അർത്ഥവും പാഴാക്കി എന്നതിനപ്പുറം, രാജ്യം നേരിടുന്ന കുറേ പ്രശ്നങ്ങൾ വിളിച്ചു പറയുന്നു എന്നതിനപ്പുറം; രാജ്യത്തിനോ, പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന സമുദായത്തിനോ വേണ്ടി പോസിറ്റീവായി എന്ത് ചെയ്യാൻ ഇവരെക്കൊണ്ടു കഴിഞ്ഞു എന്ന ചോദ്യമാണ് ഇപ്പോൾ പ്രസക്തമായി നിലനില്‍ക്കുന്നതും, ഇത്തരം ആശയങ്ങൾക്കു പിന്നാലെ പോകുന്നവർ സ്വയം ചോദിക്കേണ്ടതും.

കുറ്റങ്ങളും, കുറവുകളും അനേകമുണ്ടാവാമെങ്കിലും,
ഇന്ത്യ പോലെ, അതിശക്തമായ ജനാധിപത്യ-മതേതര അടിത്തറയിൽ പടുത്തയർത്തപ്പെട്ട ഒരു രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങളെ പ്രായോഗികമായി അഡ്രസ്സ് ചെയ്യാനുള്ള ഏക മാർഗ്ഗവും, അതേ ജനാധിപത്യ-മതേതര മൂല്യങ്ങളിൽ ഉറച്ചു നിന്നു കൊണ്ടുള്ള പ്രവർത്തനങ്ങൾ മാത്രമാണ്.

ജയ് ശ്രീറാമിനു ബദലായി അള്ളാഹു അക്ബർ വിളിച്ചതു കൊണ്ടോ, പാർട്ടി വളർത്താനായി നേർച്ചക്കു വെച്ചവരെ കൊലചെയ്ത് വിജയഭേരി മുഴക്കിയതു കൊണ്ടോ, പൊളിറ്റിക്കൽ ഹിന്ദുയിസത്തെ നേരിടാൻ പൊളിറ്റിക്കൽ ഇസ്ലാമുമായി വന്നതു കൊണ്ടോ ഒന്നും ശക്തിപ്പെടുത്താവുന്നതല്ല ഇന്ത്യയുടെ കൈമോശം വന്നുകൊണ്ടിരിക്കുന്ന മതേതരത്വവും-ജനാധിപത്യവും.

ജനാധിപത്യം നീണാൾ വാഴട്ടെ!
മതേതരത്വം പുലരട്ടെ!
ജയ് ഹിന്ദ്.

നൗഷാദ് സി കെ

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x