Feature

അവയവ കച്ചവട മാഫിയകളും ചാനൽ കഥകളും

പ്രതികരണം/ ഡോ. ഹാരിസ് ഹസ്സൻ

കഴിഞ്ഞ 20-25 വർഷമായി ഇടയ്ക്കിടെ മാധ്യമങ്ങളിൽ ഉയരുന്ന ന്യൂസാണ് അവയവ മാഫിയ. ഞാൻ ഒരു ഡോക്ടർ ആയതുകൊണ്ട് ഈ വാർത്തകൾ കൗതുകത്തോടെ വായിക്കും, പിന്നീട് എന്ത് സംഭവിച്ചു എന്ന് നിരീക്ഷിക്കുകയും ചെയ്യും. ഇന്നുവരെ ഒന്നും സംഭവിച്ചിട്ടില്ല.

പിന്നീടാണ് എനിക്ക് മനസിലായത്, മാധ്യമങ്ങൾക്ക് പ്രത്യേകിച്ച് കൊടുക്കാൻ ന്യൂസുകൾ ഒന്നും ഇല്ലാത്ത സമയത്താണ് ഇത്തരം ഫില്ലറുകൾ തള്ളിവിടുന്നത്. (ഞാൻ സർക്കാർ ഡോക്ടർ ആണ്, അവയവ മാഫിയയുമായി ബന്ധമൊന്നുമില്ല എന്ന് പ്രത്യേകം ഓർമിപ്പിച്ചു കൊള്ളുന്നു).

ചില അവയവ കച്ചവട കേസുകൾ അന്വേഷിക്കാൻ എന്നെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. അത് അന്വേഷിച്ച് റിപ്പോർട്ടും നൽകി. കോൺഫിഡൻഷ്യൽ ആയതിനാൽ അതിന്റെ ഉള്ളടക്കം പുറത്ത് പറയുന്നില്ല.

മാധ്യമങ്ങൾ ഉന്നയിക്കുന്ന ഈ അവയവമാഫിയ എന്താണ്? സത്യം പറഞ്ഞാൽ എനിക്ക് മനസിലാകുന്നില്ല.

രംഗം 1. ജോസഫ് സിനിമ മോഡൽ മാഫിയ: ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത, വെറും ഒരു സിനിമാ കഥ!!! വഴിയിൽ വെച്ച് ആൾക്കാരെ വണ്ടിയിടിച്ച്, ആശുപത്രിയിൽ കൊണ്ടുപോയി അവയവം എടുക്കുന്നു!!! വണ്ടി ഇടിക്കുമ്പോൾ കൃത്യമായി മസ്തിഷ്ക മരണം സംഭവിക്കുന്ന രീതിയിൽ തന്നെ ഇടിക്കണം.

ഇടികൊണ്ട് മരിച്ചാൽ കണ്ണിന്റെ കോർണിയ ഒഴിച്ച് ഒരു അവയവവും എടുക്കാൻ പറ്റില്ലെന്ന് ഏത് നഴ്സറി വിദ്യാർത്ഥിക്കും അറിയാം. എന്നാൽ ഇടികൊണ്ട ശേഷം ബോധം നഷ്ടപ്പെടുകയും വേണം. ഇടി കൊണ്ട് ഒരു അവയവത്തിനും കേട് സംഭവിക്കാനും പാടില്ല ( സാധാരണ ഒരു ട്രാഫിക് അപകടത്തിൽ കരൾ, വൃക്ക ഇതൊക്കെ ക്ഷതമേൽക്കും. അത് transplantation ന് ഉപയോഗിക്കാനും പറ്റില്ല. അപ്പൊ, കിറുകൃത്യമായി, മസ്തിഷ്ക മരണം സംഭവിക്കുന്ന രീതിയിൽ വാഹനം ഇടിയ്ക്കണം.

രംഗം 2: മറ്റേതെങ്കിലും അസുഖത്തിന് ചികിത്സയ്ക്ക് എത്തുന്നവരെ രഹസ്യമായി ഓപ്പറേഷൻ തീയറ്ററിൽ കൊണ്ടുപോയി അവയവം മുറിച്ചെടുക്കുക. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവൽ പോലെ. തീർത്തും അസംഭവ്യം.

രംഗം 3: ഇതാണ് അവയവ കച്ചവടം എന്ന് പറയുന്നത്. വിശദീകരിക്കാം. ഒരു രോഗിക്ക് കിഡ്നി വേണം എന്ന് വെയ്ക്കുക. അയാൾക്ക് ബന്ധുക്കൾ ആരും ഇല്ല. അപ്പോൾ അദ്ദേഹം ഏതെങ്കിലും ഏജന്റിനെ ബന്ധപ്പെടും. ഏജന്റ് അവയവം ദാനം ചെയ്യാൻ തയ്യാറാകുന്ന ഒരു വ്യക്തിയെ ആശുപത്രിയിൽ എത്തിക്കും. ദാനം ചെയ്യുന്ന വ്യക്തിക്ക് വേണ്ടത് പണം. അതൊക്കെ നേരത്തെ ഏജന്റ് പറഞ്ഞ് ഉറപ്പിക്കും.

ചെന്നാൽ ഉടനെ അവയവം മുറിച്ച് എടുക്കാൻ പറ്റില്ല. പണം നൽകി അവയവം വാങ്ങാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നില്ല. പണം വാങ്ങാതെ, സ്വമനസ്സാലെ അവയവം ( കിഡ്നി മാത്രമാണ് ഇങ്ങനെ കൊടുക്കാൻ പറ്റുന്ന ഏക അവയവം) നൽകുന്നതാണെന്ന് അഫിഡവിറ്റ് എഴുതി കൊടുക്കണം. രോഗിക്ക് അവയവം നൽകാൻ വേറെ ആരുമില്ല എന്ന സർട്ടിഫിക്കറ്റ് തുടങ്ങി, പന്ത്രണ്ടോളം സർട്ടിഫിക്കറ്റുകൾ വില്ലേജ് ഓഫീസ്, തഹസീൽദാർ…. ഇങ്ങനെ പല ഓഫീസുകളിൽ നിന്ന് വാങ്ങി ജില്ലാ തലത്തിൽ ഉള്ള transplantation committee മുമ്പാകെ ഹാജരാക്കും.

ജില്ലാ മെഡിക്കൽ ഓഫീസർ, ഫോറൻസിക് ഡോക്ടർ, വക്കീൽ, സാമൂഹിക പ്രവർത്തകൻ ഇവർ ഒക്കെ ഉൾപ്പെടുന്ന ഒരു ടീമാണ് transplantation committee. അവരാണ് ഈ സർട്ടിഫിക്കറ്റുകൾ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തി, അവയവമാറ്റ ഓപ്പറേഷന് സമ്മതം നൽകുന്നത്. ഈ കമ്മിറ്റിയുടെ സമ്മതം ഇല്ലാതെ transplantation ചെയ്താൽ, ചെയ്യുന്നവരും കൂടെ നിൽക്കുന്നവരും ഉൾപ്പെടെ ജയിലിൽ ഉണ്ട തിന്നും.

ഒരു transplantation ഓപ്പറേഷൻ ചെയ്യുന്ന സ്വകാര്യ ഡോക്ടർക്ക് കിട്ടുന്ന പ്രതിഫലം ഒന്നോ രണ്ടോ ലക്ഷം രൂപയാണ്. പലപ്പോഴും അതിനും വളരെ താഴെ. ആ പ്രതിഫലത്തിന് വേണ്ടി ആരെങ്കിലും ജയിലിൽ പോകാൻ തയ്യാറാകുമോ!! കമ്മിറ്റി കൂടി, സമ്മതം നൽകി, ഓപ്പറേഷൻ കഴിയുന്നു.

ഈ ദാതാവ് പണത്തിന് വേണ്ടിയാണ് അവയവം നൽകുന്നത് എന്ന് രോഗിക്ക് അറിയാം, സർട്ടിഫിക്കറ്റ് നൽകുന്ന മുഴുവൻ ഓഫീസർമാർക്കും അറിയാം, കമ്മിറ്റിയിൽ ഇരിക്കുന്ന സാമൂഹിക പ്രവർത്തകൻ ഉൾപ്പെടെ എല്ലാവർക്കും അറിയാം. ഇവരെല്ലാം അറിയില്ല എന്ന് നടിക്കുന്നു. ഇത്രയും സുതാര്യമായും കൃത്യമായും സർട്ടിഫിക്കറ്റുകളും തെളിവുകളും തന്റെ മുന്നിൽ എത്തുമ്പോൾ ഡോക്ടർക്ക് ആ ഓപ്പറേഷൻ ചെയ്യേണ്ടി വരുന്നു.

ഡോക്ടർക്കും അറിയാം ഇത് പണം വാങ്ങിയാണ് അവയവം ദാനം ചെയ്യുന്നതെന്ന് ഡോക്ടർക്കും അറിയാം. പക്ഷേ, തെളിവില്ല. രോഗിയുടെ ദൈന്യതയേറിയ മുഖവും ഡോക്ടറുടെ മുന്നിലുണ്ട്. സത്യം പറഞ്ഞാൽ, ഇത് റിപ്പോർട്ട് ചെയ്യുന്ന മുഴുവൻ മാധ്യമപ്രവർത്തകർക്കും ഇത് അറിയാം. ഈ മാധ്യമപ്രവർത്തകരോ, അവരുടെ അടുത്ത് ബന്ധുക്കളോ തന്നെ പലപ്പോഴും ഇതുപോലെ പണം കൊടുത്ത് വൃക്ക മാറ്റിവെക്കലും മറ്റും നടത്തിയിട്ടുമുണ്ടാകും.

പണം കൊടുക്കൽ വാങ്ങൽ വളരെ രഹസ്യമാണ്. അത് മറ്റാരും അറിയില്ല. ഏജന്റ് നല്ല കമ്മീഷൻ പറ്റും. സാധാരണ ഗതിയിൽ പണവും വാങ്ങി പാവപ്പെട്ട ദാതാവ് വീട്ടിൽ പോകും. കഥ അവിടെ തീരും. പക്ഷേ, ഇനിയാണ് ട്വിസ്റ്റ്. ഏജന്റ് ചിലപ്പോൾ പറ്റിക്കും. പറഞ്ഞ പണം ദാതാവിന് നൽകില്ല. ചില ദാതാക്കൾ, ഓപ്പറേഷൻ ഒക്കെ കഴിയുമ്പോൾ വിധം മാറും, പണം കൂടുതൽ ചോദിക്കും. ഈ രണ്ട് സന്ദർഭങ്ങളിലാണ് പ്രശ്നം പോലീസ് കേസായി മാറുന്നത്.

“ഞാനൊന്നും അറിഞ്ഞില്ലേ, എന്നെ പറ്റിച്ചേ, കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയേ, പ്രസ്തുത സർട്ടിഫിക്കറ്റിൽ പറയുന്ന വ്യക്തി ഞാനല്ലേ, എന്നെ മറ്റെന്തോ ഓപ്പറേഷൻ ആണെന്ന് പറഞ്ഞ് കൊണ്ടുപോയതാണേ” എന്നൊക്കെ ഒരു പരാതി അങ്ങ് കാച്ചും. ഈ കേസുകൾ എന്താ ക്ലച്ച് പിടിക്കാത്തത് എന്നല്ലേ? നിയമത്തിന് ഒരു പഴുതും ഇതിൽ കണ്ടെത്താൻ കഴിയില്ല. ഒരിക്കലും കഴിയില്ല.

അങ്ങനെ കുറ്റം തെളിഞ്ഞാൽ, മുപ്പത് നാൽപത് വർഷങ്ങളായി കേരളത്തിൽ transplantation ചെയ്ത പലരും ജയിലിൽ ആയേനെ. നിയമത്തിന്റെ നൂൽ കൃത്യമായി പിന്തുടരുന്നതിനാൽ ഇത്തരം പരാതികൾ നേരെ ചവറ്റ് കുട്ടയിലേക്ക് പോകും. ഇതാണ് അവയവ മാഫിയയുടെ കഥ. കഥ കഴിഞ്ഞു. ചാനൽ വാർത്ത കേട്ട് തുള്ളൽ തുടങ്ങിയവർ ഇത് കേട്ട് ശാന്തരാവുക.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x