Political

അലന്റെ കുടുംബത്തിന് ലഭിക്കുന്ന സോഷ്യല്‍ കാപ്പിറ്റല്‍ ഒരു ഘട്ടത്തിലും താഹ ഫസലിനോ അവന്റെ കുടുംബത്തിനോ ലഭിക്കില്ല

പ്രതികരണം/ഹരി മോഹൻ

അലനു ജാമ്യത്തില്‍ തുടരാമെന്ന കോടതി വിധിയില്‍ സന്തോഷം മാത്രമാണുള്ളത്. അതിനു കാരണമായിപ്പറഞ്ഞ കാര്യങ്ങളിലും വിയോജിപ്പില്ല.

പക്ഷേ, അലന്റെ പ്രായം പരിഗണിക്കുന്നുവെന്നു പറഞ്ഞ ജഡ്ജിക്ക് അലന്റെ ഇരുപതു വയസ്സും താഹയുടെ ഇരുപത്തിനാലും തമ്മില്‍ തോന്നിയ അന്തരം ഇന്നോ ഇന്നലെയോ സമൂഹത്തില്‍ രൂപപ്പെട്ടുവന്നതൊന്നുമല്ല എന്ന ബോധ്യമുള്ളതുകൊണ്ട് എഴുതുന്നതാണ്.

രണ്ടു ചെറുപ്പക്കാരെയും അറസ്റ്റ് ചെയ്ത നാള്‍ മുതല്‍ പ്രകടമായിരുന്നു ഇത്. അലന്റെ കുടുംബത്തിനു ലഭിക്കുന്ന സോഷ്യല്‍ കാപ്പിറ്റല്‍ ഒരുഘട്ടത്തിലും താഹ ഫസലിനോ അവന്റെ കുടുംബത്തിനോ ഉണ്ടായിട്ടില്ല.

അലനെപ്പോലെ തെളിയിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് കുടുംബ പാരമ്പര്യമോ ബന്ധങ്ങളോ താഹയ്ക്കില്ലായിരുന്നു. അലനും താഹയും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം മതേതര പ്രിവിലേജാണ്.

അതിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണു തന്നെ മാപ്പുസാക്ഷിയാക്കാമെന്ന വാഗ്ദാനം ലഭിച്ചെന്നും അതിന് താഹയ്ക്കെതിരെ മൊഴി നല്‍കണമെന്ന സമ്മര്‍ദം പലയിടത്തുനിന്നുമായി ഉണ്ടെന്നും കോടതിയില്‍ അലന്‍ വെളിപ്പെടുത്തിയത്.

കമ്മ്യൂണിസ്റ്റ് കുടുംബ പാരമ്പര്യമുള്ള അലനേക്കാള്‍, താഹ ഫസലെന്ന പ്രിവിലേജുകളില്ലാത്ത ചെറുപ്പക്കാരനിലേക്ക് കേസ് ചുരുങ്ങിയാല്‍ കാര്യങ്ങള്‍ എത്രവേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് എന്‍.ഐ.എയ്ക്കു നല്ല ബോധ്യമുണ്ട്.

അലനുള്ളതു കൊണ്ടു മാത്രം ലഭിച്ച മീഡിയാ അറ്റന്‍ഷന്‍ താഹയ്ക്കു മാത്രമായി ഉണ്ടാവില്ലല്ലോ. അലനുള്ളതു കൊണ്ടു മാത്രം പത്രസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടി വന്നിട്ടുമുണ്ട്.

താഹ മാത്രമായാല്‍, പഠനത്തോടൊപ്പം കൂലിപ്പണിയും ചെയ്തു കുടുംബം പുലര്‍ത്തിയിരുന്ന ഒരുവനു നിയമസഹായം പോലുമുണ്ടായേക്കില്ല.

അവിടെയും തീരുന്നില്ല. രണ്ടു കുട്ടികളെ യു.എ.പി.എ എന്ന കരിനിയമം ചുമത്തി, അവര്‍ നിഷ്ക്കളങ്കരല്ലെന്നാവര്‍ത്തിച്ച്, എന്‍.ഐ.എയ്ക്കു മുന്‍പിലേക്കു വലിച്ചെറിഞ്ഞു കൊടുത്തതില്‍ മുഖ്യമന്ത്രി വിജയനതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും ജനരോഷമുണ്ടായപ്പോള്‍ ചിലര്‍ പുറത്തിറങ്ങി. ധനമന്ത്രി തോമസ് ഐസക്കും സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും.

പക്ഷേ, അവരുടെ യാത്ര അലന്റെ വീട്ടില്‍ അവസാനിച്ചിരുന്നു. താഹ അവരുടെ പരിഗണനാ വിഷയം പോലുമായിരുന്നില്ല. ഇനിയും അതങ്ങനെതന്നെയായിരിക്കും.

ഈ കേസിന്റെ ഗതി കൃത്യമായി തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. താഹയുടെ കൈയില്‍ നിന്നു പിടിച്ചെടുത്ത തെളിവുകളേക്കാള്‍ അലന്റെ കൈയില്‍ നിന്നു കിട്ടിയവയ്ക്കു ഗൗരവം കുറവാണെന്നു വായിക്കാന്‍ തുടങ്ങിയിരിക്കുന്നു.

അറസ്റ്റിലാകുമ്പോള്‍ താഹയ്ക്ക് അലനേക്കാള്‍ പ്രായക്കൂടുതലാണെന്നു വരെ പരിഗണിക്കപ്പെട്ടു കഴിഞ്ഞു. അതങ്ങനെ തന്നെ തുടരും.

അലനു ജാമ്യത്തില്‍ തുടരാമെന്നതില്‍ അസ്വസ്ഥതയോ പരാതിയോ ഇല്ല. പക്ഷേ, താഹയ്ക്കും അലനും ഒന്നിച്ചു ജാമ്യത്തില്‍ തുടരാമെന്നു കേള്‍ക്കുമ്പോഴുണ്ടാകുന്ന ആശ്വാസം ഇന്നു കേട്ടതിനില്ല.

അലനു കിട്ടുന്ന പ്രിവിലേജ് താഹയ്ക്ക് ഒരു കാലത്തും ഉണ്ടാകില്ലെന്നറിയാം. പക്ഷേ പ്രതീക്ഷിക്കുകയാണ്.

ഇന്നു രാത്രി ഈ ഉമ്മയ്ക്കും മകനും എങ്ങനെയുറങ്ങാന്‍ കഴിയുമെന്നറിയില്ല. അവരോടൊപ്പമെന്നു വെറുതെ എഴുതിവിടാന്‍ കഴിയാത്തവണ്ണം പ്രിവിലേജുകളുണ്ട് എനിക്കൊപ്പവും.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x